വെള്ളിയാങ്കല്ല് എന്നാണ് ഇത്തവണത്തെ വീക്കിലി ടാസ്കിന്‍റെ പേര്
ബിഗ് ബോസ് മലയാളം സീസണ്‍ 5 ലെ വീക്കിലി ടാസ്കിനിടെ മത്സരാര്‍ഥികള്‍ക്കിടയില്‍ ചെറിയ തോതില്‍ സംഘര്‍ഷം. വെള്ളിയാങ്കല്ല് എന്ന് പേരിട്ടിരിക്കുന്ന ഈ വാരത്തിലെ വീക്കിലി ടാസ്ക് ഇന്നലെയാണ് ആരംഭിച്ചത്. കടലില്‍ രത്നം വാരാന്‍ പോകുന്ന വ്യാപാരികളും അധികാരികളും കടല്‍ക്കൊള്ളക്കാരുമൊക്കെ അടങ്ങുന്ന കളിയാണ് ഇത്. ഇന്നലത്തെ അധികാരികളെയും കടല്‍ക്കൊള്ളക്കാരെയും പരസ്പരം മാറ്റിയാണ് ബിഗ് ബോസ് ഇന്ന് ഗെയിം ആരംഭിച്ചത്. ഇന്നത്തെ ഗെയിം തുടങ്ങി അധികം വൈകും മുന്‍പ് തന്നെ മത്സരാര്‍ഥികള്‍ക്കിടയിലെ സംഘര്‍ഷവും ആരംഭിച്ചിരുന്നു.
വ്യാപാരികളില്‍ കുറച്ച് പേര്‍ക്ക് മാത്രമായിരുന്നു ആക്റ്റിവിറ്റി ഏരിയയില്‍ സൃഷ്ടിച്ച കടലില്‍ പോകാനുള്ള അവസരം. കടലില്‍ പോകാത്ത വ്യാപാരികളായ റെനീഷും ഷിജുവും പുറത്ത് നില്‍പ്പുണ്ടായിരുന്നു. വ്യാപാരികള്‍ വന്ന ശേഷമാണ് കൊള്ളക്കാര്‍ക്ക് അവരുടെ നേര്‍ക്ക് ചെന്ന് രത്നം കൈക്കലാക്കാന്‍ അവസരം. എന്നാല്‍ ബിഗ് ബോസിന്‍റെ ഗെയിം നിയമത്തില്‍ പഴുതുണ്ടെന്നും കടലില്‍ പോകാത്ത വ്യാപാരികളെ എപ്പോള്‍ വേണമെങ്കിലും ആക്രമിക്കാമെന്നും ഗോപിക മനീഷയോടും ഹനാനോടും പറയുകയായിരുന്നു. തുടര്‍ന്ന് മനീഷയും ഗോപികയും ഹനാനും അടങ്ങിയ കൊള്ളക്കാരുടെ സംഘം കൂട്ടമായി വന്ന് പുറത്ത് നിന്നിരുന്ന റിനോഷിനെ വളഞ്ഞു. മൈക്കും ബാറ്ററിയും അടങ്ങുന്ന റിനോഷിന്‍റെ ക്രോസ് ബാഗില്‍ ഗോപിക പിടിച്ചപ്പോള്‍ ഹനാന്‍ റിനോഷ് രത്നങ്ങള്‍ സൂക്ഷിച്ചിരുന്ന ബാഗ് തുറക്കുകയായിരുന്നു. രത്നങ്ങള്‍ പുറത്തേക്ക് ചിതറുകയും ചെയ്തു.
undefined
ഹൗസില്‍ എന്ത് പ്രശ്നങ്ങള്‍ ഉണ്ടാവുമ്പോഴും എല്ലായ്പ്പോഴും സൗമ്യമായി പെരുമാറാറുള്ള റിനോഷ് പക്ഷേ ഇന്ന് അങ്ങനെയല്ല പെരുമാറിയത്. പുറത്തേക്ക് തെറിച്ചുവീണ രത്നങ്ങള്‍ കൈക്കലാക്കാന്‍ ഈ സമയം കടല്‍ക്കൊള്ളക്കാരുടെ സംഘത്തിലെ ചിലരും എത്തി. പൊട്ടിത്തെറിച്ചുകൊണ്ടായിരുന്നു റിനോഷിന്‍റെ പ്രതികരണം. തന്‍റെ ക്രോസ് ബാഗ് റിനോഷ് ഊരി എറിയുകയും ചെയ്തു. തൊട്ടുപിന്നാലെ ബിഗ് ബോസിന്‍റെ പ്രഖ്യാപനം എത്തി. സൈറണ്‍ മുഴങ്ങുന്നതിന് മുന്‍പ് വ്യാപാരികളെ അക്രമിക്കാനാവില്ല എന്നതായിരുന്നു അത്. ഇതുകേട്ട ഹനാന്‍ താന്‍ കൈക്കലാക്കിയ രത്നങ്ങള്‍ റിനോഷിനെ തിരിച്ചേല്‍പ്പിച്ചു. എന്നാല്‍ റിനോഷിന് രത്നങ്ങളില്‍ നല്ലൊരു പങ്കും നഷ്ടമായിരുന്നു. പിന്നാലെ ക്ഷമ ചോദിച്ചുകൊണ്ട് മനീഷ എത്തിയെങ്കിലും അടുത്തേക്ക് വരേണ്ട എന്ന നിലപാടിയിരുന്നു റിനോഷിന്. എന്നാല്‍ ഏറെ വൈകാതെ തളര്‍ന്നുവീണ മനീഷയെ മെഡിക്കല്‍ റൂമിലേക്ക് എത്തിക്കാന്‍ റിനോഷും മുന്‍പന്തിയില്‍ ഉണ്ടായിരുന്നു.
ALSO READ : 'തുറമുഖം' ഒടിടിയിലേക്ക്; റിലീസ് തീയതി പ്രഖ്യാപിച്ചു