Bigg Boss 4 : താന്‍ ടാര്‍ഗറ്റ് ചെയ്യപ്പെടുന്നുവെന്ന് ഡോ. റോബിന്‍; ബിഗ് ബോസിനോട് അഭ്യര്‍ഥനയുമായി അഖില്‍

By Web Team  |  First Published Apr 7, 2022, 12:27 AM IST

റോബിന്‍ ജനത്തെ തെറ്റിദ്ധരിപ്പിക്കുമെന്ന് അഖില്‍


ബിഗ് ബോസ് മലയാളം സീസണ്‍ 4ല്‍ ഏറെ തയ്യാറെടുത്ത് വന്നിരിക്കുന്ന മത്സരാര്‍ഥിയാണ് ഡോ. റോബിന്‍. ഹൗസില്‍ സഹ മത്സരാര്‍ഥികളുമായി കാര്യമായ സൗഹൃദങ്ങളൊന്നും ഇതുവരെ ഉണ്ടാക്കിയിട്ടില്ലാത്ത റോബിന്‍ പലപ്പോഴും മത്സരത്തിന്‍റെ പിരിമുറുക്കത്തിലാണെന്ന തോന്നലാണ് ഉളവാക്കുന്നത്. എല്ലാ ഗെയിമുകളിലും വാശിയോടെ പങ്കെടുക്കുന്ന മത്സരാര്‍ഥി കൂടിയാണ് അദ്ദേഹം. ബിഗ് ബോസിലേക്ക് വരുന്നതിനു മുന്‍പ് എട്ട് മാസം മറ്റെല്ലാ കാര്യങ്ങളും മാറ്റിവച്ച് തയ്യാറെടുത്തിട്ടാണ് അദ്ദേഹം വന്നതെന്ന് മത്സരാര്‍ഥികളില്‍ ചിലര്‍ തന്നെ പറയുന്നുണ്ടായിരുന്നു. പലപ്പോഴും മറ്റുള്ളവരുമായി തര്‍ക്കങ്ങളില്‍ ഏര്‍പ്പെട്ടിട്ടുള്ള റോബിന്‍ ഏറ്റവുമധികം അഭിപ്രായവ്യത്യാസം പ്രകടിപ്പിച്ചിട്ടുള്ളത് ധന്യയോടാണ്. ഇന്നത്തെ എപ്പിസോഡില്‍ മറ്റ് മത്സരാര്‍ഥികളെക്കുറിച്ച് ഒരു ആരോപണം അദ്ദേഹം ഉയര്‍ത്തി. താന്‍ ഹൗസില്‍ ടാര്‍ഗറ്റ് ചെയ്യപ്പെടുന്നു എന്നതായിരുന്നു അത്.

തനിക്ക് എല്ലാവരോടുമായി ഒരു കാര്യം പറയാനുണ്ടെന്നും അതിനായി എല്ലാവരെയും ഹാളിലേക്ക് വിളിപ്പിക്കണമെന്നും ക്യാപ്റ്റന്‍ നവീനോട് റോബിന്‍ പറയുകയായിരുന്നു. ഇതനുസരിച്ച് ക്യാപ്റ്റന്‍ വിളിച്ചുകൂട്ടിയ മറ്റു മത്സരാര്‍ഥികളുടെ മുന്നിലാണ് റോബിന്‍ തന്‍റെ ആരോപണം ഉയര്‍ത്തിയത്. 16 പേരില്‍ ചിലരൊക്കെ തന്നെ ബോധപൂര്‍വ്വം ടാര്‍ഗറ്റ് ചെയ്യുന്നു എന്നായിരുന്നു റോബിന്‍റെ ആരോപണം. ഇതിന് ഉദാഹരണമായി അദ്ദേഹം ചൂണ്ടിക്കാട്ടിയത് ഈ എപ്പിസോഡില്‍ തന്നെ നടന്ന ഗോളടി ഗെയിമില്‍ ഗോളിയായി തന്നെ ആദ്യം സെലക്റ്റ് ചെയ്‍തതിനു ശേഷം ചിലരുടെ കൂടിയാലോചന പ്രകാരം ആ സ്ഥാനത്തുനിന്ന് നീക്കി എന്നതാണ്. ധന്യയും റോണ്‍സണും നവീനും ചേര്‍ന്നാണ് ഇത് ചെയ്‍തതെന്നും റോബിന്‍ ആരോപിച്ചു. ഇതിനെ നിഷേധിച്ചുകൊണ്ടാണ് എല്ലാവരും സംസാരിച്ചത്. ക്യാമറയുടെ ശ്രദ്ധ എല്ലായ്പ്പോഴും തന്നിലേക്ക് തിരിക്കാനുള്ള റോബിന്‍റെ ശ്രമമാണ് ഇതും എന്നായിരുന്നു ധന്യയുടെ മറുപടി. 

Latest Videos

എന്നാല്‍ ഗോളിയുടെ പൊസിഷനില്‍ നിന്ന് ആദ്യം തീരുമാനിച്ചിരുന്ന റോബിനെ നീക്കാനുള്ള കാരണം നിമിഷയാണ് വിശദീകരിച്ചത്. എതിര്‍വശത്തെ ഗോളിയുടെ പ്രകടനത്തില്‍ നിന്നാണ് നീളമുള്ള ഒരാള്‍ ഗോള്‍ പോസ്റ്റിനു മുന്നില്‍ നിന്നാല്‍ ശരിയാവില്ലെന്ന തീരുമാനത്തില്‍ എത്തിയത്. അതുപ്രകാരം റോബിനെ മാറ്റുകയായിരുന്നുവെന്ന് നിമിഷ പറഞ്ഞു. എന്നാല്‍ എല്ലാവരുടെയും ശ്രദ്ധ പതിയേണ്ട ഒരു കാര്യം എന്ന മുഖവുരയോടെ അഖില്‍ തന്റെ നിരീക്ഷണം അവതരിപ്പിച്ചു.

റോബിന്‍റെ അഭിപ്രായ പ്രകടനത്തോട് പ്രതികരിച്ചവരെല്ലാം യഥാര്‍ഥത്തില്‍ വിഡ്ഢികളാവുകയാണെന്നായിരുന്നു അഖിലിന്‍റെ പ്രതികരണം. എല്ലാവരും തന്നെ ടാര്‍ഗറ്റ് ചെയ്യുന്നുവെന്ന് പറയുന്നതിലൂടെ മറ്റെല്ലാവരും ജനങ്ങളുടെ കണ്ണില്‍ മോശക്കാരാവുമെന്നും ബിഗ് ബോസിന്‍റെ മുന്‍ സീസണുകളില്‍ തന്‍റെ ചില സുഹൃത്തുക്കള്‍ക്ക് സമാന അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും അഖില്‍ പറഞ്ഞു. ഞാന്‍ തമാശ പറഞ്ഞ് ജീവിക്കുന്ന ഒരാളാണ്. ഇനി നാളെ എന്റെ തമാശ കേട്ടിട്ട് ചിരിക്കില്ലെന്ന് ഒരാള്‍ തീരുമാനിച്ചാല്‍ എനിക്ക് വേറെ ജോലി അന്വേഷിക്കേണ്ടിവരും, അഖില്‍ പറഞ്ഞുനിര്‍ത്തി. താന്‍ പറഞ്ഞ കാര്യം സംപ്രേഷണം ചെയ്യണമെന്ന് ബിഗ് ബോസിനോട് അഖില്‍ അഭ്യര്‍ഥനയും നടത്തി.

click me!