ജാസ്മിന്റെ വാക്ക് ഔട്ടും റോബിന്റെ എലിമിനേഷനും കൊണ്ട് സംഭവ ബഹുലമായിരുന്നു ഈ വാരം.
ഇരുപത്തി എട്ട് ദിവസങ്ങൾ കൂടി കഴിഞ്ഞാൽ ബിഗ് ബോസ്(Bigg Boss) സീസൺ നാല് അവസാനിക്കും. ഓരോദിവസം കഴിയുന്തോറും അപ്രതീക്ഷിതമായ കാര്യങ്ങളാണ് ബിബി വീട്ടിൽ അരങ്ങേറുന്നത്. ജാസ്മിന്റെ വാക്ക് ഔട്ടും റോബിന്റെ എലിമിനേഷനും കൊണ്ട് സംഭവ ബഹുലമായിരുന്നു ഈ വാരം. ഇതിനിടയിലും എലിമിനേഷൻ പ്രക്രിയ ആരംഭിച്ചെങ്കിലും അത് അസാധുവാക്കിയിരിക്കുകയാണ് ബിഗ് ബോസ്.
റിയാസ്, റോണ്‍സണ്‍, ബ്ലെസ്ലി, ദില്‍ഷ, വിനയ്, അഖില്‍ എന്നിവരാണ് ഈ ആഴ്ചയിലെ നോമിനേഷനിൽ വന്നത്. എവിക്ഷൻ പ്രക്രിയയിൽ വന്നതിനെ കുറിച്ച് എന്താണ് പറയാനുള്ളതെന്ന് മോഹൻലാൽ ചോദിക്കുകയും, പിന്നാലെ ഓരോരുത്തരും അവരവരുടെ ഭാഗങ്ങൾ വിശദീകരിക്കുകയും ചെയ്തു. എഴുപത് ദിവസം വരെ നിൽക്കാൻ സാധിച്ചത് വലിയ കാര്യമാണെന്നാണ് ദിൽഷ, അഖിൽ ഉൾപ്പടെ ഉള്ളവർ പറയുന്നത്.
'കുറ്റബോധം തോന്നുന്നു, ജീവിതകാലം മുഴുവൻ റോബിന് എന്നോട് ദേഷ്യം കാണും'; നിരാശയോടെ റിയാസ്
പിന്നാലെയാണ് എവിക്ഷൻ പ്രഖ്യാപനം മോഹൻലാൽ നടത്തിയത്. അപ്രതീക്ഷിതമായി ബിഗ് ബോസ് വീട്ടിൽ നിന്നും രണ്ടു പേർ ഇറങ്ങിയതിനാൽ ഈ ആഴ്ചയിലെ എവിക്ഷൻ പ്രക്രിയ അസാധുവായിരിക്കുന്നുവെന്ന് മോഹൻലാൽ അറിയിക്കുക ആയിരുന്നു. വളരെ അത്യപൂർവ്വമായി നടക്കുന്ന കാര്യങ്ങളാണ് ഓരോന്നും. ഇനിയുള്ള ദിവസങ്ങളിൽ നിങ്ങൾ സ്വന്തമായിട്ട് കളിക്കണം. വ്യക്തിപരവും ബുദ്ധിപരവുമായി കളിക്കണം. ഇനിയുള്ള ഓരോ ദിവസവും പ്രാധാന്യമുള്ളവയാണെന്നും ആശംസകൾ അറിയിക്കുന്നുവെന്നും മോഹൻലാൽ പറയുക ആയിരുന്നു.
എത്ര ആഗ്രഹങ്ങളുമായിട്ട് വന്ന മനുഷ്യനാ
എഴുപത്തി ഒന്നാമത്തെ എപ്പിസോഡ് ആരംഭിച്ചത് തന്നെ ബ്ലെസ്ലിയും ദിൽഷയും റോബിനെ കുറിച്ച് സംസാരിക്കുന്നത് കാണിച്ചു കൊണ്ടാണ്. 'എപ്പഴും ഞാൻ പറയും ദേഷ്യം വരുമ്പോൾ ഒന്ന് കൺട്രോൾ ചെയ്യെന്ന്. എത്ര ആഗ്രഹങ്ങളുമായിട്ട് വന്ന മനുഷ്യനാണെന്നറിയോ. എത്ര വേദനകൾ സഹിച്ചിട്ടാ ഇവിടെ നിന്നതെന്നറിയോ നിനക്ക്. നിങ്ങൾക്ക് ആർക്കും അറിയാത്ത അദ്ദേഹത്തിന്റെ ഒരുകാര്യം എനിക്കറിയാം. അതൊക്കെ ആലോചിക്കുമ്പോഴാ എനിക്ക് കൂടുതൽ വിഷമം ആകുന്നത്', എന്നാണ് ദിൽഷ പറയുന്നത്. ആരോഗ്യപരമായ എന്തെങ്കിലും പ്രശ്നം ആണോ എന്ന് ബ്ലെസ്ലി ചോദിച്ചെങ്കിലും കാര്യം പറയാൻ ദിൽഷ കൂട്ടാക്കിയില്ല.