'അഖില്‍ കോട്ടാത്തല' അഖില്‍ മാരാര്‍ ആയ കഥ; ബിഗ് ബോസില്‍ ജീവിതം പറഞ്ഞ് സംവിധായകന്‍

By Web Team  |  First Published Apr 17, 2023, 11:33 PM IST

"പത്താം ക്ലാസില്‍ സ്കൂള്‍ ടോപ്പര്‍ ആയിരുന്നു. സ്കൂളിലെ ഏറ്റവും കുറവ് മാര്‍ക്ക് എന്‍റെ അച്ഛനും ഏറ്റവും കൂടുതല്‍ മാര്‍ക്ക് എനിക്കുമായിരുന്നു."


ബിഗ് ബോസ് മലയാളം സീസണ്‍ 5 ലെ ശ്രദ്ധേയ മത്സരാര്‍ഥികളില്‍ ഒരാളാണ് അഖില്‍ മാരാര്‍. ബിഗ് ബോസിലെ ഏറ്റവും ശ്രദ്ധേയ സെഗ്‍മെന്‍റുകളില്‍ ഒന്നായ, മത്സരാര്‍ഥികള്‍ സ്വന്തം ജീവിതം അവതരിപ്പിക്കുന്ന എന്‍റെ കഥയില്‍ അഖില്‍ മാരാരാണ് ഇന്ന് സ്വന്തം ജീവിതകഥ പറഞ്ഞത്. കടന്നുവന്ന കടുപ്പമേറിയ വഴികളെയൊക്കെ നര്‍മ്മം നിറച്ച് ആസ്വാദ്യകരമായാണ് അഖില്‍ അവതരിപ്പിച്ചത്.

അഖില്‍ മാരാര്‍ പറയുന്നു

Latest Videos

മൂന്ന് ഘട്ടങ്ങളിലാണ് ജീവിതം. അഖില്‍ രാജിന്‍റെ ഒരു ജീവിതം, അഖില്‍ കോട്ടാത്തലയുടെ ഒരു ജീവിതം, അഖില്‍ മാരാരുടെ ഒരു ജീവിതം. അച്ഛന്‍റെ പേര് രാജേന്ദ്രന്‍ പിള്ള, അമ്മയുടെ പേര് അമ്മിണിയമ്മ. ഞങ്ങളന്ന് താമസിക്കുന്നത് വയലില്‍ ഉള്ള ഒരു ഓലപ്പുരയിലാണ്. ഞാന്‍ നന്നായി പഠിക്കും എന്നത് മാത്രമായിരുന്നു അച്ഛന്‍റെയും അമ്മയുടെയും ഏക അഭിമാനം. പത്താം ക്ലാസില്‍ സ്കൂള്‍ ടോപ്പര്‍ ആയിരുന്നു. സ്കൂളിലെ ഏറ്റവും കുറവ് മാര്‍ക്ക് എന്‍റെ അച്ഛനും ഏറ്റവും കൂടുതല്‍ മാര്‍ക്ക് എനിക്കുമായിരുന്നു. അച്ഛന് അഭിമാനമായിരുന്നു അത്. പ്ലസ് ടു നന്നായിട്ടുതന്നെ പാസ്സായി. സാമ്പത്തികമായ പ്രശ്നങ്ങളും വീട്ടിലെ പ്രശ്നങ്ങളുമൊക്കെ കാരണം വരുമാനം ഒരു പ്രശ്നമായിത്തുടങ്ങിയിരുന്നതിനാല്‍ ഡിഗ്രി ആദ്യ വര്‍ഷം മുതല്‍ ട്യൂഷന്‍ പഠിപ്പിക്കാന്‍ തുടങ്ങി. പക്ഷേ അത് കാരണം എനിക്ക് പഠിക്കാന്‍ സമയം കിട്ടാതായിത്തുടങ്ങി. ഫൈനല്‍ ഇയറില്‍ ഫാത്തിമ കോളെജില്‍ ഇനി മുന്നോട്ടുപോകാന്‍ പറ്റില്ലെന്ന് തോന്നി. പഠിത്തം അവസാനിപ്പിക്കാന്‍  ആലോചിക്കുമ്പോഴാണ് മറ്റൊരു പ്ലാന്‍ മനസിലേക്ക് വരുന്നത്. അവിടെയുള്ള ഒരു പെണ്‍കുട്ടിയെ പ്രണയിക്കാമെന്നായിരുന്നു അത്. അവളോടുള്ള ഇഷ്ടം കൊണ്ട് കോളെജില്‍ തുടരാന്‍ വേണ്ടിയായിരുന്നു അത്. അങ്ങനെ ജൂനിയര്‍ ആയി വന്ന ഒരു പെണ്‍കുട്ടിയോട് ഒരു ഇഷ്ടം മൊട്ടിടുന്നു. ജാതിയില്‍ വ്യത്യാസമുള്ളതുകൊണ്ട് ഉണ്ടാകാവുന്ന പ്രശ്നങ്ങള്‍ ഉണ്ടായിരുന്നു. പക്ഷേ ഞാനത് ഗൗനിച്ചില്ല. 

ആ സമയത്താണ് ഒരു അമേരിക്കന്‍ കമ്പനിയില്‍ ജോലി കിട്ടുന്നത്. ഒരു വര്‍ഷം കഴിയുമ്പോഴേക്ക് ആ പെണ്‍കുട്ടിയുമായുള്ള ബന്ധത്തില്‍ ചില അഭിപ്രായവ്യത്യാസങ്ങള്‍ വന്നു. അങ്ങനെ പിരിയാന്‍ തീരുമാനമെടുത്തു. ചെയ്യുന്ന കാര്യത്തിന് പ്രോത്സാഹനം കിട്ടാത്തതുകൊണ്ട് ജോലിയും എന്നെ വെറുപ്പിച്ച് തുടങ്ങിയിരുന്നു. അങ്ങനെ ജോലി രാജിവച്ചു. പിന്നെ എന്‍റെ മുന്നില്‍ ഉണ്ടായിരുന്നത് സിനിമയായിരുന്നു. മുന്‍പ് നാടകം എഴുതുകയും സംവിധാനം ചെയ്യുകയും ചെയ്തിരുന്നു. ബെസ്റ്റ് ആക്റ്ററും ആയിരുന്നു. ഒരു തിരക്കഥയുമായി ചെന്നൈയിലൊക്കെ പോയി. ജോലി ഉപേക്ഷിച്ച് തെണ്ടിത്തിരിഞ്ഞ് നടക്കുന്ന മകനെ ഉള്‍ക്കൊള്ളാന്‍ വീട്ടുകാര്‍ക്ക് കഴിയുമായിരുന്നില്ല. 

ആ സമയത്ത് ആല്‍ക്കെമിസ്റ്റ് എന്ന പേരില്‍ ഒരു ജ്യൂസ് കട ഉണ്ടായിരുന്നു. ട്യാഷനും എടുത്തിരുന്നു. അവിടുത്തെ പിള്ളേരോട് പറഞ്ഞിരുന്നത് അസിസ്റ്റന്‍റ് ഡയറക്ടര്‍ ആണെന്നായിരുന്നു. അതിലൊരുത്തന്‍ അവന്‍റെ സ്കൂളില്‍ പോയി പറഞ്ഞു തന്‍റെ നാട്ടില്‍ ഒരു അസിസ്റ്റന്‍റ് ഡയറക്ടര്‍ ഉണ്ടെന്നും ആഘോഷ പരിപാടി പുള്ളിയെക്കൊണ്ട് ഉദ്ഘാടനം ചെയ്യിക്കാമെന്നും. അങ്ങനെ ഞാന്‍ സ്കൂളില്‍ പോയി. മൂന്നാല് ദിവസം കഴിയുമ്പോള്‍ കടയില്‍ നിന്ന് നാരങ്ങാവെള്ളം അടിച്ചുകൊണ്ടിരിക്കുമ്പോള്‍ ഈ സ്കൂള്‍ ബസ് എന്‍റെ കടയുടെ മുന്നില്‍ കൊണ്ട് ചവുട്ടി. അവര്‍ നോക്കുമ്പോള്‍ കഴിഞ്ഞ ദിവസം അസിസ്റ്റന്‍റ് ഡയറക്ടര്‍ ആണെന്ന് പറഞ്ഞ് വന്ന് ഉദ്ഘാടനം ചെയ്തവന്‍ ദേ നാരങ്ങാവെള്ളം അടിക്കുന്നു. അതൊരു ടെന്‍ഷനായി നില്‍ക്കുന്നേരമാണ് കടയിലുള്ള ഒരുത്തന്‍ വിളിക്കുന്നത്. തന്നെ രണ്ടുപേര്‍ അടിച്ചെന്ന് പറഞ്ഞു. അന്നുവരെ ജീവിതത്തില്‍ ഒരു പ്രശ്നത്തിനും പോയിട്ടില്ലാത്ത ഞാന്‍ അന്ന് ആദ്യമായി ഒരു അടിയുണ്ടാക്കി. അവനുവേണ്ടി പോയി ചോദിച്ച് അവസാനം അതൊരു കലവറയിലെ പൊരിഞ്ഞ അടിയായി മാറി. രണ്ട് ദിവസത്തിനുശേഷം ഇതുപോലെ വീണ്ടും ഒരു അടിയുണ്ടായി. അവര്‍ എനിക്കെതിരെ കേസ് കൊടുത്തു. പക്ഷേ ആ കേസ് സെറ്റില്‍ഡ് ആയി. അന്ന് സ്റ്റേഷനില്‍ നിന്ന് പോരാന്‍ നേരം എസ്ഐ ചോദിച്ചു, എടേ എന്താണ് നിന്‍റെ പേര്? പെട്ടെന്ന് എന്‍റെ മനസില്‍ വന്ന പേരാണ് അഖില്‍ കോട്ടാത്തല. അതുവരെ അഖില്‍ രാജ് ആയിരുന്നു. 

 

അതിനുമുന്‍പ് 2015 ല്‍ എന്‍റെ വിവാഹം കഴിഞ്ഞിരുന്നു. ഒരു വീടുപണി നീണ്ടുപോയതുമായി ബന്ധപ്പെട്ട് കോണ്‍ട്രാക്ടറും വീട്ടുകാരുമായി നടന്ന തര്‍ക്കത്തില്‍ ഇടപെട്ടതില്‍ നിന്നുമാണ് പില്‍ക്കാല ഭാര്യയെ ആദ്യം കാണുന്നത്. പില്‍ക്കാല അമ്മായിയമ്മ വീടുപണിയുമായി ബന്ധപ്പെട്ട പ്രശ്നം നാട്ടിലെ ഒരു കുഴപ്പക്കാരന്‍ എന്ന നിലയില്‍ എന്നോട് പറയുകയായിരുന്നു. എന്തോ ശിക്കാരിശംഭുവിന്‍റെയൊക്കെ പോലെ ഞാന്‍ ഇടപെടാതെതന്നെ ആ പ്രശ്നം പരിഹരിക്കപ്പെട്ടു. ഇവനെ എന്‍റെ മരുമകന്‍ ആക്കണമെന്ന് അമ്മായിയമ്മയ്ക്ക് തോന്നി. പക്ഷേ രണ്ട് വര്‍ഷം കഴിഞ്ഞ് എന്‍റെ അച്ഛന്‍ വിവാഹക്കാര്യം സംസാരിച്ചപ്പോള്‍ അവര്‍ അത് പറ്റില്ലെന്ന് പറഞ്ഞു. അവളോട് ഇറങ്ങിവരാന്‍ പറഞ്ഞെങ്കിലും ആദ്യം വന്നില്ല. പക്ഷേ വൈകാതെ ആ കല്യാണം നടന്നു. അതേസമയം അനിയന്‍ പ്രണയിച്ച പെണ്ണിനെ വിളിച്ചിറക്കിക്കൊണ്ട് വന്നതുകൊണ്ട് എന്‍റെ ജീവിതം ഭാര്യവീട്ടിലായി. ഒരുപാട് ബിസിനസുകള്‍ ചെയ്ത് പരാജയപ്പെട്ടു. ആകെ ലാഭമുണ്ടാക്കിയ ഒരു ബിസിനസ് മാങ്ങാക്കച്ചവടമായിരുന്നു. ഒരുദിവസം വീട്ടിലെ ഒരു ചെറിയ തര്‍ക്കത്തിന്‍റെ ഇടയിലേക്ക് ഭാര്യ കയറി. അടിച്ചത് അവളെ ആയിപ്പോയി. എറങ്ങെടാ ഇവിടുന്ന് എന്നായിരുന്നു അവളുടെ പ്രതികരണം. 

ഒരു കൂട്ടുകാരനാണ് എറണാകുളത്തേക്ക് വരാന്‍ പറഞ്ഞത്. അങ്ങനെ ഒരു സിനിമയില്‍ വീണ്ടും അസിസ്റ്റന്‍റ് ഡയറക്ടറായി കയറുന്നു. ആ സമയത്താണ് ഒരു പ്രൊഡ്യൂസറുടെ ആവശ്യപ്രകാരം ഒരു കഥയെഴുതുന്നത്. ആ പ്രോജക്റ്റ് ഓകെ ആയി ഷൂട്ടിന്‍റെ തീയതിയും തീരുമാനിച്ച സമയത്താണ് കൊറോണ വരുന്നത്. എല്ലാം നില്‍ക്കുന്നു. നിര്‍മ്മാതാവ് ഒരു ദിവസം വിളിച്ച് പറയുന്നു ചിത്രം ചെയ്യേണ്ടെന്ന്. പക്ഷേ കൊറോണയുടെ സാഹചര്യം കഴിയുമ്പോഴേക്ക് വീണ്ടും കാര്യങ്ങള്‍ നേരെയാവാന്‍ തുടങ്ങി. 2020 ജനുവരി 1 ന് ഷൂട്ട് ആരംഭിച്ചു. അഖില്‍ കോട്ടാത്തല എന്ന പേര് ഇംഗ്ലീഷില്‍ എഴുതുമ്പോള്‍ പല രീതിയില്‍ വായിക്കപ്പെടാം എന്നതുകൊണ്ട് വൃത്തിയുള്ള ഒരേ പേര് ഇടാന്‍ ജോയിച്ചേട്ടന്‍ പറയുന്നു. ന്യൂമറോളജി പ്രകാരം അഖില്‍ മാരാര്‍ എന്ന പേര് നിര്‍ദേശിച്ചതും അദ്ദേഹമാണ്. ഒരാളെയും ചതിക്കാന്‍ ഞാന്‍ ആഗ്രഹിച്ചിട്ടില്ല. ഞാന്‍ ജീവിതത്തില്‍ ഏറ്റവും സ്നേഹിക്കുന്നത് എന്‍റെ രണ്ട് പെണ്‍മക്കളെയാണ്. പരിഹസിക്കുന്നവരുടെ മുന്നില്‍ നിന്ന് പതിയെ വളര്‍ന്നുകൊണ്ടേ ഇരിക്കുക. കൂക്കുവിളികള്‍ ഒരു കാലത്ത് കൈയടികളായി മാറും.

ALSO READ : 'കഴിഞ്ഞ പ്രാവശ്യം അവന്‍ യൂസ് ചെയ്ത ആയുധം ഇതാണ്'; ഗോപിക പിന്തുടരുന്നത് റോബിന്‍റെ തന്ത്രമെന്ന് ഷിജു

click me!