'കില്ലാടി'യാകുമെന്ന് പ്രതീക്ഷിച്ച മത്സരാർത്ഥി, 'ജീവിത ഗ്രാഫി'ൽ തപ്പിത്തടഞ്ഞ അനിയൻ മിഥുൻ

By Nithya Robinson  |  First Published Jun 23, 2023, 6:22 PM IST

ഹൗസില്‍ ഫിസിക്കൽ ടാസ്ക്കിൽ സഹമത്സരാർത്ഥികളുടെ പേടിസ്വപ്‍നമായി മാറാൻ അനിയൻ മിഥുന് സാധിച്ചിരുന്നു.


2023 മാർച്ച് 26. ഏറെ നാളത്തെ കാത്തിരിപ്പുകൾക്ക് ഒടുവിൽ ബിഗ് ബോസ് മലയാളം സീസൺ അഞ്ചിന് തുടക്കമായി. പതിനെട്ട് മത്സരാർത്ഥികളുമായി തുടങ്ങിയ സീസണിൽ ആദ്യദിനം മുതൽ പ്രേക്ഷക ശ്രദ്ധനേടിയ ചില മത്സരാർത്ഥികൾ ഉണ്ട്. പക്ഷേ അവരിൽ ചിലര്‍ പിന്നീട് നിരാശയാണ് സമ്മാനിച്ചത്. അക്കൂട്ടത്തിൽ ഒരാളാണ് അനിയൻ മിഥുൻ. സ്പോർട്‍സ്‍മാൻ ആയതുകൊണ്ടും ആദ്യ കാഴ്‍ചയിലെ ആറ്റിട്യൂഡ് കൊണ്ടും മിഥുൻ ഈ സീസണിൽ കസറുമെന്ന് പ്രേക്ഷകർ വിധിയെഴുതിയിരുന്നു. പക്ഷേ ആ പ്രതീക്ഷകൾക്ക് മങ്ങലേൽക്കുന്ന സംഭവ വികാസങ്ങളാണ് പിന്നീട് ബിഗ് ബോസ് വീട്ടിൽ നടന്നത് എന്നതിനാല്‍, പുറത്താകാൻ സാധ്യതയുള്ള മത്സരാര്‍ത്ഥികളിൽ ഒന്നാംപേരുകാരനായി മിഥുൻ എപ്പോഴും മാറുകയും ചെയ്‍തിരുന്നു.

ആദ്യമൊക്കെ ഒരു ബിബി മെറ്റീരിയൽ ആണ് അനിയൻ മിഥുൻ എന്ന് ഏവരും വിധിയെഴുതിയിരുന്നു. അത്തരത്തിലുള്ള പ്രകടനങ്ങളായിരുന്നു നടന്നതും. എന്നാൽ പതിയെ പതിയെ മിഥുനിലെ ​ഗെയിമർ ഒളിമങ്ങിത്തുടങ്ങി. ബി​​​ഗ് ബോസ് മലയാളം ചരിത്രത്തിൽ‌ മറ്റൊരു മത്സരാർത്ഥിയും നേരിടാത്ത പ്രതിസന്ധിയിലൂടെ കടന്നുപോയി. ഒടുവിൽ പഴയ മിഥുൻ തിരിച്ചുവരുന്നെന്ന് പ്രേക്ഷകർ വിധയെഴുതുമ്പോൾ, ഇത്രയും നാളത്തെ താരത്തിന്റെ ബിബി ജീവിതത്തിലേക്ക് ഒരു തിരിഞ്ഞുനോട്ടം. 

Latest Videos

undefined

തുടക്കത്തിൽ ഗംഭീരമാക്കിയ അനിയൻ മിഥുൻ

മുൻപ് പല ജിമ്മൻമാരും ഷോയിൽ വന്നിട്ടുണ്ടെങ്കിലും അവരാരും തന്നെ മറ്റൊരു ജിമ്മൻ കൂടിയായ മിഥുന്റെ അത്ര ശ്രദ്ധനേടിയില്ല. സ്പോർട്‍സ്‍മാൻ എന്നതായിരുന്നു അതിന് കാരണം. പ്രത്യേകിച്ച് അത്ര കേട്ട് പരിചയമില്ലാത്ത 'വുഷു' എന്ന കായിക ഇനത്തെ പ്രതിനിധീകരിക്കുന്ന വ്യക്തി. ഇത് പ്രേക്ഷകരിലും സഹമത്സാർത്ഥികളിലും മിഥുന് ശ്രദ്ധനേടി കൊടുത്തു. എന്തിനേറെ മോഹൻലാലിന് തന്നെ മിഥുനോട് ഒരു താല്പര്യം ഉണ്ടായിയെന്ന് പ്രേക്ഷകര്‍ അഭിപ്രായപ്പെട്ടു. മിഥുന്റെ പെരുമാറ്റത്തില്‍ പ്രകടമാകുന്ന നിഷ്‍കളങ്കത കൂടിയായിരുന്നു അതിന് കാരണം.

ടാസ്‍കിൽ എതിരാളികളുടെ പേടിസ്വപ്‍നം!

ഹൗസില്‍ ഫിസിക്കൽ ടാസ്ക്കിൽ സഹമത്സരാർത്ഥികളുടെ പേടിസ്വപ്‍നമായി മാറാൻ അനിയൻ മിഥുന് സാധിച്ചിരുന്നു. ആദ്യ രണ്ട് മൂന്ന് ആഴ്‍ചവരെ നടന്ന എല്ലാ ഗെയിമിലും തന്റെ 100 ശതമാനം കൊടുത്ത് അനിയൻ മുന്നേറി. ടാസ്ക്കുകളിൽ അനിയനെ തോൽപ്പിക്കാൻ വിഷ്‍ണുവിനെ സാധിക്കൂ എന്ന് പൊതുവിൽ സംസാരം വന്നു. ഗ്രൂപ്പിന് പ്രാധാന്യം ഉള്ള ടാസ്‍കുകളിൽ തങ്ങൾക്കൊപ്പം മിഥുൻ വേണമെന്ന് പലരും വാശിപിടിച്ചു. എന്നാൽ പോകപ്പോകെ മിഥുന്റെ ഗെയിം സ്‍പിരിറ്റിൽ വിള്ളലുകൾ വീഴാൻ തുടങ്ങി. തനിക്ക് നല്ല രീതിയിൽ ഗെയിം ചെയ്യണമെന്ന് മിഥുൻ പറഞ്ഞു കൊണ്ടേയിരുന്നെങ്കിലും, അതിനനുസരിച്ചുള്ള പ്രകടനം മിഥുന് കാഴ്‍ചവയ്ക്കാൻ സാധിച്ചിട്ടില്ല എന്നത് വ്യക്തം.

അഖിൽ മാരാർ ഗ്യാങ്ങിനൊപ്പം

ബിഗ് ബോസ് വീടിനകത്ത് എല്ലാവരുമായും മിഥുന് അടുപ്പം ഉണ്ടായിരുന്നു. അഖിൽ മാരാർ ഗ്യാങ്ങിനൊപ്പം ആയിരുന്നു മിഥുൻ ഒരു സൗഹൃദ വലയം തുടങ്ങുന്നത്. പൊതുവിൽ ബിബി ഹൗസിൽ ഒരാരവം ഉണ്ടാക്കുന്നവരാണ് അഖിൽ- വിഷ്‍ണു- ഷിജു കൂട്ടുകെട്ട്. ഇവര്‍ ഒരു ഗെയിമിനെ എതൊക്കെ രീതിയിൽ മാറ്റിമറിക്കുമെന്ന് മനസിലാക്കാൻ ബുദ്ധിമുട്ടേറെയാണ്. ഇത്തരത്തിൽ വീട്ടില്‍ ഗെയിം ചെയ്ഞ്ചർമാരായ ഗ്യാങ്ങിനൊപ്പം സ്പോർട്‍സ്‍മാനായ മിഥുനും കൂടി ചേർന്നപ്പോൾ അത് പ്രേക്ഷർക്ക് ഏറെ താല്പര്യമുള്ള കോമ്പോ ആയി മാറി. 'മാണിക്യക്കല്ല്' പോലുള്ള ടാസ്‍കിൽ മിഥുൻ കല്ല് അടിച്ചു മാറ്റിയതെല്ലാം ഏറെ ശ്രദ്ധേയമായ കാര്യമായിരുന്നു. അഖിൽ ഗ്യാങ്ങിനൊപ്പമുള്ള എല്ലാ ഫിസിക്കൽ ടാസ്‍കിലും മിഥുൻ കസറി എന്ന് നിസംശയം പറയാം. പക്ഷേ അതിന്റെ ക്രെഡിറ്റ് വേണ്ടവിധം മിഥുന് കിട്ടിയോ എന്ന കാര്യത്തിൽ സംശയമാണ്.

വിഷ്‍ണു ജോഷിയുമായി നല്ലൊരു ബോണ്ട് മിഥുന് ഇണ്ടായിരുന്നു. മിഥുനോട് ബഹുമാനം ആയിരുന്നു വിഷ്‍ണുവിന്. ഗെയിമിനിടയിലെ ഇവരുടെ കോമ്പോ വളരെ അധികം കയ്യടി നേടി. എന്നാൽ പതിയെ ആ കൂട്ടുകെട്ട് ഇല്ലാതായെന്ന് മാത്രമല്ല ചെറിയ തോതിൽ ശത്രുതയും വന്നു. പതിയെ മിഥുൻ- മാരാർ- വിഷ്‍ണു- ഷിജു സംഘം ബിബി ഹൗസിൽ അപ്രത്യക്ഷമാകാൻ തുടങ്ങി. അന്നുമുതൽ മിഥുന്റെ ഗെയിമിലും മാറ്റങ്ങൾ പ്രകടമായി.

റിനോഷും ശ്രുതിയും

ബിബി ഹൗസിൽ എത്തിയപ്പോൾ തന്നെ ശ്രുതി ലക്ഷ്‍മിയോട് ക്രഷ് ഉണ്ടെന്ന് മിഥുൻ തുറന്ന് പറഞ്ഞിരുന്നു. അതുപക്ഷേ ശ്രുതിയുടെ സീരിയലുകളും സിനിമകളുമെല്ലാം കണ്ടിട്ടായിരുന്നു. ഇത് സഹമത്സരാർത്ഥികൾക്കിടയിലും പുറത്തും ഏറെ ശ്രദ്ധനേടി. വിഷ്‍ണു ഉൾപ്പടെ ഉള്ളവർ മിഥുനെ ചൊടിപ്പിക്കാനായി ശ്രുതിയോട് സംസാരിക്കുകയും ഇടപഴകുകയും ചെയ്‍തു. ഇത് മിഥുനിൽ പ്രകടമല്ലാത്ത പൊസസീവ്നെസ്സ് ഉളവാക്കിയിരുന്നു എന്നും വ്യക്തം. ശ്രുതിയോടുള്ള സംസാരം പ്രേക്ഷകരിൽ ചെറുതല്ലാത്ത രീതിയില്‍ മുഷിപ്പും ഉളവാക്കി.

ആദ്യമേ റിനോഷ്- ശ്രുതി കൂട്ടുകെട്ട് ഹൗസിൽ ഉണ്ടായിരുന്നു. ശ്രുതിയുമായുള്ള അടുപ്പം പിന്നീട് റിനോഷിലേക്കും മിഥുനെ എത്തിച്ചു. ശ്രുതി എവിക്ട് ആകുന്നതിന് മുൻപും ശേഷവും ആ സൗഹൃദം അവർ മുന്നോട്ട് കൊണ്ടുപോയി. പക്ഷേ ഇതോടെ മിഥുനിൽ മാറ്റങ്ങൾ പ്രകടമാകുക ആയിരുന്നു. അതായത്, പൂർണമായും റിനോഷിലേക്ക് മാത്രമായി മിഥുൻ ഒതുങ്ങിക്കൂടി.

എന്തുകൊണ്ട് നോട്ടബിൾ പ്ലെയർ ആയില്ല?

വിഷ്‍ണു, അഖിൽ മാരാർ, ശോഭ, നാദിറ തുടങ്ങിയ മത്സരാർത്ഥികൾ എല്ലാവരും നല്ല ഗെയിമേഴ്‍സ് ആണ്. അവർ ഓരോ ടാസ്‍കുകളിലും പൊതുവിലുള്ള ഇടപെടലിലും എടുക്കുന്ന എഫേർട്ടും സ്ട്രാറ്റജികളും ഒക്കെയാണ് അതിന് കാരണം. ആദ്യമൊക്കെ മിഥുനും അങ്ങനെ ആയിരുന്നെങ്കിലും പിന്നീട് എവിടെയോ മിഥുന് പിഴച്ചു. അതിനൊരു പ്രധാന കാരണം സംസാരിക്കാൻ അറിയില്ല എന്നതാണ്.

തനിക്കെതിരെ പൊടുന്നനെ വരുന്ന ആരോപണങ്ങളിലായാലും ചോദ്യങ്ങളിലായാലും മിഥുൻ പലപ്പോഴും പതറാറുണ്ട്. ബിബി വാർത്താസമ്മേളനത്തിൽ അക്കാര്യം മിഥുൻ തന്നെ തുറന്ന് സമ്മതിച്ചതുമാണ്. ബിഗ് ബോസ് പോലൊരു പ്ലാറ്റ്ഫോമിൽ ഒരിക്കലും സംസാരിക്കാതിരിക്കാൻ സാധിക്കില്ല. ഒരു ആരോപണം വന്നാൽ പ്രത്യാരോപണം, വാദങ്ങൾക്ക് എതിർ വാദം ഒക്കെ ഷോയ്ക്ക് അനിവാര്യമാണ്. സംസാരിക്കുന്ന ഓരോ കാര്യവും അവിടെ ഹൗസിലെ മറ്റുള്ള മത്സരാർത്ഥികൾക്കും പ്രേക്ഷകർക്കും ഒരുപോലെ മനസിലാകണം. ഈ ഒരു കമ്മ്യൂണിക്കേഷൻ ഷോയിലെ പ്രധാന ഘടകമാണ്. അതിന് സാധിച്ചില്ലെങ്കിൽ പ്രേക്ഷക ശ്രദ്ധകുറയും എന്ന് ഉറപ്പ്. അത് മിഥുനും സംഭവിച്ചു.

ഇത്തരത്തിൽ സംസാരിക്കാൻ അറിയാത്തത് കൊണ്ടാകണം മിഥുന് ബിബി ഹൗസിൽ കൂടുൽ സൗഹൃദം ഉള്ളതും. അതായത്, സംസാരിച്ച് നിൽക്കുന്നവർക്കിടയിൽ ആണല്ലോ തർക്കങ്ങളും ശത്രുതയും വളരുന്നത്. ചുരുക്കിപ്പറഞ്ഞാൽ മറ്റുള്ളവർക്ക് ടാർഗെറ്റ് ചെയ്യാനുള്ളൊരു എലമെന്റ് മിഥുന് ഇല്ലായിരുന്നു എന്ന് വ്യക്തം.

കൂടാതെ വ്യക്തിഗത ടാസ്‍കുകളിലായാലും പൊതു പ്രകടനങ്ങളിൽ ആയാലും മിഥുന് തന്റെ സ്ഥാനം അടയാളപ്പെടുത്താൽ കഴിയാതെ ആയി. അധികം ഫിസിക്കൽ ടാസ്‍കിലും മിഥുന് വലിയ തോതിലുള്ള പ്രകടനം കാഴ്‍ചവയ്ക്കാനും സാധിച്ചില്ല. അതായത്, മിഥുൻ ഫിസിക്കൽ ടാസ്കിൽ തന്റെ ബലം പ്രയോഗിച്ചാൽ അത് മറ്റുള്ളവരെ എങ്ങനെ ബാധിക്കുമെന്ന് അറിയില്ല. അത് മിഥുന് നന്നായി തന്നെ അറിയുകയും ചെയ്യാം. അതുകൊണ്ടുതന്നെ മിഥുന് പല ടാസ്‍കിലും വേണ്ടത്ര പ്രകടനം കാഴ്‍ചവയ്ക്കാൻ സാധിച്ചിട്ടുമില്ല. അത് മിഥുന്റെ ഗെയിമിനെയും വലിയ തോതിൽ ബാധിച്ചിരിക്കാം.

മിഥുൻ റിനോഷിലേക്കെത്തിയതോ ?

ബിഗ് ബോസിനുള്ളിൽ നിലനിൽക്കുന്ന സൗഹൃദങ്ങളിലൊന്ന് മിഥുനും റിനോഷും തമ്മിലുള്ളതാണ്.  ശ്രുതിയിലൂടെയാണ് ഇവരുടെ സൗഹൃദം തുടങ്ങുന്നതും. മിഥുൻ- റിനോഷ് കൂട്ടുകെട്ട് വീടിനകത്തും പുറത്തും ഒരുപോലെ ചർച്ചയായി. 'ദാസനും വിജയനും' എന്ന പേരിൽ ഈ കോമ്പോ ആരാധകർക്കിടയിൽ ആഘോഷിക്കപ്പെട്ടു. ഗെയിമുകളിലും നോമിനേഷനിലും  ഇരുവരും പരസ്‍പരം വിട്ടുകൊടുത്ത് കളിക്കുന്നതെല്ലാം വീട്ടിലെ സ്ഥിരം കാഴ്‍ചയായി. എന്തിനേറെ 'ആർമി പ്രണയ കഥ'യുടെ പേരിൽ പലരും വിമർശിക്കാൻ നോക്കിയപ്പോഴും റിനോഷ് മിഥുനെ ചേർത്തുനിർത്തി.

എന്നാൽ, ഒരു മത്സരാർത്ഥി എന്ന നിലയിൽ മുന്നോട്ടുള്ള യാത്രയ്ക്ക് വേണ്ടി റിനോഷിലേക്ക് മിഥുൻ  എത്തിയതാകാൻ ചാൻസ് ഉണ്ട്. അതിന് പ്രധാനകാരണം റിനോഷിന് നന്നായി സംസാരിക്കാൻ അറിയാം എന്നതാണ്. ഈ സീസണില്‍ അഞ്ചിൽ  മത്സരാര്‍ഥികളില്‍ ഏറ്റവും നന്നായി സംസാരിക്കാൻ അറിയാവുന്ന ഒരാൾ റിനോഷ് ആണ്. അതിലൂടെയാണ് റിനോഷ് ഫാൻ ബേയ്‍സ് ഉണ്ടാക്കിയതെന്നും വ്യക്തമാണ് (മിഥുൻ ഫിസിക്കൽ സെറ്റിബിലിറ്റിയുള്ള ആളും). അങ്ങനെയുള്ള ഒരു വ്യക്തിയുമായി, സംസാരിച്ച് നിൽക്കാൻ സാധിക്കാത്ത മിഥുൻ ചേർ‌ന്നെന്ന് പറയുന്നതിൽ അതിശയോക്തി ഇല്ല. അതായത്, എന്താണോ തനിക്ക് ഇല്ലാത്തത്, അതുള്ള ആളെ മിഥുൻ അവസാന നിമിഷങ്ങളിൽ കണ്ടെത്തുക ആയിരുന്നിരിക്കാം.

മിഥുൻ, റിനോഷ് കീ കൊടുത്ത പാവയോ ?

റിനോഷുമായുള്ള സൗഹൃദം മിഥുന് പോസിറ്റീവിനൊപ്പം തന്നെ നെഗറ്റീവ് ആയും ഭവിച്ചിട്ടുണ്ട്. മിഥുന്റെ പൊതുവിലുള്ള ഇടപെടലും ഗെയിമുകളിലെ പ്രകടനങ്ങളും ആണ് ഇങ്ങനെ പറയാൻ കാരണം. റിനോഷിന്റെ വലിയ സ്വാധീനം തന്നെ മിഥുനിൽ ഉണ്ടായിട്ടുണ്ട്. നോമിനേഷനുകളിൽ പോലും ആരെ മിഥുൻ നോമിനേറ്റ് ചെയ്യണം എന്ന് പോലും റിനോഷിന്റെ കൈകളിൽ ആയി. ഊണും ഉറക്കവും സംസാരവും എല്ലാം റിനോഷിനോട് മാത്രമായി. വിഷ്‍ണുവുമായുള്ള തർക്കത്തിന് ഇടയിൽ, മിഥുനെ റിനോഷ് എടുത്തിട്ടുവെന്നും പലപ്പോഴും തോന്നിയിരുന്നു. ഇത് റിനോഷിന് ഗുണവും മിഥുന് ദോഷവുമായി തന്നെ ഭവിച്ചു.

റിനോഷിന്റെ മറ്റുള്ള കളിക്കാരോടുള്ള സമീപനം മിഥുനിലും കൊണ്ടുവന്ന്, മിഥുൻ അറിയാതെ തന്നെ റിനോഷിന് ഇഷ്‍ടമല്ലാത്തവർ മിഥുനും ഇഷ്‍ടമല്ലാത്തവരായി മാറുക ആയിരുന്നു. അതായത്, റിനോഷ് കീ കൊടുത്താൽ കറങ്ങുന്ന പാവ കണക്ക് മിഥുൻ മാറുക ആയിരുന്നു എന്ന് വ്യക്തം. അതേസമയം, മാനസികമായി മിഥുൻ ഏറെ പ്രതിസന്ധിയിലായപ്പോൾ റിനോഷ് ആ വിഷയം കൈകാര്യം ചെയ്‍തതും സുഹൃത്തിനെ ഒപ്പം നിർത്തിയുമെല്ലാം പ്രശംസിനീയവും ആണ്.

പഴയ മിഥുൻ തിരിച്ചുവന്നോ ?

ബിഗ് ബോസ് മലയാളം സീസൺ അഞ്ചിലിപ്പോൾ ടിക്കറ്റ് ടു ഫിനാലെ കഴിഞ്ഞിരിക്കുകയാണ്. വ്യക്തിഗതവും മാരത്തോൺ മത്സരങ്ങളും ആയതുകൊണ്ട് തന്നെ മിഥുനും റിനോഷും തമ്മിലുള്ളൊരു സംസാരം കുറച്ചു ദിവസങ്ങളായി കുറവായിരുന്നു. അതുകൊണ്ട് മിഥുന്റെ പഴയൊരു പ്രസരിപ്പും ചിരിയുമൊക്കെ തിരിച്ചുവന്നുവെന്നാണ് പ്രേക്ഷക പക്ഷം.

കഴിഞ്ഞ കാർണിവൽ ടാസ്‍കിനിടയിൽ പരാജയപ്പെട്ടപ്പോൾ മിഥുൻ അഖിൽ-വിഷ്‍ണു-ഷിജു കൂട്ടുകെട്ടിനൊപ്പം ഇരിക്കുകയും ടാസ്‍ക്കളിക്കുന്നവർക്ക് മുൻപിലിരുന്നു ഭക്ഷണം കഴിക്കുകയുമെല്ലാം ചെയ്‍ത്രുന്നു. ആദ്യത്തെ ഒരു കൂട്ടുകെട്ട് ആ ദിവസം ബിഗ് ബോസ് വീട്ടിൽ കാണാൻ സാധിച്ചു. അന്ന് റിനോഷ് ഗെയിമിൽ നിന്നും പുറത്തായിരുന്നെങ്കിൽ ഇങ്ങനെ ഒരു കാഴ്‍ച നൂറ് ശതമാനവും ഉണ്ടാകില്ലായിരുന്നു. മിഥുൻ എന്ന ഗെയിമറെ നശിപ്പിച്ചത് റിനോഷ് ആണെന്നും പ്രേക്ഷകർ പറഞ്ഞിരുന്നു. പക്ഷേ വീണ്ടും റിനോഷിനൊപ്പം നടക്കുന്ന മിഥുനെ തന്നെ ബിബി ഹൗസിൽ കാണേണ്ടി വരും. നിലവിൽ ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് ആശുപത്രിയിലാണ് റിനോഷ് .  

'ജീവിത ഗ്രാഫ്' കൈവിട്ട മിഥുന്‍

മിഥുനെ പറ്റിയുള്ള അതുവരെയുള്ള ഇമേജ് മാറ്റിമറിച്ച സംഭവമായിരുന്നു 'ജീവിത ഗ്രാഫ്' എന്ന വീക്കിലി ടാസ്‍കിലെ 'ആർമി പ്രണയ കഥ'. ബിഗ് ബോസ് പ്രേക്ഷകരുടെ 'കിളി പറഞ്ഞിയ' സംഭവം എന്ന് വേണമെങ്കിൽ പറായം. ടാസ്‍ക് ചെയ്യാൻ മടി കാണിച്ച മിഥുനെ അഖിലിന്റെ പ്ലാനിലൂടെ ആണ് ടാസികിലേക്ക് ഇറക്കിയത്. ഇത് വലിയ തർക്കങ്ങൾക്കും കാരണമായി.

'ജീവിത ഗ്രാഫ്' ടാസ്‍കില്‍ പാര കമാന്‍റോ ആയ കാമുകി എനിക്ക് ഉണ്ടായിരുന്നുവെന്നും  അവർ വെടിയേറ്റ് കൊല്ലപ്പെട്ടെന്നും ദേശീയ പതാക പുതപ്പിച്ച അവരെ താൻ കെട്ടിപ്പിടിച്ച് കരഞ്ഞെന്നുമൊക്കെ അനിയന്‍ മിഥുന്‍ പറഞ്ഞിരുന്നു. ടാസ്‍കിന്റെ  ആ ദിവസം മുതൽ തന്നെ ഇതിനെതിരെ ചോദ്യങ്ങളും വിമർശനങ്ങളും ഉയർന്നിരുന്നു. പിന്നാലെ വിഷയത്തില്‍ ചോദ്യങ്ങളുന്നയിച്ച് മോഹന്‍ലാലും രംഗത്തെത്തിയിരുന്നു. പാര കമന്‍റോയില്‍ ഒരു ലേഡി ഇല്ലെന്ന് മോഹന്‍ലാല്‍ തീര്‍ത്ത് പറഞ്ഞിരുന്നു. 1992 മുതലാണ്  സ്ത്രീകളെ സായുധ സേനയില്‍ എടുക്കാന്‍ തുടങ്ങിയത്. അത് അഡ്‍മിനിസ്ട്രേഷന്‍, മെഡിക്കല്‍ തുടങ്ങിയവയിലാണ്. അല്ലാതെ ആര്‍ട്ടലറി ഇന്‍ഫെന്‍ററി എന്നിവയില്‍ ഒന്നും അല്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. പിന്നാലെ വലിയ തോതിലുള്ള ചർച്ചകളാണ് മിഥുനെ പറ്റിയും ഈ കഥയെ പറ്റിയും എന്തിനേറെ വുഷുവിനെ പറ്റിവരെ ചർച്ചകൾ നടന്നു. മിഥുന് വുഷുവുമായി യാതൊരു ബന്ധവും ഇല്ലെന്ന് വരെ പലരും വെളിപ്പെടുത്തി. ഒടുവിൽ മിഥുനെ ബിഗ് ബോസ് ചോദ്യം ചെയ്യുകയും ചെയ്‍തു.

മിഥുനോട് ബിഗ് ബോസ് ചോദിച്ച ചോദ്യങ്ങൾ

  • വുഷു എന്ന കായിക വിനോദം നിങ്ങള്‍ എപ്പോള്‍ മുതലാണ് ആരംഭിച്ചത്?
  • ഏതെല്ലാം ക്ലബ്ബുകളിലാണ് വുഷുവുമായി ബന്ധപ്പെട്ട് നിങ്ങള്‍ അംഗത്വം നേടിയിട്ടുള്ളത്?
  • കേരള വുഷു അസോസിയേഷന്‍, ഇന്ത്യന്‍ വുഷു അസോസിയേഷന്‍ ഇവരുടെയെല്ലാം അനുമതിയോട് കൂടിയാണോ നിങ്ങള്‍ മത്സരങ്ങളില്‍ പങ്കെടുക്കുന്നത്?
  • ജമ്മുവിലെ ക്ലബ്ബ് ഏതാണ്?
  • ആരാണ് നിങ്ങളുടെ ഔദ്യോഗിക പരിശീലകന്‍?
  • രാജ്യത്തെ പ്രതിനിധീകരിച്ച് ഏതൊക്കെ മത്സരങ്ങളിലാണ് നിങ്ങള്‍ പങ്കെടുത്തിട്ടുള്ളത്?
  • ഏത് വര്‍ഷം?
  • അത് എവിടെവച്ചാണ് നടന്നത്?
  • അവിടെ എത്താനുള്ള സാഹചര്യം ഉണ്ടായത്?
  • നിങ്ങള്‍ വേള്‍ഡ് ചാമ്പ്യന്‍ ആണെന്ന് ഇവിടെ ഒരു പരാമര്‍ശം നടത്തുകയുണ്ടായി. ആരായിരുന്നു പ്രതിയോഗി?
  • അതില്‍ നിങ്ങള്‍ക്ക് വേള്‍ഡ് ചാമ്പ്യന്‍ എന്ന പട്ടം കിട്ടിയിരുന്നോ?
  • പ്രേക്ഷകരുടെ സംശയങ്ങള്‍ ദുരീകരിക്കാനായി ഇതുമായി ബന്ധപ്പെട്ട് നിങ്ങള്‍ക്ക് കൂടുതല്‍ എന്തെങ്കിലും പറയാനുണ്ടോ?
  • ഏത് വിഭാഗം ആയിരുന്നു?

ഇവയ്ക്ക് എല്ലാം മിഥുൻ മറുപടി പറഞ്ഞെങ്കിലും നിലവിൽ വിമർശനങ്ങൾ ഉയരുന്നതിനാൽ അവ എത്രത്തോളം സ്വീകാര്യമായിരിക്കും എന്ന കാര്യത്തിൽ സംശയമാണ്. ഈ സംഭവത്തിന് ശേഷം മിഥുൻ മാനസികമായി തളർന്നിരുന്നു. എന്നാൽ, നിലവിൽ അതിൽ നിന്നൊരു മുക്തി മിഥുന് കൈവന്നിട്ടുണ്ട്. അതൊരുപക്ഷേ ഒരു സ്പോർട്‍സ്‍മാൻ ആയതുകൊണ്ടാകണം. അതായത്, വീണിടത്ത് നിന്ന് എഴുന്നേൽക്കുന്നൊരു രീതിയാണല്ലോ കയിക താരങ്ങൾക്ക് ഉള്ളത്.

മിഥുന്റെ 'ജീവിത ഗ്രാഫ്' വിഷയം, മറ്റ് മത്സരാർത്ഥികൾ ഗെയിമിന് വേണ്ടി എടുത്തില്ല എന്നതാണ് ഏറ്റവും വലിയ സവിശേഷത. പൊതുവിൽ ഏത് വിഷയമായാലും അതിനെ പറ്റി ദിവസങ്ങളോളം പറഞ്ഞ് തർക്കത്തിൽ ഏർപ്പെടുന്ന പതിവ് ബിഗ് ബോസിൽ ഉണ്ട്. അതുപക്ഷേ ഈ വിഷയത്തിൽ കൊണ്ടുവന്നില്ല എന്നത് ഈ ബിഗ് ബോസ് സീസണിലെ മത്സരാർത്ഥികളുടെ ഏറ്റവും വലിയ പ്രത്യേകതയാണ്. ഇക്കാര്യത്തിൽ റിനോഷും കാര്യമായ ഇൻഫ്ലുവൻസ് ചൊലുത്തിയിരുന്നു. കഴിഞ്ഞ വാരം മിഥുൻ നോമിനേഷനിൽ വരാതിരിക്കാനുള്ള കാരണവും ഇതായിരുന്നു. ഒരുപക്ഷേ മിഥുൻ അന്ന് നോമിനേഷനിൽ വന്നിരുന്നെങ്കിൽ എവിക്ട് ആകുമായിരുന്നിരിക്കണം.

എന്തായാലും നിലവിൽ മിഥുൻ വിഷയം ചെറുതായി ഒന്ന് കെട്ടടഞ്ഞിട്ടുണ്ട്. ഫാമിലി വീക്കിൽ മിഥുന്റെ അച്ഛനും അമ്മയും വന്നത് തന്നെ അതിന് തെളിവായേക്കാം. എന്നിരുന്നാലും പുറത്തിറങ്ങുമ്പോൾ 'ജീവിത ഗ്രാഫി'ന്റെ കാര്യത്തില്‍ മിഥുന് ചില പ്രശ്‍നങ്ങൾ ഉണ്ടാകാനും സാധ്യതയേറെയാണ്. എന്തായാലും അക്കാര്യം മിഥുനെ അലട്ടുന്ന വിഷയവും ആണ്. അതുകാരണമാകാം മറ്റുള്ള കാര്യങ്ങളിലൊന്നും നിലവിൽ മിഥുൻ ഇടപെടാതെ മാറിപ്പോകുന്നത്. മാത്രവുമല്ല വീട്ടില്‍ മിഥുൻ പറഞ്ഞ കഥയിൽ എത്രത്തോളം വാസ്‍തവമുണ്ട് ഇല്ല എന്നുള്ള കാര്യങ്ങളും പിന്നീട് തെളിയേണ്ടവയാണ്.

എന്തായലും നിലവിൽ പഴയ അനിയൻ മിഥുൻ തിരിച്ചുവന്നുവെന്ന് വ്യക്തമാണ്. മിഥുന്റെ മാതാപിതാക്കൾ തന്നെ അക്കാര്യം പറയുകയും ചെയ്‍തിട്ടുണ്ട്. ഇനി എന്താണ് ബിഗ് ബോസ് ഹൗസിൽ മിഥുന് നേരിടേണ്ടി വരുന്ന കാര്യങ്ങളെന്ന് കാത്തിരുന്ന് കാണേണ്ടിയിരിക്കുന്നു. ഒരുപക്ഷേ അടുത്ത എവിക്ഷനിൽ മിഥുൻ ഹൗസില്‍ നിന്ന് പുറത്തുപോകാനും ഇടയുണ്ട്.

ബിഗ് ബോസ് സീസണ്‍ 5 റിവ്യു വായിക്കാം..

ബിബിയിലെ ഗെയിം ചെയ്ഞ്ചർ, തന്ത്രശാലി, 'അണ്ണന്റെ പ്രിയ തമ്പി'; 'ഖൽ നായകിന്' തെറ്റിയതെവിടെ?

ജുനൈസ്, റിനോഷിന്റെ ഒളിയമ്പോ ? കളിമാറ്റുമോ 'ആമിനത്താത്ത'

മുഖംമൂടികൾ അഴിഞ്ഞോ? റിയാസിന്റെയും ഫിറോസിന്റെയും വരവ് ഗുണം ചെയ്‍തത് ആർക്ക് ?

ബിഗ്ബോസ് വീട്ടില്‍ സാഗര്‍ വീണു പോയ കുഴികള്‍; ഒടുവില്‍ പുറത്തേക്ക് !

ആര് ആരെ പൂട്ടും ? മാരാർ- വിഷ്ണു കൂട്ടുകെട്ടിൽ വിള്ളൽ വീഴുമ്പോൾ...

ഇവരുടെ വരവ് വെറുതെ അല്ല; സെയ്‍ഫ് ഗെയിമർ, നന്മമരം, ഗ്രൂപ്പ് കളിക്കാർ.. ജാഗ്രതൈ!

വമ്പന്മാരോട് കൊമ്പുകോർക്കുന്ന ശോഭ; ഈ മുന്നേറ്റം കപ്പിലേക്കെത്തുമോ ?

സാഗർ -സെറീന 'പ്രണയം' സ്ട്രാറ്റജിയോ ? സൗഹൃദങ്ങൾക്ക് എന്ത് സംഭവിക്കും ?

കളം നിറഞ്ഞ ഫിറ്റ്നസ് ഫ്രീക്കൻ, തന്ത്രശാലി; എന്നിട്ടും വിഷ്ണുവിന് സംഭവിക്കുന്നത് എന്ത് ?

ബി​ഗ് ബോസ് മലയാളത്തിലെ ആദ്യ കോമണർ, ​ഗോപിക പുറത്തായത് എന്തുകൊണ്ട്?

റിനോഷിന്റേത് 'നന്മമരം' കളിയോ ? ഇങ്ങനെ പോയാൽ 'വിഷയം' ആകുമേ..

അഖിൽ മാരാരുടെ തന്ത്രങ്ങൾ ഇനി എന്തൊക്കെ ?

സ്റ്റാർ ആയി റിനോഷും വിഷ്ണുവും, പ്രതീക്ഷ തെറ്റിച്ച് ശോഭയും സാ​ഗറും ; ബി​ബി 5 ആദ്യവാരം ഇങ്ങനെ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം..

click me!