താന്‍ ആത്മാഭിമാനമുള്ളയാളെന്ന് ജാസ്‍മിന്‍; സെല്‍ഫ് റെസ്പെക്റ്റിനെ ചോദ്യം ചെയ്തില്ലെന്ന് മോഹന്‍ലാല്‍

By Web TeamFirst Published May 14, 2022, 10:52 PM IST
Highlights

മത്സരാര്‍ഥികളില്‍ ചിലര്‍ ദേഷ്യം വരുമ്പോള്‍ അസഭ്യം പറയുന്നതിനെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചുകൊണ്ടാണ് മോഹന്‍ലാല്‍ എപ്പിസോഡ് തുടങ്ങിയത്

ബിഗ് ബോസ് മലയാളം സീസണ്‍ 4ന്‍റെ (Bigg Boss 4) ഏഴാം വാരം ഇന്ന് അവസാനിക്കുകയാണ്. മത്സരത്തിന്‍റെ ഇതുവരെയുള്ള താളത്തെ മാറ്റിമറിച്ച ഒന്നായിരുന്നു കഴിഞ്ഞ വാരാന്ത്യത്തില്‍ സംഭവിച്ച രണ്ട് വൈല്‍ഡ് കാര്‍ഡ് എന്‍ട്രികള്‍. ഇതുവരെയുള്ള കളി കണ്ടിട്ടെത്തിയ റിയാസ് സലിമും വിനയ് മാധവും ബിഗ് ബോസ് ഹൌസിനെ അക്ഷരാര്‍ഥത്തില്‍ സംഘര്‍ഷഭൂമിയാക്കി മാറ്റുകയായിരുന്നു. റിയാസ്, മിനയ്, റോബിന്‍, ജാസ്മിന്‍ തുടങ്ങിയവരൊക്കെ സംഘര്‍ഷങ്ങളുടെ ഭാഗമായെങ്കിലും റിയാസിനും റോബിനുമിടയിലുണ്ടായ തര്‍ക്കങ്ങളാണ് കൈവിട്ട തലത്തിലേക്ക് പോയത്. വീക്കിലി ടാസ്ക് ആയ കോടതി ടാസ്‍ക് ഇതിന് അരങ്ങായും മാറി. ഈ സീസണിലെ മുന്‍ ക്യാപ്റ്റന്മാര്‍ക്കൊന്നും ഇല്ലാതിരുന്ന തരത്തിലുള്ള വെല്ലുവിളിയാണ് ഈ വാരം ക്യാപ്റ്റനായിരുന്ന ജാസ്മിന് നേരിടാന്‍ ഉണ്ടായിരുന്നത്. എന്നാല്‍ ജാസ്മിന് ആ വെല്ലുവിളിയെ വിജയകരമായി നേരിട്ട് വിജയിക്കാനായില്ലെന്നു മാത്രമല്ല, തര്‍ക്കങ്ങളില്‍ പലപ്പോഴും റിയാസിന്‍റെ പക്ഷത്ത് നില്‍ക്കുന്നതുപോലെയും തോന്നിപ്പിച്ചു. ഇന്നത്തെ എപ്പിസോഡില്‍ ജാസ്മിന്‍റെ ക്യാപ്റ്റന്‍സിയാണ് മോഹന്‍ലാല്‍ (Mohanlal) ഉയര്‍ത്തിയ ഒരു പ്രധാന വിഷയം.

ബിഗ് ബോസ് വീട്ടില്‍ കഴിഞ്ഞ വാരം നടന്ന സംഘര്‍ഷങ്ങളെക്കുറിച്ചും മത്സരാര്‍ഥികള്‍ ഉപയോഗിക്കുന്ന അസഭ്യ വാക്കുകളെക്കുറിച്ചും സംസാരിച്ച മോഹന്‍ലാല്‍ എന്തുകൊണ്ടാണ് ക്യാപ്റ്റന് അവ നിയന്ത്രിക്കാന്‍ കഴിയാതിരുന്നത് എന്നും ചോദിച്ചു. റിയാസ്, റോബിന്‍, ജാസ്മിന്‍ എന്നിവരോട് സംസാരിച്ചതിനു ശേഷം മോഹന്‍ലാല്‍ പോയ ആദ്യ ഇടവേളയില്‍ സുഹൃത്തുക്കളോട് ജാസ്മിന്‍ തന്‍റെ രോഷം പ്രകടിപ്പിച്ചു. എന്ത് പറഞ്ഞാലും അനുസരണയോടെ കേട്ടുനില്‍ക്കുന്ന റോബിനെപ്പോലെയല്ല താനെന്നും തനിക്ക് ഒരു ആത്മാഭിമാനം ഉണ്ടെന്നും ജാസ്മിന്‍ പറഞ്ഞു. ഈ പ്രയോഗത്തെക്കുറിച്ചാണ് ഇടവേള കഴിഞ്ഞെത്തിയ മോഹന്‍ലാല്‍ ആദ്യം ചോദിച്ചത്. 

Latest Videos

ജാസ്മിന് എന്താണ് പറയാനുള്ളത് എന്നായിരുന്നു മോഹന്‍ലാലിന്‍റെ ചോദ്യം. താന്‍ പറഞ്ഞിട്ട് അനുസരിക്കാത്തിടത്ത് തനിക്ക് എന്തു ചെയ്യാന്‍ കഴിയുമെന്നായിരുന്നു ജാസ്മിന്‍റെ മറുചോദ്യം. അങ്ങനെയെങ്കില്‍ കോടതി ടാസ്കിലെ അച്ചടക്കത്തിന്‍റെ കാര്യത്തിലടക്കം ബിഗ് ബോസിനെ സമീപിക്കാന്‍ ക്യാപ്റ്റനെന്ന നിലയില്‍ ജാസ്മിന് അവകാശമുണ്ടായിരുന്നുവെന്നും അത് എന്തുകൊണ്ട് ചെയ്തില്ലെന്നും മോഹന്‍ലാല്‍ ചോദിച്ചു. ഒരു ക്യാപ്റ്റനെ തങ്ങള്‍ ചുമതലകള്‍ ഏല്‍പ്പിക്കുന്നത് ഇതൊക്കെ പ്രതീക്ഷിച്ചുകൊണ്ടാണ്. ലൈവ് ആയി മത്സരം നടന്നുകൊണ്ടിരിക്കുമ്പോള്‍ തങ്ങള്‍ക്ക് ഇടപെടാനാവില്ല. ക്യാപ്റ്റനായ ജാസ്മിന്‍ പറഞ്ഞിരുന്നെങ്കില്‍ അപ്പോള്‍ തങ്ങള്‍ ഇടപെട്ടേനെ, മോഹന്‍ലാല്‍ പറഞ്ഞു.

മത്സരാര്‍ഥികളില്‍ ചിലര്‍ ദേഷ്യം വരുമ്പോള്‍ അസഭ്യം പറയുന്നതിനെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചുകൊണ്ടാണ് മോഹന്‍ലാല്‍ എപ്പിസോഡ് തുടങ്ങിയത്. സംഘര്‍ഷങ്ങളുടെ മുന്‍നിരയില്‍ ഉണ്ടായിരുന്ന റിയാസ്, റോബിന്‍, ജാസ്മിന്‍ എന്നിവരോടാണ് മോഹന്‍ലാല്‍ ആദ്യം സംസാരിച്ചത്. ഹൌസിനുള്ളില്‍ മലയാളത്തിനു പകരം പലപ്പോഴും എന്തുകൊണ്ട് ഇംഗ്ലീഷ് ഉപയോഗിക്കുന്നു എന്നായിരുന്നു റിയാസിനോടുള്ള മോഹന്‍ലാലിന്‍റെ ആദ്യ ചോദ്യം. ഇനി ശ്രമിക്കാം എന്നായിരുന്നു റിയാസിന്‍റെ മറുപടി. കുടുംബ പ്രേക്ഷകര്‍ ധാരാളമായി കാണുന്ന ഒരു ഷോയില്‍ അസഭ്യ വാക്കുകള്‍ ഉപയോഗിക്കുന്നത് ഒരു തലത്തിലും അംഗീകരിക്കാനാവില്ലെന്നും മോഹന്‍ലാല്‍ പറഞ്ഞു. ഈ വിഷയത്തില്‍ റോബിന് മുന്‍പ് പലപ്പോഴും മുന്നറിയിപ്പ് നല്‍കിയിട്ടുള്ള കാര്യം ഓര്‍മ്മിപ്പിച്ച മോഹന്‍ലാല്‍ ഇത് അവസാന മുന്നറിയിപ്പ് ആയിരിക്കുമെന്ന് എല്ലാ മത്സരാര്‍ഥികളോടുമായി പറഞ്ഞു. 

click me!