Bigg Boss 4 : റിയാസിനെ കൈയേറ്റം ചെയ്‍ത് റോബിന്‍; ബിഗ് ബോസില്‍ നിയമലംഘനം

By Web Team  |  First Published May 31, 2022, 10:17 PM IST

സഹമത്സരാര്‍ഥിക്കു നേരെയുള്ള ശാരീരിക ആക്രമണം ബിഗ് ബോസില്‍ ഒട്ടും പ്രോത്സാഹിപ്പിക്കപ്പെടുന്ന ഒന്നല്ല


ബിഗ് ബോസ് മലയാളം സീസണ്‍ 4ലെ (Bigg Boss 4) പുതിയ വീക്കിലി ടാസ്‍കില്‍ മത്സരാര്‍ഥികള്‍ക്കിടയില്‍ ഉന്തും തള്ളും. വീക്കിലി ടാസ്കിനിടയിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് ഡോ. റോബിന്‍ ആണ് റിയാസ് സലിമിനെ കൈയേറ്റം ചെയ്‍തത്. പല മത്സരാര്‍ഥികളും ഇരുവര്‍ക്കുമിടയിലെ സംഘര്‍ഷം തണുപ്പിക്കാന്‍ ശ്രമിച്ചെങ്കിലും അത് ഏറെനേരം നീണ്ടുപോയി.

പത്താം വാരത്തിലെ വീക്കിലി ടാസ്ക് ആയ ബിഗ് ബോസ് സാമ്രാജ്യത്തിനിടെയാണ് അസ്വാഭാവിക കാര്യങ്ങള്‍ നടന്നത്. പേര് സൂചിപ്പിക്കുന്നതുപോലെ ബിഗ് ബോസ് വീട് ഒരു പഴയ സാമ്രാജ്യമായി മാറുകയായിരുന്നു ഈ ടാസ്കിലൂടെ. രാജാവായി റിയാസിനെയും രാജ്ഞിമാരായി ദില്‍ഷ, ധന്യ എന്നിവരെയും ബിഗ് ബോസ് തീരുമാനിച്ചിരുന്നു. ബിഗ് ബോസിന്‍റെ നിര്‍ദേശമനുസരിച്ച് മറ്റു സ്ഥാനങ്ങളിലേക്ക് സഹമത്സരാര്‍ഥികളെ നിര്‍ദേശിച്ചത് റിയാസ് ആണ്. ഇതുപ്രകാരം ജാസ്‍മിന്‍ മന്ത്രിയും റോണ്‍സണ്‍ ഭടനും സൂരജ് കൊട്ടാരം വിദൂഷകനും ആയി. ലക്ഷ്മിപ്രിയ, വിനയ് എന്നിവര്‍ക്കാണ് രാജാവിനായി ഭക്ഷണം പാകം ചെയ്യാനുള്ള ഉത്തരവാദിത്തം. വേഷവിധാനങ്ങള്‍ക്കൊപ്പം രാജാവിന് ബിഗ് ബോസ് ഒരു മാന്ത്രിക ലോക്കറ്റ് നല്‍കിയിരുന്നു.  അടുത്ത നോമിനേഷന്‍ സമയത്ത് ഈ മാന്ത്രിക ലോക്കറ്റ് ആരുടെ പക്കലാണോ ഉള്ളത് അയാള്‍ നോമിനേഷനില്‍ നിന്ന് മുക്തി നേടുമെന്ന് ബിഗ് ബോസ് അറിയിച്ചിരുന്നു. ഇത് എല്ലാവരും കാണുന്ന തരത്തില്‍ ഒരു ലോക്കറ്റ് പോലെ ധരിക്കണമെന്നും റിയാസിനെ അറിയിച്ചിരുന്നു. എന്നാല്‍ ഗെയിമിനിടെ ഈ ലോക്കറ്റ് കൈക്കലാക്കി റോബിന്‍ കടന്നുകളയുകയായിരുന്നു.

Latest Videos

ALSO READ : രാജാവായി റിയാസ്; ബിഗ് ബോസില്‍ പുതിയ വീക്കിലി ടാസ്‍ക്

ലോക്കറ്റ് കൈക്കലാക്കി നേരെ കുളിമുറിയില്‍ കയറി കതകടയ്ക്കുകയായിരുന്നു റോബിന്‍. മത്സരാര്‍ഥികളില്‍ പലരും പലയാവര്‍ത്തി അഭ്യര്‍ഥിച്ചിട്ടും റോബിന്‍ പുറത്തേക്കിറങ്ങാന്‍ കൂട്ടാക്കിയില്ല. അതിനിടെ ജാസ്മിന്‍റെ നിര്‍ദേശപ്രകാരം റോണ്‍സണ്‍ അവിടെയുണ്ടായിരുന്ന ഒരു സ്പ്രേ കുളിമുറിയുടെ വാതിലിന് താഴെക്കൂടി അടിക്കുന്നുണ്ടായിരുന്നു. റോബിനെ പുറത്തുചാടിക്കാനായിരുന്നു ഇത്. എങ്കിലും ഏറക്കഴിഞ്ഞാണ് റോബിന്‍ പുറത്തേക്ക് എത്തിയത്. തന്‍റെ ലോക്കറ്റ് തരാന്‍ ആവശ്യപ്പെട്ട് റിയാസ് റോബിന്‍റെ കൈയില്‍ പിടിച്ചു. ഉടന്‍ റോബിന്‍ റിയാസിന്‍റെ മുഖത്ത് അടിക്കുകയായിരുന്നു. തുടര്‍ന്ന് റിയാസ് ബിഗ് ബോസിനോട് പരാതി ഉയര്‍ത്തി. ശാരീരിക അതിക്രമമാണ് റോബിന്‍ നടത്തിയതെന്നും ഇത് ബിഗ് ബോസ് നിയമങ്ങള്‍ക്ക് വിരുദ്ധമാണെന്നും റിയാസ് പറഞ്ഞു. റോബിന്‍ ഷോയില്‍ നിന്ന് പുറത്തായെന്നും റിയാസ് പറയുന്നുണ്ടായിരുന്നു. റോബിനെ വിമര്‍ശിച്ച് ജാസ്‍മിന്‍ കൂടി രംഗത്തെത്തിയതോടെ ബിഗ് ബോസ് ഹൌസ് ഏറെനേരം സംഘര്‍ഷഭരിതമായി. മൂവരെയും നിശബ്ദരാക്കാന്‍ മറ്റു മത്സരാര്‍ഥികള്‍ ഏറെ പാടുപെട്ടു. 

 

അതേസമയം സഹമത്സരാര്‍ഥിക്കു നേരെയുള്ള ശാരീരിക ആക്രമണം ബിഗ് ബോസില്‍ ഒട്ടും പ്രോത്സാഹിപ്പിക്കപ്പെടുന്ന ഒന്നല്ല. അതിനാല്‍ത്തന്നെ എത്ര വലിയ തര്‍ക്കങ്ങളിലും ആശയ സംഘര്‍ഷങ്ങളിലും ഏര്‍പ്പെട്ടാലും മത്സരാര്‍ഥികള്‍ ആരും തന്നെ മറ്റൊരാളുടെ ശരീരത്തില്‍ കൈവെക്കാതിരിക്കാന്‍ ശ്രദ്ധിക്കാറുണ്ട്. രണ്ടാം സീസണിലെ ശ്രദ്ധേയ മത്സരാര്‍ഥിയായ ഡോ. രജിത് കുമാര്‍ പുറത്താക്കപ്പെടാന്‍ കാരണമായത് ഒരു വീക്കിലി ടാസ്‍കിനിടയിലെ പെരുമാറ്റമായിരുന്നു. സഹ മത്സരാര്‍ഥിയായ രേഷ്‍മയുടെ കണ്ണില്‍ മുളക് തേച്ചതിനാണ് രജിത്തിനെ ബിഗ് ബോസ് അന്ന് പുറത്താക്കിയത്. അതേസമയം റോബിന്‍ പുറത്താവുന്നപക്ഷം അത് ഈ സീസണിന്‍റെ മുന്നോട്ടുപോക്കില്‍ ഏറെ നിര്‍ണ്ണായകമാവുമെന്ന് ഉറപ്പാണ്. ബിഗ് ബോസ് ഹൌസില്‍ നിലവിലുള്ള സൌഹൃദങ്ങളിലും ശത്രുതകളിലുമൊക്കെ അത് കാര്യമായ വ്യത്യാസങ്ങള്‍ സൃഷ്ടിച്ചേക്കും.

click me!