'അഖിലേട്ടന്‍ ബിഗ് ബോസ് കണ്ട് പഠിച്ചിട്ടാണ് വന്നിരിക്കുന്നത്'; ആരോപണവുമായി ജുനൈസ്

By Web Team  |  First Published Apr 4, 2023, 4:19 PM IST

"ഇവിടെ ഏറ്റവും കൂടുതല്‍ ഗെയിം കാണാതെ വന്ന ഒരാളാണ് അഖിലേട്ടന്‍ എന്ന് പറയുന്നു. പക്ഷേ"


ബിഗ് ബോസ് മലയാളം സീസണ്‍ 5 ലെ ശ്രദ്ധേയ മത്സരാര്‍ഥികളില്‍ ഒരാളാണ് അഖില്‍ മാരാര്‍. ബിഗ് ബോസ് എന്ന ഷോ താന്‍ ഇതുവരെ കണ്ടിട്ടില്ലെന്നും അതിനാല്‍ത്തന്നെ തയ്യാറെടുപ്പുകളൊന്നും കൂടാതെയാണ് എത്തിയിരിക്കുന്നതെന്നും ഈ വാരാന്ത്യത്തില്‍ മോഹന്‍ലാലിന്‍റെ ചോദ്യത്തിന് മറുപടിയായി അഖില്‍ പറഞ്ഞിരുന്നു. ഹൗസില്‍ പലപ്പോഴും അഖില്‍ ഇക്കാര്യം ആവര്‍ത്തിച്ചിട്ടുമുണ്ട്. എന്നാല്‍ അഖിലിന്‍റെ ഈ അവകാശവാദം പൊള്ളയാണെന്ന് ആരോപിക്കുകയാണ് സഹമത്സരാര്‍ഥിയായ ജുനൈസ്. ബിഗ് ബോസ് ഷോ ഏറ്റവുമധികം കണ്ട് പഠിച്ചിട്ട് വന്നിരിക്കുന്ന ഒരാള്‍ അഖില്‍ ആണെന്ന് പറയുന്നു ജുനൈസ്. കഴിഞ്ഞ ദിവസത്തെ മോണിംഗ് ആക്റ്റിവിറ്റിയിലാണ് ജുനൈസ് ഇക്കാര്യം പറഞ്ഞത്.

സഹമത്സരാര്‍ഥികളില്‍ ഒരാളുടെ സംസാരം മ്യൂട്ട് ചെയ്യണമെങ്കില്‍ അത് ആരുടെ ആയിരിക്കും എന്ന് പറയാനായിരുന്നു ബിഗ് ബോസിന്‍റെ നിര്‍ദേശം. ഇതിന് അഖിലിന്‍റെ പേരാണ് ജുനൈസ് പറഞ്ഞത്. പിന്നാലെയാണ് ഈ ആരോപണം ഉന്നയിച്ചത്. അത് ഇങ്ങനെ- "ഇവിടെ ഏറ്റവും കൂടുതല്‍ ഗെയിം കാണാതെ വന്ന ഒരാളാണ് അഖിലേട്ടന്‍ എന്ന് പറയുന്നു. പക്ഷേ എനിക്ക് തോന്നുന്നു ഈ ഗെയിം ഏറ്റവും കൂടുതല്‍ കണ്ട് മനസിലാക്കി പഠിച്ചിട്ടാണ് അഖിലേട്ടന്‍ വന്നിരിക്കുന്നത്. കാരണം ഒരു പ്രശ്നം നടക്കുമ്പോള്‍ അഖിലേട്ടന്‍ പറയുന്ന പല സ്റ്റേറ്റ്മെന്‍റുകളുണ്ട്.. എനിക്ക് ജനങ്ങള്‍ ഉണ്ട്, ജനങ്ങള്‍ കാണുന്നുണ്ട് അങ്ങനെ.. അഖിലേട്ടന്‍റെ പല തെറ്റുകളും ബോധപൂര്‍വ്വം ക്യാമറയിലൂടെ തന്‍റെ കാഴ്ചപ്പാടില്‍ ന്യായീകരിക്കുന്നത് ഞാന്‍ കാണുന്നുണ്ട്. മുന്‍ സീസണുകളില്‍ പല മത്സരാര്‍ഥികളും ആ സ്ട്രാറ്റജിയിലൂടെ പോയിട്ട് വലിയ ജനപിന്തുണ നേടിയിട്ടുണ്ട്. അതുകൊണ്ട് തന്നെ എനിക്ക് അങ്ങനെ തോന്നിയിട്ടുണ്ട്. സോറി. പൊള്ളയായ ആശയങ്ങളും അഭിപ്രായങ്ങളും എന്നെ സംബന്ധിച്ച് അഖിലേട്ടനാണ്. 100 ദിവസം ഈ വീട്ടില്‍ നില്‍ക്കുമ്പോള്‍ ധൈര്യപൂര്‍വ്വം ഏറ്റുമുട്ടാന്‍ എനിക്ക് ഭയമുള്ളതും അഖിലേട്ടനോടാണ്. ഗെയിമിന്‍റെ സ്പിരിറ്റില്‍ ഉള്ള ഭയത്തെക്കുറിച്ചാണ് പറഞ്ഞത്", ജുനൈസ് പറഞ്ഞ് നിര്‍ത്തി.

Latest Videos

ALSO READ : 'ആതിരയുടെ മകള്‍ അഞ്ജലി'; നാല് വര്‍ഷത്തിനു ശേഷം പുതിയ സിനിമയുമായി സന്തോഷ് പണ്ഡിറ്റ്

click me!