വന്‍ തര്‍ക്കത്തിലേക്ക് നിമിഷയും റോബിനും
പരിചിതരും അപരിചിതരുമായ മത്സരാര്‍ഥികളെ പുറംലോകവുമായി യാതൊരു ബന്ധവുമില്ലാതെ ഒരു വലിയ വീട്ടില്‍ പാര്‍പ്പിക്കുന്നത് മാത്രമല്ല ബിഗ് ബോസ് (Bigg Boss 4) എന്ന ഗെയിം ഷോ. മറിച്ച് നിരവധി നിയമങ്ങള്‍ പാലിച്ചുകൊണ്ടുകൂടിയാണ് അവര്‍ അവിടെ ദിവസങ്ങള്‍ പിന്നിടേണ്ടത്. ബിഗ് ബോസിലെ പ്രധാന നിയമങ്ങളിലൊന്ന് വൈല്‍ഡ് കാര്‍ഡ് എൻട്രികളായി എത്തുന്നവര്‍ക്ക് ഉള്ളതാണ്. എപ്പിസോഡുകള്‍ കണ്ടിട്ടാണ് വരുന്നതെങ്കില്‍ അതേക്കുറിച്ച് മത്സരാര്‍ഥികളില്‍ ആരോടും ഒന്നും പറരുത് എന്നതാണ് അത്. ഗെയിമിനെ വലിയ രീതിയില്‍ അത് സ്വാധീനിക്കും എന്നതുകൊണ്ടാണ് അത്. ഷോ നടക്കുമ്പോള്‍ പല കാരണങ്ങളാല്‍ ചില മത്സരാര്‍ഥികള്‍ താല്‍ക്കാലികമായി പുറത്തുപോവാറുണ്ട്. സീക്രട്ട് റൂമിലാണ് അവരെ പ്രവേശിപ്പിക്കാറ്. മത്സരത്തിലേക്ക് തിരികെ എത്തുമ്പോള്‍ എവര്‍ക്കും ഇതേ നിയമങ്ങള്‍ പാലിക്കേണ്ടിവരാറുണ്ട്. എന്നാല്‍ ഈ നിയമം ഒരു മത്സരാര്‍ഥി ലംഘിക്കുന്ന കാഴ്ചയും ഇന്നത്തെ എപ്പിസോഡില്‍ പ്രേക്ഷകര്‍ കണ്ടു.
ഒരു തവണ എലിമിനേറ്റ് ആയതിനു ശേഷം ഒരിക്കല്‍ക്കൂടി തിരിച്ചുവരാന്‍ അവസരം ലഭിച്ച മത്സരാര്‍ഥിയാണ് നിമിഷ. ഒരു ദിവസം ബിഗ് ബോസിന്‍റെ തന്നെ സീക്രട്ട് റൂമില്‍ കഴിഞ്ഞതിനു ശേഷമാണ് ഷോയിലേക്ക് നിമിഷ തിരിച്ചെത്തിയത്. അവിടെ ചിലവഴിച്ച സമയം ടെലിവിഷനില്‍ ബിഗ് ബോസ് ഷോ നിമിഷ കണ്ടിരുന്നു. പൂര്‍വ്വാധികം ശക്തയായി ഗെയിമിലേക്ക് തിരിച്ചെത്തിയ നിമിഷ ഇന്ന് ബിഗ് ബോസിന്‍റെ ആ നിയമം ലംഘിച്ചു. സീക്രട്ട് റൂമില്‍ വച്ച് താന്‍ കണ്ട എപ്പിസോഡിലെ ഒരു ഉള്ളടക്കം നിമിഷ മറ്റു മത്സരാര്‍ഥികളോട് ഇന്ന് പറഞ്ഞു. റോബിനുമായി ഉണ്ടായ തര്‍ക്കത്തിനിടെ ആയിരുന്നു ഇത്.
ഹൌസിലെ ഒരു ഗ്രൂപ്പിനെ തകര്‍ക്കാന്‍ നോമിനേഷനുവേണ്ടി താന്‍ ക്യാംപെയ്നിംഗ് നടത്തി എന്ന് വ്യാജ പ്രചരണം നടക്കുന്നുവെന്ന് റോബിന്‍ ആരോപണം ഉയര്‍ത്തിയതിനു പിന്നാലെ ആയിരുന്നു ഇത്. എല്‍പി ടാര്‍ഗറ്റ് എന്ന പേരില്‍ തനിക്കെതിരെയാണ് നോമിനേഷന്‍ ക്യാംപെയ്ന്‍ നടന്നതെന്ന് ലക്ഷ്മിപ്രിയയും പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് ഈ ക്യാംപെയ്നിനു പിന്നില്‍ റോബിന്‍ തന്നെയായിരുന്നുവെന്ന് തെളിയിക്കാനായി നിമിഷ സീക്രട്ട് റൂമില്‍ വച്ച് താന്‍ കണ്ട എപ്പിസോഡിനെക്കുറിച്ച് വാചാലയായത്. സ്മോക്കിംഗ് റൂമില്‍ വച്ച് എല്‍പി ടാര്‍ഗറ്റ് എന്ന് കഴിഞ്ഞ ദിവസം പുറത്തായ ഡെയ്സിയോട് റോബിന്‍ സോഫയില്‍ എഴുതി കാട്ടുന്നത് താന്‍ എപ്പിസോഡില്‍ കണ്ടുവെന്ന് നിമിഷ പറഞ്ഞു. എപ്പിസോഡില്‍ കണ്ട ഒരു കാര്യം ഒരു മത്സരാര്‍ഥി ഇത്രയും പരസ്യമായി ഷോയില്‍ ഉന്നയിക്കുന്നത് ഇത് ആദ്യമായാണ്. പിന്നാലെ ഈ സംഘര്‍ഷം തല്‍ക്കാലത്തേക്ക് അവസാനിക്കുകയായിരുന്നു.