Bigg Boss : ഇനി പ്രേക്ഷകര്‍ക്ക് ബിഗ് ബോസ് കാലം, ഇതുവരെയുള്ള വിശേഷങ്ങള്‍

By Web Team  |  First Published Mar 26, 2022, 10:47 PM IST

മലയാളം ബിഗ് ബോസ് മലയാളം മുംബൈയില്‍ തിരിച്ചെത്തിയിരിക്കുകയാണ് (Bigg Boss).


മലയാളത്തിലെ ഏറ്റവും വലിയ റിയാലിറ്റി ഷോയായ ബിഗ് ബോസിന്റെ നാലാം സീസണ്‍ ആരംഭിക്കുകയായി. പ്രേക്ഷകര്‍ ആഘോഷപൂര്‍വം ഏറ്റെടുത്ത മലയാളം ബിഗ് ബോസിന്റെ പുതിയ സീസണ്‍ മാര്‍ച്ച് 27ന് വൈകുന്നേരം ഏഴ് മുതലാണ് സംപ്രേഷണം തുടങ്ങുക. മോഹൻലാല്‍ അവതാരകനായി എത്തുന്നുവെന്നതു തന്നെ മലയാളം ബിഗ് ബോസിന്റെ പ്രധാന ആകര്‍ഷണമാണ്. ബിഗ് ബോസ് മലയാളം മുംബൈയിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ് ഇത്തവണ (Bigg Boss).

പ്രേക്ഷക ലക്ഷങ്ങള്‍ ആവേശത്തോടെ സ്വീകരിച്ച ബിഗ് ബോസ് മലയാളത്തിന്റെ തുടക്കം മുംബൈയില്‍ തന്നെയായിരുന്നു. വിവിധ ഭാഷകളില്‍ വിജയകരമായ ബിഗ് ബോസ് മലയാളത്തില്‍ ആദ്യമായി ഏഷ്യാനെറ്റ് എത്തിച്ചപ്പോള്‍ ആവേശകരമായ പ്രതികരണമായിരുന്നു ലഭിച്ചത്. ഒന്നിനൊന്ന് മികച്ച മത്സരാര്‍ഥികളായിരുന്നു ആദ്യ സീസണിന്റെ പ്രത്യേകത. കണ്ണടക്കാത്ത ക്യാമറയ്‍ക്ക് മുന്നിലെ 100 ദിവസത്തെ ജീവിതം ജീവിച്ചുതീര്‍ത്തപ്പോള്‍ വിജയിയായത് സാബു മോനായിരുന്നു.

Latest Videos

അന്നോളം മലയാളികള്‍ കണ്ടിട്ടിട്ടില്ലാത്ത ഒരു റിയാലിറ്റി ഷോ അരങ്ങേറിയപ്പോള്‍ സാബു മോൻ, പേളി മാണി, ശ്വേതാ മേനോൻ, അരിസ്റ്റോ സുരേഷ്, ശ്രീനിഷ്. രഞ്‍ജിനി ഹരിദാസ് തുടങ്ങി സ്വഭാവത്തിലും പ്രവര്‍ത്തന മേഖലകളിലും വൈവിധ്യമുള്ള മികച്ച മത്സരാര്‍ഥികളാണ് പങ്കെടുത്തത്. അന്യ ഭാഷാ ബിഗ് ബോസ് പ്രേക്ഷകരുടെ ആവേശത്തെ മലയാളവും പിന്തുടര്‍ന്നു. ബിഗ് ബോസിലെ മത്സരാര്‍ഥികള്‍ക്ക് ആര്‍മി ഗ്രൂപ്പുകള്‍ രൂപപ്പെട്ടു. സാബു മോൻ, പേളി മാണി എന്നിവര്‍ക്കായിരുന്നു കൂടുതല്‍ ആരാധക പിന്തുണ. ബിഗ് ബോസ് ഷോ വിധി നിര്‍ണയത്തിലും ആ ആരാധക പിന്തുണ കൃത്യമായി പ്രതിഫലിച്ചു. ബിഗ് ബോസ് കിരീടം ചൂടിയത് സാബു മോൻ. റണ്ണര്‍ അപ്പായത് പേളി മാണി.

മലയാളത്തിലെ ആദ്യ സീസണില്‍ ബിഗ് ബോസ് സാക്ഷ്യം വഹിച്ചത് ഒട്ടേറെ നാടകീയ സംഭവങ്ങള്‍ക്കായിരുന്നു. അരിസ്റ്റോ സുരേഷ് അടക്കമുള്ള മത്സരാര്‍ഥികള്‍ പൊട്ടിക്കരയുന്നതും ആരാധക പിന്തുണകള്‍ മാറിമറിയുന്നതും കണ്ടു. ബിഗ് ബോസിന്റെ ആദ്യ സീസണില്‍ തന്നെ ഒരു പ്രണയവും പൂവിട്ടു. പേളി മാണിയും ശ്രീനിഷും തമ്മിലുള്ള പ്രണയ ബന്ധം വിവാഹത്തിലെത്തിയതും ബിഗ് ബോസ് ആരാധകര്‍ ആഘോഷിച്ചു.


ബിഗ് ബോസിന്റെ രണ്ടാം സീസണ്‍ നടന്നത് ചെന്നൈയിലായിരുന്നു. ആദ്യ സീസണ്‍ പോലെ തന്നെ ജനകീയമായി മാറിയ ഷോയായിരുന്നു രണ്ടാമത്തേതും. നിയമാവലികള്‍ തെറ്റിച്ചതിന്റെ പേരില്‍ ഡോ. രജിത് കുമാറിനെ ഷോയില്‍ നിന്ന് പുറത്താക്കിയതടക്കമുള്ള  നാടകീയ സംഭവങ്ങള്‍ രണ്ടാം സീസണില്‍ അരങ്ങേറി, ആര്യ, വീണ, ഫുക്രു, മഞ്‍ജു പത്രോസ്, അലസാൻഡ്ര, പരീക്കുട്ടി തുടങ്ങിയ സിനിമ, സീരീയല്‍ സോഷ്യല്‍ മീഡിയ സെലിബ്രിറ്റികളായിരുന്നു രണ്ടാം സീസണിലെ മത്സരാര്‍ഥികള്‍. കൊവിഡിന്റെ ഒന്നാം തരംഗത്തെ തുടര്‍ന്ന് പാതിക്ക് നിര്‍ത്തിവെച്ച ബിഗ് ബോസ് ഷോയുടെ രണ്ടാം സീസണിലെ വിജയിയെ പ്രഖ്യാപിച്ചിരുന്നില്ല.

ഏറ്റവും ഒടുവിലത്തെ സീസണും ചെന്നൈയിലായിരുന്നു നടന്നത്. മണിക്കുട്ടൻ, ഭാഗ്യലക്ഷ്‍മി തുടങ്ങിയ പ്രശസ്‍തര്‍ പങ്കെടുത്തെങ്കിലും പൊതുവേ സാധാരണക്കാരായ മത്സരാര്‍ഥികളായിരുന്നു ഉണ്ടായിരുന്നത്. സ്വപ്‍നം കാണുന്നവരുടെ സീസണ്‍ എന്ന വിശേഷണം അക്ഷരാര്‍ഥത്തില്‍ യോജിക്കുന്നതുമായിരുന്നു. സായ് വിഷ്‍ണുവടക്കമുള്ള മത്സാര്‍ഥികള്‍ സ്വന്തം സ്വപ്‍നത്തെ കുറിച്ച് വാതോരാതെ ബിഗ് ബോസില്‍ സംസാരിച്ചു. സ്വപ്‍നം കാണുന്ന ഓരോരുത്തരെയും സ്വന്തം വീട്ടിലെ അംഗത്തെപ്പോലെ പ്രേക്ഷകര്‍ സ്വീകരിക്കുകയും ചെയ്‍തു. കൊവിഡ് കാരണം ബിഗ് ബോസ് ഇടയ്‍ക്കുവെച്ച് നിര്‍ത്തേണ്ടി വന്നു. പക്ഷേ കഴിഞ്ഞതവണ ബിഗ് ബോസ് വിജയിയെ പ്രഖ്യാപിക്കാൻ തന്നെ തീരുമാനിക്കുകയായിരുന്നു.

കൊവിഡ് പശ്ചാത്തലത്തില്‍ 100 ദിവസം പൂര്‍ത്തിയാക്കാന്‍ കഴിയാതിരുന്നതിനാല്‍ ഒരു നിശ്ചിത കാലയളവില്‍ വോട്ട് ചെയ്യാന്‍ പ്രേക്ഷകര്‍ക്ക് നേരിട്ട് അവസരം നല്‍കുകയായിരുന്നു. പ്രേക്ഷകരുടെ വോട്ട് ഏറ്റവും കൂടുതല്‍ കിട്ടിയത് ഷോ നടക്കുമ്പോള്‍ തന്നെ ആരാധകര്‍ ആഘോഷിച്ച മണിക്കുട്ടനായിരുന്നു. രണ്ടാംസ്ഥാനം സായ് വിഷ്‍ണുവിനും മൂന്നാം സ്ഥാനം ഡിംപല്‍ ഭാലിനുമായിരുന്നു. റംസാൻ നാലാം സ്ഥാനത്തും അനൂപ് കൃഷ്‍ണൻ അഞ്ചാമതുമെത്തി.

മുംബൈ ഗഗോരെഗാവിലെ ഫിലിം സിറ്റിയിലാണ് ബിഗ് ബോസ് ഇത്തവണ നടക്കുന്നത്. ഒരു കൂട്ടം മത്സരാർത്ഥികൾ പുറംലോകവുമായി യാതൊരു ബന്ധവുമില്ലാതെ നാളെ മുതല്‍ മുംബൈയിലെ ബിഗ് ബോസ് ഹൗസില്‍ 100 ദിവസത്തേയ്‍ക്ക് ജീവിക്കാൻ പോകുകയാണ്. മത്സരാര്‍ഥികള്‍ ആരൊക്കെയാണെന്ന് ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഊഹാപോഹങ്ങള്‍ പ്രചരിക്കുന്നുണ്ട്. ബിഗ് ബോസ് താരങ്ങളാകാൻ ആരൊക്കെയാകും എത്തുക എന്നറിയാൻ നാളെ വരെ കാത്തിരിക്കാം. ബിഗ് ബോസ് മലയാളം സീസണ്‍ 24 മണിക്കൂറും  ഹോട്ട് സ്റ്റാറില്‍ സംപ്രേഷണം ചെയ്യുന്നുവെന്ന  പ്രത്യേകതയും ഇത്തവണയുണ്ട്. ഏറ്റവുമൊടുവിൽ വീട്ടിൽ അവശേഷിക്കുന്നയാളെ  നാലാം സീസണിലെ വിജയിയായി പ്രഖ്യാപിക്കുന്നതു വരെ ഇനി മലയാളി പ്രേക്ഷകര്‍ക്ക് ബിഗ് ബോസ് കാലമായിരിക്കും.

തിങ്കൾ മുതൽ വെള്ളി വരെയുള്ള ദിവസങ്ങളിൽ രാത്രി 9.30 മുതലും ശനിയും ഞായറും ഒമ്പത് മണിക്കുമാണ് ഷോയുടെ സംപ്രേഷണം. സം​ഗതി കളറാകും എന്ന ടാ​ഗ് ലൈനോടെയാണ് പുതിയസീസൺ ആരംഭിക്കുന്നത്. ഇത്തവണ എന്ത് മാനദണ്ഡം നോക്കിയാണ് മത്സരാർഥികളെ തെരഞ്ഞെടുത്തിരിക്കുന്നത് എന്ന് നേരത്തെ പുറത്തുവന്ന പ്രമോയിൽ നിന്നും വ്യക്തമാണ്. പ്രമുഖ സംവിധായകനും ആര്‍ട് ഡയറക്ടറുമായ ഒമംങ് കുമാര്‍ ആണ് ബിഗ് ബോസ് ഹൗസ് ഒരുക്കിയിരിക്കുന്നത്.

click me!