ഈ വാരം എലിമിനേഷന്‍ ലിസ്റ്റില്‍ റോണ്‍സണും ഉണ്ട്
ബിഗ് ബോസ് മലയാളം സീസണ്‍ 4ലെ (Bigg Boss 4) ശ്രദ്ധേയ മത്സരാര്‍ഥികളില്‍ ഒരാളാണ് റോണ്‍സണ്‍. നടന്‍ എന്നതിനൊപ്പം ശരീര സംരക്ഷണത്തില്‍ ഏറെ തല്‍പ്പരനുമാണ് അദ്ദേഹം. ഒപ്പം തമാശകള്‍ ഏറെ ആസ്വദിക്കുന്ന ആളും. അതേസമയം ബിഗ് ബോസില്‍ റോണ്‍സണ്‍ തങ്ങളുടെ പ്രതീക്ഷയ്ക്കൊത്ത് ഉയരുന്നില്ലെന്ന് മറ്റു മത്സരാര്‍ഥികള്‍ക്കും മോഹന്‍ലാലിനു തന്നെയും പലപ്പോഴും പരാതിയുണ്ട്. അവരൊക്കെത്തന്നെ മുന്‍പ് പലപ്പോഴും അക്കാര്യം ഉന്നയിച്ചിട്ടുമുണ്ട്. ഈ വാരത്തിലെ ചില സംഭവങ്ങള്‍ മുന്‍നിര്‍ത്തി ഇന്നത്തെ എപ്പിസോഡിലും മോഹന്‍ലാല്‍ അക്കാര്യം ചര്‍ച്ചയാക്കി.
സേഫ് ഗെയിം കളിക്കുന്ന മത്സരാര്‍ഥിയാണ് റോണ്‍സണ്‍ എന്ന് മറ്റു മത്സരാര്‍ഥികള്‍ പലപ്പോഴും പറഞ്ഞിട്ടുള്ളതാണ്. ഈ വാരം ഹൌസില്‍ ഒരു വലിയ സംഘര്‍ഷം നടന്നപ്പോള്‍ മുന്‍പെന്നത്തെയും പോലെ റോണ്‍സണ്‍ തന്‍റെ അസാന്നിധ്യം കൊണ്ട് ശ്രദ്ധേയനായ കാര്യം മോഹന്‍ലാല്‍ ഇന്നത്തെ എപ്പിസോഡില്‍ എടുത്തു പറഞ്ഞു. കട്ട വെയ്റ്റിംഗ് എന്നു പേരിട്ടിരുന്ന, ഈ വാരത്തിലെ വീക്കിലി ടാസ്‍ക് നടക്കുന്നതിനിടെ ഡോ. റോബിനും അഖിലിനുമിടയില്‍ വലിയ തര്‍ക്കം നടന്നിരുന്നു. കട്ടകള്‍ കൈക്കലാക്കുന്നതിനിടെ റോബിനില്‍ നിന്നും തനിക്ക് താടിക്ക് മര്‍ദ്ദനമേറ്റെന്ന് പറഞ്ഞ അഖില്‍ രോഷാകുലനായി പ്രതികരിക്കുകയായിരുന്നു. അലര്‍ജി മൂലം മുഖം വീങ്ങിയിരിക്കുന്നതിന്‍റെ അസ്വസ്ഥതയിലുമായിരുന്നു അഖില്‍. തന്നോട് ഏറ്റുമുട്ടാനെത്തിയ അഖിലിനു മുന്നില്‍ റോബിന്‍ ആദ്യം അക്ഷോഭ്യനായി നിന്നെങ്കിലും പിന്നീട് അഖിലിനേക്കാള്‍ രോഷത്തോടെ പ്രതികരിക്കുകയായിരുന്നു. തര്‍ക്കം ഒരു കയ്യാങ്കളിയിലേക്ക് നിങ്ങുമെന്ന് തോന്നിപ്പിച്ച സന്ദര്‍ഭത്തില്‍ പല മത്സരാര്‍ഥികളും ഇരുവരെയും തടയാനായി മുന്നോട്ടുവന്നു. എന്നാല്‍ എല്ലാവരും പ്രതീക്ഷിച്ച റോണ്‍സൺ ആ ഭാഗത്തേ ഉണ്ടായിരുന്നില്ല. അക്കാര്യമാണ് മോഹന്‍ലാല്‍ മറ്റു മത്സരാര്‍ഥികളോടും റോണ്‍സണോടു തന്നെയും ഇന്ന് ചോദിച്ചത്.
രണ്ട് പുരുഷന്മാര്‍ തമ്മിലുള്ള തര്‍ക്കം അടിയിലേക്ക് നീങ്ങുമെന്ന് തോന്നിപ്പിച്ച സമയത്ത് ആറരയടി പൊക്കവും നല്ല ആരോഗ്യവുമുള്ള റോണ്‍സണ്‍ അവര്‍ക്കിടയില്‍ നില്‍ക്കാനായി വരുമെന്നാണ് താന്‍ പ്രതീക്ഷിച്ചതെന്നായിരുന്നു ലക്ഷ്മിപ്രിയയുടെ മറുപടി. എന്നാല്‍ അതേസമയം റോണ്‍സണ്‍ വീക്കിലി ടാസ്കില്‍ താന്‍ നേടിയെടുത്ത കട്ടകള്‍ ബാത്ത്റൂമില്‍ ഒളിപ്പിച്ചുവെക്കാനായി പോവുകയായിരുന്നു. റോണ്‍സണെ അവിടെ ആ സമയത്ത് കാണാത്തതിലുള്ള നിരാശ പലരും പ്രകടിപ്പിച്ചപ്പോള്‍ മറ്റു ചിലര്‍ തങ്ങള്‍ക്ക് അതില്‍ അതിശയമൊന്നുമില്ലെന്നാണ് പ്രതികരിച്ചത്. അവസാനം മോഹന്‍ലാല്‍ ഇതേക്കുറിച്ച് റോണ്‍സണോടും ചോദിച്ചു. ബിഗ് ബോസിന് പുറത്താണെങ്കില്‍ ഇതാവില്ല തന്‍റെ പ്രതികരണമെന്നും എന്നാല്‍ ഇവിടെ ഇനി മുന്നോട്ട് പോകുമ്പോഴും ഇതേ രീതിയിലാവും താന്‍ കളിക്കുകയെന്ന് റോണ്‍സണ്‍ പ്രതികരിച്ചു. ഒപ്പം റോബിനും അഖിലിനുമിടയില്‍ നടന്ന തര്‍ക്കം ഒരിക്കലും ഒരു കയ്യാങ്കളിയിലേക്ക് പോകുമെന്ന് താന്‍ കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.