ആറ് പേരാണ് ഇത്തവണത്തെ നോമിനേഷന്‍ ലിസ്റ്റില്‍ അവശേഷിക്കുന്നത്
ബിഗ് ബോസ് മലയാളം സീസണ്‍ 4ലെ (Bigg Boss 4) ശ്രദ്ധേയ മത്സരാര്‍ഥികളില്‍ ഒരാളാണ് മുഹമ്മദ് ഡിലിജെന്‍റ് ബ്ലെസ്‍ലി. ഏത് കാര്യത്തിലും മറ്റുള്ളവരുടേതില്‍ നിന്ന് വേറിട്ടുനില്‍ക്കുന്ന ബ്ലെസ്‍ലിയുടെ ശബ്ദം സഹമത്സരാര്‍ഥികളും പ്രേക്ഷകരും ശ്രദ്ധിച്ചിട്ടുണ്ട്. ഈ സീസണിന്‍റെ ആദ്യ പകുതിയില്‍ ആരുമായും വലിയ സൌഹൃദമൊന്നും സ്ഥാപിക്കാതെ ഒറ്റയാനായായിരുന്നു ബ്ലെസ്‍ലിയുടെ നില്‍പ്പ്. എന്നാല്‍ ഷോ രണ്ടാം പകുതി പിന്നിട്ടപ്പോള്‍ അതിന് മാറ്റം സംഭവിച്ചു. നേരത്തെ ദില്‍ഷയോടുള്ള പ്രണയം പരസ്യമായി വെളിപ്പെടുത്തിയ ബ്ലെസ്‍ലി ദില്‍ഷയുടെ സുഹൃത്തായ റോബിനുമായും അടുത്തു. റോബിന്‍ അപ്രതീക്ഷിതമായി പുറത്തുപോയപ്പോള്‍ ദില്‍ഷ കാര്യങ്ങള്‍ സംസാരിക്കാനും പിന്തുണയ്ക്കുമായി ആശ്രയിക്കുന്നത് ബ്ലെസ്‍ലിയെയാണ്. അതേസമയം ഷോയില്‍ നിന്ന് ഈ വാരം താന്‍ പുറത്താവുമെന്നാണ് കരുതുന്നതെന്ന് ബ്ലെസ്‍ലി ധന്യയോട് ഇന്നത്തെ എപ്പിസോഡില്‍ പറഞ്ഞു.
ഹൌസിലെ നിലവിലെ അവസ്ഥയെപ്പറ്റി ധന്യയുമായി സംസാരിക്കുമ്പോഴാണ് ബ്ലെസ്‍ലി ഇക്കാര്യം പറഞ്ഞത്. ഈയാഴ്ച പോയില്ല എങ്കില്‍ എനിക്കറിയില്ല എന്താണ് സംഭവമെന്ന്. ഈയാഴ്ച ഞാന്‍ പോകുമെന്നാണ് എൻ്റെയൊരു പ്രതീക്ഷ, ബ്ലെസ്‍ലി പറഞ്ഞു. എന്നാല്‍ കഴിഞ്ഞ കുറേ ആഴ്ചകളായി ബ്ലെസ്‍ലി പ്രതീക്ഷിക്കുന്ന ഒന്നാണ് ഇതെന്നായിരുന്നു ധന്യയുടെ പ്രതികരണം. താന്‍ ഇപ്പോള്‍ പോയാല്‍ ദില്‍ഷയ്ക്ക് കുറേക്കൂടി നന്നായി ഗെയിം കളിക്കാനാവുമെന്നാണ് കരുതുന്നതെന്ന് ബ്ലെസ്‍ലിയുടെ പ്രതികരണം.
ALSO READ : കെജിഎഫ് നിര്‍മ്മാതാക്കളുടെ പുതിയ ചിത്രം സംവിധാനം ചെയ്യുന്നത് പൃഥ്വിരാജ്, രചന മുരളി ഗോപി
ഈയാഴ്ച ഞാന്‍ ഇവിടെനിന്ന് പോയാല്‍ ദില്‍ഷയ്ക്ക് കുറേക്കൂടി നന്നായി കളിക്കാനാവുമെന്ന് കരുതുന്നു. ഞാനും അവളും ഒരേ ഗെയിം ആണ് കളിച്ചുകൊണ്ടിരിക്കുന്നത്. അതുകൊണ്ടാണ് ഞാന്‍ ഒരിക്കലും റിയാസിനെ എടുക്കാത്തത്. അത് അവളുടെ ഗെയിം ആണ്. അല്ലെങ്കില്‍ എനിക്ക് റിയാസിനെ ചുമ്മാ ചൊറിഞ്ഞൂടേ? എനിക്കതിന് താല്‍പര്യമില്ല, ബ്ലെസ്‍ലി കൂട്ടിച്ചേര്‍ത്തു.