Bigg Boss S4 Review : ഡ‍െയ്സിയോട് 'ജാവോ' എന്ന് ബ്ലെസ്‍ലി, റോബിന് ജാസ്മിന്‍റെ ഹഗ്; കളി കളറ് തന്നെ

By Web TeamFirst Published May 2, 2022, 6:31 PM IST
Highlights

ഡെയ്‍സി പുറത്തായപ്പോള്‍ പറഞ്ഞ 'ജാവോ' ഡയലോഗിലൂടെ അടക്കം പുറത്ത് ഒരു ഹീറോ ഇമേജിലേക്ക് ബ്ലെസ്‍ലി മാറിക്കഴിഞ്ഞു. ഇമോഷണലി വളരെയധികം തകര്‍ന്ന ലക്ഷ്മിപ്രിയയാണ് ഇപ്പോള്‍ വീട്ടിലുള്ളത്. താരത്തിന്‍റെ സ്ട്രാറ്റജിയാണ് ഇതെന്നും അഭിപ്രായപ്പെടുന്നവര്‍ ഏറെയാണ്.

ബിഗ് ബോസിനെ പോലും വെല്ലുവിളിക്കുന്ന മത്സരാര്‍ഥികള്‍... അതിന് കുറിക്ക് കൊള്ളുന്ന മറുപണി കൊടുക്കുന്ന ബിഗ് ബോസ്. മലയാളത്തിലെ ഏറ്റവും വലിയ റിയാലിറ്റി ഷോ ആയ ബിഗ് ബോസ് മലയാളം നാലാം സീസണ്‍ അഞ്ചാമത്തെ ആഴ്ച പിന്നിടുമ്പോള്‍ കളികള്‍ക്ക് കൂടുതല്‍ വാശിയേറുകയാണ്.

മത്സരത്തിന്‍റെ തീവ്രത ഓരോ ആഴ്ചയും കൂടി വരുന്ന കാഴ്ചയാണ് ഇപ്പോള്‍ വീടിനുള്ളില്‍ ഉള്ളത്. നിലനില്‍പ്പിനായി ഏതറ്റം വരെയും പോകുന്ന തരത്തില്‍ മത്സരാര്‍ഥികള്‍ മനസിനെ പാകപ്പെടുത്തി കഴിഞ്ഞു. ആ പോരാട്ടത്തില്‍ പാതി വഴിയില്‍ രണ്ട് മത്സരാര്‍ഥികളാണ് കഴിഞ്ഞ ആഴ്ച ബിഗ് ബോസ് വീട്ടില്‍ നിന്ന് പുറത്തേക്ക് പോയത്. അതിന്‍റെ ഞെട്ടലിലാണ് ഇപ്പോള്‍ എല്ലാ മത്സരാര്‍ഥികളും.

Latest Videos

നിമിഷ 2.0

ഒരു വട്ടം ബിഗ് ബോസില്‍ നിന്ന് പുറത്തായി സീക്രട്ട് റൂമില്‍ കഴിഞ്ഞ ശേഷം തിരിച്ചെത്തിയ നിമിഷയ്ക്കുണ്ടായ മാറ്റത്തിന്‍റെ ഞെട്ടലില്‍ നിന്ന് ഇതുവരെ മറ്റ് മത്സരാര്‍ഥികള്‍ മുക്തരായിട്ടില്ല. അടിമുടി മാറ്റം വരുത്തി തിരിച്ചെത്തിയ നിമിഷ പൊരുതി നേടിയ ക്യാപ്റ്റന്‍സിയിലൂടെ അഞ്ചാമത്തെ ആഴ്ച വീട് നന്നായി തന്നെ ഭരിച്ചു. ലക്ഷ്മിപ്രിയ ഒഴിച്ച് മിക്കവരും മികച്ചതെന്ന അഭിപ്രായമാണ് നിമിഷയുടെ ക്യാപ്റ്റന്‍സിയെ കുറിച്ച് പറഞ്ഞത്.

കൃത്യമായി മിക്ക വിഷയങ്ങളില്‍ തന്‍റേതായ നിലപാടുകള്‍ നിമിഷ ഉറച്ച ശബ്ദത്തില്‍ പറയുന്നുണ്ട്. പ്രിയ സുഹൃത്തായ ജാസ്മിനെ പോലും വിമര്‍ശിക്കേണ്ട സ്ഥലങ്ങളില്‍ അങ്ങനെ ചെയ്തുകൊണ്ട് തന്‍റെ തിരിച്ചുവരവില്‍ താരം എല്ലാവരെയും അമ്പരപ്പിക്കുകയാണ്. എങ്കിലും മലയാളം പറയുമ്പോഴുണ്ടാകുന്ന പ്രശ്നങ്ങള്‍ നിമിഷയുടെ നിലനില്‍പ്പിനെ ഇപ്പോഴും പ്രതിസന്ധിയിലേക്ക് തള്ളി വിടുന്നുണ്ട്.

ബിഗ് ബോസിനോട് കളി വേണ്ട റോബിന്‍..!

ബിഗ് ബോസ് വീടിനുള്ളില്‍ പലര്‍ക്കും ഇഷ്ടക്കേട് ഉണ്ടെങ്കിലും പുറത്ത് നിരവധി ആരാധകരെ സൃഷ്ടിക്കാന്‍ കഴിഞ്ഞ താരമാണ് ഡോ. റോബിന്‍. എന്നാല്‍, അഞ്ചാമത്തെ ആഴ്ച റോബിന്‍ നടത്തിയ ഒരു നീക്കം അമ്പേ പരാജയപ്പെട്ട് പോകുന്ന അവസ്ഥയാണ് ഉണ്ടായത്. ജയിലിലേക്ക് പോകാന്‍ നോമിനേറ്റ് ചെയ്യാന്‍ തെരഞ്ഞെടുക്കപ്പെട്ടവരുടെ മത്സരത്തില്‍ ലക്ഷ്മിപ്രിയയോട് ചേര്‍ന്ന് തോല്‍ക്കാനുള്ള പ്ലാനാണ് റോബിന്‍ തയാറാക്കിയത്. ബിഗ് ബോസിനെ വെല്ലുവിളിക്കുന്ന തരത്തിലുള്ള അഭിനയമാണ് റോബിന്‍ ടാസ്ക്കില്‍ പുറത്തെടുത്ത്.

ഒപ്പം പ്ലാനിട്ടെങ്കിലും ലക്ഷ്മിപ്രിയ ഒടുവില്‍ മത്സരിച്ചതോടെ റോബിന് ഒറ്റയ്ക്ക് ജയിലിലേക്ക് പോകേണ്ടിയും വന്നു. വാരാന്ത്യത്തില്‍ അവതാരകനായ മോഹന്‍ലാല്‍ എത്തിയപ്പോള്‍ താരത്തിന് കടുത്ത വിമര്‍ശനങ്ങളാണ് നേരിടേണ്ടി വന്നത്. എല്ലാവര്‍ക്കും മുന്നില്‍ മുന്‍കൂട്ടി തയാറാക്കിയ പദ്ധതി പുറത്ത് വരികയും ചെയ്തതോടെ ലക്ഷ്മിപ്രിയക്കും വലിയ തിരിച്ചടിയാണ് ഉണ്ടായിട്ടുള്ളത്. 

അപ്രതീക്ഷിത പുറത്താകല്‍

ഒമ്പത് പേരാണ് കഴിഞ്ഞ ആഴ്ച എവിക്ഷനില്‍ വന്നിരുന്നത്. അതുകൊണ്ട് തന്നെ ഒന്നിലധികം പേര്‍ പുറത്താകുമെന്ന സൂചനകള്‍ നേരത്തെ തന്നെ ലഭിച്ചിരുന്നു. പ്രേക്ഷകര്‍ കൈവിട്ടതോടെ നവീനും ഡെയ്സിയുമാണ് വീട്ടില്‍ നിന്ന് അഞ്ചാമത്തെ ആഴ്ച കളികള്‍ അവസാനിപ്പിച്ച് പുറത്തേക്ക് പോകാന്‍ നിര്‍ബന്ധിതരായത്.

ആദ്യ ആഴ്ച മുതൽ തന്നെ ഷോയിൽ തിളങ്ങി നിന്ന രണ്ട് പേരായിരുന്നു ഡെയ്സിയും നവീനും. വീട്ടിലെ എല്ലാ കാര്യങ്ങളിലും ഡെയ്സി തന്‍റെ സാന്നിധ്യം അറിയിച്ചിരുന്നു. എന്നാല്‍, ബ്ലെസ്ലിയും ഡോ. റോബിനുമായുള്ള പ്രശ്നങ്ങളും മോശമായ വാക്കുകളുടെ ഉപയോഗവും ഡെയ്സിയെ പ്രേക്ഷകർക്കിടയിൽ ചർച്ചാ വിഷയം ആക്കി മാറ്റുകയായിരുന്നു. ജയിലിലേക്ക് പോകേണ്ടി വന്നപ്പോഴും പിന്നീട് പുറത്തിറങ്ങിയപ്പോഴും നവീന്‍ അനുഭവിച്ച സമ്മര്‍ദ്ദവും പ്രേക്ഷകര്‍ക്കിടയില്‍ വലിയ ചര്‍ച്ചയായി മാറിയിരുന്നു.

റോബിനും ജാസ്മിനും 

ബിഗ് ബോസ് സീസണ്‍ നാലിന്‍റെ ആദ്യ ആഴ്ച മുതല്‍ തുടങ്ങിയതായിരുന്നു ഡോ. റോബിനും ജാസ്മിനും തമ്മിലുള്ള വഴക്കുകള്‍. എന്നാല്‍ അഞ്ചാമത്തെ ആഴ്ച അത്ഭുതപ്പെടുത്തുന്ന ഒരു കാഴ്ചയ്ക്ക് ബിഗ് ബോസ് വീടും മത്സരാര്‍ഥികളും പ്രേക്ഷകരും സാക്ഷികളായി. ജാസ്‍മിന്‍ ഡോ. റോബിന് ഒരു ഹഗ് നല്‍കുന്ന കാഴ്ചയായിരുന്നു ഇത്. സോഷ്യല്‍ മീഡിയയിലെ ബിഗ് ബോസ് ഗ്രൂപ്പുകളില്‍ ഇതിന്‍റെ ചിത്രം വ്യാപകമായി പ്രചരിച്ചു.

എന്തായിരിക്കും അതിന്‍റെ പിന്നിലുള്ള കാരണം എന്ന ചോദ്യത്തിന് കൃത്യമായി അറിയില്ലെങ്കിലും എന്തോ വരാനിരിക്കുന്നു എന്നതിന്‍റെ സൂചനയാണെന്നാണ് റോബിന്‍ തമാശയായി മോഹന്‍ലാലിന് നല്‍കിയ മറുപടി.  ദൃശ്യം സിനിമയില്‍ മോഹന്‍ലാല്‍ അവതരിപ്പിച്ച ജോര്‍ജ്കുട്ടിയുടെ ഡയലോഗ് കടമെടുത്തായിരുന്നു ജാസ്മിന്‍റെ പ്രതികരണം. ആ സത്യം തന്നോടു കൂടി മണ്ണടിയട്ടെ എന്ന് ജാസ്മിന്‍ തമാശ മട്ടില്‍ പറഞ്ഞു.

സേഫ് കളികള്‍ ഇനിയില്ല

അഞ്ചാമത്തെ ആഴ്ചയും പിന്നിട്ടതോടെ ഇനി കളികള്‍ മുറുകുമെന്ന സൂചനകളാണ് ബിഗ് ബോസ് വീടിനുള്ളില്‍ നിന്ന് ലഭിക്കുന്നത്. ആദ്യ ആഴ്ച മുതല്‍ തന്‍റെ അഭിപ്രായങ്ങളിലും നിലപാടുകളിലും ജാസ്മിന്‍ ഉറച്ച് നില്‍കുന്നുണ്ട്. എങ്കിലും താരത്തിന്‍റെ പല കാര്യങ്ങളോടുമുള്ള മടി എപ്പോഴും വിമര്‍ശനങ്ങള്‍ക്ക് കാരണമാകുന്നുണ്ട്. ചില സ്ട്രാറ്റജികളില്‍ അബദ്ധം സംഭവിച്ചെങ്കിലും സ്ക്രീന്‍ സ്പേസ് നേടി പുറത്ത് ആരാധകരെ സൃഷ്ടിക്കാന്‍ ഡോ. റോബിന് സാധിച്ചു. ഒരു ഗെയിമര്‍ എന്ന നിലയില്‍ അകത്തും പുറത്തും ബ്ലെസ്‍ലി ഒരുപാട് മെച്ചപ്പെട്ടു കഴിഞ്ഞു.

ഡെയ്‍സി പുറത്തായപ്പോള്‍ പറഞ്ഞ 'ജാവോ' ഡയലോഗിലൂടെ അടക്കം പുറത്ത് ഒരു ഹീറോ ഇമേജിലേക്ക് ബ്ലെസ്‍ലി മാറിക്കഴിഞ്ഞു. ഇമോഷണലി വളരെയധികം തകര്‍ന്ന ലക്ഷ്മിപ്രിയയാണ് ഇപ്പോള്‍ വീട്ടിലുള്ളത്. താരത്തിന്‍റെ സ്ട്രാറ്റജിയാണ് ഇതെന്നും അഭിപ്രായപ്പെടുന്നവര്‍ ഏറെയാണ്. പുതിയ ക്യാപ്റ്റന്‍ ആയെങ്കിലും അഖിലില്‍ നിന്ന് കൂടുതല്‍ വ്യക്തമായ നിലപാടുകള്‍ പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്നുണ്ട്. ഓരോ വാക്കും സൂക്ഷ്മതയോടെ പ്രയോഗിക്കുന്ന ധന്യയും സേഫ് ആയി തുടരുന്ന സുചിത്രയും വരുന്ന ആഴ്ചകളില്‍ വലിയ വെല്ലുവിളികള്‍ നേരിടുമെന്നുറപ്പ്.

ഇതല്ല യഥാര്‍ത്ഥ റോണ്‍സണ്‍ എന്ന് നവീന്‍ പറഞ്ഞുവെച്ച് പോയതോടെ താരവും ചോദ്യങ്ങള്‍ക്ക് നടുവിലാണ്. ദില്‍ഷ റോബിനെയും ബ്ലെസ്‍ലിയെയും ഉപയോഗപ്പെടത്തുകയാണോ എന്ന് സംശയിക്കുന്നവര്‍ നിരവധിയാണ്. അപര്‍ണയും സൂരജും ഇപ്പോഴും പല കാര്യങ്ങളും തുറന്ന് പറയാതെ ഒഴുക്കിനൊപ്പമുള്ള നീന്തല്‍ തുടര്‍ന്ന് പോകുന്നു. 

click me!