ചടുലതയിലേക്ക് ബിഗ് ബോസ് ഹൗസ്
ഏവരും കാത്തിരുന്ന ആ പ്രഖ്യാപനം സ്വാഭാവികമായും ഇന്നത്തെ എപ്പിസോഡിന്റെ ഏറ്റവും ഒടുവിലാണ് സംഭവിച്ചത്. ആദ്യ എവിക്ഷനെക്കുറിച്ചാണ് സൂചിപ്പിച്ചത്. 16 മത്സരാര്‍ഥികള്‍ ഇടംപിടിച്ചിരുന്ന നോമിനേഷന്‍ ലിസ്റ്റില്‍ നിന്ന് രണ്ട് പേര്‍ പോകുമോ എന്ന് സംശയം ഉയര്‍ന്നിരുന്നെങ്കിലും ഒരാള്‍ മാത്രമാണ് പുറത്തായത്.
ആദ്യവാരത്തെക്കുറിച്ചും അതിലെ മത്സരാര്‍ഥികള്‍ ഓരോരുത്തരുടെയും പ്രകടനങ്ങളെക്കുറിച്ചും ആദ്യ വാരാന്ത്യ എപ്പിസോഡുകളില്‍ മോഹന്‍ലാല്‍ വിശദമായി സംസാരിച്ചിട്ടുണ്ട്. എന്നാല്‍ പുറത്തായ മത്സരാര്‍ഥി അത്യാവശ്യം പ്രസരിപ്പോടെ നിന്ന ഒരാള്‍ ആണെന്ന വസ്തുത മത്സരാര്‍ഥികള്‍ക്കിടയില്‍ ആശയക്കുഴപ്പം സൃഷ്ടിച്ചിട്ടുണ്ട്.
പലരും സ്ട്രാറ്റജികള്‍ ആവിഷ്കരിച്ച് മുന്നോട്ടു പോവുമ്പോള്‍ അത്തരം പദ്ധതികള്‍ ഒന്നുമില്ലാതെ മുന്നോട്ടു പോകുന്നവരുമുണ്ട്. ഈ സീസണില്‍ രണ്ടാമത് പറഞ്ഞ ഗണത്തില്‍ പെടുന്നവരാണ് ഏറെയും എന്ന അഭിപ്രായമാവും ഒരുപക്ഷേ പ്രേക്ഷകര്‍ക്കും. ഈ ഷോയില്‍ തുടരണമെങ്കില്‍ ആക്ടീവ് ആയി നില്‍ക്കേണ്ടതിന്‍റെ ആവശ്യകതയെക്കുറിച്ച് മോഹന്‍ലാല്‍ ഇന്നും കാര്യമായി സംസാരിച്ചു. അഖില്‍, സൂരജ്, ദില്‍ഷ എന്നിവരോടാണ് ഇക്കാര്യം അദ്ദേഹം പ്രാധാന്യത്തോടെ സംസാരിച്ചത്. ആദ്യ എവിക്ഷന്‍ നടന്നതിനാല്‍ മത്സരം ഇനിയങ്ങോട്ട് മുറുകാനാണ് സാധ്യത.
ലക്ഷ്‍മി- ജാസ്‍മിന്‍ തര്‍ക്കങ്ങള്‍
ആദ്യ വാരം പ്രേക്ഷകശ്രദ്ധയില്‍ ഇടംപിടിച്ച ഒന്നായിരുന്നു മത്സരാര്‍ഥികളായ ലക്ഷ്മിപ്രിയക്കും ജാസ്‍മിന്‍ മൂസയ്ക്കും ഇടയില്‍ സംഭവിച്ച തര്‍ക്കങ്ങള്‍. ഇന്നത്തെ എപ്പിസോഡില്‍ മോഹന്‍ലാല്‍ ഇരുവരോടും ഇതേക്കുറിച്ച് ചോദിച്ചു. ലക്ഷ്മി പ്രകടിപ്പിക്കുന്ന സ്നേഹം സത്യസന്ധമായി തനിക്ക് തോന്നുന്നില്ലെന്നായിരുന്നു ജാസ്മിന്‍റെ മറുപടി. എല്ലാവര്‍ക്കും വേണ്ടത് സ്നേഹമാണെന്ന ലക്ഷ്മിയുടെ പ്രതികരണത്തെ മോഹന്‍ലാല്‍ തിരുത്തുകയായിരുന്നു. അത് ഒരു പൊതു പ്രസ്താവനയാണെന്നും അത് നമുക്ക് പറയാന്‍ കഴിയില്ലെന്നും അദ്ദേഹം പ്രതികരിച്ചു.
ആദ്യ ക്യാപ്റ്റന് എന്തു പറ്റി?
ആദ്യ വാരം ഏറ്റവും സംഭവബഹുലമായി മാറിയ മത്സരാര്‍ഥി അശ്വിന്‍ വിജയ് ആയിരിക്കും. വന്നപ്പോള്‍ത്തന്നെ ഇവിടെ എത്താന്‍ അര്‍ഹതയില്ലാത്തവരില്‍ ഒരാളായി മറ്റു മത്സരാര്‍ഥികള്‍ ചേര്‍ന്ന് വിലയിരുത്തി, പിന്നീട് ആദ്യ ക്യാപ്റ്റന്‍ ആയി, അവസാനം ജയിലിലും പോയി. ആദ്യം ക്യാപ്റ്റനായ ആള്‍ക്ക് പിന്നീട് എന്തുപറ്റിയെന്ന മോഹന്‍ലാലിന്‍റെ ചോദ്യത്തിന് തന്‍റെ ഭാഗത്തുനിന്ന് ചില പിഴവുകള്‍ സംഭവിച്ചുവെന്നും ഇപ്പോള്‍ അവ മനസിലാക്കുന്നുവെന്നുമായിരുന്നു അശ്വിന്‍റെ മറുപടി.
റോണ്‍സണും 'ഉടുപ്പുകളുടെ റേഷനും'
റോണ്‍സണ്‍ വീട്ടില്‍ നിന്നും കൊണ്ടുവന്ന വസ്ത്രങ്ങളില്‍ പലതും അദ്ദേഹത്തിന് ബിഗ് ബോസ് ഹൗസിലേക്ക് ഇനിയും ലഭിച്ചിട്ടില്ലെന്ന് ഇന്നലെ മോഹന്‍ലാല്‍ പറഞ്ഞപ്പോഴാണ് പ്രേക്ഷകര്‍ അറിഞ്ഞത്. എന്നാല്‍ ഇന്ന് അതിന്‍റെ കാരണവും വ്യക്തമായി. റോണ്‍സണ്‍ കൊണ്ടുവന്ന ടീ ഷര്‍ട്ടുകളില്‍ ചിലത് അദ്ദേഹത്തിനു തന്നെ നല്‍കിക്കൊണ്ട് എല്ലാവരെയും ഉയര്‍ത്തിക്കാണാന്‍ മോഹന്‍ലാല്‍ പറഞ്ഞു. വളരെ ആകര്‍ഷകമായ ചില വാചകങ്ങള്‍ പ്രിന്‍റ് ചെയ്‍തിരിക്കുന്നതാണ് അദ്ദേഹം കൊണ്ടുവന്ന ടീഷര്‍ട്ടുകള്‍. പ്രിന്‍റുകളുള്ള വസ്ത്രങ്ങള്‍ ഉപയോഗിക്കുന്നതില്‍ ബിഗ് ബോസില്‍ ഉള്ള നിയമങ്ങളെക്കുറിച്ചും ചിലര്‍ സംസാരിച്ചു.
ആരാണ് ആക്റ്റീവ്, ആരാണ് പാസീവ്?
ബിഗ് ബോസ് ഷോയെ സംബന്ധിച്ച് ഏറ്റവുമധികം കേള്‍ക്കുന്ന വാക്കുകളില്‍ ഒന്നാണ് ആക്റ്റീവ് എന്നത്. ആക്റ്റീവ് ആവണമെന്ന് മോഹന്‍ലാല്‍ തന്നെ മത്സരാര്‍ഥികളെ പലപ്പോഴും ഓര്‍മ്മിപ്പിക്കാറുണ്ട്. ഷോയില്‍ മുന്നോട്ട് പോകണമെങ്കില്‍ പ്രസരിപ്പോടെ നില്‍ക്കേണ്ടതിനെക്കുറിച്ച് ഇന്നും അദ്ദേഹം സംസാരിച്ചു. അഖില്‍, സൂരജ്, ദില്‍ഷ എന്നിവരോട് പ്രത്യേകമായും മോഹന്‍ലാല്‍ ഇക്കാര്യം സംസാരിച്ചു.
ആദ്യ എലിമിനേഷന്‍
ബിഗ് ബോസ് മലയാളം സീസണ്‍ 4 ലെ ആദ്യ എലിമിനേഷനും മത്സരാര്‍ഥികളും പ്രേക്ഷകരും ഇന്ന് സാക്ഷ്യം വഹിച്ചു. ജാനകിയാണ് ഏറ്റവുമാദ്യം ഷോയില്‍ നിന്ന് പുറത്തുപോകുന്ന ആള്‍. മലയാളം ബിഗ് ബോസിന്‍റെ ചരിത്രത്തില്‍ ഇതാദ്യമായാണ് ആദ്യ വാരം നോമിനേഷന്‍ നടക്കുന്നത്. ക്യാപ്റ്റന്‍ സ്ഥാനത്തെത്തിയ അശ്വിന്‍ ഒഴികെ മറ്റു 16 പേരും ഇടംപിടിച്ച ലിസ്റ്റില്‍ നിന്ന് ഏറ്റവും കുറവ് വോട്ടുകള്‍ ലഭിച്ചതിനാലാണ് ജാനകി പുറത്തുപോകുന്നത്.