ബിഗ് ബോസില്‍ വീണ്ടും മോശം ഭാഷ സംസാരിച്ച് അഖില്‍ മാരാര്‍; മാപ്പ് പറഞ്ഞേ തീരൂവെന്ന് സഹമത്സരാര്‍ഥികള്‍

By Web TeamFirst Published Apr 9, 2023, 10:13 PM IST
Highlights

ഈസ്റ്റര്‍ ആഘോഷം പ്രമാണിച്ച് ബിഗ് ബോസ് നല്‍കിയ രസകരമായ ഗെയിമിന് ഇടയിലായിരുന്നു സംഘര്‍ഷം

ബിഗ് ബോസ് മലയാളം സീസണ്‍ 5 ല്‍ മത്സരാര്‍ഥികളില്‍ ഒരാളായ അഖില്‍ മാരാരുടെ മോശം ഭാഷാപ്രയോഗത്തെച്ചൊല്ലി വീണ്ടും ചര്‍ച്ച. ആള്‍ക്കൂട്ട ആക്രമണത്തിന് ഇരയായി കൊല്ലപ്പെട്ട മധുവിനെ പരിഹസിച്ചതിന് മോഹന്‍ലാല്‍ കഴിഞ്ഞ ദിവസം അഖിലിന് മുന്നറിയിപ്പ് നല്‍കിയിരുന്നു. ബിഗ് ബോസ് ടീമിനുവേണ്ടി മധുവിന്‍റെ കുടുംബത്തോടും പ്രേക്ഷകരോടും മോഹന്‍ലാല്‍ ഖേദം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇന്ന് വീണ്ടും ഒരു ഗെയിമിനിടെ സംഘര്‍ഷാവസ്ഥ ഉണ്ടായപ്പോള്‍ മോശം ഭാഷയിലാണ് സഹമത്സരാര്‍ഥികളോട് അഖില്‍ സംസാരിച്ചത്.

ഈസ്റ്റര്‍ ആഘോഷം പ്രമാണിച്ച് ബിഗ് ബോസ് നല്‍കിയ രസകരമായ ഗെയിമിന് ഇടയിലായിരുന്നു അഖിലിന്‍റെ തട്ടിക്കയറല്‍. "ഞാന്‍ ബിഗ് ബോസ് ആണെന്ന് ചിലപ്പോള്‍ മറക്കും. എനിക്ക് ഒരു കുന്തവും ഇവിടെനിന്ന് കിട്ടണ്ട. ഞാന്‍ ഒന്നും കിട്ടാനല്ല ഇവിടെ നില്‍ക്കുന്നത്. അഖില്‍ ഇങ്ങനെയാണ്. എല്ലാത്തിലും ഓവര്‍ ആണ് അഖില്‍. ഇതിനപ്പുറം കാണിച്ചിട്ടു തന്നെയാണ് ഇങ്ങോട്ട് വന്നത്. അങ്ങേയറ്റം പോയാല്‍ നാളെ ഇതില്‍ നിന്ന് അങ്ങ് പുറത്താകും എന്നല്ലേയുള്ളൂ. ഞാനങ്ങ് പുറത്ത് പോകും", ഒപ്പം മറ്റു ചില ഭാഷാപ്രയോഗങ്ങളും അഖില്‍ നടത്തി.

Latest Videos

പിന്നീട് മോഹന്‍ലാല്‍ ഇതേക്കുറിച്ച് ചോദിച്ചപ്പോള്‍ താന്‍ ഹൈപ്പര്‍ റൈറോയ്‍ഡിസം ഉള്ള പേഷ്യന്‍റ് ആണെന്നായിരുന്നു അഖിലിന്‍റെ ആദ്യ പ്രതികരണം. ഇതിനേക്കാള്‍ ഭയങ്കരമായിട്ട് ഷൗട്ട് ചെയ്യാന്‍ തനിക്കറിയാമെന്നായിരുന്നു മോഹന്‍ലാലിന്‍റെ മറുപടി. "അഖിലിനോട് മാത്രമല്ല, എല്ലാവരോടും പറയുകയാണ്. ഇതൊരു അവസാന അവസരമാണ്", മോഹന്‍ലാല്‍ പറഞ്ഞു. തുടര്‍ന്ന് അഖില്‍ എല്ലാവരോടുമായി ക്ഷമ ചോദിക്കണമെന്ന് മിക്ക മത്സരാര്‍ഥികളും ആവശ്യപ്പെട്ടു. തുടര്‍ന്ന് ക്ഷമ ചോദിച്ചെങ്കിലും അവിടെയും തന്‍റെ ചെയ്തിയെ ന്യായീകരിക്കാനാണ് അഖില്‍ ശ്രമിച്ചത്.

"തെറ്റുകള്‍ ഉണ്ടാവാത്ത ആളൊന്നുമല്ല. അറിയാതെയാണ്. അറിഞ്ഞുകൊണ്ട് ആരോടും മോശമായി സംസാരിച്ചിട്ടൊന്നുമില്ല. ഇത് ആവര്‍ത്തിക്കാതിരിക്കാന്‍ ശ്രമിക്കാന്‍ മാത്രമേ എനിക്ക് പറ്റൂ. ഒരു നാട്ടിന്‍പുറത്ത് ഒരുപാട് പ്രശ്നങ്ങളിലും രാഷ്ട്രീയ പ്രവര്‍ത്തനങ്ങളിലുമൊക്കെ ഏര്‍പ്പെട്ടിട്ടുള്ള ആളാണ്. സ്വാഭാവികമായും വായില്‍ ചിലപ്പോള്‍ തെറികള്‍ വരാറുണ്ട്. അത് അറിഞ്ഞുകൊണ്ട് വിളിക്കുന്നതല്ല. അറിയാതെ വായില്‍ വരുന്നതാണ്. അത് ഇവരെയും പ്രേക്ഷകരെയും വിഷമിപ്പിച്ചിട്ടുണ്ടെങ്കില്‍ ഹൃദയത്തില്‍ നിന്നുതന്നെ മാപ്പ് പറയാം", അഖില്‍ പറഞ്ഞു. തുടര്‍ന്ന് അഖിലിന് മുന്നറിയിപ്പും മോഹന്‍ലാല്‍ നല്‍കി- "സൂക്ഷിക്കുക. പറയാതിരിക്കാന്‍ ശ്രമിക്കുക. ഇനി പറഞ്ഞാല്‍ വേറൊരു തരത്തിലായിരിക്കും ഞാന്‍ പെരുമാറുന്നത്", അദ്ദേഹം പറഞ്ഞു.

ALSO READ : 'ഈ ഷോ ഞാന്‍ ഇവിടെവച്ച് അവസാനിപ്പിക്കുകയാണ്'; ബിഗ് ബോസില്‍ മത്സരാര്‍ഥികളെ ഞെട്ടിച്ച് മോഹന്‍ലാല്‍

click me!