'പ്രണയം യഥാര്‍ഥം, ആര്‍മി പശ്ചാത്തലം കൂട്ടിച്ചേര്‍ത്തത്'; ബിഗ് ബോസില്‍ പരസ്യമായി മാപ്പ് പറഞ്ഞ് അനിയന്‍ മിഥുന്‍

By Web Team  |  First Published Jun 30, 2023, 11:50 PM IST

"പക്ഷേ അത് ഇപ്പോള്‍ വന്നുവന്ന് എന്‍റെ പ്രൊഫഷനെയും ചോദ്യം ചെയ്യുന്ന ഒരു അവസ്ഥയിലേക്ക് എത്തിയിരിക്കുകയാണ്"


ബിഗ് ബോസ് മലയാളം സീസണ്‍ 5 ല്‍ വലിയ ചര്‍ച്ചയായ ഒന്നായിരുന്നു ജീവിതകഥ പറയവെ മിഥുന്‍ വിവരിച്ച തന്‍റെ പ്രണയകഥ. സന എന്ന ആര്‍മി ഓഫീസറുമായി താന്‍ പ്രണയത്തിലായിരുന്നുവെന്നും പിന്നീട് അവര്‍ വെടിയേറ്റ് മരിച്ചുവെന്നുമൊക്കെ മിഥുന്‍ പറഞ്ഞിരുന്നു. ഈ കഥയുടെ വിശ്വാസ്യത സോഷ്യല്‍ മീഡിയയില്‍ ചോദ്യം ചെയ്യപ്പെട്ടിരുന്നു. പിന്നീട് അടുത്ത വാരാന്ത്യ എപ്പിസോഡില്‍ മോഹന്‍ലാല്‍ തന്നെ ഇതിന്‍റെ വിശ്വാസ്യത ചോദ്യം ചെയ്തു. അത് ബിഗ് ബോസ് പ്രേക്ഷകര്‍ക്ക് പുറത്തേക്ക് വലിയ സാമൂഹിക ചര്‍ച്ചയായും മാറിയിരുന്നു. എന്നാല്‍ ബിഗ് ബോസില്‍ ഉണ്ടായിരുന്നത് വരേയ്ക്കും മിഥുന്‍ ഇക്കാര്യത്തില്‍ കൂടുതല്‍ പ്രതികരണമൊന്നും നടത്തിയിരുന്നില്ല. കഴിഞ്ഞ വാരം എവിക്റ്റ് ആയതിനു ശേഷം ഫിനാലെയ്ക്ക് മുന്നോടിയായി സീസണിലെ മുന്‍ മത്സരാര്‍ഥികളുടെ പുനസമാഗമത്തിന്‍റെ ഭാഗമായി ഹൌസിലേക്ക് മിഥുനും എത്തി. അവിടെവച്ച് താന്‍ പറഞ്ഞ കഥയുടെ വാസ്തവം മിഥുന്‍ വിശദീകരിച്ചു. ബിബി അവാര്‍ഡ്സ് വേദിയില്‍ വച്ചാണ് മിഥുന്‍ മത്സരാര്‍ഥികളോടും പ്രേക്ഷകരോടും ഇക്കാര്യം പറഞ്ഞത്.

അനിയന്‍ മിഥുന്‍ പറയുന്നു

Latest Videos

undefined

പുറത്ത് പോയപ്പോഴാണ് ഈ വിഷയം ഇത്രത്തോളം രൂക്ഷമായി കത്തിക്കയറി എന്ന് ഞാന്‍ അറിയുന്നത്. സൈബര്‍ ആക്രമണം ഉണ്ടായി. എന്‍റെ സുഹൃത്തുക്കളെയും വീട്ടുകാരെയും ഇത് വിഷമിപ്പിച്ചു. സന എന്ന് പറയുന്ന ആ കഥയില്‍ ഞാന്‍ ഇന്ത്യന്‍ ആര്‍മിയുടെ പേര് എടുത്തിട്ടത് വളരെയധികം പ്രശ്നമായിരുന്നു. ആ ഒരു പ്രശ്നത്തെ തുടര്‍ന്നാണ് അത് ആകെ കത്തിക്കയറിയത്. എന്‍റെ ജീവിതത്തില്‍ ഒരു പ്രണയം ഉണ്ടായിട്ടുണ്ട്. പക്ഷേ അതില്‍ ഇന്ത്യന്‍ ആര്‍മി എന്ന ഒരു ഫോഴ്സിന്‍റെ കാര്യം ഞാന്‍ എടുത്തിട്ടു. അത് ചെയ്യാന്‍ പാടില്ലാത്ത ഒരു കാര്യം ആയിരുന്നു. പറയാന്‍ പാടില്ലാത്ത കാര്യം ആയിരുന്നു. അത് അപ്പോഴത്തെ മാനസികാവസ്ഥയില്‍ ഞാന്‍ പറഞ്ഞുപോയതാണ്. ആ ഒരു കഥ പറഞ്ഞതിന് എല്ലാവരുടെ മുന്നിലും ഞാന്‍ ഒന്നുകൂടി സോറി ചോദിക്കുകയാണ്. 

എന്‍റെ ജീവിതത്തില്‍ എനിക്കൊരു പ്രണയം ഉണ്ടായിട്ടുണ്ട്. പക്ഷേ ഇന്ത്യന്‍ ആര്‍മി ഓഫീസര്‍.. അങ്ങനെയൊന്നും ഇല്ല. അത് ആ ഒരു ഇതില്‍ അങ്ങ് പറഞ്ഞ് പോയതാണ് ഞാന്‍. പക്ഷേ അത് ഇപ്പോള്‍ വന്നുവന്ന് എന്‍റെ പ്രൊഫഷനെയും ചോദ്യം ചെയ്യുന്ന ഒരു അവസ്ഥയിലേക്ക് എത്തിയിരിക്കുകയാണ്. വുഷു ഞാന്‍ പഠിച്ചിട്ടില്ല, വുഷു എനിക്ക് അറിയില്ല എന്നുവരെ ആയി ഇപ്പോള്‍. അങ്ങനത്തെ രീതിയിലുള്ള സൈബര്‍ ആക്രമണം വരെ വന്നിട്ടുണ്ട്. അത് ഞാന്‍ പുറത്ത് പോയിട്ട് തെളിയിച്ചോളാം. ആദ്യത്തെ ആ കഥയുടെ പേരില്‍ എല്ലാ മലയാളികളോടും ഞാന്‍ ക്ഷമ ചോദിക്കുന്നു. എല്ലാ പട്ടാളക്കാരോടും സോറി പറയുന്നു. ചാനലിലോടും. എന്നെ സ്നേഹിക്കുന്ന ഒരു വലിയ വിഭാഗം ഇപ്പോഴും ഉണ്ട്. അവരെ എനിക്കൊന്ന് ബോധ്യപ്പെടുത്തണം എന്ന് ഉണ്ടായിരുന്നു. അതുകൊണ്ടാണ് ഇപ്പോള്‍ ഇത് പറഞ്ഞത്. പ്രൊഫഷനിലും വലിച്ചുകീറി. അത് മാത്രമേ എനിക്ക് ഇത്തിരി വിഷമമായിട്ടുള്ളൂ. എന്‍റെ വീട്ടുകാര്‍ക്ക് ആയാലും. ഞാന്‍ ചെയ്ത ഈ പ്രശ്നത്തിന്‍റെ പേരില്‍ എയര്‍പോര്‍ട്ടില്‍ വച്ച് എന്‍റെ അച്ഛനെയും അമ്മയെയും മാധ്യമങ്ങള്‍ വളഞ്ഞിട്ട് ആക്രമിച്ചു. അത് വളരെയധികം മോശമായ കാര്യമാണ്. 

ഞാന്‍ കളിക്കുന്നത് പ്രോ വുഷു ആണ്. പ്രോ വുഷു സാന്‍ഡയാണ്. പ്രൊഫഷണല്‍ ഫൈറ്റര്‍ ആണ്, അമച്വര്‍ ഫൈറ്റര്‍ അല്ല. ഇവരുടെ അസോസിയേഷനിലേക്ക് എടുത്തിടാനോ എടുത്ത് കളയാനോ പറ്റില്ല. എനിക്ക് അടുത്ത വര്‍ഷം ഒരു കളി വന്നാല്‍ എനിക്ക് പോയി കളിക്കാം. പല ബ്രാന്‍ഡുകളും എന്നെ പിന്തുണയ്ക്കുന്നുണ്ട്. ഇനിയും വരും കളി. ഒരേ വര്‍ഷം ഒന്നോ രണ്ടോ ഇന്‍റര്‍നാഷണല്‍ കളിക്കാനുള്ള പ്ലാന്‍ ആണ്. ഞാന്‍ സംസാരിക്കാതെ തന്നെ ഇതൊക്കെ തെളിഞ്ഞ് തുടങ്ങുന്നുണ്ട്. ഇത്രയും വലിയ ഒരു പ്ലാറ്റ്ഫോമില്‍ നിന്ന് കൊടുക്കുന്ന വിശദീകരണം ഒരു പ്രസ്മീറ്റില്‍ പോലും എനിക്ക് കൊടുക്കാന്‍ പറ്റില്ല. 

ALSO READ : 'ശോഭയ്ക്ക് രണ്ടാം സ്ഥാനം കിട്ടുന്നത് പോലും എനിക്ക് അംഗീകരിക്കാന്‍ പറ്റില്ല'; അഖില്‍ മാരാര്‍ പറയുന്നു

WATCH VIDEO : ആത്മാർത്ഥ സൗഹൃദത്തിന്‍റെ അവസാനവാക്കായി ആരാധകരുടെ 'ആണ്ടവർ'! ഇതാണ് ഷിജു അബ്‍ദുള്‍ റഷീദ്: വീഡിയോ

click me!