ടാസ്‍കില്‍ ഒന്നാമതെത്തി ജയില്‍ശിക്ഷ ഒഴിവാക്കി ജാസ്‍മിന്‍
ഓരോ വീക്കിലി ടാസ്‍കിനു ശേഷവും ബിഗ് ബോസ് മത്സരാര്‍ഥികള്‍ക്കിടയിലും പ്രേക്ഷകര്‍ക്കിടയിലും ഉയരുന്ന ഒരു ചോദ്യമാണ് ഇത്തവണ ആരാണ് ജയിലിലേക്ക് എന്നത്. വീക്കിലി ടാസ്കിലെ മോശം പ്രകടനം മാത്രമല്ല ജയില്‍ നോമിനേഷന്‍റെ അടിസ്ഥാനം, മറിച്ച് ഈ വാരത്തിലെ മറ്റു ടാസ്കുകളിലും ഹൌസില്‍ മൊത്തത്തിലുള്ള പ്രകടനങ്ങളിലും പിന്നോക്കം നിന്നെന്നു തോന്നിയ മൂന്ന് മത്സരാര്‍ഥികളെയാണ് ഓരോരുത്തരും നോമിനേറ്റ് ചെയ്യേണ്ടത്. അതില്‍ നിന്ന് രണ്ടുപേര്‍ മാത്രമാണ് ജയിലിലേക്ക് പോവുക. നോമിനേഷന്‍ ലഭിച്ച മൂന്നുപേരില്‍ ഒരാള്‍ക്ക് ജയില്‍ശിക്ഷയില്‍ നിന്ന് രക്ഷപെടാനായി ഒരു ജയില്‍ ടാസ്കും ബിഗ് ബോസ് നടത്താറുണ്ട്. ഇതില്‍ ഏറ്റവുമധികം പോയിന്‍റുകള്‍ നേടുന്നയാള്‍ക്ക് ശിക്ഷയില്‍ നിന്ന് ഒഴിവാകാം.
റോബിന്‍, റിയാസ്, ജാസ്മിന്‍ എന്നിവര്‍ക്കാണ് ഇത്തവണത്തെ ജയില്‍ നോമിനേഷനില്‍ ഏറ്റവുമധികം വോട്ടുകള്‍ ലഭിച്ചത്. അതില്‍ ഏറ്റവുമധികം വോട്ടുകള്‍ റോബിനും പിന്നാലെ റിയാസിനും ജാസ്മിനും ലഭിച്ചു. ഇവര്‍ക്കായി ബിഗ് ബോസ് നല്‍കിയ ജയില്‍ ടാസ്കും രസകരമായിരുന്നു. ഗാര്‍ഡന്‍ ഏരിയയില്‍ തയ്യാറാക്കിയ കളിക്കളത്തിനു നടുക്ക് വച്ചിരിക്കുന്ന പലനിറത്തിലുള്ള പന്തുകള്‍ ബസറുകള്‍ക്കിടെ ശേഖരിച്ച് അവരവരുടെ പാത്രങ്ങളില്‍ നിക്ഷേപിക്കുക എന്നതായിരുന്നു ടാസ്ക്. പക്ഷേ ഒരു പ്ലാറ്റ്ഫോമില്‍ കൈകാലുകള്‍ ബന്ധിക്കപ്പെട്ട നിലയില്‍ കമിഴ്ന്നു കിടന്നാണ് മത്സരാര്‍ഥികള്‍ ഇതില്‍ പങ്കെടുക്കേണ്ടിയിരുന്നത്. പിന്തുണയ്ക്കുന്ന മറ്റു രണ്ട് മത്സരാര്‍ഥികളാണ് ആ പ്ലാറ്റ്ഫോം ആവശ്യാനുസരണം നീക്കി പന്തുകള്‍ ശേഖരിക്കാന്‍ ഇവരെ സഹായിക്കേണ്ടിയിരുന്നത്. ടാസ്കുകളിലെ മികവ് ജാസ്മിന്‍ ഇക്കുറിയും ആവര്‍ത്തിച്ചതോടെ അവര്‍ ഒന്നാമതെത്തി.
മത്സരാര്‍ഥികള്‍ അസഭ്യം പറയുന്നു! ലക്ഷ്വറി ബജറ്റ് വെട്ടിക്കുറച്ച് ബിഗ് ബോസ്
രണ്ട് ബസറുകള്‍ക്കിടെ 170 പന്തുകളാണ് ജാസ്മിന്‍ ശേഖരിച്ചത്. നിമിഷയും ദില്‍ഷയുമാണ് ജാസ്മിനെ പിന്തുണച്ചത്. രണ്ടാം സ്ഥാനത്തെത്തിയ റിയാസ് 99 പന്തുകള്‍ ശേഖരിച്ചപ്പോള്‍ റോബിന് മൂന്നാംസ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. 23 പന്തുകള്‍ മാത്രമേ റോബിന് ശേഖരിക്കാനായുള്ളൂ. അഖിലും ബ്ലെസ്‍ലിയുമാണ് റോബിനെ പിന്തുണക്കാന്‍ എത്തിയത്. ഒന്നാം സ്ഥാനം ലഭിച്ച ജാസ്മിന്‍ ഒഴിവായതോടെ റോബിനും റിയാസും ജയിലിലേക്ക് പോകുമെന്ന് ഉറപ്പായി. ബിഗ് ബോസ് ഹൌസില്‍ നിലവിലെ മുഖ്യശത്രുക്കള്‍ ഒരുമിച്ച് ജയിലിലേക്ക് എത്തുന്നതിന്‍റെ കൌതുകത്തിലാണ് പ്രേക്ഷകര്‍, ഒപ്പം മറ്റു മത്സരാര്‍ഥികളും.