'ബിഗ് ബോസ് വിജയി ആയാല്‍ ലഭിക്കുന്ന തുക 'പുരുഷധന'മായി വിവാഹം കഴിക്കുന്നയാള്‍ക്ക്'; ബ്ലെസ്‍ലി പറയുന്നു

By Web Team  |  First Published Jun 27, 2022, 4:01 PM IST

'ബിഗ് ബോസില്‍ ഞാന്‍ ജയിക്കുകയാണെങ്കില്‍ ഈ വരുന്ന ഫണ്ട് ഞാന്‍ വിവാഹം കഴിക്കുന്ന കുട്ടിക്ക് പുരുഷധനമായി കൊടുക്കണമെന്നുണ്ട്'


ബിഗ് ബോസ് മലയാളം സീസണ്‍ 4ലെ (Bigg Boss 4) ശ്രദ്ധേയ മത്സരാര്‍ഥികളില്‍ ഒരാളാണ് ബ്ലെസ്‍ലി (Blesslee). ചിന്തകളില്‍ എപ്പോഴും വ്യത്യസ്‍തത പുലര്‍ത്തുന്ന ബ്ലെസ്‍ലിയെ താല്‍പര്യമുള്ളവരും ഇല്ലാത്തവും ഹൌസില്‍ ഉണ്ട്. തന്‍റേതായി ഗെയിം സ്ട്രാറ്റജികള്‍ ആവിഷ്കരിച്ച് നടപ്പിലാക്കുന്ന മത്സരാര്‍ഥി കൂടിയാണ് ബ്ലെസ്‍ലി. ചിന്ത കൂടുതലാണെന്ന് ചില മത്സരാര്‍ഥികള്‍ തമാശ പറയാറുണ്ടെങ്കിലും ബ്ലെസ്‍ലിയെ അതൊന്നും ബാധിച്ചിട്ടില്ല. ഇപ്പോഴിതാ സീസണ്‍ 4 അവസാനിക്കാന്‍ ഒരാഴ്ച മാത്രം അവശേഷിക്കെ തന്‍റെ മനസിലുള്ള ചില ആശയങ്ങള്‍ പ്രേക്ഷകരുമായി പങ്കുവച്ചിരിക്കുകയാണ് ബ്ലെസ്‍ലി. ലിംഗസമത്വത്തില്‍ ഊന്നിയ ചില ആശയങ്ങളെക്കുറിച്ചാണ് ബ്ലെസ്‍ലി പറയുന്നത്.

ബിഗ് ബോസ് ടൈറ്റില്‍ വിന്നര്‍ ആയാല്‍ തനിക്ക് ലഭിക്കുന്ന തുക പുരുഷ ധനമായി താന്‍ വിവാഹം കഴിക്കുന്ന പെണ്‍കുട്ടിക്ക് നല്‍കുമെന്ന് ബ്ലെസ്‍ലി പറയുന്നു. നമ്മുടെ നാട്ടിലുള്ള ഒരു സംഭവമാണ് സ്ത്രീധനം. ബിഗ് ബോസില്‍ ഞാന്‍ ജയിക്കുകയാണെങ്കില്‍ ഈ വരുന്ന ഫണ്ട് ഞാന്‍ വിവാഹം കഴിക്കുന്ന കുട്ടിക്ക് പുരുഷധനമായി കൊടുക്കണമെന്നുണ്ട്. അങ്ങനെയൊരു മാതൃക കാണിക്കണമെന്ന് ആഗ്രഹിക്കുന്നു. വിവാഹിതരായ ഒരുപാട് പെണ്‍കുട്ടികള്‍ സ്വന്തം പേരിനൊപ്പം ഭര്‍ത്താവിന്‍റെ പേര് ചേര്‍ക്കുന്നതായി കണ്ടിട്ടുണ്ട്. പകരം ഞാന്‍ ആഗ്രഹിക്കുന്നത് എന്‍റെ പേരിന്‍റെ കൂടെ അവരുടെ പേര് കൂട്ടിച്ചേര്‍ക്കണമെന്നാണ്. അങ്ങനെയും ഒരു സാധ്യത ഉണ്ടെന്ന് കാണിച്ചുകൊടുക്കണം. ജാതി, മത ഭേദങ്ങളില്ലാതെ സ്വന്തം പങ്കാളികളെ തെരഞ്ഞെടുക്കാന്‍ എല്ലാവര്‍ക്കും സാധിക്കട്ടെ, ഞായറാഴ്ച എപ്പിസോഡില്‍ മോഹന്‍ലാല്‍ പോയതിനു ശേഷം ബിഗ് ബോസ് ഹൌസിന് പുറത്തെ ഒരു ക്യാമറയ്ക്ക് അരികില്‍ വന്നായിരുന്നു ബ്ലെസ്‍ലി ഇക്കാര്യങ്ങള്‍ പറഞ്ഞത്.

Latest Videos

ALSO READ : റോബിന്‍ രാധാകൃഷ്ണന്‍ സിനിമയിലേക്ക്; പ്രോജക്റ്റ് പ്രഖ്യാപിച്ച് മോഹന്‍ലാല്‍

ബിഗ് ബോസ് ടൈറ്റില്‍ വിജയിയെ കാത്തിരിക്കുന്നത് ഏഷ്യാനെറ്റ് നല്‍കുന്ന 50 ലക്ഷം രൂപ സമ്മാനമാണ്. അതേസമയം ആറ് പേരാണ് അവസാന വാരം പ്രേക്ഷകരുടെ വോട്ടുകള്‍ തേടുന്നത്. ബ്ലെസ്‍ലി, റിയാസ്, സൂരജ്, ലക്ഷ്‍മിപ്രിയ, ദില്‍ഷ, ധന്യ എന്നിവരാണ് സീസണില്‍ അവശേഷിക്കുന്ന മത്സരാര്‍ഥികളില്‍. ഒരാഴ്ചത്തെ പ്രേക്ഷക വോട്ടിംഗില്‍ ഏറ്റവുമധികം വോട്ടുകള്‍ നേടുന്ന, ഇവരില്‍ ഒരാളാവും സീസണ്‍ 4 ടൈറ്റില്‍ വിജയി.

click me!