വീക്കിലി ടാസ്‍കിലെ വിജയിക്ക് അടുത്ത വാരം നോമിനേഷനില്‍ നിന്ന് ഒഴിവാകാം
ബിഗ് ബോസ് മലയാളം സീസണ്‍ 4 (Bigg Boss 4) ആവേശകരമായ രണ്ടാം വാരത്തിലൂടെ മുന്നോട്ട് പോകുമ്പോള്‍ ഇത്തവണത്തെ വീക്കിലി ടാസ്‍കിലെ വിജയികള്‍ ആരൊക്കെയെന്നറിയാനുള്ള ആകാംക്ഷയിലായിരുന്നു കാണികള്‍. ഭാഗ്യപേടകം എന്ന് പേരിട്ടിരിക്കുന്ന ടാസ്‍ക് മത്സരാര്‍ഥികളുടെ ക്ഷമയും സഹനശക്തിയും പോരാട്ട വീര്യവും ഒരുപോലെ പരീക്ഷിക്കുന്ന ഒന്നായിരുന്നു. ഒരു ബഹിരാകാശ പേടകത്തിന്‍റെ ഡിസൈന്‍ കടംകൊണ്ട ലളിതമായ ഒരു പ്ലാറ്റ്ഫോമിലേക്ക് മത്സരാര്‍ഥികളില്‍ അഞ്ചു പേര്‍ ഇരിക്കുകയാണ് വേണ്ടത്. മത്സരം ആരംഭിച്ച ഇന്നലെ ഇതില്‍ ആദ്യമായി ഇരിപ്പുറപ്പിക്കാനും മത്സരാര്‍ഥികള്‍ പരസ്പരം മത്സരിക്കേണ്ടിയിരുന്നു. ബ്ലെസ്‍ലി, അശ്വിന്‍, ധന്യ, നിമിഷ ദില്‍ഷ എന്നിവരാണ് പേടകത്തില്‍ ഏറ്റവുമാദ്യം ഇരിപ്പുറപ്പിച്ചവര്‍.
നിശ്ചിത സമയം കഴിയുമ്പോള്‍ ബിഗ് ബോസിന്‍റെ നിര്‍ദേശമനുസരിച്ച് ഇവരില്‍ ഒരാള്‍ പരസ്പരം തീരുമാനിച്ച് ഉറപ്പിക്കുന്നത് പ്രകാരം ഒരാള്‍ പുറത്തേക്ക് പോകണം. പുറത്തുള്ള മറ്റുള്ളവര്‍ തീരുമാനിച്ചുറപ്പിച്ചത് പ്രകാരം അകത്തുള്ളവര്‍ പേടകത്തിലേക്ക് അവരില്‍ നിന്നൊരാളെയും നിശ്ചയിക്കണമായിരുന്നു. ഇതുപ്രകാരം പേടകത്തിലുള്ളവര്‍ ധന്യയെയും അകത്തുള്ളവര്‍ ശാലിനിയെയുമാണ് നിശ്ചയിച്ചത്. ഇവര്‍ തമ്മില്‍ മത്സരിച്ച് ജയിക്കുന്നവര്‍ക്ക് പേടകത്തിലേക്ക് പോകാമെന്ന് ബിഗ് ബോസ് പറഞ്ഞു. ഇതുപ്രകാരം നടന്ന മത്സരത്തില്‍ ധന്യയാണ് വീണ്ടും വിജയിച്ചത്. അതോടെ വീണ്ടും പേടകത്തിലേക്ക് പോകാനുള്ള യോഗ്യത ധന്യ നേടി.
പേടകത്തില്‍ നിന്ന് ഇറങ്ങി ഡെയ്‍സി
രാവിലെ ബിഗ് ബോസ് വീട്ടില്‍ വേക്കപ്പ് സോംഗ് ഇടുന്ന സമയത്ത് ഡെയ്‍സി, ബ്ലെസ്‍ലി, ജാസ്‍മിന്‍, അപര്‍ണ്ണ, ഡോ. റോബിന്‍ എന്നിവരായിരുന്നു പേടകത്തില്‍. എന്നാല്‍ കണ്ണീര്‍ തുടയ്ക്കുന്ന ഡെയ്‍സിയെയാണ് പ്രേക്ഷകര്‍ കണ്ടത്. ബ്ലെസ്‍ലിയുമായി മുന്‍പുള്ള പാവ വിഷയത്തില്‍ കുറ്റം ഏറ്റുപറഞ്ഞ് ഇപ്പോഴത്തെ ടാസ്‍ക് ക്വിറ്റ് ചെയ്യുന്ന ഡെയ്‍സിയെയാണ് പിന്നീട് കണ്ടത്.
പേടകത്തിലേക്ക് സുചിത്ര
ഡെയ്‍സി പോയ ഒഴിവില്‍ പേടകത്തിലേക്ക് എത്തിയത് സുചിത്രയാണ്. ലക്ഷ്‍മി പ്രിയ, നവീന്‍ അറയ്ക്കല്‍, സൂരജ്, അഖില്‍ എന്നിവരായിരുന്നു ഗെയിമില്‍ ഇനിയും പങ്കെടുക്കാന്‍ അവശേഷിച്ചിരുന്നത്. ഡെയ്‍സിക്ക് പകരം ആരാണെന്ന ചോദ്യത്തിന് ക്യാപ്റ്റന്‍ സ്ഥാനത്തുള്ള നവീന്‍ സുചിത്രയുടെ പേര് അറിയിക്കുകയായിരുന്നു. എല്ലാവരും ചേര്‍ന്നെടുന്ന തീരുമാനമായിരുന്നു അത്.
ജാസ്‍മിനും പുറത്ത്
സുചിത്ര എത്തിയതിനു ശേഷം പേടകത്തില്‍ ഉണ്ടായിരുന്ന ബ്ലെസ്‍ലി, ജാസ്‍മിന്‍, അപര്‍ണ്ണ, ഡോ. റോബിന്‍ എന്നിവര്‍ക്കിടയില്‍ ബിഗ് ബോസ് ഒരു മത്സരം നടത്തി. നീട്ടി പിടിച്ച വടിയുടെ അറ്റത്ത് കട്ടകള്‍ വച്ച് താഴെ വീഴാതെയോ കൈകള്‍ മടങ്ങാതെയോ കൂടുതല്‍ നേരം നില്‍ക്കുന്നവരാവും വിജയിയെന്നും ആദ്യം പരാജയപ്പെടുന്നയാള്‍ പേടകത്തില്‍ നിന്നും പുറത്താവുമെന്നുമായിരുന്നു അറിയിപ്പ്. ഇതുപ്രകാരം ജാസ്‍മിന്‍ പുറത്തായി. ഈ ഗെയിമില്‍ ബ്ലെസ്‍ലിയാണ് വിജയി ആയത്.
അഖില്‍ പേടകത്തിലേക്ക്
അവശേഷിച്ച നാല് പേരില്‍ നിന്ന് ജാസ്‍മിന്‍ പോയ ഒഴിവിലേക്ക് ആര്‍ വേണമെന്നു തീരുമാനിക്കാനുള്ള അധികാരം ബിഗ് ബോസ് ആ മത്സരത്തിലെ വിജയിയായ ബ്ലെസ്‍ലിക്ക് നല്‍കുകയായിരുന്നു. ഇതുപ്രകാരം നവീന്‍, അഖില്‍, ലക്ഷ്‍മിപ്രിയ, സൂരജ് എന്നിവര്‍ എന്തുകൊണ്ട് തങ്ങളെ തിരഞ്ഞെടുക്കണമെന്ന് വാദിച്ചു. അതു പ്രകാരം ബ്ലെസ്‍ലി തിരഞ്ഞെടുത്തത് അഖിലിനെ ആയിരുന്നു.
24 മണിക്കൂറിലേറെ പേടകത്തിലിരുന്ന് ബ്ലെസ്‍ലി
ആവേശകരമായ ബീക്കിലി ടാസ്‍കില്‍ മറ്റ് മത്സരാര്‍ഥികളേക്കാള്‍ ബഹുദൂരം മുന്നിലെത്തിയത് മുഹമ്മദ് ഡിലിജെന്റ് ബ്ലെസ്‍ലി. 24 മണിക്കൂറും 30 മിനിറ്റുമാണ് ബ്ലെസ്‍ലി പേടകത്തില്‍ ചിലവഴിച്ചത്. രണ്ടാം സ്ഥാനം രണ്ടുപേരാണ് പങ്കുവച്ചത്. നിമിഷയും ദില്‍ഷയും. ഇരുവരും 14.53 മണിക്കൂര്‍ വീതം പേടകത്തില്‍ സമയം ചിലവഴിച്ചു.