ബി​ഗ് ബോസിലേക്ക് രണ്ടാമത്തെ വൈല്‍ഡ് കാര്‍ഡ് ഇന്ന്; മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത് ഒരു സംവിധായകനെ

By Web Team  |  First Published Apr 19, 2023, 10:58 AM IST

തന്‍റെ പുതിയ ചിത്രത്തിനുവേണ്ടി ഓഡിഷന്‍ നടത്താന്‍ ഒരു സംവിധായകന്‍ ഹൗസിലേക്ക് എത്തുന്നുവെന്ന് പറഞ്ഞാണ് ബിഗ് ബോസ് നിലവിലെ മത്സരാര്‍ഥികള്‍ക്ക് മുന്നിലേക്ക് ഇദ്ദേഹത്തെ അവതരിപ്പിക്കുന്നത്


ബിഗ് ബോസ് മലയാളം സീസണ്‍ 5 ലേക്ക് രണ്ടാമത്തെ വൈല്‍ഡ് കാര്‍ഡ് എന്‍ട്രി ഇന്ന് എത്തും. ആദ്യ വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയായി കഴിഞ്ഞ വാരം ഹൗസില്‍ എത്തിയ ഹനാനെ ആരോഗ്യപരമായ കാരണങ്ങളാല്‍ ബിഗ് ബോസ് മാറ്റിനിര്‍ത്തിയിരിക്കുകയാണ്. പതിവിന് വിപരീതമായി ബുധനാഴ്ചയായ ഇന്ന് മത്സരാര്‍ഥികളുമായി സംവദിക്കാനെത്തുന്ന മോഹന്‍ലാല്‍ അവര്‍ക്ക് മുന്നില്‍ പുതിയ വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയെയും അവതരിപ്പിക്കും. ഒരു പുതിയ മത്സരാര്‍ഥി എത്തുന്നുവെന്ന് മാത്രമാണ് ഇന്നലത്തെ എപ്പിസോഡിന് ശേഷമുള്ള പ്രൊമോയില്‍ മോഹന്‍ലാല്‍ പറഞ്ഞിരുന്നതെങ്കില്‍ ഏഷ്യാനെറ്റ് ഇന്ന് പുറത്തുവിട്ട പ്രൊമോയില്‍ ഈ വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയെക്കുറിച്ച് കുറച്ചുകൂടി വിവരങ്ങള്‍ പറയുന്നുണ്ട്.

വരുന്നത് ഒരു സംവിധായകനാണെന്നാണ് മോഹന്‍ലാലും ബിഗ് ബോസും പറയുന്നത്. എന്നാല്‍ പുതിയ മത്സരാര്‍ഥി എന്ന നിലയിലല്ല നിലവില്‍ ഹൗസില്‍ തുടരുന്നവര്‍ക്ക് മുന്നിലേക്ക് ബിഗ് ബോസ് വൈല്‍ഡ് കാര്‍ഡിനെ അവതരിപ്പിക്കുന്നത്. മറിച്ച് തന്‍റെ പുതിയ ചിത്രത്തിനുവേണ്ടി ഓഡിഷന്‍ നടത്താന്‍ ഒരു സംവിധായകന്‍ ഹൗസിലേക്ക് എത്തുന്നുവെന്ന് പറഞ്ഞാണ് ബിഗ് ബോസ് ഇദ്ദേഹത്തെ അവതരിപ്പിക്കുന്നത്. ആള്‍ ആക്റ്റിവിറ്റി ഏരിയയില്‍ ഉണ്ടെന്നും എല്ലാവരും അങ്ങോട്ട് ചെല്ലണമെന്നുമാണ് ബിഗ് ബോസിന്‍റെ നിര്‍ദേശം. ഇതനുസരിച്ച് ആക്റ്റിവിറ്റി ഏരിയയിലേക്ക് പോകുന്ന മത്സരാര്‍ഥികളെയും അവരുടെ വിടര്‍ന്ന മുഖങ്ങളുമൊക്കെ പുറത്തെത്തിയ പ്രൊമോ വീഡിയോയില്‍ ഉണ്ട്. എത്തുന്ന ആളെക്കുറിച്ച് പലവിധ പ്രചരണങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഉണ്ടെങ്കിലും അത് ആരെന്ന് ഉറപ്പിക്കാന്‍ ഇന്നത്തെ എപ്പിസോഡ് വരെ കാത്തിരിക്കേണ്ടിവരും.

Latest Videos

ഇത്തവണ എന്തുകൊണ്ട് ബുധനാഴ്ച താന്‍ എത്തുന്നുവെന്ന് മോഹന്‍ലാല്‍ ഇതിനകം അറിയിച്ചിട്ടുണ്ട്- സാധാരണ നമ്മള്‍ കണ്ടുമുട്ടുന്നത് വാരാന്ത്യങ്ങളിലാണ്. തീരെ ഒഴിവാക്കാനാവാത്ത ഒരു യാത്ര പോവേണ്ടതുണ്ട്. അതുകൊണ്ട് ശനിയാഴ്ച വരെ കാക്കാതെ ബുധന്‍, വ്യാഴം ദിനങ്ങളില്‍ ഞാനെത്തും. അന്ന് നമുക്ക് കാണാനും കേള്‍ക്കാനും പറയാനും ഏറെയുണ്ടാവും. അപ്പൊ ഇനി നേരത്തെ, നേരിട്ട് ബുധനാഴ്ച രാത്രി, മോഹന്‍ലാല്‍ പറഞ്ഞിരുന്നു. അതേസമയം പുതിയ വൈല്‍ഡ് കാര്‍ഡ് എത്തുന്നതോടെ ഹൗസിലെ മത്സരാര്‍ഥികളുടെ എണ്ണം 17 ആവും.

ALSO READ : 'കറിവേപ്പില പറിക്കാന്‍ ആര്‍ത്തവം തീരാന്‍ നോക്കുന്നവരാണ് മുസ്‌ലിം സ്ത്രീകളുടെ സ്വാതന്ത്ര്യം ചര്‍ച്ചയാക്കുന്നത്'

click me!