ബിഗ് ബോസ് മലയാളം സീസണ്‍ 4ല്‍ മത്സരാര്‍ഥിയായി ധന്യ മേരി വര്‍ഗീസും (Bigg Boss Malayalam Season 4).
മലയാളത്തിലെ ഏറ്റവും വലിയ റിയാലിറ്റി ഷോ ആയ ബിഗ് ബോസ് നാലാം സീസണിന് തുടക്കമായിരിക്കുകയാണ്. ബിഗ് ബോസ് വീട്ടിലേക്ക് കാലെടുത്തു വച്ചിരിക്കുന്നത് ആരൊക്കെയാണ് എന്ന് അറിയാൻ പ്രേക്ഷകരൊന്നടങ്കം കാത്തിരിക്കുകയായിരുന്നു. അങ്ങനെ, ഇപ്പോൾ അക്കാര്യവുംപുറത്തുവന്നിരിക്കുകയാണ്. മത്സരാർത്ഥികൾ ഓരോരുത്തരെയായി മോഹൻലാല്‍ പ്രേക്ഷകരെ പരിചയപ്പെടുത്തി. വാശിയേറിയ മത്സരത്തിൽ ഇത്തവണ മാറ്റുരയ്ക്കാൻ സിനിമ-സീരിയൽ നടിയായ ധന്യ മേരി വർഗീസും ബിഗ്ബോസ് വീട്ടിലുണ്ട് (Bigg Boss Malayalam Season 4).
തിരുടി' എന്ന ചിത്രത്തിലൂടെയാണ് 2006 -ൽ 'ധന്യ മേരി വർഗീസ് സിനിമാലോകത്തേക്കുള്ള തന്റെ അരങ്ങേറ്റം കുറിച്ചത്. മലയാളത്തിൽ ആദ്യമായി അഭിനയിക്കുന്നത് 'നന്മ' എന്ന ചിത്രത്തിലാണ് എങ്കിലും 'തലപ്പാവ്' എന്ന ചിത്രമാണ് ശ്രദ്ധിക്കപ്പെട്ടത്. അഭിനയത്തിലേക്ക് വരുന്നതിന് മുമ്പ് തന്നെ മോഡലിംഗിലും നിരവധി പരസ്യചിത്രങ്ങളിലും ധന്യ സാന്നിധ്യമറിയിച്ചിട്ടുണ്ട്.
അഭിനേത്രിയും മോഡലും നർത്തകിയുമായ ധന്യ 'സീതാകല്യാണം' എന്ന സീരിയലിൽ 'സീത'യെന്ന പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചു. ഒരുപാട് ആരാധകരുള്ള സീരിയലായിരുന്നു 'സീതാകല്യാണം'. 'വൈരം', 'ദ്രോണ', 'റെഡ് ചില്ലീസ്', 'നായകൻ', 'കേരള കഫെ' തുടങ്ങിയ ചിത്രങ്ങളിലും ധന്യ അഭിനയിച്ചിട്ടുണ്ട്. കൂത്താട്ടുകുളം ഇടയാറിൽ വർഗീസിന്റെയും ഷീബയുടെയും മകളാണ് ധന്യ മേരി വർഗീസ്. ജോൺ ജേക്കബ് ആണ് ഭർത്താവ്.
ബിഗ് ബോസ് വീട്ടിൽ എങ്ങനെയാണ് ധന്യ എന്ന് അറിയാനുള്ള കാത്തിരിപ്പാണ് ഇനി.
ബിഗ് ബോസിനെ കുറിച്ച് മോഹൻലാലിന്റെ വാക്കുകൾ
ഒരുപാട് സന്തോഷം. ബിഗ് ബോസ് സീസൺ 4 തുടങ്ങുകയാണ്. എല്ലാത്തവണത്തെയും പോലെയല്ല, ഒരുപാട് പ്രത്യേകതകളുള്ള ബിഗ് ബോസ് വീടായിരിക്കും ഇത്തവണത്തേത്. ഞങ്ങൾ ഷോ ഷൂട്ട് ചെയ്യുന്നത് മുംബൈയിലാണ്. ആ വീട് തന്നെ വളരെയധികം പ്രത്യേകതകളുള്ള വീടാണ്. മത്സരാർത്ഥികളും അതുപോലെ തന്നെയാണ്. കൊവിഡ് പ്രോട്ടോക്കോളുകളും കാര്യങ്ങളുമൊക്കെ ആയിട്ടും ഒരുപാട് കാര്യങ്ങൾ നോക്കിയാണ് മത്സരാർത്ഥികളെ തെരഞ്ഞെടുത്തിരിക്കുന്നത്. അതുകൊണ്ട് തന്നെ പ്രേക്ഷകർക്കും വളരെയധികം എന്റർടെയ്ൻമെന്റ് ആയിരിക്കും ബിഗ് ബോസ്. അതിന്റെ ഒരു ത്രില്ലിൽ തന്നെയാണ് ഞങ്ങൾ എല്ലാവരും. എല്ലാം ഭംഗിയായി നടക്കട്ടെയെന്ന് പ്രാർത്ഥിക്കുന്നു. എന്തായാലും ഒരു വിഷ്വർ ട്രീറ്റായിരിക്കും ഷോ. ഒരുപാട് പ്രത്യേകതകൾ ഷോയിൽ നിന്നും നിങ്ങൾക്ക് പ്രതീക്ഷിക്കാം.
മത്സരാർത്ഥികൾക്ക് ഓരോ നിമിഷവും പുതിയ നിമിഷങ്ങളാണ്. കുറച്ചു നാൾ കഴിയുമ്പോൾ അവർ വേറൊരു ലോകത്തേക്ക് എത്തിപ്പെടും. അവർ എന്താ പറയുന്നതെന്ന് അവർക്ക് തന്നെ അറിയില്ലായിരിക്കും. അതിനൊക്കെ അവർക്കൊപ്പം നിന്ന് അവരെ സഹായിക്കുന്ന രീതിയിലായിരിക്കണം നമ്മൾ നിൽക്കേണ്ടത്. ഒന്നും പ്ലാൻ ചെയ്തുകൊണ്ട് നമുക്ക് സ്റ്റേജിലേക്ക് പോകാൻ പറ്റില്ല. വളരെ സൗമ്യമായ രീതിയിൽ മാത്രമെ നമുക്കിത് മുന്നോട്ട് കൊണ്ടു പോകാൻ പറ്റുള്ളു. അതിന്റെ ത്രില്ലിലാണ് ഞാനും.
ഇരുപത്തിനാല് മണിക്കൂറും നടക്കുന്ന പ്രധാന സംഭവങ്ങളെല്ലാം കാണാറുണ്ട്. ഓരോരുത്തരോടും എന്ത് പറയണം എന്ന ധാരണയോടെയാണ് സ്റ്റേജിലേക്ക് പോകുന്നത്. ചിലപ്പോൾ അവരുടെ ഒരു ചോദ്യം കൊണ്ട് ആ ധാരണകളെല്ലാം തകിടം മറിഞ്ഞ് പോകും. മത്സരാർത്ഥികളുടെയും ബിഗ് ബോസിന്റെയും ഇടയിലുള്ള ഒരു ലിങ്ക് ആണ് ഞാൻ. അത് പൊട്ടിപ്പോകാതെ ഞാൻ നോക്കണം. രണ്ട് പേരോടും നമ്മൾ സൗമ്യമായ രീതിയിൽ തന്നെ പോകണമെന്നും മോഹൻലാല്‍ പറഞ്ഞു.
ഒരു കൂട്ടം മത്സരാർത്ഥികൾ പുറംലോകവുമായി യാതൊരു ബന്ധവുമില്ലാതെ കുറച്ചുനാൾ ഒരു വീട്ടിൽ ഒരുമിച്ച് ജീവിക്കുക എന്നതാണ് ഷോ. ഓരോ ആഴ്ചയും മത്സരാർത്ഥികൾക്കിടയിൽ വോട്ടെടുപ്പ് നടത്തുന്നു. ഏറ്റവും കൂടുതൽ നാമനിർദ്ദേശങ്ങൾ ലഭിച്ചവരെ പുറത്താക്കുന്നതിനായി പ്രേക്ഷകർക്കും വോട്ട് രേഖപ്പെടുത്താവുന്നതാണ്. ഒരാളൊഴികെ എല്ലാ അംഗങ്ങളും പുറത്താകുന്നതുവരെ വോട്ടെടുപ്പ് തുടരും. ഏറ്റവുമൊടുവിൽ വീട്ടിൽ അവശേഷിക്കുന്നയാളെ വിജയിയായി പ്രഖ്യാപിക്കുന്നതോടെയാണ് ബിഗ് ബോസ് അവസാനിക്കുന്നത്.