ഡോ. റോബിന്‍റെ കടന്നുവരവില്‍ ദില്‍ഷയ്ക്കൊപ്പം ഏറ്റവും സന്തോഷിച്ച ഒരാള്‍ ലക്ഷ്മിപ്രിയ ആയിരുന്നു
ബിഗ് ബോസ് മലയാളം സീസണ്‍ 4ന്‍റെ (Bigg Boss 4) ഗ്രാന്‍ഡ് ഫിനാലെ നാളെ. ഫൈനല്‍ ഫൈവിനു പകരം ഫൈനല്‍ സിക്സ് ആയിരുന്ന ഇത്തവണ അന്തിമ നോമിനേഷന്‍ ലിസ്റ്റ് അറിഞ്ഞതു മുതല്‍ ടൈറ്റില്‍ വിജയി ആരായിരിക്കുമെന്ന വലിയ ആകാംക്ഷ പ്രേക്ഷകര്‍ക്കും മത്സരാര്‍ഥികള്‍ക്കുമുണ്ട്. ആവേശവും കൌതുകവും ഏറെ പകര്‍ന്ന ഈ സീസണിന്‍റെ ഗ്രാന്‍ഡ് ഫിനാലെയ്ക്ക് ചേര്‍ന്ന അരങ്ങൊരുക്കലാണ് ഇന്നലെയും ഇന്നുമായി ബിഗ് ബോസ് ചെയ്‍തത്. പല സമയത്തായി പുറത്തുപോയ 14 മത്സരാര്‍ഥികളെയും ഈ രണ്ട് ദിനങ്ങളിലായി തിരികെയെത്തിക്കുകയായിരുന്നു ബിഗ് ബോസ്.
പുറത്തുപോയി തിരികെയെത്തിയ മത്സരാര്‍ഥികളോട് പുറത്തെ തങ്ങളുടെ പ്രതിച്ഛായയെക്കുറിച്ചാണ് ഫൈനലിസ്റ്റുകള്‍ക്ക് പ്രധാനമായും ചോദിക്കാനുണ്ടായിരുന്നത്. ഓരോരുത്തര്‍ക്കുമുള്ള ജനസ്വാധീനത്തെക്കുറിച്ച് വലിയ തുറന്നുപറച്ചിലുകള്‍ കുറവായിരുന്നെങ്കിലും അങ്ങനെ പറഞ്ഞ മത്സരാര്‍ഥികള്‍ ഉണ്ടായിരുന്നു. ഉദാഹരണത്തിന് റിയാസ് സലിം ഒരുപാട് ഹൃദയങ്ങള്‍ ഇതിനകം കീഴടക്കിയെന്ന് നിമിഷ പറഞ്ഞു. കഴിഞ്ഞ ദിനങ്ങളില്‍ ഹൌസ് കടന്നുപോയ സംഘര്‍ഷഭരിതമായ ദിനങ്ങളില്‍ നിന്ന് വലിയ ആശ്വാസമാണ് ഫൈനലിസ്റ്റുകള്‍ക്ക് ഈ ദിവസങ്ങള്‍ നല്‍കിയത്. എല്ലാവര്‍ക്കും അങ്ങോട്ടുമിങ്ങോട്ടും പറയാന്‍ കാര്യങ്ങള്‍ ഒരുപാട് ഉണ്ടായിരുന്നു.
ALSO READ : 'ഞാന്‍ അവനെയൊരു കുട്ടി അനിയനായിട്ടാണ് കാണുന്നത്'; ബ്ലെസ്‍ലിയെക്കുറിച്ച് ദില്‍ഷ
ഡോ. റോബിന്‍റെ കടന്നുവരവില്‍ ദില്‍ഷയ്ക്കൊപ്പം ഏറ്റവും സന്തോഷിച്ച ഒരാള്‍ ലക്ഷ്മിപ്രിയ ആയിരുന്നു. വലിയൊരു ഹഗ് നല്‍കിക്കൊണ്ടാണ് മുന്‍വാതില്‍ കടന്നുവന്ന റോബിനെ ലക്ഷ്മി സ്വീകരിച്ചത്. ലക്ഷ്മിപ്രിയയോട് വ്യക്തിപരമായി തന്നെ നൊമ്പരപ്പെടുത്തിയ ഒരു അനുഭവവും റോബിന്‍ പങ്കുവച്ചു. പുറത്താക്കപ്പെട്ടതിനു ശേഷം ഏതാനും ദിനങ്ങള്‍ ചെലവഴിച്ച സീക്രട്ട് റൂമിലിരുന്ന് താന്‍ ലക്ഷ്മിപ്രിയയുടെ കരച്ചില്‍ കേട്ടിരുന്നു എന്നതായിരുന്നു അത്. റോബിന്‍ പുറത്തായതിലുള്ള സങ്കടത്തിലായിരുന്നു ആ ദിനങ്ങളില്‍ ലക്ഷ്‍മിപ്രിയ. ശബ്ദം ഇടറിക്കൊണ്ടാണ് റോബിന്‍ ഇക്കാര്യം പറഞ്ഞത്. ഞാന്‍ ഇതിനപ്പുറത്ത് നിന്ന് കരയുകയായിരുന്നു, ഭിത്തി ചൂണ്ടിക്കാട്ടി റോബിന്‍ പറഞ്ഞു. എനിക്ക് ചേച്ചിയുടെ ശബ്ദം കേള്‍ക്കാമായിരുന്നു. പക്ഷേ എനിക്ക് ശബ്ദമുയര്‍ത്തി സംസാരിക്കാന്‍ പോലും പറ്റില്ലായിരുന്നു, റോബിന്‍ പറഞ്ഞു. കണ്ണീരോടെയാണ് ലക്ഷ്മിപ്രിയ ഇത് കേട്ടത്.