Bigg Boss Malayalam Season 4 : ബിഗ് ബോസ് വീടിന്റെ ഊര്‍ജമായി മാറുമോ ഡോക്ടര്‍ മച്ചാന്‍?

By Web Team  |  First Published Mar 27, 2022, 7:57 PM IST

ഡോ. മച്ചാൻ ഇതാ ബിഗ് ബോസ് വീട്ടിലേക്ക് എത്തിയിരിക്കുന്നു (Bigg Boss Malayalam Season 4).


മോട്ടിവേഷനല്‍ സ്‍പീക്കറെന്ന നിലയില്‍ ആയിരക്കണക്കിന് ആരാധകരുള്ള ഡോ. റോബിന്‍ രാധാകൃഷ്‍ണന്‍ സോഷ്യല്‍ മീഡിയയിലും പുറത്തും ഒരുപോലെ താരമാണ്. ഡോ. മച്ചാന്‍ എന്ന പേരില്‍ പ്രശസ്‍തനായ അദ്ദേഹം ഇന്‍സ്റ്റഗ്രാമിലൂടെ പോസ്റ്റ് ചെയ്യുന്ന വീഡിയോകള്‍ ആയിരങ്ങള്‍ക്ക് പ്രതീക്ഷയുടെ കിരണങ്ങളേകുന്നു. ആയിരക്കണക്കിന് പേരാണ് ദിവസവും മുന്നോട്ട് പോകാനുള്ള ഊര്‍ജം  തേടി അദ്ദേഹത്തെ സാമൂഹിക മാധ്യമങ്ങളിലൂടെ സമീപിക്കുന്നത്. അരലക്ഷത്തിലധികം ഫോളോവര്‍മാരുണ്ട് അദ്ദേഹത്തിന് ഇന്‍സ്റ്റഗ്രാമില്‍ (Bigg Boss Malayalam Season 4).

തിരുവനന്തപുരം ജി.ജി ആശുപത്രിയില്‍ എമര്‍ജന്‍സി മെഡിസിന്‍ വിഭാഗത്തില്‍ ഡ്യൂട്ടി മെഡിക്കല്‍ ഓഫീസറായി ജോലി ചെയ്യുന്ന റോബിന്‍ രാധാകൃഷ്‍ണന്‍‍‍,  സോഷ്യല്‍ മീഡിയയിലൂടെയാണ് ഡോക്ടര്‍ മച്ചാന്‍ എന്ന പേരില്‍ താരമായത്. പിന്നീട് കൗമുദി ടെലിവിഷനില്‍ ചാറ്റ് വിത്ത് ഡോക്ടര്‍ മച്ചാന്‍ എന്ന ഷോയിലൂടെയും പ്രേക്ഷകര്‍ക്ക് മുന്നിലുമെത്തി. അഭിനയ രംഗത്തും തിരക്കഥയിലും സാന്നിദ്ധ്യമറിയിച്ചിട്ടുണ്ട്. ചിദംബരം ഗവ. മെഡിക്കല്‍ കോളേജിലാണ് മെഡിക്കല്‍ പഠനം പൂര്‍ത്തിയാക്കിയത്. 31 വയസുകാരനായ ഡോ. റോബിന്‍ രാധാകൃഷ്‍ണന്‍ അവിവാഹിതനാണ്.

Latest Videos

തിരുനന്തപുരം സ്വദേശികളായ ഡോ. രാധാകൃഷ്‍ണന്റെയും ബീനയുടെയും മകനാണ് ഡോ. റോബിന്‍ രാധാകൃഷ്‍ണന്‍. തലസ്ഥാനത്ത് പട്ടത്താണ് താമസം. ചുറ്റിലും നടക്കുന്ന ചെറിയ സംഭവങ്ങളെയും ശ്രദ്ധിക്കപ്പെടാത്ത വ്യക്തികളെയും വിഷയമാക്കി ഡോ. മച്ചാന്‍ സൃഷ്‍ടിക്കുന്ന വീഡിയോകള്‍ ലക്ഷക്കണക്കിന് പേരാണ് ഇന്‍സ്റ്റഗ്രാമിലൂടെ ദിവസവും കാണുന്നത്. ഇപ്പോള്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളിലുള്‍പ്പെടെ നടക്കുന്ന പരിപാടികളിലെ പ്രിയപ്പെട്ട സാന്നിദ്ധ്യമാണ്.

നാഷണല്‍ യൂത്ത് ഐക്കണ്‍ അവാര്‍ഡ് കമ്മിറ്റി ഏര്‍പ്പെടുത്തിയ ഗ്ലോബല്‍ യൂത്ത് ഐക്കണ്‍ അവാര്‍ഡിനും അദ്ദേഹം അര്‍ഹനായിരുന്നു. അയ്യായിരത്തിലധികം പേരില്‍ നിന്ന് ഓണ്‍ലൈന്‍ വോട്ടിങിലൂടെയും വിധികര്‍ത്താക്കളുടെ തീരുമാനപ്രകാരവും തെരഞ്ഞെടുത്ത 25 പേരില്‍ ഉള്‍പ്പെട്ട ഒരേയൊരു മലയാളിയായിരുന്നു അദ്ദേഹം. മോട്ടിവേഷണല്‍ ആന്റ് ഇന്‍സ്‍പെയറിങ് യൂത്ത് വിഭാഗത്തിലാണ് അവാര്‍ഡ്.

മോഹൻലാലിന്റെ വാക്കുകൾ

ഒരുപാട് സന്തോഷം. ബി​ഗ് ബോസ് സീസൺ 4 തുടങ്ങുകയാണ്. എല്ലാത്തവണത്തെയും പോലെയല്ല, ഒരുപാട് പ്രത്യേകതകളുള്ള ബി​ഗ് ബോസ് വീടായിരിക്കും ഇത്തവണത്തേത്. ഞങ്ങൾ ഷോ ഷൂട്ട് ചെയ്യുന്നത് മുംബൈയിലാണ്. ആ വീട് തന്നെ വളരെയധികം പ്രത്യേകതകളുള്ള വീടാണ്. മത്സരാർത്ഥികളും അതുപോലെ തന്നെയാണ്. കൊവിഡ് പ്രോട്ടോക്കോളുകളും കാര്യങ്ങളുമൊക്കെ ആയിട്ടും ഒരുപാട് കാര്യങ്ങൾ നോക്കിയാണ് മത്സരാർത്ഥികളെ തെര‍ഞ്ഞെടുത്തിരിക്കുന്നത്. അതുകൊണ്ട് തന്നെ പ്രേക്ഷകർക്കും വളരെയധികം എന്റർടെയ്ൻമെന്റ് ആയിരിക്കും ബി​ഗ് ബോസ്. അതിന്റെ ഒരു ത്രില്ലിൽ തന്നെയാണ് ഞങ്ങൾ എല്ലാവരും. എല്ലാം ഭം​ഗിയായി നടക്കട്ടെയെന്ന് പ്രാർത്ഥിക്കുന്നു. എന്തായാലും ഒരു വിഷ്വർ ട്രീറ്റായിരിക്കും ഷോ. ഒരുപാട് പ്രത്യേകതകൾ ഷോയിൽ നിന്നും നിങ്ങൾക്ക് പ്രതീക്ഷിക്കാം.

മത്സരാർത്ഥികൾക്ക് ഓരോ നിമിഷവും പുതിയ നിമിഷങ്ങളാണ്. കുറച്ചു നാൾ കഴിയുമ്പോൾ അവർ വേറൊരു ലോകത്തേക്ക് എത്തിപ്പെടും. അവർ എന്താ പറയുന്നതെന്ന് അവർക്ക് തന്നെ അറിയില്ലായിരിക്കും. അതിനൊക്കെ അവർക്കൊപ്പം നിന്ന് അവരെ സഹായിക്കുന്ന രീതിയിലായിരിക്കണം നമ്മൾ നിൽക്കേണ്ടത്. ഒന്നും പ്ലാൻ ചെയ്തുകൊണ്ട് നമുക്ക് സ്റ്റേജിലേക്ക് പോകാൻ പറ്റില്ല. വളരെ സൗമ്യമായ രീതിയിൽ മാത്രമെ നമുക്കിത് മുന്നോട്ട് കൊണ്ടു പോകാൻ പറ്റുള്ളു. അതിന്റെ ത്രില്ലിലാണ് ഞാനും.

ഇരുപത്തിനാല് മണിക്കൂറും നടക്കുന്ന പ്രധാന സംഭവങ്ങളെല്ലാം കാണാറുണ്ട്. ഓരോരുത്തരോടും എന്ത് പറയണം എന്ന ധാരണയോടെയാണ് സ്റ്റേജിലേക്ക് പോകുന്നത്. ചിലപ്പോൾ അവരുടെ ഒരു ചോദ്യം കൊണ്ട് ആ ധാരണകളെല്ലാം തകിടം മറിഞ്ഞ് പോകും. മത്സരാർത്ഥികളുടെയും ബി​ഗ് ബോസിന്റെയും ഇടയിലുള്ള ഒരു ലിങ്ക് ആണ് ഞാൻ. അത് പൊട്ടിപ്പോകാതെ ഞാൻ നോക്കണം. രണ്ട് പേരോടും നമ്മൾ സൗമ്യമായ രീതിയിൽ തന്നെ പോകണം.

ഒരു കൂട്ടം മത്സരാർത്ഥികൾ പുറംലോകവുമായി യാതൊരു ബന്ധവുമില്ലാതെ കുറച്ചുനാൾ ഒരു വീട്ടിൽ ഒരുമിച്ച് ജീവിക്കുക എന്നതാണ് ഷോ. ഓരോ ആഴ്ചയും മത്സരാർത്ഥികൾക്കിടയിൽ വോട്ടെടുപ്പ് നടത്തുന്നു. ഏറ്റവും കൂടുതൽ നാമനിർദ്ദേശങ്ങൾ ലഭിച്ചവരെ പുറത്താക്കുന്നതിനായി പ്രേക്ഷകർക്കും വോട്ട് രേഖപ്പെടുത്താവുന്നതാണ്. ഒരാളൊഴികെ എല്ലാ അംഗങ്ങളും പുറത്താകുന്നതുവരെ വോട്ടെടുപ്പ് തുടരും. ഏറ്റവുമൊടുവിൽ വീട്ടിൽ അവശേഷിക്കുന്നയാളെ വിജയിയായി പ്രഖ്യാപിക്കുന്നതോടെയാണ് ബിഗ് ബോസ് അവസാനിക്കുന്നത്.

click me!