Bigg Boss 4 Episode 72 Highlights : വിട്ടുകൊടുക്കാതെ മത്സരാര്‍ഥികള്‍, ഒന്‍പതില്‍ ഏഴ് പേര്‍ക്കും നോമിനേഷന്‍

By Web Team  |  First Published Jun 6, 2022, 10:18 PM IST

അതേസമയം രണ്ട് വന്മരങ്ങള്‍ വീണ ഒഴിവില്‍ മറ്റാരൊക്കെ മുന്നേറും എന്ന കൌതുകവും പ്രേക്ഷകര്‍ക്കുണ്ട്


സംഘര്‍ഷങ്ങളും നാടകീയതകളും അപ്രതീക്ഷിതത്വങ്ങളുമൊക്കെ ആവോളം നിറഞ്ഞ വാരമായിരുന്നു ബിഗ് ബോസ് മലയാളം സീസണ്‍ 4നെ (Bigg Boss 4) സംബന്ധിച്ച് പത്താമത്തെ ആഴ്ച. ഏറ്റവും പ്രധാനപ്പെട്ട രണ്ട് മത്സരാര്‍ഥികളാണ് ബിഗ് ബോസില്‍ നിന്ന് പുറത്തായത്. ഡോ. റോബിന്‍ രാധാകൃഷ്ണനും ജാസ്മിന്‍ എം മൂസയും. മറ്റൊരു മത്സരാര്‍ഥിയായ റിയാസിനെ ശാരീരികമായി കൈയേറ്റം ചെയ്തതിനാലാണ് റോബിന്‍ പുറത്തായതെങ്കില്‍ ജാസ്മിന്‍ സ്വന്തം തീരുമാനപ്രകാരം ഷോയില്‍ നിന്ന് പുറത്തുപോവുകയായിരുന്നു. ഈ സീസണിനെ ശബ്ദമുഖരിതമാക്കിയിരുന്ന രണ്ടുപേര്‍ അടുത്തടുത്ത ദിനങ്ങളില്‍ പുറത്തുപോയതിന്‍റെ ഞെട്ടലിലാണ് മറ്റു മത്സരാര്‍ഥികളും പ്രേക്ഷകരും. രണ്ട് മത്സരാര്‍ഥികള്‍ അപ്രതീക്ഷിതമായി ഷോ വിട്ടുപോയതിനാല്‍ കഴിഞ്ഞ വാരത്തിലെ നോമിനേഷന്‍ ലിസ്റ്റ് ബിഗ് ബോസ് അസാധുവാക്കിയിരുന്നു. 

അതേസമയം രണ്ട് വന്മരങ്ങള്‍ വീണ ഒഴിവില്‍ മറ്റാരൊക്കെ മുന്നേറും എന്ന കൌതുകവും പ്രേക്ഷകര്‍ക്കുണ്ട്. ഇനി 28 ദിവസങ്ങള്‍ മാത്രമാണ് ഷോയില്‍ അവശേഷിക്കുന്നത്. അതിനാല്‍ത്തന്നെ മത്സരാര്‍ഥികളെ സംബന്ധിച്ച് ഈ വാരം ഏറെ പ്രധാനമാണ്. നിലവിലുള്ള മത്സരാര്‍ഥികള്‍ എല്ലാം തന്നെ പ്രേക്ഷകര്‍ക്കിടയില്‍ തങ്ങളുടേതായ വ്യക്തിത്വം സ്ഥാപിച്ചെടുത്തിട്ടുണ്ട്. എണ്ണത്തില്‍ കുറവാണ് എന്നതിനാല്‍ത്തന്നെ മത്സരാര്‍ഥികള്‍ക്കിടയിലെ മത്സരാവേശം വരും ദിനങ്ങളില്‍ വര്‍ധിക്കാനാണ് സാധ്യത.

Latest Videos

'റോബിന്‍ ഇനി തിരിച്ചുവരുമോ?'

റോബിന്‍ ഇനിയും ഷോയിലേക്ക് തിരിച്ചുവരുമെന്ന് കരുതുന്നുണ്ടോ എന്ന് ദില്‍ഷയോട് റിയാസ്. ഇനി ഡോക്ടര്‍ വന്നാലും വന്നില്ലെങ്കിലും.. ഞാന്‍ ഇപ്പോഴും വിശ്വസിക്കുന്നുണ്ട്, അദ്ദേഹം ശക്തനായ ഒരു മത്സരാര്‍ഥി ആയിരുന്നു. ഇപ്പോള്‍ ഇവിടുന്ന് ഇറങ്ങിപ്പോകേണ്ട ആളുമല്ലെന്ന് ഞാന്‍ ശക്തമായി വിശ്വസിക്കുന്നു, ദില്‍ഷ പറഞ്ഞു. ഒരു പരിധിവരെ തനിക്കും അതേ അഭിപ്രായമുണ്ടെന്നും എന്നാല്‍ റോബിന്‍ ശക്തനാണോ നല്ലയാളാണോ എന്നൊന്നും തനിക്കറിയില്ലെന്നും റിയാസ് പറഞ്ഞു. സ്ട്രോംഗ് തന്നെയാണ് റോബിന്‍ എന്നായിരുന്നു ഇതിനോടുള്ള ദില്‍ഷയുടെ പ്രതികരണം.

പറയാനുള്ളതെല്ലാം പറയുമെന്ന് ദില്‍ഷ

ബിഗ് ബോസിലെ മുന്നോട്ടുള്ള ദിനങ്ങളില്‍ തനിക്ക് പറയാനുള്ളതെല്ലാം പറയുമെന്ന് ദില്‍ഷ. ബ്ലെസ്‍ലിയോടാണ് ദില്‍ഷ ഇത് പറഞ്ഞത്- പറയാനുള്ളതെല്ലാം ഒരു പേടിയും കൂടാതെ ഞാന്‍ പറയും ബ്ലെസ്‍ലീ. മന്ദബുദ്ധിയെന്ന് പറഞ്ഞ് എന്നെ മാറ്റിനിര്‍ത്തിയ ആളുകളുടെ മുന്നില്‍ ഇവിടെ ബുദ്ധിയല്ല വേണ്ടതെന്ന് ഞാന്‍ തെളിയിക്കും. തല കുനിച്ച് നില്‍ക്കുന്ന ഡോക്ടറാണ് എന്‍റെ മനസില്‍.

രണ്ടിലൊരാള്‍ നോമിനേഷനില്‍

പരസ്പര ചര്‍ച്ചയിലൂടെ എവിക്ഷന്‍ ലിസ്റ്റിലേക്ക് നോമിനേറ്റ് ചെയ്യുന്ന രീതി തുടര്‍ന്ന് ബി​ഗ് ബോസ്. പതിനൊന്നാം വാരത്തിലെ നോമിനേഷന്‍ ലിസ്റ്റിനുവേണ്ടി രണ്ട് മത്സരാര്‍ഥികളെ വീതം കണ്‍ഫെഷന്‍ റൂമിലേക്ക് വിളിപ്പിച്ചതിനു ശേഷം തങ്ങളില്‍ ആര് വേണമെന്ന് അവരോട് ചര്‍ച്ച ചെയ്‍ത് തീരുമാനിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു ബി​ഗ് ബോസ്. 

വാദങ്ങള്‍ നിരത്തി ബ്ലെസ്‍ലിയും അഖിലും

നോമിനേഷനുവേണ്ടി ഇന്നു നടന്ന ചര്‍ച്ചകളില്‍ ഏറ്റവും കൌതുകമുണര്‍ത്തിയ ഒന്ന് അഖിലും ബ്ലെസ്‍ലിയും തമ്മില്‍ നടന്നതാണ്. നിലപാടുകളിൽ ബ്ലെസ്‍ലി സാധാരണ പുലർത്താറുള്ള ധൃഢത കഴിഞ്ഞ വാരം കണ്ടില്ലെന്ന് റോബിനെ ന്യായീകരിച്ചത് ചൂണ്ടിക്കാട്ടി അഖിൽ വിമർശിച്ചു. എന്നാൽ ബ്ലെസ്‍ലി തൻറെ ഭാഗം അവതരിപ്പിക്കാൻ ശ്രമിച്ചു. രണ്ടുപേരും പിന്മാറാൻ തയ്യാറാവാതെ വന്നതിനാൽ ഇരുവരും നോമിനേഷനിൽ ഇടംപിടിച്ചു. 

നോമിനേഷന്‍ ലിസ്റ്റ്

ഒന്‍പത് മത്സരാര്‍ഥികളില്‍ ക്യാപ്റ്റന്‍ ധന്യയും ദില്‍ഷയുമൊഴികെ എല്ലാവരും ഇക്കുറി നോമിനേഷനില്‍ ഉണ്ട്. സൂരജ്, റിയാസ്, റോണ്‍സണ്‍, വിനയ്, ലക്ഷ്മിപ്രിയ, ബ്ലെസ്‍ലി, അഖില്‍ എന്നിങ്ങനെ ഏഴ് പേരാണ് ഇത്തവണ നോമിനേഷന്‍ ലിസ്റ്റില്‍. ഇതില്‍ നിന്ന് ഏറ്റവും ചുരുങ്ങിയത് ഒരാള്‍ എന്തായാലും ഈ വാരം പുറത്താവും.
 

click me!