അവശേഷിക്കുന്ന ആറ് പേരില്‍ നിന്ന് ആരാണ് പുറത്താവുക എന്നത് ഞായറാഴ്ച എപ്പിസോഡില്‍ മോഹന്‍ലാല്‍ പ്രഖ്യാപിക്കും
ബിഗ് ബോസ് മലയാളം സീസണ് 4 (Bigg Boss 4) പന്ത്രണ്ടാം വാരത്തിലേക്ക് കടക്കുകയാണ്. അപ്രതീക്ഷിതമായി രണ്ട് പ്രധാന മത്സരാര്‍ഥികളുടെ പുറത്താവല്‍ കണ്ട പത്താം വാരത്തിനു ശേഷം ഗെയിമില്‍ അവശേഷിക്കുന്ന മത്സരാര്‍ഥികളുടെ എണ്ണം ഒന്‍പതായി കുറഞ്ഞിരുന്നു. അതില്‍ ക്യാപ്റ്റന്‍ ധന്യയും ദില്‍ഷയുമൊഴികെ മുഴുവന്‍ പേരും, അതായത് ഏഴ് പേരും ഇത്തവണത്തെ നോമിനേഷന് ലിസ്റ്റില്‍ ഇടംപിടിച്ചിരുന്നു. അതില്‍ ആരാണ്, അല്ലെങ്കില്‍ ആരൊക്കെയാണ് പുറത്താവുക എന്നത് പ്രേക്ഷകര്‍ക്കിടയിലും മത്സരാര്ഥികള്ക്കിടയിലുമുള്ള ഏറ്റവും വലിയ ആകാംക്ഷയാണ്. ആരാണ് പുറത്താവുക എന്നത് പ്രഖ്യാപിച്ചില്ലെങ്കിലും ഏഴിലൊരാള്‍ സേഫ് ആണെന്ന കാര്യം മോഹന്‍ലാല്‍ ഇന്ന് പ്രഖ്യാപിച്ചു.
റിയാസ്, സൂരജ്, റോണ്സണ്, വിനയ്, ലക്ഷ്മിപ്രിയ, ബ്ലെസ്ലി, അഖില്‍ എന്നിവരാണ് ഇത്തവണത്തെ നോമിനേഷന് ലിസ്റ്റില്‍. കൌതുകകരമായാണ് മോഹന്‍ലാല്‍ ലക്ഷ്മിപ്രിയയുടെ കാര്യം അറിയിച്ചത്. ഈ വാരം പുറത്താവാന്‍ സാധ്യതയുള്ള ആളുടെ പേര് പറയാമോ എന്ന് മോഹന്‍ലാല്‍ ദില്‍ഷയോട് ചോദിക്കുകയായിരുന്നു. റോണ്സണോ വിനയ്യോ എന്നാണ് ദില്‍ഷ മറുപടി പറഞ്ഞത്. ഇതേ ചോദ്യത്തിന് ധന്യയും ഇതേ മറുപടി പറഞ്ഞു. നോമിനേഷന് ലിസ്റ്റിലുള്ളവരില്‍ നിന്ന് ഒരാളെ സേവ് ചെയ്യാന്‍ സാധിച്ചാല്‍ ആരെ സേവ് ചെയ്യും എന്നായിരുന്നു ഇരുവരോടും മോഹന്‍ലാലിന്റെ അടുത്ത ചോദ്യം. ഇരുവരും ലക്ഷ്മിപ്രിയയുടെ പേരാണ് പറഞ്ഞത്. തുടര്‍ന്ന് മോഹന്‍ലാല്‍ വോട്ടിംഗിലൂടെയുള്ള ലക്ഷ്മിപ്രിയയുടെ റിസല്‍ട്ട് പ്രഖ്യാപിക്കുകയായിരുന്നു.
അവശേഷിക്കുന്ന ആറ് പേരില്‍ നിന്ന് ആരാണ് പുറത്താവുക എന്നത് ഞായറാഴ്ച എപ്പിസോഡില്‍ മോഹന്‍ലാല്‍ പ്രഖ്യാപിക്കും. അതേസമയം അവസാന മൂന്ന് വാരങ്ങളിലേക്ക് കടക്കുകയാണ് ബിഗ് ബോസ് മലയാളം സീസണ് 4. അവസാന അഞ്ചില്‍ ആരൊക്കെ ഇടംപിടിക്കും എന്ന് അറിയാനുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകര്‍.