Bigg Boss 4 : അടുത്ത ആഴ്ചയിലെ ക്യാപ്റ്റന്‍ ഈ മൂന്നുപേരില്‍ നിന്ന്; തീരുമാനം പറഞ്ഞ് ബിഗ് ബോസ്

By Web Team  |  First Published Apr 6, 2022, 11:43 PM IST

അടുത്ത വാരം വനിതാ ക്യാപ്റ്റന്‍


ബിഗ് ബോസില്‍ സവിശേഷ അധികാരമുള്ള ആളാണ് ക്യാപ്റ്റന്‍. മത്സരാര്‍ഥികളില്‍ നിന്ന് മിക്കവാറും ഒരു ഗെയിമിലൂടെ തിരഞ്ഞെടുക്കുന്ന ക്യാപ്റ്റനാണ് വീടിന്‍റെ അധികാരി. ജോലികള്‍ മറ്റുള്ളവര്‍ക്ക് വീതിച്ചു നല്‍കുന്നതും വീടിന്‍റെ മേല്‍നോട്ടവുമൊക്കെ ക്യാപ്റ്റന്‍റെ ഉത്തരവാദിത്തമാണ്. ഒപ്പം നോമിനേഷനില്‍ നിന്ന് രക്ഷപെടാമെന്ന ഗുണവുമുണ്ട്. ഓരോ വാരത്തിലേക്കാണ് ബിഗ് ബോസില്‍ ക്യാപ്റ്റനെ തെരഞ്ഞെടുക്കുക. ഈ സീസണില്‍ ഇതുവരെ രണ്ട് ക്യാപ്റ്റന്മാരാണ് ഉണ്ടായത്. അശ്വിന്‍ വിജയും നവീന്‍ അറയ്ക്കലും. ഇപ്പോഴിതാ വരും വാരത്തിലെ ക്യാപ്റ്റന്‍സി ടാസ്കില്‍ പങ്കെടുക്കുന്ന മൂന്നുപേര്‍ ആരൊക്കെയെന്ന് ബിഗ് ബോസ് പ്രഖ്യാപിച്ചിരിക്കുകയാണ്.

നിമിഷ, ദില്‍ഷ, അപര്‍ണ്ണ ഇവരില്‍ ഒരാള്‍ ആയിരിക്കും അടുത്ത വാരത്തിലെ ക്യാപ്റ്റന്‍. ഈ വാരത്തിലെ വീക്കിലി ടാസ്‍കില്‍ 2, 3, 4 സ്ഥാനങ്ങളില്‍ എത്തുന്നവരില്‍ നിന്നാവും അടുത്ത വാരത്തിലെ ക്യാപ്റ്റന്‍ എന്ന് ബിഗ് ബോസ് നേരത്തെ അറിയിച്ചിരുന്നതാണ്. അതുപ്രകാരമാണ് ഈ മൂന്നു പേരും ക്യാപ്റ്റന്‍സി ടാസ്കിന് തെരഞ്ഞെടുക്കപ്പെട്ടത്. 

Latest Videos

വീക്കിലി ടാസ്‍ക്- ഭാഗ്യ പേടകം

മത്സരാര്‍ഥികളുടെ ശാരീരികവും മാനസികവുമായ മത്സരക്ഷമത പരിശോധിക്കുന്ന ഗെയിമുകള്‍ ബിഗ് ബോസ് നടത്താറുണ്ട്. ഇതില്‍ ചിലത് അതിന്‍റെ രീതികള്‍ കൊണ്ടുതന്നെ കൂടുതല്‍ കൗതുകം ഉണര്‍ത്താറുണ്ട്. ഇത്തവണത്തെ വീക്കിലി ടാസ്‍ക് അത്തരത്തില്‍ ഒന്നായിരുന്നു. ഭാഗ്യപേടകം എന്നു പേരിട്ടിരുന്ന വീക്കിലി ടാസ്‍കില്‍ മത്സരാര്‍ഥികളുടെ സാങ്കല്‍പിക ബഹിരാകാശ സഞ്ചാരമാണ് ഉണ്ടായിരുന്നത്. ബഹിരാകാശ പേടകങ്ങളുടെ ഡിസൈനിനെ അനുസ്മരിപ്പിക്കുന്ന ഒരു പ്ലാറ്റ്ഫോം ആയിരുന്നു ബിഗ് ബോസിലെ പേടകം. അഞ്ച് പേര്‍ക്കാണ് ഇതില്‍ ഒരേസമയം ഇരിക്കാനാവുക. ഇതില്‍ പരമാവധി സമയം ചിലവഴിക്കുന്നതാര് എന്നതായിരുന്നു മത്സരം. ഓരോ തവണയും അതില്‍ ആകെയുള്ള അഞ്ച് സീറ്റുകളിലേക്ക് പ്രവേശനം നേടാന്‍ ബിഗ് ബോസ് പലവിധമായ മത്സരങ്ങള്‍ നടത്തിയിരുന്നു.

സൈറന്‍ മുഴങ്ങുമ്പോള്‍ ഗാര്‍ഡന്‍ ഏരിയയില്‍ വച്ചിരിക്കുന്ന ബഹിരാകാശ യാത്രയ്ക്കുള്ള കുപ്പായങ്ങള്‍ ആദ്യം കരസ്ഥമാക്കുന്നവര്‍ക്കായിരുന്നു പേടകത്തിലേക്ക് ആദ്യം പ്രവേശനം ലഭിച്ചത്. ഇതനുസരിച്ച് ബ്ലെസ്‍ലി, അശ്വിന്‍, ധന്യ, നിമിഷ ദില്‍ഷ എന്നിവര്‍ ആദ്യം വസ്ത്രങ്ങള്‍ കരസ്ഥമാക്കുകയും പേടകത്തില്‍ പ്രവേശിക്കുകയും ചെയ്‍തു. ഒരു ദിവസത്തിലേറെ നീണ്ടുനിന്ന മത്സരത്തില്‍ മൂന്നു പേര്‍ക്കു മാത്രമാണ് ഒരിക്കല്‍പ്പോലും പേടകത്തില്‍ പ്രവേശിക്കാന്‍ അവസരം ലഭിക്കാഞ്ഞത്. ലക്ഷ്‍മിപ്രിയ, സൂരജ്, ശാലിനി എന്നിവരാണ് അവര്‍. 

ഇതില്‍ ബ്ലെസ്‍ലിയാണ് മറ്റു മത്സരാര്‍ഥികളെയും ഒരര്‍ഥത്തില്‍ ബിഗ് ബോസിനെപ്പോലും ഞെട്ടിച്ചത്. 24 മണിക്കൂറും 30 മിനിറ്റുമാണ് ബ്ലെസ്‍ലി പേടകത്തില്‍ ചിലവഴിച്ചത്. ഉറക്കമോ വെള്ളമോ ഭക്ഷണമോ കൂടാതെയാണ് ഈ സമയമത്രയും ബ്ലെസ്‍ലി പേടകത്തില്‍ കഴിഞ്ഞത്. ഒരര്‍ഥത്തില്‍ ബ്ലെസ്‍ലി എന്ന മത്സരാര്‍ഥി ഉണ്ടായിരുന്നതിനാലാണ് മത്സരം ഇത്രയും നീണ്ടുപോയതും. ബിഗ് ബോസ് മുന്‍കൂട്ടി പറഞ്ഞിരുന്നതു പ്രകാരം ഈ മത്സരത്തിലെ ഒന്നാം സ്ഥാനക്കാരനായ ബ്ലെസ്‍ലിക്ക് അടുത്ത വാരത്തിലെ എലിമിനേഷന്‍ ഒഴിവാകും. 

ഓരോ മത്സരാര്‍ഥിയും പേടകത്തില്‍ ചിലവഴിച്ച സമയം

ബ്ലെസ്‍ലി- 24.30 മണിക്കൂര്‍

നിമിഷ- 14.53 മണിക്കൂര്‍

ദില്‍ഷ- 14.53 മണിക്കൂര്‍

അപര്‍ണ്ണ- 14.45 മണിക്കൂര്‍

അശ്വിന്‍- 12.8 മണിക്കൂര്‍

റോബിന്‍- 11.44 മണിക്കൂര്‍

ജാസ്‍മിന്‍- 8.42 മണിക്കൂര്‍

ധന്യ- 8.19 മണിക്കൂര്‍

സുചിത്ര- 6.43 മണിക്കൂര്‍

അഖില്‍- 4.46 മണിക്കൂര്‍

ഡെയ്‍സി- 4.34 മണിക്കൂര്‍

റോണ്‍സണ്‍- 3.45 മണിക്കൂര്‍

നവീന്‍- 45 മിനിറ്റ്

ലക്ഷ്‍മിപ്രിയ, സൂരജ്, ശാലിനി- പേടകത്തില്‍ ഒരിക്കല്‍പ്പോലും കയറാത്തവര്‍
 

click me!