ടാസ്‍കിന് പുറത്തേക്കും നീണ്ട് മത്സരാര്‍ഥികള്‍ക്കിടയിലെ തര്‍ക്കം
ബിഗ് ബോസ് മലയാളം സീസണ്‍ 4 (Bigg Boss 4) അതിന്‍റെ ഏഴാം വാരത്തിലാണ്. പുതുതായി രണ്ട് വൈല്‍ഡ് കാര്‍ഡ് എന്‍ട്രികള്‍ എത്തിയതിന്‍റെ ആവേശത്തിലാണ് പ്രേക്ഷകര്‍. അതേസമയം മത്സരാര്‍ഥികളെ ഇത് ആശയക്കുഴപ്പത്തിലേക്ക് എത്തിച്ചിട്ടുണ്ട്. ആറാഴ്ചത്തെ ഗെയിം പുറത്തുനിന്ന് കണ്ടാണ് റിയാസ് സലിം, വിനയ് മാധവ് എന്നിവര്‍ എത്തിയിട്ടുള്ളത് എന്നതാണ് നേരത്തെ ഉണ്ടായിരുന്ന മത്സരാര്‍ഥികളെ സമ്മര്‍ദ്ദത്തിലാക്കുന്ന ഘടകം. ഇത്രനാളും പുറത്തുനിന്ന് ഗെയിം കണ്ട് വിലയിരുത്തിയ ഇവര്‍ക്ക് ഓരോ മത്സരാര്‍ഥിക്കും പുറത്തുള്ള ജനപിന്തുണയെക്കുറിച്ചും നന്നായി അറിയാം. അതേസമയം ബിഗ് ബോസിന്‍റെ നിയമപ്രകാരം ഇവര്‍ക്ക് ഒരു മത്സരാര്‍ഥിയോടും പുറത്തുള്ള കാര്യങ്ങള്‍ പറയാനുമാവില്ല. എന്നാല്‍ ഇവരുടെ സ്വാഭാവിക പ്രതികരണങ്ങളില്‍ നിന്നും ഓരോ മത്സരാര്‍ഥിയോടും എങ്ങനെയൊക്കെ ഇടപെടുന്നു എന്നതില്‍ നിന്നും പുറത്ത് തങ്ങള്‍ക്കുള്ള ജനസ്വാധീനത്തെക്കുറിച്ച് അറിയാനാവും മത്സരാര്‍ഥികളുടെ ശ്രമം. ഇവര്‍ക്ക് രണ്ടാള്‍ക്കും ഓരോ മത്സരാര്‍ഥിയെക്കുറിച്ചും തങ്ങളുടേതായ വിലയിരുത്തലുകള്‍ ഉണ്ട്. ജാസ്‍മിന്‍ ആണ് റിയാസിന്‍റെ ഏറ്റവും പ്രിയപ്പെട്ട മത്സരാര്‍ഥി. അതേസമയം ജാസ്‍മിന്‍ പലപ്പോഴും കടുത്ത ഭാഷയില്‍ സംസാരിക്കുന്നുവെന്നും അതിനോട് തനിക്ക് യോജിപ്പില്ലെന്നുമാണ് വിനയ്‍യുടെ അഭിപ്രായം.
ബിഗ് ബോസ് ഇനിയൊരു കോടതിമുറി
ബിഗ് ബോസ് മലയാളം സീസണ്‍ 4ല്‍ ഏഴാം വാരത്തിലെ വീക്കിലി ടാസ്‍ക് ആരംഭിച്ചു. ബിഗ് ബോസ് മത്സരാര്‍ഥികളുടെ വാദപ്രതിവാദങ്ങളാല്‍ മുഖരിതമാവുന്ന കോടതിമുറി ടാസ്‍ക് ആണ് ഇത്തവണത്തെ വീക്കിലി ടാസ്‍ക്. എല്ലാത്തവണയും ഉണ്ടാവാറുള്ള ഒരു ടാസ്ക് ആണ് ഇത്. പുതിയ വൈല്‍ഡ് കാര്‍ഡ് എന്‍ട്രികളായ വിനയ് മാധവ്, റിയാസ് സലിം എന്നിവരാണ് ന്യായാധിപന്മാര്‍.
ആദ്യ കേസ് റോണ്‍സണ്‍ വക
ടാസ്കില്‍ ഏറ്റവുമാദ്യം കോടതി പരിഹണിച്ച കേസിലെ വാദി റോണ്‍സണ്‍ ആണ്. പ്രതി ലക്ഷ്മിപ്രിയയും. താന്‍ കിച്ചണ്‍ ക്യാപ്റ്റന്‍ ആയിരുന്നപ്പോള്‍ ലക്ഷ്മിപ്രിയ തനിക്ക് ലഭിച്ച ചായയില്‍ ഈച്ചയുണ്ടെന്ന് ആരോപിച്ചു എന്നാണ് റോണ്‍സന്‍റെ കേസ്. ഇതിന് തെളിവ് രേഖപ്പെടുത്തണം എന്നാണ് റോണ്‍സന്‍റെ ആവശ്യം. തന്‍റെ കേസ് വാദിക്കാനായി നിമിഷയെ അഭിഭാഷകയായി നിയമിച്ചിരിക്കുകയാണ് അദ്ദേഹം.
കേസ് ജയിച്ച് റോണ്‍സണ്‍
ലക്ഷ്മിപ്രിയക്കെതിരെ നല്‍കിയ കേസിലെ വാദം കഴിഞ്ഞപ്പോള്‍ അനുകൂലവിധി നേടി റോണ്‍സണ്‍. തനിക്ക് ലഭിച്ച ചായയില്‍ ചത്ത ഈച്ച കിടന്നു എന്ന ആരോപണം തെളിയിക്കാന്‍ ലക്ഷ്മിക്ക് ആയില്ല. അതിന് സാക്ഷിയായി ഹാജരാക്കിയ റോബിന്‍ കള്ളസാക്ഷി പറയുകയാണെന്ന് സ്ഥാപിക്കാന്‍ റോണ്‍സണ്‍ ഏര്‍പ്പെടുത്തിയ വക്കീല്‍ നിമിഷയ്ക്ക് സാധിക്കുകയും ചെയ്‍തു.
റോബിനും ശിക്ഷ
ഇന്നത്തെ സാധാരണ ജോലികള്‍ക്കൊപ്പം വൈകിട്ട് അടുക്കളയില്‍ സഹായത്തിന് ഉണ്ടാവണം എന്നാണ് ലക്ഷ്മിപ്രിയക്ക് കോടതി നല്‍കിയ ശിക്ഷ. ലക്ഷ്മിയുടെ ശാരീരിക അവശതകള്‍ പരിഗണിച്ചാണ് ശിക്ഷ ഇതാക്കി ചുരുക്കുന്നതെന്നും കോടതി പറഞ്ഞു. കള്ളസാക്ഷി പറഞ്ഞതിന് റോബിനും കോടതി ശിക്ഷ വിധിച്ചു. കോടതിമുറിയില്‍ രണ്ടുതവണ തവളച്ചാട്ടം ചാടണമെന്നായിരുന്നു ശിക്ഷ.
റോബിന്‍ vs റിയാസ്
തനിക്ക് ഇഷ്ടമില്ലാത്ത മത്സരാര്‍ഥിയാണ് റോബിനെന്ന് റിയാസ് വന്നപ്പോഴേ പറഞ്ഞിരുന്നു. കോടതിമുറിയില്‍ നടന്ന തര്‍ക്കം ടാസ്‍കിന്‍റെ ഇടവേളയില്‍ പുറത്തേക്കും നീണ്ടതോടെ ബിഗ് ബോസില്‍ ഇതുവരെ കാണാത്ത സംഘര്‍ഷനിമിഷങ്ങളാണ് അരങ്ങേറിയത്. റോബിന്‍റെ വാക്കുകള്‍ പലപ്പോഴും ബീപ് ഇട്ട് മറയ്ക്കേണ്ടിവന്നു. നിലവിലെ സംഘര്‍ഷം ഈ ടാസ്ക് തീരുന്നവരേയ്ക്കും ചിലപ്പോള്‍ അതിനുശേഷവും തുടര്‍ന്നേക്കും