Bigg Boss 4 : ആറുപേരും പ്രധാന മത്സരാര്‍ഥികള്‍; ഒരാള്‍ ഇന്ന് പുറത്ത്

By Web Team  |  First Published May 15, 2022, 2:46 PM IST

ബ്ലെസ്‍ലി, റോബിന്‍, ദില്‍ഷ ജാസ്‍മിന്‍, നിമിഷ, റോണ്‍സണ്‍ എന്നിവരാണ് ഇത്തവണ എലിമിനേഷന്‍ ലിസ്റ്റില്‍ ഇടംപിടിച്ചിരിക്കുന്നത്


ബിഗ് ബോസ് മലയാളം സീസണ്‍ 4 (Bigg Boss 4) ആവേശകരമായ എട്ടാം വാരത്തിലേക്ക് പ്രവേശിക്കുകയാണ്. ഒപ്പം ഷോ 50 ദിനങ്ങള്‍ പിന്നിടുന്നതിന്‍റെ സ്പെഷല്‍ എപ്പിസോഡുമാണ് ഇന്ന്. ഈ പ്രത്യേകതയ്ക്ക് ഒപ്പം തന്നെ ഇന്ന് എലിമിനേഷനും ഉണ്ടാവും. ആറ് മത്സരാര്‍ഥികളാണ് ഇത്തവണ എലിമിനേഷന്‍ ലിസ്റ്റില്‍ ഉള്ളത്. ഇവരെല്ലാം വലിയ പ്രേക്ഷകശ്രദ്ധ നേടിയ മത്സരാര്‍ഥികളാണെന്ന പ്രത്യേകതയുമുണ്ട്. 

ബ്ലെസ്‍ലി, റോബിന്‍, ദില്‍ഷ ജാസ്‍മിന്‍, നിമിഷ, റോണ്‍സണ്‍ എന്നിവരാണ് ഇത്തവണ എലിമിനേഷന്‍ ലിസ്റ്റില്‍ ഇടംപിടിച്ചിരിക്കുന്നത്. എലിമിനേഷന്‍ ലിസ്റ്റ് മത്സരാര്‍ഥികളില്‍ നിന്നുള്ള നോമിനേഷനോടെ എല്ലാ വാരവും ബിഗ് ബോസ് പ്രഖ്യാപിക്കാറുണ്ടെങ്കിലും എവിക്ഷന്‍ അപൂര്‍വ്വം ചില വാരങ്ങളില്‍ ഉണ്ടാവാറില്ല. എന്നാല്‍ ഇന്ന് ഷോയില്‍ നിന്ന് ഒരാള്‍ പുറത്താവുമെന്ന വിവരം പ്രൊമോ വീഡിയോയിലൂടെ മോഹന്‍ലാല്‍ അറിയിച്ചിട്ടുണ്ട്. അത് ആരാവുമെന്ന കാത്തിരിപ്പിലാണ് കാണികള്‍.

Latest Videos

ALSO READ : 'കുറ്റകൃത്യങ്ങളെ കാലം മായ്ക്കും എന്ന് കരുതിയെങ്കില്‍ ധ്യാനിന് തെറ്റി'; വിമര്‍ശനവുമായി എന്‍ എസ് മാധവന്‍

എലിമിനേഷന്‍ ലിസ്റ്റില്‍ ഇടംപിടിച്ചിരിക്കുന്ന മത്സരാര്‍ഥികളില്‍ റോബിന്‍, ജാസ്‍മിന്‍, ബ്ലെസ്‍ലി എന്നിവരാവും ആരാധകരുടെ എണ്ണത്തില്‍ മുന്‍പന്തിയിലുള്ളത്. ഇതില്‍ റോബിന്‍, ജാസ്‍മിന്‍ എന്നിവര്‍ക്കായി ഫാന്‍ ആര്‍മികളും സജീവമാണ്. ബിഗ് ബോസ് ഗ്രൂപ്പുകളില്‍ ഏറ്റവുമധികം അഭിപ്രായവ്യത്യാസങ്ങള്‍ സംഭവിക്കുന്നതും ഇരുവരുടെയും ആരാധകര്‍ തമ്മിലാണ്. 

നിമിഷ, റോണ്‍സണ്‍, ദില്‍ഷ എന്നിവരും ബിഗ് ബോസ് ഹൌസില്‍ തങ്ങളുടെ സാന്നിധ്യം ഇതിനോടകം അറിയിച്ചിട്ടുള്ളവരാണ്. ഒരുതവണ എവിക്ഷനിലൂടെ പുറത്താക്കപ്പെട്ട നിമിഷയ്ക്ക് ബിഗ് ബോസ് ഒരിക്കല്‍ക്കൂടി അവസരം നല്‍കുകയായിരുന്നു. സീക്രട്ട് റൂമില്‍ ഒരുദിവസം ചിലവഴിച്ച് ഷോ കണ്ടതിനു ശേഷം തിരിച്ചെത്തിയപ്പോള്‍ നിമിഷ പഴയ നിമിഷയായിരുന്നില്ല. അതിനു മുന്‍പ് ജാസ്മിന്‍റെ നിഴല്‍ എന്ന് പലരും വിലയിരുത്തിയ നിമിഷ പിന്നീടിങ്ങോട്ട് അഭിപ്രായങ്ങള്‍ ശക്തമായി തുറന്നു പറഞ്ഞുതന്നെയാണ് ഇത്രവരെ നിന്നത്.

ബിഗ് ബോസില്‍ ആരോടും എതിര് പറയാതെ സേഫ് ഗെയിം കളിക്കുന്നതായി എപ്പോഴും വിമര്‍ശനം നേരിടുന്നയാളാണ് റോണ്‍സണ്‍. എന്നാല്‍ ആവശ്യത്തിനും അനാവശ്യത്തിനും നിരന്തരം തര്‍ക്കങ്ങള്‍ സംഭവിക്കുന്ന ബിഗ് ബോസ് ഹൌസില്‍ ഒരിക്കലും ഒരു വഴക്കിന് പോകാത്ത റോണ്‍സനെ ഇഷ്ടപ്പെടുന്ന ഒരു വലിയ വിഭാഗം പ്രേക്ഷകരുണ്ട്. കളി രീതി മാറ്റാന്‍ ആലോചിക്കുന്നുണ്ടോയെന്ന് മോഹന്‍ലാല്‍ അടക്കമുള്ളവര്‍ പലതവണ ചോദിച്ചിട്ടും ബിഗ് ബോസ് വീട്ടില്‍ താന്‍ ഇങ്ങനെതന്നെ തുടരുമെന്നാണ് റോണ്‍സണ്‍ സംശയലേശമന്യെ പറഞ്ഞിട്ടുള്ളത്. 

മറ്റൊരു മത്സരാര്‍ഥിയുടെ നിഴല്‍ എന്ന ആരോപണം നേരിട്ട മറ്റൊരാളായിരുന്നു ദില്‍ഷ. റോബിന്‍റെ സ്വാധീനത്തില്‍ കളിക്കുന്ന ആള്‍ എന്നതാണ് ദില്‍ഷ നേരിട്ട ആരോപണം. എന്നാല്‍ ആദ്യ ആഴ്ച കണ്ട ദില്‍ഷയില്‍ നിന്നും ഇപ്പോഴത്തെ ദില്‍ഷയില്‍ ഏറെ മാറ്റങ്ങളുണ്ട്. അഭിപ്രായങ്ങള്‍ തന്‍റേടത്തോടെ തുറന്നുപറയുന്ന ആളാണ് അവര്‍ മാറിയിരിക്കുന്നു. റോബിനും ബ്ലെസ്‍ലിയുമായി ചേര്‍ന്ന് ഒരു ലവ് ട്രയാംഗില്‍ നടത്തുന്നു എന്ന ആരോപണത്തോടും ദില്‍ഷ രൂക്ഷമായാണ് പ്രതികരിച്ചിട്ടുള്ളത്.

എല്ലാവരും ഷോയിലെ ശ്രദ്ധേകേന്ദ്രങ്ങളായ മത്സരാര്‍ഥികളാണ് എന്നതിനാല്‍ ഈ വാരത്തിലെ എലിമിനേഷന് പ്രത്യേക പ്രാധാന്യമുണ്ട്. പുറത്തുപോകുന്ന ഒരാള്‍ ആരാണെന്നറിയാന്‍ ഇനി ഏതാനും മണിക്കൂറുകള്‍ കൂടി കാത്തിരിക്കേണ്ടതുണ്ട്.

click me!