മൂന്ന് ജോഡി സുഹൃത്തുക്കളെയാണ് മോഹന്‍ലാല്‍ പങ്കെടുക്കാനായി വിളിച്ചത്. റോബിന്‍- ദില്‍ഷ, അഖില്‍- സുചിത്ര, ജാസ്മിന്‍- റോണ്‍സണ്‍ എന്നിവരായിരുന്നു അവര്‍
മുന്‍ സീസണുകളിലേതുപോലെ ബിഗ് ബോസിന്‍റെ നാലാം സീസണിലെ (Bigg Boss 4) മത്സരാര്‍ഥികള്‍ക്കിടയിലും അടുത്ത സൌഹൃദവും ശത്രുതയുമൊക്കെയുണ്ട്. അക്കൂട്ടത്തില്‍ ഏറ്റവും ഇഴയടുപ്പമുള്ള സൌഹൃദം ആരുടേതെന്ന് കണ്ടെത്താന്‍ മോഹന്‍ലാല്‍ ഒരു രസകരമായ ഗെയിം ഇന്ന് സംഘടിപ്പിച്ചു. ഓരോ ജോഡി സുഹൃത്തുക്കളെയും വിളിച്ച് പരസ്പരം എതിര്‍ ദിശയില്‍ തിരിഞ്ഞിരിക്കാന്‍ ആവശ്യപ്പെട്ടതിനു ശേഷം ഓരോ സ്ലേറ്റ് നല്‍കി ഒരേ ചോദ്യങ്ങള്‍ ചോദിക്കുകയായിരുന്നു അദ്ദേഹം. ഈ ചോദ്യത്തിന് രണ്ടുപേരും ഒരേ ഉത്തരം എഴുതുമോ എന്നതായിരുന്നു ഗെയിമിന്‍റെ കൌതുകം. മൂന്ന് ജോഡി സുഹൃത്തുക്കളെയാണ് മോഹന്‍ലാല്‍ പങ്കെടുക്കാനായി വിളിച്ചത്. റോബിന്‍- ദില്‍ഷ, അഖില്‍- സുചിത്ര, ജാസ്മിന്‍- റോണ്‍സണ്‍ എന്നിവരായിരുന്നു അവര്‍.
റോബിന്‍- ദില്‍ഷ എന്നിവരോട് അഞ്ച് ചോദ്യങ്ങളാണ് മോഹന്‍ലാല്‍ ചോദിച്ചത്. റോബിന് ഈ വീട്ടില്‍ ഏറ്റവും ഇഷ്ടമുള്ള ആളാണ് എന്നതായിരുന്നു ആദ്യ ചോദ്യം. അതിന് ദില്‍ഷ എന്ന് ഇരുവരും ഉത്തരമെഴുതി. ദില്‍ഷയ്ക്ക് ഈ വീട്ടില്‍ ഇരിക്കാന്‍ ഏറ്റവുമിഷ്ടമുള്ള സ്ഥലം ഏതെന്നായിരുന്നു രണ്ടാമത്തെ ചോദ്യം. ഊഞ്ഞാല്‍ എന്ന് രണ്ടുപേരും ശരിയുത്തരമെഴുതി. റോബിന്‍റെ ജനനത്തീയതി ഏത് എന്നതായിരുന്നു മൂന്നാമത്തെ ചോദ്യം. എന്നാല്‍ ദില്‍ഷയ്ക്ക് ഉത്തരം അറിയില്ലായിരുന്നു. റോബിന്‍ ആത്മവിശ്വാസം കൂട്ടാനായി ഈ വീട്ടില്‍ പോകുന്ന സ്ഥലം ഏത് എന്നതായിരുന്നു അടുത്ത ചോദ്യം. കണ്ണാടിയുടെ മുന്‍പിലെന്ന് ഇരുവരും ഉത്തരമെഴുതി. ദില്‍ഷ എപ്പോഴും പാടുന്ന പാട്ട് ഏത് എന്നതായിരുന്നു അവസാന ചോദ്യം. അന്‍പേ വാ എന്‍ മുന്‍പേ വാ എന്ന ശരിയുത്തരം ഇരുവരും എഴുതി.
സുചിത്ര- അഖില്‍ ടീം ആയിരുന്നു അടുത്തത്. സുചിത്രയ്ക്ക് ഈ വീട്ടില്‍ ഏറ്റവും അടുപ്പമുള്ള ആളാര് എന്ന ചോദ്യത്തിന് അഖില്‍ എന്ന് ഇരുവരും ഉത്തരമെഴുതി. അഖിലിന് ഏറ്റവും ഇഷ്ടപ്പെട്ട വസ്ത്രമേത് എന്നതായിരുന്നു അടുത്ത ചോദ്യം. മുണ്ടും ഷര്‍ട്ടും എന്ന് ഇരുവരും ഉത്തരമെഴുതി. ഈ വീട്ടില്‍ ആരുണ്ടാക്കുന്ന ഭക്ഷണമാണ് അഖിലിന് ഏറ്റവും ഇഷ്ടമെന്ന ചോദ്യത്തിന് സുചിത്ര എന്ന് ഇരുവരും എഴുതി. എന്ത് ഭക്ഷണം പാകം ചെയ്യാനാണ് സുചിത്രയ്ക്ക് ഏറ്റവുമിഷ്ടമെന്നായിരുന്നു അടുത്ത ചോദ്യം. ചെമ്മീന്‍ എന്ന് അഖിലും ചെമ്മീന്‍ ബിരിയാണിയെന്ന് സുചിത്രയും എഴുതി. അഖിലിന് ഏറ്റവും മിസ് ചെയ്യുന്നത് എന്ത് എന്ന ചോദ്യത്തിന് സുഹൃത്തുക്കള്‍ എന്ന് അഖിലും സുഹൃത്തുക്കളും അമ്മയുമെന്ന് സുചിത്രയും എഴുതി. സുചിത്രയ്ക്ക് ഈ വീട്ടിലെ സ്ത്രീകളില്‍ ഏറ്റവുമധികം അടുപ്പമുള്ളത് ആരോട് എന്ന ചോദ്യത്തിന് ഇരുവരും ധന്യയെന്നും എഴുതി.
ALSO READ : കങ്കണയുടെ 'ധാക്കഡി'ന്‍റെ എട്ടാം ദിവസം വിറ്റുപോയത് 20 ടിക്കറ്റുകള്‍
ജാസ്മിന്‍- റോണ്‍സണ്‍ എന്നിവരോടുള്ള ആദ്യ ചോദ്യം ജാസ്മിന്‍റെ നായക്കുട്ടിയുടെ പേരെന്ത് എന്നതായിരുന്നു. സിയാലോ എന്ന് റോണ്‍സണും ശരിയായി ഉത്തരമെഴുതി. റോണ്‍സണ്‍ എത്രതവണ കിച്ചണ്‍ ടീമില്‍ വന്നു എന്ന ചോദ്യത്തിന് ഏഴ് എന്ന് ഇരുവരും എഴുതി. റോണ്‍സണ്‍ ഏത് നിറത്തിലുള്ള വസ്ത്രങ്ങളാണ് കൂടുതല്‍ ധരിക്കുന്നത് എന്ന ചോദ്യത്തിന് മിലിട്ടറി ഡിസൈന്‍ എന്ന് ജാസ്മിനും കറുപ്പ് എന്ന് റോണ്‍സണും എഴുതി. ജാസ്മിന്‍ എത്ര തവണ നോമിനേഷനില്‍ വന്നു എന്ന ചോദ്യത്തിന് 7 എന്ന് ഇരുവരും എഴുതി. ജാസ്മിന്‍ ഈ വീട്ടില്‍ ഏറ്റവും സങ്കടപ്പെട്ട ഒരു കാര്യം ഏതെന്ന ചോദ്യത്തിന് നിമിഷയുടെ എവിക്ഷന്‍ എന്ന് ഇരുവരും ഉത്തരമെഴുതി. ഏറ്റവുമധികം ഉത്തരങ്ങള്‍ ശരിയാക്കിയ സുചിത്രയെയും അഖിലിനെയും മോഹന്‍ലാല്‍ അഭിനന്ദിക്കുകയും ചെയ്‍തു.