Bigg Boss 4 Episode 55 Highlights : ഗംഭീര ക്യാപ്റ്റന്‍സി ടാസ്‍ക്, പൊരിഞ്ഞ തര്‍ക്കം, ഒടുവില്‍ പ്രഖ്യാപനം

By Web Team  |  First Published May 20, 2022, 9:42 PM IST

റോബിനും ബ്ലെസ്‍ലിക്കും റിയാസിനുമാണ് ക്യാപ്റ്റന്‍സി നോമിനേഷന്‍ ലഭിച്ചത്


സംഭവബഹുലങ്ങളായ എട്ട് വാരങ്ങള്‍ പിന്നിടാനൊരുങ്ങുകയാണ് മലയാളം ബി​ഗ് ബോസിന്‍റെ നാലാം സീസണ്‍ (Bigg Boss 4). ഇരുപത് മത്സരാര്‍ഥികളെ ഇതുവരെ കണ്ട സീസണില്‍ അവശേഷിക്കുന്നത് 13 പേരാണ്. ഉദ്ഘാടന എപ്പിസോഡില്‍ 17 മത്സരാര്‍ഥികളെ പരിചയപ്പെടുത്തിയ സീസണില്‍ പിന്നീട് 3 വൈല്‍ഡ് കാര്‍ഡ് എന്‍ട്രികള്‍ കൂടി എത്തി. ഇതില്‍ ആദ്യമെത്തിയ മണികണ്ഠന്‍ ആരോ​ഗ്യപ്രശ്നങ്ങളെത്തുടര്‍ന്ന് പുറത്തുപോയി. ഒരുമിച്ചെത്തിയ റിയാസ് സലിമും വിനയ് മാധവും ശ്രദ്ധേയ സാന്നിധ്യങ്ങളായി, കഴിഞ്ഞ വാരം ​ഹൗസിലെ ചാലകശക്തികള്‍ പോലുമായി ബി​ഗ് ബോസില്‍ തുടരുന്നുണ്ട്.

അതേസമയം ഈ വാരം ആര് പുറത്തുപോകുമെന്ന് അറിയാനുള്ള ആകാംക്ഷയിലാണ് പ്രേക്ഷകര്‍. അപര്‍ണ, ധന്യ, ലക്ഷ്‍മിപ്രിയ, വിനയ് മാധവ്, ഡോ. റോബിൻ, ദില്‍ഷ, ബ്ലസ്‍ലി എന്നിങ്ങനെ ഏഴ് പേരാണ് ഇത്തവണ നോമിനേഷന്‍ ലിസ്റ്റില്‍ ഇടംപിടിച്ചിരിക്കുന്നത്. റോണ്‍സന് ആദ്യം നോമിനേഷന്‍ ലഭിച്ചിരുന്നെങ്കിലും നോമിനേഷന്‍ ഫ്രീ കാര്‍ഡ് ഉപയോ​ഗിച്ച് ജാസ്മിന്‍ ലിസ്റ്റില്‍ നിന്നും സേവ് ചെയ്തിരുന്നു. ശക്തയായ മത്സരാര്‍ഥി നിമിഷയാണ് കഴിഞ്ഞ വാരം എവിക്റ്റ് ആയത് എന്നത് ഹൗസിലുള്ള മത്സരാര്‍ഥികളില്‍ ആശയക്കുഴപ്പം സൃഷ്ടിച്ചിട്ടുണ്ട്. പുറത്തെ ട്രെന്‍ഡ് എങ്ങനെയാണെന്ന കാര്യത്തില്‍ തങ്ങളുടെ സംശയം പല മത്സരാര്‍ഥികളും പങ്കുവെക്കുന്നുണ്ട്.

Latest Videos

റോണ്‍സന്‍റെ മോഷണം!

അടുക്കള ഡ്യൂട്ടിയിലുള്ള റോണ്‍സന് ഭക്ഷണം പാകം ചെയ്യുന്നതിനായി സവാള അരിഞ്ഞത് വേണം. അത് ലഭിക്കാന്‍ ഒരു എളുപ്പവഴി കണ്ടെത്തി അദ്ദേഹം. ജയിലില്‍ കഴിയുന്ന ധന്യയ്ക്കും സുചിത്രയ്ക്കും സവാള അരിയുന്ന ടാസ്ക് ആണ് ബി​ഗ് ബോസ് നല്‍കിയത്. അരിഞ്ഞതത്രയും അവര്‍ ജയിലിന് പുറത്ത് ഒരു പാത്രത്തില്‍ വച്ചിട്ടുണ്ടായിരുന്നു. മറ്റുള്ളവര്‍ ഉണരുന്നതിനു മുന്‍പുതന്നെ റോണ്‍സന്‍ ആ പാത്രത്തില്‍ നിന്ന് പാചകത്തിന് ആവശ്യമുള്ള സവാള കൈക്കലാക്കി. 

ധന്യയും സുചിത്രയും ജയിലിന് പുറത്ത്

ഹൗസില്‍ ഏറ്റവും സേഫ് ​ഗെയിം കളിക്കുന്നുവെന്ന് പലപ്പോഴും ആരോപണം കേട്ടവരാണ് ധന്യയും സുചിത്രയും. ഇരുവരും നോമിനേഷന്‍ ലിസ്റ്റിലും ജയിലിലുമൊന്നും മുന്‍പ് ഇടംപിടിച്ചിരുന്നില്ല. എന്നാല്‍ ഈ വാരം ഈ രണ്ടുപേരുമാണ് ജയില്‍ശിക്ഷ അനുഭവിച്ചത്. രാവിലെ തന്നെ ഇരുവരുടെയും ജയില്‍ശിക്ഷയുടെ കാലാവധി അവസാനിച്ചതായി ബി​ഗ് ബോസിന്‍റെ അറിയിപ്പ് വന്നു. 

ആരാവും ക്യാപ്റ്റന്‍?

അടുത്ത വാരത്തിലെ ക്യാപ്റ്റനെ കണ്ടെത്താനുള്ള നോമിനേഷനുകളും ബി​ഗ് ബോസ് മത്സരാര്‍ഥികളില്‍ നിന്ന് ഇന്ന് തേടി. കഴിഞ്ഞ വീക്കിലി ടാസ്കില്‍ ഏറ്റവും മികച്ച പ്രകടനം നടത്തിയ മൂന്നുപേരെ തെരഞ്ഞെടുക്കാനായിരുന്നു നിര്‍ദേശം. ഇതനുസരിച്ച് നടന്ന വോട്ടെടുപ്പില്‍ ഡോ. റോബിന്‍, ബ്ലെസ്‍ലി, റിയാസ് എന്നിവര്‍ക്കാണ് ഏറ്റവുമധികം വോട്ടുകള്‍ ലഭിച്ചത്.

ക്യാപ്റ്റന്‍സി സ്ഥാനത്തേക്ക് ഉണ്ടോ? അഖിലിനോട് ബി​ഗ് ബോസ്

ബി​ഗ് ബോസിലെ സ്ഥാനം സ്വയം നിര്‍ണ്ണയിച്ച് സ്ഥാപിച്ചെടുക്കാനുള്ള ഒരു ടാസ്ക് മത്സരാര്‍ഥികള്‍ക്ക് നേരത്തെ ലഭിച്ചിരുന്നു. അഖിലാണ് ഈ ടാസ്കില്‍ ഒന്നാമതെത്തിയത്. ഈ ടാസ്ക് വിജയിച്ചയാള്‍ക്ക് ക്യാപ്റ്റന്‍സി ടാസ്കിലേക്ക് എപ്പോഴെങ്കിലും മൂന്നുപേര്‍ തെരഞ്ഞെടുക്കപ്പെടുമ്പോള്‍ അതില്‍ ഒരാളെ മാറ്റി പകരം സ്വയം ഇടംപിടിക്കാനുള്ള അവസരം ബി​ഗ് ബോസ് നല്‍കിയിരുന്നു. ആ അവസരം ഇന്ന് ഉപയോ​ഗിക്കുന്നുണ്ടോ എന്ന് ബി​ഗ് ബോസ് അഖിലിനോട് ചോദിച്ചു. ഏറെ ആലോചിച്ചതിനു ശേഷം ഇല്ല എന്നായിരുന്നു അഖിലിന്‍റെ മറുപടി.

ക്യാപ്റ്റനെ പ്രഖ്യാപിച്ചു

ബി​ഗ് ബോസ് മലയാളം സീസണ്‍ 4ല്‍ 9-ാം വാരത്തിലെ ക്യാപ്റ്റനെ പ്രഖ്യാപിച്ചു. ബ്ലെസ്‍ലിയാണ് ടാസ്കില്‍ വിജയിച്ച് ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് എത്തിയത്. സുചിത്രയായിരുന്നു വിധികര്‍ത്താവ്. ഡോ. റോബിനും റിയാസുമാണ് ബ്ലെസ്‍ലിക്കൊപ്പം ക്യാപ്റ്റന്‍സി ടാസ്‍കില്‍ പങ്കെടുത്തത്. ഈ മൂന്ന് മത്സരാര്‍ഥികളെയും മറ്റു മൂന്നുപേര്‍ വീതം പിന്തുണയ്ക്കുകയും ചെയ്‍തിരുന്നു. 

click me!