കഴിഞ്ഞ വാരത്തിലും ലക്ഷ്വറി ബജറ്റ് പോയിന്‍റുകളില്‍ കാര്യമായ വെട്ടിക്കുറയ്ക്കല്‍ നടന്നിരുന്നു
നിരവധി നിയന്ത്രണങ്ങള്‍ക്കു വിധേയമായി, പലവിധ നിയമങ്ങള്‍ പാലിച്ചുകൊണ്ടാണ് മത്സരാര്‍ഥികള്‍ ബിഗ് ബോസ് ഹൗസില്‍ കഴിയേണ്ടത്. അതില്‍ പ്രധാനപ്പെട്ട ഒന്നാണ് ഭക്ഷണത്തിനുള്ള നിയന്ത്രണം. ഇഷ്ടഭക്ഷണം ഇഷ്ടം പോലെ ലഭിക്കുന്ന ഒരു സ്ഥലമല്ല ബിഗ് ബോസ് ഹൗസ്. അവശ്യം വേണ്ട ഭക്ഷണ പദാര്‍ഥങ്ങള്‍ മാത്രമാണ് മത്സരാര്‍ഥികള്‍ക്ക് സാധാരണ നിലയില്‍ ലഭിക്കുക. ഇതല്ലാതെ ഇഷ്ടമുള്ള ഭക്ഷണം നേടാനുള്ള ഒരു അവസരവും വാരാവാരം ബിഗ് ബോസ് നല്‍കാറുണ്ട്. ലക്ഷ്വറി ബജറ്റിനുവേണ്ടിയുള്ള വീക്കിലി ടാസ്‍ക് വിജയിച്ച് പോയിന്‍റ് നേടുന്നതിലൂടെയാണ് അത്. ഈ പോയിന്‍റുകള്‍ ഉപയോഗിച്ച് ഇഷ്ടഭക്ഷണം മത്സരാര്‍ഥികള്‍ക്ക് നേടിയെടുക്കാവുന്നതാണ്. ബിഗ് ബോസ് ഓരോ വാരവും അനുവദിക്കുന്ന ലക്ഷ്വറി ബജറ്റ് പോയിന്‍റുകള്‍ മുഴുവനും നേടുക എന്നതാണ് മത്സരാര്‍ഥികള്‍ക്കു മുന്നിലുള്ള ചാലഞ്ച്. എന്നാല്‍ ഇതില്‍ പലപ്പോഴും അവര്‍ പരാജയപ്പെടാറുണ്ട്.
വീക്കിലി ടാസ്‍കുകളിലും മൊത്തത്തില്‍ കളി നിയമങ്ങള്‍ പാലിക്കുന്നതിലും ബിഗ് ബോസ് മലയാളം മുന്‍ സീസണുകളേക്കാള്‍ ഏറെ പിന്നിലാണ് നാലാം സീസണിലെ മത്സരാര്‍ഥികള്‍. കഴിഞ്ഞ വാരത്തിലും ഇക്കാരണം ചൂണ്ടിക്കാട്ടി ബിഗ് ബോസ് ലക്ഷ്വറി ബജറ്റ് പോയിന്‍റുകള്‍ വെട്ടിക്കുറച്ചിരുന്നു. ഈ വാരത്തിലും പോയിന്‍റുകളില്‍ വന്‍ കുറവ് വരുത്തിയിരിക്കുകയാണ് ബിഗ് ബോസ്. ഭാഗ്യപേടകം വീക്കിലി ടാസ്‍കിലൂടെ മത്സരാര്‍ഥികള്‍ക്ക് ആകെ നേടാമായിരുന്നത് 3200 ലക്ഷ്വറി പോയിന്‍റുകളാണ്. പക്ഷേ അവര്‍ ആകെ നേടിയത് വെറും 1700 പോയിന്‍റുകളും.
നിയമങ്ങള്‍ പാലിക്കാതെയും അവയോട് അലസമായ മനോഭാവം വച്ചുപുലര്‍ത്തിയുമാണ് പലരും മത്സരത്തില്‍ പങ്കെടുത്തതെന്ന് ബിഗ് ബോസ് അറിയിച്ചു. മത്സരിക്കുന്നവര്‍ പേടകത്തില്‍ ഇരിക്കുക മാത്രമേ ചെയ്യാവൂ എന്ന് ബിഗ് ബോസ് നിയമാവലിയില്‍ അറിയിച്ചിരുന്നു. ഒപ്പം അന്യഗ്രഹത്തില്‍ എത്തിപ്പെടുന്നവര്‍ പുറത്തുള്ളവരുമായി സംസാരിക്കരുതെന്നും പുറത്തേക്ക് പോകരുതെന്നും അറിയിച്ചിരുന്നു. ഈ നിയമങ്ങള്‍ ഭൂരിഭാഗം പേരും പാലിച്ചില്ലെന്ന് ബിഗ് ബോസ് കുറ്റപ്പെടുത്തി. പേടകത്തില്‍ പരമാവധി സമയം ചിലവഴിച്ച ബ്ലെസ്‍ലിക്ക് 500 വ്യക്തിഗത പോയിന്‍റുകളാണ് ബിഗ് ബോസ് നല്‍കിയത്. നിയമങ്ങള്‍ ഏറെക്കുറെ പാലിച്ച നിമിഷ, ദില്‍ഷ അഖില്‍, ധന്യ, അശ്വിന്‍, നവീന്‍ എന്നിവര്‍ക്ക് 200 പോയിന്‍റുകള്‍ വിതവും നല്‍കി. ഇവയെല്ലാം ചേര്‍ത്താണ് അവര്‍ക്ക് ആകെ ലഭിക്കുന്ന 1700 പോയിന്‍റുകള്‍. മത്സരത്തില്‍ പങ്കെടുക്കാതിരുന്നവര്‍ക്ക് ഇക്കുറി പോയിന്‍റ് ഒന്നും നല്‍കുന്നതല്ലെന്നും ബിഗ് ബോസ് അറിയിച്ചു. ലക്ഷ്‍മിപ്രിയ, സൂരജ്, ശാലിനി എന്നിവര്‍ ഈ ടാസ്‍കില്‍ പങ്കെടുത്തിരുന്നില്ല.