Bigg Boss 4 : ബിഗ് ബോസ് കോടതിയില്‍ പൊട്ടിത്തെറി; ഏറ്റുമുട്ടി റോബിനും റിയാസും

By Web Team  |  First Published May 11, 2022, 12:19 AM IST

വന്‍ തര്‍ക്കത്തിന് വഴിതെളിച്ച് കോടതി ടാസ്‍ക്


ബിഗ് ബോസ് മലയാളം സീസണ്‍ 4ല്‍ (Bigg Boss 4) സംഘര്‍ഷഭരിതമായ എപ്പിസോഡ്. ഏഴാം വാരത്തിലെ വീക്കിലി ടാസ്‍ക് ആരംഭിച്ച ദിവസമായിരുന്നു ഇന്ന്. എല്ലാത്തവണയുമുള്ള, പൊതുവെ സംഘര്‍ഷങ്ങള്‍ക്ക് വഴിമരുന്ന് ഇടാറുള്ള കോടതിമുറി ടാസ്ക് ആണ് ഇത്തവണത്തെ വീക്കിലി ടാസ്‍ക് ആയി ബിഗ് ബോസ് അവതരിപ്പിച്ചത്. ഒരു മത്സരാര്‍ഥിക്ക് മറ്റൊരു മത്സരാര്‍ഥിയെക്കുറിച്ചുള്ള പരാതികള്‍ ഉന്നയിക്കാവുന്ന, അവയ്ക്ക് പരിഹാരം തേടാവുന്ന ബിഗ് ബോസിലെ ഒരു സാങ്കല്‍പിക കോടതിയാണ് ഈ ടാസ്കിന്‍റെ ഭാഗമായി ആക്റ്റിവിറ്റി ഏരിയയില്‍ സൃഷ്ടിക്കപ്പെടുക. വൈല്‍ഡ് കാര്‍ഡ് എന്‍ട്രികളായി ഈ വാരാന്ത്യത്തില്‍ എത്തിയ റിയാസ് സലിം, വിനയ് മാധവ് എന്നിവരെയാണ് ഈ ടാസ്കിലെ ന്യായാധിപന്മാരായി ബിഗ് ബോസ് നിശ്ചയിച്ചത്. 

ലക്ഷ്മിപ്രിയക്കെതിരെ റോണ്‍സണ്‍ നല്‍കിയ കേസ് ആണ് കോടതി ആദ്യം പരിഗണിച്ചത്. താന്‍ കിച്ചണ്‍ ക്യാപ്റ്റന്‍ ആയിരുന്ന സമയത്ത് ലഭിച്ച ചായയില്‍ ഒരു ചത്ത ഈച്ചയെ കണ്ടുവെന്ന് ലക്ഷ്മിപ്രിയ പറഞ്ഞുവെന്നും ആ ആരോപണത്തിന് തനിക്ക് തെളിവ് വേണമെന്നുമായിരുന്നു റോണ്‍സന്‍റെ ആവശ്യം. സ്വയം വാദിക്കുന്നതിനു പകരം നിമിഷയെ തന്‍റെ അഭിഭാഷകയായി വെക്കുകയായിരുന്നു റോണ്‍സണ്‍. ഈച്ചയെ മറ്റാരും കണ്ടിട്ടില്ലെന്നും ചായ കൊടുക്കുക എന്നതല്ലാതെ എല്ലാവരുടെയും ഭക്ഷണസാധനങ്ങള്‍ അടച്ചുവെക്കുന്നത് കിച്ചണ്‍ ടീമിന്‍റെ ഡ്യൂട്ടിയല്ലെന്നും നിമിഷ വാദിച്ചു. ഈച്ചയെ കണ്ടതിന് സാക്ഷിയായി ലക്ഷ്മിപ്രിയ റോബിനെയാണ് ഹാജരാക്കിയത്. എന്നാല്‍ ഗ്ലാസിന്‍റെ അടിയില്‍ താന്‍ ഈച്ചയെ കണ്ടുവെന്നാണ് റോബിന്‍ പറഞ്ഞത്. ചായയുള്ള ഗ്ലാസിന്‍റെ അടിയില്‍ കിടക്കുന്ന ഈച്ചയെ എങ്ങനെ കാണുമെന്ന് നിമിഷ ചോദിച്ചത് കോടതി ഒരു പോയിന്‍റ് ആയി സ്വീകരിക്കുകയും കേസ് റോണ്‍സന് അനുകൂലമായി വിധിക്കുകയും ചെയ്‍തു. കള്ളസാക്ഷി പറഞ്ഞതിന് റോബിനും ഒരു ശിക്ഷ നല്‍കണമെന്ന് നിമിഷ ആവശ്യപ്പെട്ടതുപ്രകാരം കോടതി റോബിന് ശിക്ഷ വിധിച്ചു. കോടതിമുറിയില്‍ രണ്ട് റൌണ്ട് തവളച്ചാട്ടം ചാടണമെന്നായിരുന്നു ശിക്ഷ. 

Latest Videos

എന്നാല്‍ ഇത് ചെയ്തുകൊണ്ടിരിക്കെ റോബിന്‍ നടുവിരല്‍ ഉയര്‍ത്തിക്കാട്ടിയത് കോടതിയെ അപമാനിക്കലായാണ് ന്യായാധിപന്മാര്‍ എടുത്തത്. ഇത് റോബിനും ന്യായാധിപന്മാര്‍ക്കുമിടയില്‍ വാക്കേറ്റത്തിനും പിന്നാലെ റോബിന്‍റെ ഇറങ്ങിപ്പോക്കിനും വഴിവെച്ചു. ഗെയിമിന് ഇടവേള സമയത്തും റോബിനും ന്യായാധിപന്മാരായി എത്തിയ വിനയ്ക്കും റിയാസിനുമിടയില്‍ വലിയ തര്‍ക്കം രൂപപ്പെട്ടു. അതില്‍ പ്രധാനമായും ഏറ്റുമുട്ടിയത് റോബിനും റിയാസുമായിരുന്നു. റോബിന്‍റെ സംഭാഷണങ്ങളില്‍ ബിഗ് ബോസിന് നിരവധി തവണ ബീപ് ശബ്ദം കേള്‍പ്പിക്കേണ്ടിവന്നു. ടാസ്കില്‍ നിന്നു മാറി വ്യക്തിപരമായ കാര്യങ്ങള്‍ അത്തരം സംഭാഷണങ്ങളിലേക്ക് വന്നതോടെ ബിഗ് ബോസ് വളരെനേരം സംഘര്‍ഷഭൂമിയായി മാറി. 

click me!