ലിസ്റ്റില്‍ അവശേഷിക്കുന്നത് 11 പേര്‍
ബിഗ് ബോസ് മലയാളം സീസണ്‍ 4 ആദ്യ വാരാന്ത്യ എപ്പിസോഡ് പിന്നിടുമ്പോള്‍ ആദ്യ എലിമിനേഷന്‍റെ ആവേശത്തിലേക്ക് പ്രവേശിച്ചിരിക്കുകയാണ്. മുന്‍ സീസണുകളില്‍ നിന്ന് വിഭിന്നമായി ആദ്യ വാരം തന്നെ എലിമിനേഷന്‍ ഉണ്ടായിരുന്നു എന്നതാണ് ഇത്തവണത്തെ പ്രത്യേകത. അശ്വിന്‍ വിജയ് ആണ് ആദ്യ ക്യാപ്റ്റനായി തെരഞ്ഞെടുക്കപ്പെട്ടത്. ക്യാപ്റ്റന്‍ ഒഴികെ മറ്റുള്ള 16 പേരും നോമിനേഷന്‍ ലിസ്റ്റില്‍ ഇടംപിടിച്ചു. എന്നാല്‍ ഈ ലിസ്റ്റ് മത്സരാര്‍ഥികള്‍ പരസ്പരം നോമിനേറ്റ് ചെയ്‍ത് ഉണ്ടായിവന്ന ഒന്നല്ല. മറിച്ച് ബിഗ് ബോസ് പൊടുന്നനെ പ്രഖ്യാപിച്ച ഒന്നായിരുന്നു.
ഈ ലിസ്റ്റ് പ്രകാരമായിരുന്നു കഴിഞ്ഞ ഒരാഴ്ചത്തെ വോട്ടിംഗും. ഇന്നലെ നടന്ന ആദ്യ വാരാന്ത്യ എപ്പിസോഡില്‍ അവതാരകനായെത്തിയ മോഹന്‍ലാല്‍ ആദ്യ എലിമിനേഷന്‍ പ്രഖ്യാപിക്കുമോ എന്ന ആകാംക്ഷയിലായിരുന്നു മത്സരാര്‍ഥികളും പ്രേക്ഷകരും. എന്നാല്‍ ആദ്യ എലിമിനേഷന്‍ അദ്ദേഹം പ്രഖ്യാപിച്ചില്ല. മറിച്ച് ചിലര്‍ ഈ വാരം സുരക്ഷിതരാണെന്നു മാത്രം അദ്ദേഹം പ്രഖ്യാപിച്ചു. നോമിനേഷന്‍ ലിസ്റ്റില്‍ ഇടംപിടിച്ചിരുന്നവരില്‍ സൂരജ്, ജാസ്‍മിന്‍, ബ്ലെസ്‍ലി, ഡെയ്‍സി, സുചിത്ര എന്നിങ്ങനെ അഞ്ചു പേരാണ് സേഫ് ആണെന്ന് മോഹന്‍ലാല്‍ പ്രഖ്യാപിച്ചത്. ഇന്ന് മിക്കവാറും സീസണിലെ ആദ്യ എലിമിനേഷന്‍ നടക്കും. അതിന്‍റെ പ്രൊമോ കട്ടോടെയാണ് ഇന്നലത്തെ എപ്പിസോഡ് അവസാനിച്ചത്.
അഞ്ചുപേര്‍ സേഫ് ആയതോടെ 11 പേരാണ് നോമിനേഷന്‍ ലിസ്റ്റില്‍ അവശേഷിക്കുന്നത്. നവീന്‍ അറയ്ക്കല്‍, ജാനകി സുധീര്‍, ലക്ഷ്‍മി പ്രിയ, ഡോ. റോബിന്‍ രാധാകൃഷ്ണന്‍, ധന്യ മേരി വര്‍ഗീസ്, ശാലിനി നായര്‍, അഖില്‍ ബി എസ്, നിമിഷ, റോണ്‍സണ്‍ വിന്‍സെന്‍റ്, അപര്‍ണ്ണ മള്‍ബറി, ദില്‍ഷ പ്രസന്നന്‍ എന്നിവരില്‍ ഒരാളോ ഒന്നിലധികം പേരോ ഇന്ന് പുറത്താവും. അത് ആരൊക്കെയെന്ന് അറിയാനുള്ള ആകാംക്ഷയിലാണ് പ്രേക്ഷകര്‍.
'ക്യാപ്റ്റന്‍റെ മുറിയില്‍ എന്തിന് അനുവാദമില്ലാതെ കയറി'? മോഹന്‍ലാലിന്‍റെ ചോദ്യത്തിന് ഡോ. റോബിന്‍റെ മറുപടി
ബിഗ് ബോസ് മലയാളം സീസണ്‍ 4ലെ (Bigg Boss 4) ശ്രദ്ധേയ മത്സരാര്‍ഥികളില്‍ ഒരാളാണ് ഡോ. റോബിന്‍ രാധാകൃഷ്ണന്‍ (Dr. Robin). മോട്ടിവേഷണല്‍ സ്പീക്കര്‍ കൂടിയായ ഇദ്ദേഹം ബിഗ് ബോസ് വീട്ടിലെ മത്സരങ്ങളെയൊക്കെ വളരെ മത്സരബുദ്ധിയോടെ സമീപിക്കുന്ന ഒരു മത്സരാര്‍ഥി കൂടിയാണ്. എന്നാല്‍ ഇതല്‍പ്പം കടന്നുപോയില്ലേ എന്ന് പ്രേക്ഷകര്‍ക്കും സഹ മത്സരാര്‍ഥികള്‍ക്കും തോന്നാവുന്ന പല പെരുമാറ്റങ്ങളും ആദ്യ വാരത്തില്‍ റോബിന്‍റെ ഭാഗത്തുനിന്നും ഉണ്ടായി. അതില്‍ പ്രധാനമായിരുന്നു പാവയെ കൈക്കലാക്കി വിജയിക്കേണ്ട ഇത്തവണത്തെ വീക്കിലി ടാസ്‍ക്.
നിമിഷ സൂക്ഷിക്കാനേല്‍പ്പിച്ച പാവ കൈയില്‍ വാങ്ങിയ ശേഷം അത് തന്‍റെ സ്വന്തമായതായി റോബിന്‍ പ്രഖ്യാപിക്കുകയായിരുന്നു. പിന്നീട് മറ്റുള്ളവര്‍ക്ക് പ്രവേശനം നിഷേധിക്കപ്പെട്ടിരിക്കുന്ന ക്യാപ്റ്റന്‍റെ പ്രത്യേക മുറിയിലെ കട്ടിലില്‍ ഉള്ള ഡ്രോയറില്‍ റോബിന്‍ തന്‍റെ പാവയെ സൂക്ഷിക്കുകയായിരുന്നു. ഒരിക്കല്‍ ഇത് കണ്ടുപിടിച്ച അശ്വിന്‍ പാവ തനിക്ക് സ്വന്തമായ വിവരം എല്ലാവരെയും അറിയിക്കുകയും സന്തോഷം പ്രകടിപ്പിക്കുകയും ചെയ്‍തു. എന്നാല്‍ ക്യാപ്റ്റന്‍ റൂമിലെ വാഷ്‍റൂമില്‍ പോവാനുള്ള അനുവാദം ക്യാപ്റ്റനില്‍ നിന്നും ചോദിച്ചുവാങ്ങിയ റോബിന്‍ വീണ്ടും അവിടെ കടന്ന് പാവയെ കൈക്കലാക്കുകയായിരുന്നു. അനുവാദമില്ലാതെ ആദ്യം ക്യാപ്റ്റന്‍ റൂമില്‍ പ്രവേശിച്ചത് ബിഗ് ബോസ് നേരത്തേതന്നെ ചൂണ്ടിക്കാട്ടിയിരുന്നു. ലക്ഷ്വറി ബജറ്റ് പ്രഖ്യാപന സമയത്തായിരുന്നു ഇത്. 500 പോയിന്റ് ആണ് റോബിന്‍റെ ഭാഗത്തുനിന്നുണ്ടായ നിയമലംഘനം മൂലം മുഴുവന്‍ മത്സരാര്‍ഥികള്‍ക്കും നഷ്ടമായത്.
പാവയുമായി ചേര്‍ത്ത് അധികാരം എന്ന വാക്ക് ബിഗ് ബോസ് ഉപയോഗിച്ചതുകൊണ്ട് ക്യാപ്റ്റന്‍ റൂമില്‍ പ്രവേശിക്കാമെന്ന് താന്‍ തെറ്റിദ്ധരിക്കുകയായിരുന്നുവെന്ന് ആ സമയത്തുതന്നെ റോബിന്‍ സഹ മത്സരാര്‍ഥികളോട് പറഞ്ഞിരുന്നു. ഇന്നത്തെ എപ്പിസോഡില്‍ മോഹന്‍ലാല്‍ ഇക്കാര്യം ചോദിച്ചപ്പോഴും സമാനമായ മറുപടിയാണ് മത്സരാര്‍ഥി പറഞ്ഞത്. "അതിനകത്ത് ആഡംബരമെന്നും അധികാരമെന്നും പറഞ്ഞപ്പോള്‍ എനിക്കൊരു സംശയം വന്നു. ക്യാപ്റ്റന്റെ മുറി കുറച്ച് ആഡംബരമല്ലേ. അത് ഉപയോഗിക്കാമോ ഇല്ലയോ എന്ന് അറിയില്ലായിരുന്നു. ഗെയിം ആയതുകൊണ്ട് അത് മറ്റാരോടും ചോദിക്കാന്‍ പറ്റില്ലായിരുന്നു. ബിഗ് ബോസിനോട് ചോദിക്കാമോ എന്നതും കണ്‍ഫ്യൂഷന്‍ ആയി. ശരിയാണോ തെറ്റാണോ എന്ന് അറിയില്ല. പക്ഷേ കളിയില്‍ ജയിക്കണമെന്ന് തോന്നി", റോബിന്‍ മറുപടി പറഞ്ഞു.