"ഈ ഷോ കാണാത്തതുകൊണ്ട് തന്നെ ഞാന്‍ വളരെ നെഗറ്റീവ് ആയിട്ട് പറഞ്ഞുകൊണ്ട് നടന്ന ആളാണ് ഞാന്‍"
ബിഗ് ബോസ് മലയാളം സീസണ്‍ 5 ലെ ശ്രദ്ധേയ മത്സരാര്‍ഥികളിലൊരാളാണ് ചലച്ചിത്ര സംവിധായകന്‍ അഖില്‍ മാരാര്‍. ഈ സീസണിലെ ആദ്യ ക്യാപ്റ്റനുമാണ് അദ്ദേഹം. എന്നാല്‍ ബിഗ് ബോസ് ഷോയെക്കുറിച്ച് നെഗറ്റീവ് അഭിപ്രായം ഉണ്ടായിരുന്ന ആളാണ് അദ്ദേഹം. അഖിലിന്‍റെ ബിഗ് ബോസ് എന്‍ട്രിക്ക് പിന്നാലെ അദ്ദേഹത്തിന്‍റെ ഒരു പഴയ ഇന്‍റര്‍വ്യൂ ക്ലിപ്പ് വൈറല്‍ ആയിരുന്നു. ബിഗ് ബോസ് തനിക്ക് ഒട്ടും ഇഷ്ടമില്ലാത്ത പ്രോഗ്രാം ആണെന്നും അഞ്ച് മിനിറ്റ് പോലും അത് തികച്ച് കാണാന്‍ തനിക്ക് കഴിയില്ലെന്നുമായിരുന്നു അത്. ബിഗ് ബോസിലേക്ക് പോകുമെന്ന പ്രചരണത്തെക്കുറിച്ചുള്ള ചോദ്യത്തിനുള്ള മറുപടിയായാണ് അഖില്‍ നേരത്തെ ഇത് പറഞ്ഞിട്ടുള്ളത്. ഇക്കഴിഞ്ഞ ശനിയാഴ്ച എപ്പിസോഡില്‍ ബിഗ് ബോസ് ഇഷ്ടമല്ലായിരുന്നോ എന്ന ചോദ്യത്തിന് അഖില്‍ പറഞ്ഞ മറുപടി ഇപ്രകാരമായിരുന്നു.
"അതുകൊണ്ടല്ല, സിനിമ ആയാലും ഒടിടിയിലല്ല ഞാന്‍ കാണുന്നത്. തിയറ്ററിലാണ്. പിന്നെ എനിക്ക് അധികം സമയം കിട്ടാറില്ല. വായനയും മറ്റു കാര്യങ്ങളുമൊക്കെ കഴിഞ്ഞ്. അത്യാവശ്യം ജീവിതം മുന്നോട്ട് പോകണമല്ലോ. വീടിനകത്തുള്ള സമയം ചെലവഴിക്കല്‍ വളരെ കുറവാണ്. ഒരു പ്രോഗ്രാമും കാണാറില്ല. ഇന്‍സ്റ്റഗ്രാമിലും എനിക്ക് 3000 ഫോളോവേഴ്സ് എങ്ങാണ്ടേ ഉള്ളൂ. അതിലൊന്നും ആക്റ്റീവ് അല്ല. ഫേസ്ബുക്കില്‍ കുറെ കുറിപ്പുകള്‍ എഴുതി, അങ്ങനെ കുറെ വിവാദങ്ങളില്‍ പോയി പെടും. അപ്പോള്‍ കുറെ ചാനലുകാര് ചര്‍ച്ചയ്ക്ക് വിളിക്കും", അഖില്‍ മാരാര്‍ പറഞ്ഞിരുന്നു.
എന്നാല്‍ ഇപ്പോഴിതാ ഈ ഷോയെക്കുറിച്ച് തനിക്കുണ്ടായിരുന്ന അഭിപ്രായം മാറിയെന്ന് ബിഗ് ബോസില്‍ അഭിപ്രായപ്പെട്ടിരിക്കുകയാണ് അഖില്‍. ബാത്ത്റൂം ഏരിയയിലെ ക്യാമറയ്ക്കു മുന്നില്‍ വന്നുനിന്നാണ് അഖിലിന്‍റെ അഭിപ്രായ പ്രകടനം- "ഞാനാരിക്കലും മത്സരിച്ച് പരാജയപ്പെടാന്‍ ആഗ്രഹിക്കുന്നവനല്ല. നേര്‍ക്കുനേര്‍ മത്സരിച്ചാല്‍ ഇവിടെ ആര്‍ക്കുമെന്നെ തോല്‍പ്പിക്കാന്‍ പറ്റില്ല എന്നു തന്നെയാണ് എന്‍റെ ഉറച്ച വിശ്വാസം. പക്ഷേ എന്നെ ചതിച്ച് തോല്‍പ്പിക്കാം. വളരെ എളുപ്പമാണ്. ഞാന്‍ ആരെയും ചതിക്കാന്‍ പോകാത്തതുകൊണ്ട് എന്നെ ചതിക്കാന്‍ വളരെ ഈസിയാണ്. അങ്ങനെ പരാജയപ്പെട്ടേക്കാം. ബേസിക്കലി ഈ ഷോ കാണാത്തതുകൊണ്ട് തന്നെ ഞാന്‍ വളരെ നെഗറ്റീവ് ആയിട്ട് പറഞ്ഞുകൊണ്ട് നടന്ന ആളാണ്. എന്നെക്കുറിച്ച് മറ്റുള്ളവര്‍ ചിന്തിച്ചതുപോലെ ഞാനും ഈ ഷോയെക്കുറിച്ച് നെഗറ്റീവ് ആയിട്ട് പറഞ്ഞുകൊണ്ട് നടന്ന ഒരാളാണ്. പക്ഷേ ഇതിനകത്ത് വരുമ്പോള്‍ ഇതല്ല എന്ന് നമുക്ക് മനസിലാവുന്നുണ്ട്. ഇതിന്‍റെ പിന്നിലുള്ള പ്രയത്നം.. എനിക്ക് ഭയങ്കര അത്ഭുതകരമായിട്ട് തോന്നിയ ഒരു കാര്യമാണ്. ഇതൊന്നും അത്ര നിസ്സാര പരിപാടിയൊന്നും അല്ല. നിങ്ങളാരും പുറത്ത് സംസാരിക്കുന്നതോ ചര്‍ച്ച ചെയ്യുന്നതോ ഒന്നുമല്ല ഈ പരിപാടി. ഇതൊരു അതിഗംഭീര പ്ലാനിംഗ് ആണ്. നിങ്ങള്‍ക്കാര്‍ക്കും മനസുകൊണ്ട് ചിന്തിക്കാന്‍ പറ്റുന്നതിനപ്പുറം ഗംഭീര പരിപാടിയാണ് ഇവിടെ നടന്നുകൊണ്ടിരിക്കുന്നത്. ഞാന്‍ ചെയ്യുന്നത് ഇഷ്ടപ്പെടുന്നുണ്ടെങ്കില്‍ മാത്രം എന്നെ പിന്തുണയ്ക്കണം. അല്ലെങ്കില്‍ ഇവിടുത്തെ മറ്റ് മികച്ച മത്സരാര്‍ഥികളെ പിന്തുണയ്ക്കണം", അഖില്‍ മാരാര്‍ പറഞ്ഞു.