മത്സരാര്‍ഥികള്‍ക്ക് മുന്നറിയിപ്പുമായി ബിഗ് ബോസ്
ബിഗ് ബോസ് മലയാളം സീസണ്‍ 4 (Bigg Boss 4) ഏഴാം വാരത്തില്‍ മുന്നോട്ടു പോവുകയാണ്. വൈല്‍ഡ് കാര്‍ഡ് എന്‍ട്രികളായി പുതിയ രണ്ട് മത്സരാര്‍ഥികള്‍ കൂടി എത്തിയതോടെ സംഘര്‍ഷങ്ങളുടെ വേലിയേറ്റത്തിലാണ് ഹൗസ്. പുതിയ വൈല്‍ഡ് കാര്‍ഡുകള്‍ എത്തിയതിനു ശേഷം നടന്ന ആദ്യ വീക്കിലി ടാസ്‍കില്‍ ഈ സംഘര്‍ഷാവസ്ഥ അതിന്‍റെ മൂര്‍ധന്യത്തില്‍ എത്തുകയും ചെയ്‍തു. ഇതൊരു കളിയാണെന്ന അടിസ്ഥാന വസ്തുത മറന്ന് പരസ്പരം പോരടിച്ച മത്സരാര്‍ഥികളുടെ വായില്‍ നിന്ന് പലപ്പോഴും അസഭ്യ വാക്കുകളും എത്തി. ഇക്കാരണം ചൂണ്ടിക്കാട്ടി ലക്ഷ്വറി ബജറ്റ് പോയിന്‍റുകള്‍ ബിഗ് ബോസ് വെട്ടിക്കുറയ്ക്കുകയും ചെയ്‍തു.
എല്ലാ സീസണുകളിലും പൊതുവെ സംഘര്‍ഷത്തിന് ഇടയാക്കാറുള്ള കോടതി ടാസ്‍ക് ആയിരുന്നു ഇത്തവണത്തെ വീക്കിലി ടാസ്‍ക്. റിയാസ് സലിമും വിനയ് മാധവുമായിരുന്നു ന്യായാധിപന്മാര്‍. ഒരു കേസ് പരിഗണിക്കുന്നതിനിടെ കള്ളസാക്ഷി പറഞ്ഞുവെന്ന് ആരോപിച്ച് ഡോ. റോബിന് കോടതി ശിക്ഷ വിധിച്ചു. കോടതിമുറിയ്ക്കുള്ളില്‍ രണ്ട് റൗണ്ട് തവളച്ചാട്ടം ചാടണമെന്നതായിരുന്നു അത്. എന്നാല്‍ ഇത് ചെയ്തുകൊണ്ടിരിക്കെ റോബിന്‍ മോതിരവിരല്‍ ഉയര്‍ത്തിക്കാട്ടി. ഇതിലെ അശ്ലീലച്ചുവയെക്കുറിച്ച ന്യായാധിപന്മാരുമായി റോബിന്‍ വലിയ തര്‍ക്കത്തില്‍ ഏര്‍പ്പെടുകയായിരുന്നു. റിയാസിനോട് പൊട്ടിത്തെറിച്ച റോബിന്‍ തെറി വിളിത്തുകയും ചെയ്‍തു. അത്രത്തോളമില്ലെങ്കിലും റിയാസും തിരിച്ച് തെറി വിളിച്ചു. നിരവധി തവണ ബീപ് ശബ്ദത്തിന്‍റെ അകമ്പടിയോടെയാണ് ബിഗ് ബോസ് ആ എപ്പിസോഡ് എയര്‍ ചെയ്‍തത്.
'ലാല്‍ സിംഗ് ഛദ്ദ' എത്തുംമുന്‍പ് 'ഫോറസ്റ്റ് ഗംപി'നെ വീണ്ടും കാണുമ്പോള്‍
ഇത്തവണത്തെ വീക്കിലി ടാസ്‍കില്‍ മത്സരാര്‍ഥികളൊക്കെയും നല്ല പ്രകടനം നടത്തിയതിനാല്‍ ആകെ പോയിന്‍റുകളായ 2800 പോയിന്‍റുകളും നല്‍കുകയാണെന്നായിരുന്നു ബിഗ് ബോസിന്‍റെ ആദ്യ പ്രഖ്യാപനം. പിന്നീടാണ് അസഭ്യം പറഞ്ഞതിന് 300 പോയിന്‍റ് വെട്ടിക്കുറയ്ക്കുന്നതായി അറിയിപ്പ് വന്നത്. അതായത് 2500 പോയിന്‍റുകളാണ് ലക്ഷ്വറി ഭക്ഷ്യവസ്തുക്കള്‍ തെരഞ്ഞെടുക്കാനായി മത്സരാര്‍ഥികള്‍ക്ക് ഇത്തവണ ലഭിക്കുക. വ്യക്തിഗത പോയിന്‍റുകള്‍ ലഭിച്ചവര്‍ക്കു മാത്രമാണ് ലക്ഷ്വറി വസ്തുക്കള്‍ തെരഞ്ഞെടുക്കാന്‍ അവസരം ലഭിക്കുകയെന്നും ബിഗ് ബോസ് പിന്നാലെ അറിയിച്ചു. നിമിഷ, ജാസ്‍മിന്‍, സുചിത്ര, ദില്‍ഷ, അഖില്‍, ലക്ഷ്മിപ്രിയ, സൂരജ്, റോണ്‍സണ്‍ എന്നിവര്‍ക്കാണ് വീക്കിലി ടാസ്കില് വ്യക്തിഗത പോയിന്‍റുകള്‍ ലഭിച്ചത്. ഇവര്‍ ലക്ഷ്വറി വസ്തുക്കളുടെ തെരഞ്ഞെടുപ്പ് നടത്തുന്ന സമയത്ത് മറ്റു മത്സരാര്‍ഥികള്‍ വീടിന് പുറത്തേക്ക് ഇറങ്ങി നില്‍ക്കണമെന്നും ബിഗ് ബോസ് അറിയിച്ചു. മത്സരാര്‍ഥികള്‍ക്ക് ഇക്കുറി മുഴുവനായും ലഭിക്കുമായിരുന്നു ലക്ഷ്വറി പോയിന്‍റുകളില്‍ നഷ്ടം വരുത്തിയത് ചിലരുടെ വാവിട്ട വാക്ക് ആയിരുന്നു. ഇത്തവണ ബിഗ് ബോസ് നല്‍കിയ മുന്നറിയിപ്പ് മത്സരാര്‍ഥികള്‍ ഗൗരവത്തോടെ എടുക്കുമെന്ന് കരുതാം.