ബിഗ് ബോസ് വേദിയില്‍ ഇമോഷണലായി യമുന റാണി.
ഒരുകാലത്ത് മലയാള സിനിമയിലും സീരിയലിലും തിളങ്ങി നിന്ന നടിയാണ് യമുന റാണി. 150 ഓളം സിനിമയും അറുപതോളം സീരിയലുകളിലും ഇതിനോടകം യമുന അഭിനയിച്ചിട്ടുണ്ട്. ഇന്നും അഭിനയരംഗത്ത് സജീവമായ യമുന ഇന്ന് മുതൽ ബിഗ് ബോസ് മലയാളം സീസൺ ആറിന്റെ മത്സരാർത്ഥി ആണ്. ഷോയിലെ മൂന്നാമത്തെ മത്സരാർത്ഥി ആയാണ് യമുന ഷോയ്ക്ക് അകത്ത് കയറിയത്. ബിഗ് ബോസ് ഷോയിലേക്ക് സ്വാഗതം എന്ന് പറഞ്ഞാണ് മോഹൻലാൽ യമുനയെ വരവേറ്റത്.
ഞാൻ വളരെ സക്സസ് ഫുൾ ആയിട്ടുള്ള സ്ത്രീയാണെന്ന് പറഞ്ഞ യമുന ആ ആത്മധൈര്യത്തിൽ നിന്നും ലഭിച്ച ഊർജ്ജമാണ് ബിഗ് ബോസിലേക്ക് വരാൻ ലഭിച്ച ഇൻസ്പിരേഷൻ എന്നാണ് പ്രൊഫൈലിൽ പറയുന്നത്. അരുണ എന്നാണ് യഥാർത്ഥ പേരെന്നും സിനിമയിൽ വന്ന ശേഷമാണ് യമുന റാണി എന്നായതെന്നും നടി പറയുന്നുണ്ട്.
ബിഗ് ബോസിലേക്ക് എത്തിയ ശേഷം എന്ത് തോന്നുന്നു എന്ന ചോദ്യത്തിന്, "ബിഗ് ബോസ് എന്നത് വളരെ വലിയൊരു പ്ലാറ്റ്ഫോം ആണ്. ഇവിടെ നിൽക്കാനൊരു അവസരം കിട്ടിയിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചിട്ടുണ്ട്. അതിന് കാരണം എന്റെ ലൈഫിന്റെ ഒരു ഘട്ടത്തിൽ ജീവിതം അവസാനിപ്പിച്ചാലോ എന്ന് ചിന്തിച്ച നിമിഷം ഉണ്ട്. അന്ന് താമസിച്ചിരുന്ന ഫ്ലാറ്റിന്റെ പതിനഞ്ചാമത്തെ നിലയിൽ പോയി താഴേക്ക് ചാടാൻ തയ്യാറെടുത്ത ആളാണ് ഞാൻ. പക്ഷേ ഒരു നിമിഷം ഞാൻ നിന്നു. കുഞ്ഞുങ്ങളുടെ മുഖം മനസിൽ വന്നു. ആ നിമിഷത്തിൽ തീരുമാനിച്ചു എനിക്ക് മുന്നോട്ട് ജീവിക്കണം. എല്ലാവരുടെയും മുന്നിൽ ജയിക്കണം. ഇതുവരെ ഞാൻ ജീവിച്ചത് ആരുടെയൊക്കെയോ കീ കൊടുത്ത പാവയെ പോലെ ആയിരുന്നു. ആർക്കൊക്കെയോ വേണ്ടിയും ആയിരുന്നു. എനിക്ക് വേണ്ടി ജീവിച്ചില്ല. എവിടെയും ജയിച്ചിട്ടില്ല എന്ന് എനിക്ക് തോന്നി. അന്ന് ആത്മഹത്യയുടെ വക്കിൽ നിന്നും താഴേക്ക് ഓരോ പടിയും ഇറങ്ങുമ്പോൾ എന്റെ മനസിൽ ഞാൻ ഓരോ പടിയും ജയിക്കാൻ വേണ്ടി കയറുന്നത് ആയിരുന്നു. ആ ജീവിതം ജീവിക്കാൻ മുന്നോട്ട് പോയപ്പോൾ സമൂഹത്തിൽ നിന്നും കിട്ടിയത് സ്ത്രീ എന്ന നിലയിലുള്ള വേർതിരിവും വയസിന്റെ വേർതിരിവും ആണ്. അതെന്നെ വല്ലാതെ വേദനിപ്പിച്ചു. അവരുടെ മുന്നിൽ ഞാൻ എന്താണ് എന്ന് തെളിയിക്കണം എന്ന് തോന്നി. ഇനിയും സമയമുണ്ടെന്ന് മനസുകൊണ്ട് വിചാരിച്ചാൽ എവിടെ എങ്കിലുമൊക്കെ എത്താൻ കഴിയും എന്ന് കരുതി", എന്നാണ് യമുന, മോഹൻലാലിനോട് പറഞ്ഞത്.
എന്റെ മകളെന്ന് മോഹൻലാൽ, അച്ഛാന്ന് വിളിച്ച് അൻസിബ; ബിബി വേദിയെ രസിപ്പിച്ച് ജോർജുകുട്ടിയും മകളും
അഭിമനത്തോടെ പറഞ്ഞ സക്സസ് ഫുൾ ലേഡി എന്ന വാക്കിന്റെ നൂറ് ശതമാനം വിശ്വാസത്തിൽ അകത്തേക്ക് പോകൂ. തീർച്ചയായും ജയിച്ച് വരൂ. നൂറ് ദിവസം കഴിഞ്ഞ് സ്വീകരിക്കാൻ ഞാൻ ഇവിടെ തന്നെ ഉണ്ടാകും. എല്ലാവിധ പ്രാർത്ഥനകളും എന്നാണ് മോഹൻലാൽ ആശംസയായി പറഞ്ഞ് യമുനയെ ഹൗസിലേക്ക് അയച്ചത്.
ഏഷ്യാനെറ്റ് ന്യൂസ് വാര്‍ത്തകള്‍ തത്സമയം അറിയാം..