വൈകാരിക പ്രതികരണമാണ് ഈ വിവരമറിയുന്ന മറ്റു മത്സരാര്ഥികളുടേത്
ബിഗ് ബോസ് മലയാളം സീസണ് 4ല്‍ (Bigg Boss 4) നാടകീയത നിറഞ്ഞ ദിനങ്ങള്‍ അവസാനിക്കുന്നില്ല. ഇക്കഴിഞ്ഞ വാരത്തിലെ വീക്കിലി ടാസ്കിനെ തുടര്‍ന്ന് റോബിനെ രണ്ട് ദിവസം മുന്‍പ് ഹൌസില്‍ നിന്ന് മാറ്റിനിര്‍ത്തിയിരിക്കുകയാണ് ബിഗ് ബോസ്. റോബിന് ഷോയിലേക്ക് തിരികെ വരുമോ ഇല്ലയോ എന്ന കാര്യത്തില്‍ ബിഗ് ബോസ് ഇതുവരെ അന്തിമതീരുമാനമൊന്നും അറിയിച്ചിട്ടുമില്ല. ഇപ്പോഴിതാ, പ്രേക്ഷകരെ സംബന്ധിച്ച് മറ്റൊരു ഞെട്ടിക്കുന്ന വിവരം കൂടി പുറത്തെത്തിയിരിക്കുകയാണ്. ഈ സീസണിലെ പ്രധാന മത്സരാര്ഥികളില് ഒരാളായ ജാസ്മിന് എം മൂസ (Jasmine M Moosa) ഷോയില്‍ നിന്ന് പിന്മാറുകയാണ് എന്നതാണ് അത്!
ഇന്ന് സംപ്രേഷണം ചെയ്യാനിരിക്കുന്ന എപ്പിസോഡിന്റെ പ്രൊമോ ഏഷ്യാനെറ്റ് പുറത്തുവിട്ടതിലാണ് ഈ വിവരം ഉള്ളത്. ബിഗ് ബോസ് ഷോയില്‍ തനിക്ക് തുടരാന്‍ ബുദ്ധിമുട്ടാണെന്ന് ബിഗ് ബോസിനോട് പറയുന്ന ജാസ്മിനെ വീഡിയോയില്‍ കാണാം. തന്റെ ആവശ്യപ്രകാരം കണ്‍ഫെഷന്‍ റൂമിലേക്ക് വിളിപ്പിച്ച ബിഗ് ബോസിനോട് ജാസ്മിന് തന്റെ തീരുമാനം അറിയിക്കുകയായിരുന്നു. എനിക്ക് ഇവിടെ തുടരേണ്ട. ശാരീരികമായും മാനസികമായും പരിക്ഷീണയാണ് ഞാന്‍. വൈകാരിക അവസ്ഥ വച്ചും ഇവിടെയിനി തുടരാനാവില്ല. എനിക്ക് നില്ക്കാന് പറ്റില്ല, എന്നാണ് ബിഗ് ബോസിനോടുള് ജാസ്മിന്റെ വാക്കുകള്‍. നിങ്ങളുടെ തീരുമാനത്തില്‍ മാറ്റമില്ലെങ്കില്‍ ബാഗുകള്‍ പാക്ക് ചെയ്ത് പുറത്തേക്ക് വരാം എന്നാണ് ബിഗ് ബോസിന്റെ പ്രതികരണം. തുടര്‍ന്ന് ബാഗുകളുമായി ഹൌസിന് പുറത്തേക്ക് ഇറങ്ങുന്ന ജാസ്മിനെയും പ്രൊമോ വീഡിയോയില്‍ കാണാം.
വൈകാരിക പ്രതികരണമാണ് ഈ വിവരമറിയുന്ന മറ്റു മത്സരാര്ഥികളുടേത്. ദില്‍ഷയും റിയാസും കരഞ്ഞുകൊണ്ടാണ് ഇതിനോട് പ്രതികരിക്കുന്നത്. ആഴ്ചകള്‍ക്കു മുന്‍പ് മാനസിക പ്രയാസം നേരിട്ട ജാസ്മിനെ പ്രേക്ഷകര്‍ കണ്ടിരുന്നു. അന്ന് ശാരീരിക പ്രശ്നത്തിന് ഡോക്ടറെ കാണണമെന്ന് ആവശ്യപ്പെട്ട ജാസ്മിന് ഡോക്ടറുടെ അടുത്തെത്തിയപ്പോള്‍ തന്റേത് മാനസിക പിരിമുറുക്കമാണെന്ന് അറിയിക്കുകയായിരുന്നു. പിന്നീട് തിരിച്ചെത്തിയ ജാസ്മിന് ബിഗ് ബോസ് ഒരു വ്യക്തി എന്ന നിലയില്‍ തന്നില്‍ സൃഷ്ടിച്ച മാറ്റങ്ങളെക്കുറിച്ച് പലപ്പോഴും പറഞ്ഞിരുന്നു. ബിഗ് ബോസില്‍ ചെറിയ കാര്യങ്ങള്‍ക്കുപോലും തന്റെ നിയന്ത്രണം വിടുകയും പൊട്ടിത്തെറിക്കുകയുമാണ് താനെന്നും എന്നാല്‍ യഥാര്‍ഥ ജീവിതത്തില്‍ അങ്ങനെയല്ലെന്നും ജാസ്മിന് മോഹന്ലാലിനോടുള്പ്പെടെ പറഞ്ഞിട്ടുണ്ട്. എന്തായാലും പ്രധാന മത്സരാര്‍ഥിയായ ജാസ്മിന് പുറത്തുപോകുന്നപക്ഷം അത് നാലാം സീസണിന്റെ മുന്നോട്ടുപോക്കിനെ വലിയൊരളവ് സ്വാധീനിക്കും.