ബിഗ് ബോസില്‍ ഇനി ഓപ്പണ്‍ ജയില്‍; ബ്ലെസ്‍ലിയും അശ്വിനും ജയിലിലേക്ക്

By Web Team  |  First Published Mar 31, 2022, 11:41 PM IST

പുതിയ ജയില്‍ നിയമങ്ങളാണ് ഇക്കുറി ബിഗ് ബോസില്‍


ഓരോ പുതിയ സീസണ്‍ എത്തുമ്പോഴും നിരവധി പ്രത്യേകതകളുമായാണ് ബിഗ് ബോസ് മലയാളം പ്രേക്ഷകരിലേക്ക് എത്താറ്. ഇക്കുറിയും അത്തരം നിരവധി പ്രത്യേകതകള്‍ ഷോയില്‍ അവതരിപ്പിക്കപ്പെടുന്നുണ്ട്. പുതുമകള്‍ വന്നിട്ടുള്ള ഒരു മേഖലയാണ് ജയില്‍. ഓപ്പണ്‍ ജയില്‍ ആണ് ഇത്തവണ ബിഗ് ബോസില്‍. അതിലേക്ക് ആദ്യം അടയ്ക്കപ്പെടാനുള്ളവരുടെ പേരുകളും ഇന്ന് തീരുമാനിക്കപ്പെട്ടു. ബ്ലെസ്‍ലിയും ഒപ്പം ക്യാപ്റ്റന്‍ സ്ഥാനത്തുണ്ടായിരുന്ന അശ്വിനുമാണ് ഈ സീസണിലെ ആദ്യ ജയില്‍ നോമിനേഷന്‍ ലഭിച്ചത്.

പാവ കൈക്കലാക്കുക എന്നതായിരുന്നു ഇത്തവണത്തെ വീക്ക്‍ലി ടാസ്‍ക്. അതില്‍ വിജയിച്ചവര്‍ക്ക് പാവ സൂക്ഷിക്കാനോ കൈവശപ്പെടുത്താനോ സാധിക്കാതെപോയവരില്‍ നിന്ന് രണ്ടുപേരെ ജയിലിലേക്ക് നോമിനേറ്റ് ചെയ്യാന്‍ അവസരം ലഭിക്കുകയായിരുന്നു. ഇതില്‍ ഏറ്റവുമധികം നോമിനേഷനുകള്‍ ലഭിച്ചത് ബ്ലെസ്‍ലിക്കും അശ്വിനും ആയിരുന്നു. പാവ ലഭിച്ചിട്ടും കൈവശം വെക്കാന്‍ സാധിക്കാതെപോയവരായിരുന്നു ഇരുവരും. കൈയിലുണ്ടായിരുന്ന പാവ ഡെയ്‍സിക്ക് ഭക്ഷണം കഴിക്കാനായി കൊടുക്കുകയായിരുന്നു ബ്ലെസ്‍ലി. അകത്തുവന്ന് ഭക്ഷണം കഴിച്ച്, തിരികെ പോവുമ്പോള്‍ ഡെയ്‍സി അത് തിരികെ നല്‍കുമെന്ന വിശ്വാസത്തിലാണ് ബ്ലെസ്‍ലി തന്‍റെ പാവ കൈമാറിയത്. എന്നാല്‍ ഡെയ്‍സി അത് തിരികെ നല്‍കിയില്ല. ഫലം ഡെയ്‍സി അകത്തും ബ്ലെസ്‍ലി വീടിന് പുറത്തുമായി.

Latest Videos

ക്യാപ്റ്റന്‍ സ്ഥാനത്തുണ്ടായിരുന്ന അശ്വിനും പാവ സൂക്ഷിക്കാനായില്ല. ബിഗ് ബോസിന്‍റെ നിയമത്തിനു വിരുദ്ധമായി ക്യാപ്റ്റന്‍ റൂമിലെ ബെഡ്ഡിന്‍റെ ഡ്രോയറിലാണ് ഡോ. റോബിന്‍ താന്‍ കൈക്കലാക്കിയ പാവ സൂക്ഷിച്ചിരുന്നത്. എന്നാല്‍ അശ്വിന്‍ ഈ പാവ കണ്ട് ആഹ്ലാദം പങ്കുവച്ചിരുന്നു. പാവ തന്‍റേതായി എന്ന് പ്രഖ്യാപിക്കുകയും ചെയ്‍തിരുന്നു. എന്നാല്‍ അശ്വിനോട് അനുവാദം വാങ്ങിയ റോബിന്‍ വീണ്ടും ക്യാപ്റ്റന്‍റെ മുറിയില്‍ കയറി പാവ സ്വന്തമാക്കുകയായിരുന്നു. തനിക്ക് ബാത്ത്റൂമില്‍ പോകണമെന്നാണ് റോബിന്‍ ആവശ്യം പറഞ്ഞത്.

ആളുകളെ തീരുമാനിച്ചതിനു ശേഷം ഇത്തവണത്തെ ജയിലിന്‍റെ പ്രത്യേകതകള്‍ ബിഗ് ബോസ് വിവരിക്കുകയും ചെയ്‍തു. ഇത്തവണ ജയിലില്‍ കഴിയുന്നവരെ പൂട്ടിഇടുകയില്ല. അതിനാല്‍ത്തന്നെ ജയിലിനുള്ളില്‍ ഇത്തവണ ടോയ്‍ലറ്റും ഇല്ല. അതിനായി പുറത്തെ സൗകര്യം തന്നെ മത്സരാര്‍ഥികള്‍ക്ക് ഉപയോഗിക്കാം. എന്നാല്‍ പുറത്തിറങ്ങാവുന്ന സമയം പരിമിതപ്പെടുത്തിയിട്ടുണ്ട് അവര്‍ക്ക്. ഇതിനായി ഒരു സാന്‍ഡ് ക്ലോക്ക് ആണ് ഉപയോഗിക്കുന്നത്. ഒപ്പം മഞ്ഞ, പച്ച കാര്‍ഡുകളും ഉണ്ട്. നിയമവിരുദ്ധമായി അനുവദിക്കപ്പെട്ട സമയത്തിനേക്കാള്‍ കൂടുതല്‍ സമയം തടവുകാര്‍ പുറത്ത് സമയം ചിലവഴിച്ചാല്‍ സൈറന്‍ അടിക്കുകയും വീടിനുള്ളിലെ ലൈറ്റുകള്‍ പ്രകാശിക്കുകയും ചെയ്യും.

click me!