Bigg Boss Episode 12 Highlights : ജയില്‍ ശിക്ഷയില്‍ നിന്ന് രക്ഷപെട്ട് ജാസ്‍മിന്‍; രണ്ടുപേര്‍ ജയിലിലേക്ക്

By Web Team  |  First Published Apr 7, 2022, 8:06 PM IST

ലക്ഷ്വറി ബജറ്റ് ഇത്തവണയും വെട്ടിക്കുറച്ച് ബിഗ് ബോസ്


ബി​ഗ് ബോസില്‍ നോമിനേഷനും എവിക്ഷനുമൊക്കെപ്പോലെ കൗതുകമുണര്‍ത്തുന്ന മറ്റൊന്നാണ് മത്സരാര്‍ഥികളുടെ ജയില്‍വാസം. ഓരോ വാരത്തിലെയും വീക്കിലി ടാസ്‍കിനു പിന്നാലെയാണ് ഏറ്റവും മോശം പ്രകടനം നടത്തിയ രണ്ടുപേരെ മത്സരാര്‍ഥികള്‍ ചേര്‍ന്ന് തീരുമാനിച്ച് ജയിലിലേക്ക് അയക്കുന്നത്. 

ഏറ്റവും രസകരമായ ഒരു വീക്കിലി ടാസ്ക് ആണ് ബി​ഗ് ബോസ് ഈ വാരം മത്സരാര്‍ഥികള്‍ക്കു നല്‍കിയത്. ഭാ​ഗ്യപേടകം എന്നു പേരിട്ടിരുന്ന ടാസ്‍കില്‍ ഒന്നാമനായത് ബ്ലെസ്‍ലിയാണ്. രണ്ടാം സ്ഥാനം രണ്ടുപേര്‍ പങ്കിട്ടെടുത്തു. നിമിഷയും ദില്‍ഷയും. മൂന്നാം സ്ഥാനം അപര്‍ണ്ണയും. ഇതില്‍ ഒന്നാമതെത്തിയ ബ്ലെസ്‍ലിക്ക് അടുത്ത വാരം നോമിനേഷനില്‍ നിന്ന് മോചനം ലഭിച്ചു. രണ്ട്, മൂന്ന് സ്ഥാനങ്ങളില്‍ ഇടംപിടിച്ച നിമിഷ, ദില്‍ഷ, അപര്‍ണ്ണ എന്നിവരില്‍ നിന്നാണ് പുതിയ ക്യാപ്റ്റനെ തീരുമാനിക്കുക. ജയിലില്‍ പോകാനുള്ളവരെയും ക്യാപ്റ്റനെയും തീരുമാനിക്കുന്ന ടാസ്‍കുകള്‍ക്കായാണ് പ്രേക്ഷകര്‍ കാത്തിരുന്നത്. ഇതില്‍ ജയില്‍ നോമിനേഷന്‍ ഇന്ന് നടന്നു.

Latest Videos

മലയാളം മാത്രം പറയാമോ?

ബി​ഗ് ബോസ് മലയാളം നിയമാവലിയില്‍ പ്രാധാന്യമുള്ള ഒന്നാണ് ഭാഷയുടെ ഉപയോ​ഗം. കഴിവതും മറ്റു ഭാഷാ പ്രയോ​ഗങ്ങള്‍ ഒഴിവാക്കി, മത്സരാര്‍ഥികള്‍ മലയാളത്തില്‍ തന്നെ സംസാരിക്കണം എന്നതാണ് അത്. ഈ സീസണില്‍ മത്സരാര്‍ഥികളില്‍ പലരും അക്കാര്യം ശ്രദ്ധിക്കുന്നില്ലെന്ന കാര്യം അവതാരകനായ മോഹന്‍ലാല്‍ നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു. മത്സരാര്‍ഥികള്‍ക്കായി ബി​ഗ് ബോസ് ഇന്ന് നല്‍കിയ മോണിം​ഗ് ആക്റ്റിവിറ്റി മലയാളത്തില്‍ ഊന്നിയായിരുന്നു. സാന്‍ഡ് ക്ലോക്കിലെ സമയം തീരുംവരെ ഓരോരുത്തരും ചെന്നുനിന്ന് നല്‍കുന്ന വിഷയത്തില്‍ മലയാളത്തില്‍ മാത്രം സംസാരിക്കുക എന്നതായിരുന്നു ടാസ്‍ക്. നിമിഷ, നവീന്‍ തുടങ്ങി അപൂര്‍വ്വം ചിലര്‍ മാത്രമാണ് ഈ ടാസ്‍ക് വിജയകരമായി പൂര്‍ത്തിയാക്കിയത്.

റോബിന്‍റെ 'ലവ് ട്രാക്ക്'

തങ്ങള്‍ക്കിടയില്‍ ഒരു പ്രണയം ഉണ്ടോയെന്ന് മറ്റുള്ളവര്‍ ഒരുപക്ഷേ തെറ്റിദ്ധരിച്ചേക്കാമെന്ന് ഡോ. റോബിന്‍ ദിവസങ്ങള്‍ക്കു മുന്‍പ് ദില്‍ഷയ്ക്ക് മുന്നറിയിപ്പ് കൊടുത്തിരുന്നു. ഇന്ന് ബ്ലെസ്‍ലിയും അക്കാര്യം ദില്‍ഷയെ ഓര്‍മ്മപ്പെടുത്തി. എന്നാല്‍ പ്രണയം എന്നത് താന്‍ ഏറെ ബഹുമാനിക്കുന്ന ഒരു വികാരമാണെന്നും വെറുതെ അത് തനിക്ക് ആരോടും തോന്നില്ലെന്നുമായിരുന്നു ദില്‍ഷയുടെ മറുപടി.

 

ബ്ലെസ്‍ലിയുടെ ക്രഷ്

ദില്‍ഷയോട് തനിക്ക് തോന്നിയ ക്രഷിനെക്കുറിച്ചും ബ്ലെസ്‍ലി ഇന്ന് വെളിപ്പെടുത്തി. തനിക്ക് മനസില്‍ തോന്നിയ കാര്യം ബ്ലെസ്‍ലി ദില്‍ഷയോടുതന്നെ പറയുകയായിരുന്നു. അച്ഛന്‍റെ മരണം വേട്ടയാടുന്ന തനിക്ക് ദില്‍ഷ സ്വന്തം കുടുംബത്തോട് പുലര്‍ത്തുന്ന അടുപ്പം ഏറെ ബഹുമാനം ഉണ്ടാക്കിയെന്നും അതാണ് ഒരു ക്രഷ് തോന്നിപ്പിക്കാന്‍ കാരണമായതെന്നും ബ്ലെസ്‍ലി പറഞ്ഞു.

നിയമങ്ങളോട് അനാസ്ഥ, ലക്ഷ്വറി ബജറ്റില്‍ വീണ്ടും പിടി വീണു!

വീക്കിലി ടാസ്‍കുകളിലും മൊത്തത്തിൽ കളി നിയമങ്ങൾ പാലിക്കുന്നതിലും ബിഗ് ബോസ് മലയാളം മുൻ സീസണുകളേക്കാൾ ഏറെ പിന്നിലാണ് നാലാം സീസണിലെ മത്സരാർഥികൾ. കഴിഞ്ഞ വാരത്തിലും ഇക്കാരണം ചൂണ്ടിക്കാട്ടി ബിഗ് ബോസ് ലക്ഷ്വറി ബജറ്റ് പോയിൻറുകൾ വെട്ടിക്കുറച്ചിരുന്നു. ഈ വാരത്തിലും പോയിൻറുകളിൽ വൻ കുറവ് വരുത്തിയിരിക്കുകയാണ് ബിഗ് ബോസ്. ഭാഗ്യപേടകം വീക്കിലി ടാസ്‍കിലൂടെ മത്സരാർഥികൾക്ക് ആകെ നേടാമായിരുന്നത് 3200 ലക്ഷ്വറി പോയിൻറുകളാണ്. പക്ഷേ അവർ ആകെ നേടിയത് വെറും 1700 പോയിൻറുകളും. 

 

മോശം പ്രകടനം, നോമിനേഷന്‍ മൂന്ന് പേര്‍ക്ക്

പതിവുപോലെ വീക്കിലി ടാസ്‍കിനു ശേഷം ഈ ടാസ്‍കിലെയും മൊത്തത്തിലുള്ള പ്രകടനവും പരിഗണിച്ച് മോശം പ്രകടനം നടത്തിയ മൂന്നുപേരെ ഓരോരുത്തരും നോമിനേറ്റ് ചെയ്യാന്‍ ബിഗ് ബോസ് ആവശ്യപ്പെട്ടു. ഇതനുസരിച്ച് ഏറ്റവുമധികം വോട്ട് കിട്ടിയത് ഡെയ്‍സിക്കാണ്, 11 വോട്ടുകള്‍. ജാസ്‍മിന് 10 വോട്ടുകളും ഡോ. റോബിന് 8 വോടടുകളും ലഭിച്ചു.

ജയിലിലേക്ക് രണ്ടുപേര്‍

പതിവുപോലെ രണ്ടു പേര്‍ക്കാണ് ഇക്കുറിയും ജയില്‍ ശിക്ഷ. ഏറ്റവുമധികം നോമിനേഷനുകള്‍ ലഭിച്ച ജാസ്‍മിന്‍, ഡെയ്‍സി, ഡോ. റോബിന്‍ എന്നിവര്‍ക്കിടയില്‍ പെട്ടെന്ന് ഒരു മത്സരം നടത്തി വിജയിക്കുന്ന ആളെ ജയില്‍ശിക്ഷയില്‍ നിന്ന് ഒഴിവാക്കാനായിരുന്നു ബിഗ് ബോസിന്‍റെ തീരുമാനം. ഇതുപ്രകാരം ജാസ്‍മിന്‍ ജയില്‍ ശിക്ഷയില്‍ നിന്ന് ഒഴിവായി. ഡെയ്‍സിയും ഡോ. റോബിനും ജയിലില്‍ പ്രവേശിക്കുകയും ചെയ്‍തു.

click me!