ആദ്യവാരം ജയിലിലായ രണ്ടുപേരില്‍ ഒരാള്‍ ഏയ്ഞ്ചലിന്‍ ആയിരുന്നു
ബിഗ് ബോസ് മലയാളം സീസണ്‍ 5 ലെ മത്സരാര്‍ഥികളില്‍ ഒരാളാണ് ഏയ്ഞ്ചലിന്‍ മരിയ. സീസണ്‍ ഓഫ് ഒറിജിനല്‍സ് എന്നു പേരിട്ടിരിക്കുന്ന സീസണിലെ ഏറ്റവും പ്രായം കുറഞ്ഞ മത്സരാര്‍ഥിയും ഏയ്ഞ്ചലിന്‍ ആണ്. ബിഗ് ബോസ് ഗെയിം എന്താണെന്നും എങ്ങനെ കളിക്കണമെന്നുമൊക്കെ അറിയാവുന്നവരാണ് ഇത്തവണത്തെ മത്സരാര്‍ഥികളില്‍ ഭൂരിഭാഗവും. എന്നാല്‍ ആകെ ആശയക്കുഴപ്പത്തില്‍ പെട്ട അവസ്ഥയിലായിരുന്നു ആദ്യ വാരത്തില്‍ ഏയ്ഞ്ചലിന്‍റെ പ്രകടനം. താനിപ്പോഴും ഒരു അത്ഭുതലോകത്തില്‍ എത്തിയതുപോലെയാണെന്ന് ശനിയാഴ്ച എപ്പോസിഡില്‍ ഏയ്ഞ്ചലിന്‍ മോഹന്‍ലാലിനോട് പറയുകയുമുണ്ടായി. ഞായാറാഴ്ച എപ്പിസോഡില്‍ രസകരമായ ഒരു ടാസ്ക് നല്‍കുന്നുണ്ട് മോഹന്‍ലാല്‍. ഇതിന്‍റെ പ്രൊമോ വീഡിയോ ഏഷ്യാനെറ്റ് പുറത്തുവിട്ടിട്ടുണ്ട്.
കഴിഞ്ഞ വാരം കിച്ചണ്‍ ടീമിനൊപ്പമായിരുന്ന ഏയ്ഞ്ചലിനോട് ടീമിലെ പലരും തങ്ങളും അഭിപ്രായ വ്യത്യാസങ്ങള്‍ അറിയിച്ചിരുന്നു. ഏയ്ഞ്ചലിന്‍ അടുക്കള ജോലിയുമായി സഹകരിക്കുന്നില്ലെന്നായിരുന്നു പരാതി. ഇതിനിടെ ഒരിക്കല്‍ മനീഷ ദോശ ചുടുന്നതിനിടയില്‍ ഏയ്ഞ്ചല്‍ വന്ന് ഒരു ദോശ ചുടുകയും അത് വലിയ നേട്ടമായി മറ്റുള്ളവരോട് പറഞ്ഞു നടക്കുകയും ചെയ്തിരുന്നു. ഇന്നത്തെ എപ്പിസോഡില്‍ ഏയ്ഞ്ചലിന് ഒരു ദോശയുണ്ടാക്കല്‍ ടാസ്ക് ആണ് മോഹന്‍ലാല്‍ നല്‍കുന്നത്. ഏയ്ഞ്ചല്‍ ദോശയുണ്ടാക്കുന്നത് സഹമത്സരാര്‍ഥികള്‍ കൗതുകപൂര്‍വ്വം നോക്കുന്നുണ്ട്.
നോണ്‍സ്റ്റിക് പാനിലേക്ക് എണ്ണ ഒഴിച്ച് തൂത്തതിനു ശേഷമാണ് ഏയ്ഞ്ചലിന്‍ ദോശ ഉണ്ടാക്കുന്നത്. ഉണ്ടാക്കിയ ദോശ മോഹന്‍ലാല്‍ രുചിച്ച് അഭിപ്രായം പറയുന്നതും പ്രൊമോ വീഡിയോയില്‍ ഉണ്ട്. ആദ്യവാരം ജയിലിലായ രണ്ടുപേരില്‍ ഒരാള്‍ ഏയ്ഞ്ചലിന്‍ ആയിരുന്നു. റിനോഷ് ജോര്‍ജ് ആയിരുന്നു മറ്റൊരാള്‍. അതേസമയം പ്രേക്ഷകര്‍ക്കിടയില്‍ ഇതിനകം ആവേശം തീര്‍ത്തിരിക്കുന്ന ബിഗ് ബോസ് മലയാളം സീസണ്‍ 5 രണ്ടാം വാരത്തിലേക്ക് കടന്നിരിക്കുകയാണ്. അഖില്‍ മാരാരാണ് ഈ സീസണിലെ ആദ്യ ക്യാപ്റ്റന്‍.