ബിഗ് ബോസ് പ്രത്യേക സമ്മാനം നല്‍കിയാണ് അഖിലിനെ അഭിനന്ദിച്ചത്
ബിഗ് ബോസ് മലയാളം സീസണ്‍ 4ല്‍ (Bigg Boss 4) വരുന്ന പന്ത്രണ്ടാം വാരത്തിലേക്കുള്ള ക്യാപ്റ്റനെ തെരഞ്ഞെടുത്തു. അഖില്‍ ആണ് ക്യാപ്റ്റന്‍. ഇത് മൂന്നാം തവണയാണ് അഖില്‍ ക്യാപ്റ്റനാവുന്നത്. ഈ സീസണില്‍ ഏറ്റവും കൂടുതല്‍ തവണ. ബിഗ് ബോസ് പ്രത്യേക സമ്മാനം നല്‍കിയാണ് അഖിലിനെ അഭിനന്ദിച്ചത്. ഫിനാലെയിലേക്ക് മൂന്ന് ആഴ്ചകള്‍ മാത്രമാണ് അവശേഷിക്കുന്നത് എന്നതിനാല്‍ ഇത്തവണത്തെ ക്യാപ്റ്റന്‍സി ഏത് മത്സരാര്‍ഥിയും ആഗ്രഹിക്കുന്ന ഒന്നാണ്.
ഇതുവരെ നല്‍കിയിട്ടുള്ളതില്‍ ഏറ്റവും കടുപ്പമേറിയ ഒരു ടാസ്ക് ആണ് ബിഗ് ബോസ് ഇത്തവണ ക്യാപ്റ്റന്‍സിക്കായി നല്‍കിയത്. അഖിലിനൊപ്പം വീക്കിലി ടാസ്കില്‍ മികച്ച പ്രകടനമെന്ന് എല്ലാവരും ചേര്‍ന്ന് വിലയിരുത്തിയ റിയാസ്, വിനയ് എന്നിവരുമാണ് ടാസ്കില്‍ പങ്കെടുത്തത്. എന്നാല്‍ നല്ല ശാരീരിക അധ്വാനം വേണ്ട ഗെയിം ആയിരുന്നു അത്. ഒരു വശത്തായി പാത്രങ്ങളില്‍ നിറം കലര്‍ത്തിയ വെള്ളവും ഗ്ലാസും വച്ചിരുന്നു. മറുവശത്ത് ഓരോ മത്സരാര്‍ഥികള്‍ക്കും മൂന്ന് ബീക്കറുകള്‍ വീതവും. കളര്‍ വെള്ളം ചെറിയ ഗ്ലാസില്‍ എടുത്ത് ബീക്കറില്‍ നിറയ്ക്കുകയാണ് ചെയ്യേണ്ടിയിരുന്നത്. എന്നാല്‍ ഇവര്‍ക്ക് മാര്‍ഗ്ഗതടസ്സം ഉണ്ടാക്കാനായി പല വര്‍ണ്ണങ്ങളിലുള്ള കയര്‍ തലങ്ങും വിലങ്ങുമായി കെട്ടിയിരുന്നു.
ALSO READ : 'ഈയാഴ്ച ഞാന്‍ പോകുമെന്നാണ് എന്‍റെ പ്രതീക്ഷ'; ബ്ലെസ്‍ലിയുടെ വിലയിരുത്തല്‍
വലിയ ശാരീരിക അധ്വാനം വേണ്ടിയിരുന്ന ടാസ്കില്‍ വിനയ് ആണ് ആദ്യം തളര്‍ന്നത്. വിനയ്‍യുടെ അവസ്ഥ കണ്ട, കളി കണ്ടുനിന്ന പലരും അവസാനിപ്പിക്കുകയല്ലേ എന്ന് ചോദിച്ചെങ്കിലും തനിക്ക് കഴിയുന്നതിന്‍റെ പരമാവധി വിനയ് കളിച്ചു. എന്നാല്‍ അവസാന ബസര്‍ മുഴങ്ങും മുന്‍പ് അദ്ദേഹം കളി മതിയാക്കി. ഏറെ തളര്‍ന്നെങ്കിലും ബസര്‍ മുഴങ്ങും വരെ റിയാസ് ഗെയിമില്‍ തന്‍റെ സാന്നിധ്യം അറിയിച്ചു.