Bigg Boss Episode 7 Highlights : പ്രേക്ഷകപ്രിയം നേടി ഈ 5 മത്സരാര്‍ഥികള്‍; ആദ്യ എലിമിനേഷനിലേക്ക് ബിഗ് ബോസ് 4

By Web TeamFirst Published Apr 2, 2022, 8:00 PM IST
Highlights

ആകെയുള്ള 17 മത്സരാര്‍ഥികളില്‍ 16 പേരും ഇക്കുറി നോമിനേഷന്‍ ലിസ്റ്റില്‍ ഇടംപിടിച്ചിരുന്നു

ബിഗ് ബോസ് മലയാളം സീസണ്‍ 4 (Bigg Boss 4) ആദ്യ വാരാന്ത്യ എപ്പിസോഡുകളിലേക്ക് എത്തിയിരിക്കുകയാണ്. കഴിഞ്ഞ ഞായറാഴ്ച നടന്ന ഉദ്ഘാടന എപ്പിസോഡിനു ശേഷം അവതാരകനായ മോഹന്‍ലാല്‍ മത്സരാര്‍ഥികളോടും പ്രേക്ഷകരോടും ആദ്യമായി സംവദിക്കാനെത്തുന്ന എപ്പിസോഡ് ആണ് ഇന്നത്തേത്. അതേസമയം മത്സരാര്‍ഥികള്‍ക്കിടയിലെ കളികള്‍ മുറുകിയ ഒരു വാരമാണ് ബിഗ് ബോസ് വീട്ടില്‍ കടന്നുപോയത്. ബിഗ് ബോസ് മലയാളം മുന്‍ സീസണുകളെ അപേക്ഷിച്ച് തുടക്കത്തില്‍ തന്നെ മത്സരാര്‍ഥികള്‍ക്കിടയിലെ അഭിപ്രായ വ്യത്യാസങ്ങളും പടലപ്പിണക്കങ്ങളുമൊക്കെ കണ്ടന്‍റ് സൃഷ്ടിച്ച ദിവസങ്ങളാണ് കഴിഞ്ഞുപോയത്.

അതിനാല്‍ത്തന്നെ മോഹന്‍ലാല്‍ എത്തുന്ന എപ്പിസോഡില്‍ എന്തൊക്കെ സംഭവിക്കും എന്നത് ഷോയുടെ പ്രേക്ഷകര്‍ക്ക് ആകാംക്ഷ പകരുന്ന ഒന്നാണ്. എലിമിനേഷനുകളും വൈല്‍ഡ് കാര്‍ഡ് എന്‍ട്രികളുമൊക്കെ മോഹന്‍ലാല്‍ എത്തുന്ന വാരാന്ത്യ എപ്പിസോഡുകളിലാണ് വരാറ്. അതിനാല്‍ത്തന്നെ ഇന്ന് ആരെങ്കിലും പോകുമോ എന്നതാണ് പ്രേക്ഷകരുടെ മനസിലുള്ള ഏറ്റവും വലിയ ചോദ്യം. 17 മത്സരാര്‍ഥികളില്‍ ആദ്യമായി ക്യാപ്റ്റന്‍ സ്ഥാനത്തെത്തിയ അശ്വിന്‍ വിജയ് ഒഴികെയുള്ള 16 പേരും ആദ്യ വാരത്തിലെ നോമിനേഷന്‍ ലിസ്റ്റില്‍ ഇടംപിടിച്ചിരുന്നു. ഇതിന്‍ പ്രകാരം കഴിഞ്ഞ ഒരു വാരം വോട്ടിംഗും ഉണ്ടായിരുന്നു.

Latest Videos

എന്താണ് ഇഷ്ടം? അനിഷ്ടം?

ഒരു പ്രേക്ഷകന്‍/ പ്രേക്ഷകയായി കാണുന്നതുപോലെയല്ല ബിഗ് ബോസില്‍ ഒരു മത്സരാര്‍ഥിയായി എത്തുമ്പോള്‍. തികച്ചും വ്യത്യസ്തരായ മറ്റു മത്സരാര്‍ഥികള്‍ക്കൊപ്പം എപ്പോഴും മിഴി തുറന്നിരിക്കുന്ന 75 ക്യാമറകള്‍ക്കു മുന്നില്‍ താനായി നില്‍ക്കുക എന്നത് വലിയ വെല്ലുവിളിയാണ്. ബിഗ് ബോസിലെ ആദ്യ വാര അനുഭവത്തെക്കുറിച്ചാണ് അവതാരകനായ മോഹന്‍ലാല്‍ ഇന്ന് 17 മത്സരാര്ഥികളോടും ചോദിച്ചത്. ബിഗ് ബോസ് വീട്ടില്‍ ഏറ്റവും ഇഷ്ടപ്പെട്ടതും ഇഷ്ടമാവാത്തതും എന്തൊക്കെയെന്ന അദ്ദേഹത്തിന്‍റെ ചോദ്യത്തിന് എല്ലാവരും തങ്ങളുടേതായ അഭിപ്രായങ്ങള്‍ പറഞ്ഞു.

മലയാളം തെറ്റില്ലാതെ എഴുതാന്‍ ആര്‍ക്കൊക്കെ പറ്റും?

ബിഗ് ബോസിന്‍റെ സ്ഥിരം പ്രേക്ഷകര്‍ക്ക് അറിയാം, അവിടുത്തെ പ്രധാന നിയമങ്ങളിലൊന്നാണ് മലയാളമൊഴികെയുള്ള ഭാഷകളിലുള്ള സംസാരം അനുവദനീയമല്ല എന്നത്. ആദ്യ സീസണിലൊക്കെ ഈ നിയമം കര്‍ശനമായി പാലിക്കപ്പെട്ടിരുന്നുവെങ്കില്‍ കഴിഞ്ഞ സീസണുകളിലൊക്കെ ഈ നിയമത്തിന് അത്രത്തോളം പ്രധാന്യം കൊടുത്തതായി കണ്ടിരുന്നില്ല. എന്നാല്‍ മലയാളം ഒഴിവാക്കുന്ന മത്സരാര്‍ഥികളുടെ പ്രവണതയെ വിമര്‍ശിച്ച മോഹന്‍ലാല്‍ ആര്‍ക്കൊക്കെ മലയാളം നന്നായി അറിയാമെന്ന് ചോദിച്ചു. അത് പരീക്ഷിക്കാന്‍ ലളിതമായ ഒരു എഴുത്ത് പരീക്ഷയും നടത്തി. മൃത്യുഞ്ജയം, ധൃതരാഷ്ട്രര്‍ എന്നീ വാക്കുകള്‍ എഴുതാന്‍ ആവശ്യപ്പെട്ടവരില്‍ അഞ്ചു പേര്‍ ഇവ തെറ്റിറ്റ് എഴുതിയപ്പോള്‍ രണ്ടുപേര്‍ മാത്രമാണ് തെറ്റില്ലാതെ എഴുതിയത്. 

 

ബിഗ് ബോസിലെ നിയമ ലംഘനങ്ങള്‍

ഡോ. റോബിന്‍ നിയമം ലംഘിച്ച് ക്യാപ്റ്റന്‍ റൂമില്‍ പ്രവേശിച്ചത് കഴിഞ്ഞ വാരം മത്സരാര്‍ഥികള്‍ക്കിടയിലെ ഒരു പ്രധാന ചര്‍ച്ചാവിഷയമായിരുന്നു. ഇക്കാര്യം ഇന്ന് മോഹന്‍ലാല്‍ അദ്ദേഹത്തോട് ചോദിച്ചു. "അതിനകത്ത് ആഡംബരമെന്നും അധികാരമെന്നും പറഞ്ഞപ്പോള്‍ എനിക്കൊരു സംശയം വന്നു. ക്യാപ്റ്റന്റെ മുറി കുറച്ച് ആഡംബരമല്ലേ. അത് ഉപയോഗിക്കാമോ ഇല്ലയോ എന്ന് അറിയില്ലായിരുന്നു. ഗെയിം ആയതുകൊണ്ട് അത് മറ്റാരോടും ചോദിക്കാന്‍ പറ്റില്ലായിരുന്നു. ബിഗ് ബോസിനോട് ചോദിക്കാമോ എന്നതും കണ്‍ഫ്യൂഷന്‍ ആയി. ശരിയാണോ തെറ്റാണോ എന്ന് അറിയില്ല. പക്ഷേ കളിയില്‍ ജയിക്കണമെന്ന് തോന്നി", എന്നായിരുന്നു റോബിന്‍റെ മറുപടി

മുഖംമൂടി, നോക്കുകുട്ടി, തന്ത്രശാലി

മത്സരാര്‍ഥികള്‍ പലരും പല രീതിയിലാണ് ബിഗ് ബോസ് എന്ന മത്സരത്തെ വീക്ഷിക്കുന്നത്. ഇവര്‍ക്കിടയില്‍ അഭിപ്രായവ്യത്യാസങ്ങള്‍ തുറന്നുപ്രകടിപ്പിക്കാന്‍ ഉടകുന്ന പല ആക്റ്റിവിറ്റികളും ബിഗ് ബോസ് സംഘടിപ്പിക്കാറുണ്ട്. അതില്‍ ചിലതൊക്കെ ലളിതവും രസകരവുമാകാറുണ്ട്. അത്തരത്തിലൊരു ആക്റ്റിവിറ്റി മോഹന്‍ലാല്‍ ഇന്ന് നല്‍കി. ഒരു മത്സരാര്‍ഥിയെ വിളിച്ചിട്ട് മറ്റൊരാളെ ചൂണ്ടിക്കാട്ടി അയാള്‍ക്ക് യോജിക്കുന്ന ടൈറ്റില്‍ മുഖംമൂടി, നോക്കുകുട്ടി, തന്ത്രശാലി ഇവയില്‍ ഏതെന്ന് പറയണമെന്നായിരുന്നു ആവശ്യം. ആ വിലയിരുത്തലിന്‍റെ കാരണവും പറയണമായിരുന്നു. എല്ലാ മത്സരാര്‍ഥികളും രസകരമായാണ് ഈ ആക്റ്റിവിറ്റി പൂര്‍ത്തിയാക്കിയത്. 

ഈ വാരം സേഫ് ആയ അഞ്ചു പേര്‍

ആദ്യ വാരാന്ത്യ എപ്പിസോഡില്‍ അവതാരകനായെത്തിയ മോഹന്‍ലാല്‍ ആദ്യ എലിമിനേഷന്‍ പ്രഖ്യാപിക്കുമോ എന്ന ആകാംക്ഷയിലായിരുന്നു മത്സരാര്‍ഥികളും പ്രേക്ഷകരും. എന്നാല്‍ ആദ്യ എലിമിനേഷന്‍ അദ്ദേഹം പ്രഖ്യാപിച്ചില്ല. മറിച്ച് ചിലര്‍ ഈ വാരം സുരക്ഷിതരാണെന്നു മാത്രം അദ്ദേഹം പ്രഖ്യാപിച്ചു. നോമിനേഷന്‍ ലിസ്റ്റില്‍ ഇടംപിടിച്ചിരുന്നവരില്‍ സൂരജ്, ജാസ്‍മിന്‍, ബ്ലെസ്‍ലി, ഡെയ്‍സി, സുചിത്ര എന്നിങ്ങനെ അഞ്ചു പേരാണ് സേഫ് ആണെന്ന് മോഹന്‍ലാല്‍ പ്രഖ്യാപിച്ചത്. 

click me!