പൊടുന്നനെ പ്രേക്ഷകരുടെ സവിശേഷശ്രദ്ധ നേടിയിരിക്കുകയാണ് ഈ മത്സരാര്‍ഥി
അപ്രവചനീയതയാണ് ബിഗ് ബോസ് എന്ന ഷോയുടെ മുഖമുദ്ര. ഹീറോയെന്ന് തോന്നിപ്പിച്ച ഒരു മത്സരാര്‍ഥി സീറോ ആവാന്‍ ഇവിടെ അധികം സമയം വേണ്ട. അങ്ങനെതന്നെ തിരിച്ചും. അതുപോലെതന്നെയാണ് വലിയ പ്രേക്ഷകശ്രദ്ധ നേടാതെ അരികുകളില്‍ നിലയുറപ്പിച്ചിരിക്കുന്ന ചില മത്സരാര്‍ഥികള്‍ പൊടുന്നനെ പ്രേക്ഷകപ്രീതിയിലേക്ക് ഉയരുന്നതും. ജനപ്രീതിയില്‍ ഒരു സ്റ്റാര്‍ ഇതുവരെ രൂപംകൊള്ളാത്തതിനാല്‍ ഷോ പത്താം വാരത്തില്‍ എത്തിയപ്പോഴും മത്സരാര്‍ഥികള്‍ക്ക് അവസരമുണ്ട് എന്നതാണ് ഈ സീസണിന്‍റെ പ്രത്യേകത. ഇപ്പറഞ്ഞ രീതിയില്‍ പൊടുന്നനെ പ്രേക്ഷകരുടെ സവിശേഷശ്രദ്ധ നേടിയിരിക്കുന്ന ഒരു മത്സരാര്‍ഥി അഭിഷേക് ശ്രീകുമാര്‍ ആണ്.
ഞെട്ടിച്ച തുടക്കം
മത്സരാര്‍ഥികള്‍ പ്രതീക്ഷയ്ക്കൊത്ത് ഉയരുന്നില്ലെന്ന് തുടക്കത്തില്‍ പഴി കേട്ട സീസണ്‍ ആണ് ഇത്. പ്രധാന മത്സരാര്‍ഥികളില്‍ ചിലര്‍ വോട്ടിംഗിലൂടെ ആദ്യമേ പുറത്തായതും ഫിസിക്കല്‍ അസോള്‍ട്ടിനെത്തുടര്‍ന്ന് ഒരു ഇജക്ഷന്‍ നടന്നതുമൊക്കെ ഷോയെ ഡൗണ്‍ ആക്കിയിരുന്നു. ആ സാഹചര്യത്തിലാണ് ഒരു മാസം പിന്നിട്ട സമയത്ത് ആറ് വൈല്‍ഡ് കാര്‍ഡുകളെ ബിഗ് ബോസ് ഒറ്റയടിക്ക് ഹൗസിലേക്ക് പറഞ്ഞയച്ചത്. അക്കൂട്ടത്തില്‍ ആറിലൊരാളായി ആയിരുന്നു ചെങ്ങന്നൂര്‍ക്കാരന്‍ അഭിഷേക് ശ്രീകുമാറിന്‍റെ വരവ്. തനിക്കൊപ്പമെത്തിയ മറ്റൊരു വൈല്‍ഡ് കാര്‍ഡിനെതിരെ വലിയ ആരോപണങ്ങള്‍ ഉന്നയിച്ചുകൊണ്ടായിരുന്നു അഭിഷേകിന്‍റെ വരവ്. വന്ന ദിവസം തന്നെ ജാന്‍മോണി ദാസുമായും അഭിഷേക് തര്‍ക്കത്തില്‍ ഏര്‍പ്പെട്ടിരുന്നു. ഈ മത്സരാര്‍ഥി എല്‍ജിബിടിക്യു സമൂഹത്തിന് എതിരെ നില്‍ക്കുന്ന ആളാണെന്ന തോന്നല്‍ ഉളവാക്കുന്നതായിരുന്നു ഹൗസില്‍ അഭിഷേകിന്‍റെ ആദ്യ ഇടപെടലുകള്‍. മിസ്റ്റര്‍ ഗേ വേള്‍ഡ് ഇന്ത്യ റണ്ണര്‍ അപ്പ് ആയിരുന്ന അഭിഷേക് ജയദീപ് ആയിരിക്കാം അഭിഷേക് ശ്രീകുമാറിന്‍റെ പ്രധാന ടാര്‍ഗറ്റ് എന്ന് പലരും കരുതിയെങ്കിലും അഭിഷേക് പറഞ്ഞ വാക്കുകള്‍ വിമര്‍ശിക്കപ്പെട്ടു. സമൂഹത്തില്‍ നിന്നുള്ള വിമര്‍ശനം മോഹന്‍ലാല്‍ തന്നെ അറിയിച്ച് അഭിഷേകിന് താക്കീതും ശിക്ഷയായി നോമിനേഷനും നല്‍കി. ഇതോടെ മല പോലെ വന്നത് എലി പോലെ പോയി എന്ന മട്ടിലായി ഹൗസില്‍ അഭിഷേക് ശ്രീകുമാര്‍ എന്ന മത്സരാര്‍ഥി.
undefined
ഇമേജ് മാറുന്നു
മോഹന്‍ലാലില്‍ നിന്ന് ലഭിച്ച താക്കീതിന്‍റെ വ്യാപ്തി വേഗത്തില്‍ മനസിലാക്കാന്‍ അഭിഷേകിന് സാധിച്ചു. എന്നാല്‍ പിന്നീടുള്ള ആഴ്ചയില്‍ അഭിഷേക് ചിത്രത്തിലേ ഉണ്ടായില്ല. വൈല്‍ഡ് കാര്‍ഡുകളായി ഒപ്പമെത്തിയ സിബിനും പൂജയുമൊക്കെ കത്തിക്കയറിയപ്പോള്‍ അഭിഷേകിനെ പ്രേക്ഷകര്‍ പല എപ്പിസോഡുകളിലും കാര്യമായി കണ്ടില്ല. എന്നാല്‍ ഒരാഴ്ചയ്ക്കപ്പുറം തന്‍റെ മറ്റൊരു മുഖവുമായി അഭിഷേക് വിസിബിള്‍ ആവാന്‍ തുടങ്ങി. ഫിസിക്കല്‍ ടാസ്കുകളില്‍ എപ്പോഴും മികവ് പുലര്‍ത്താറുള്ള അഭിഷേക് അത്തരം പല ടാസ്കുകളിലും തുടര്‍ച്ചയായി വിജയിക്കുകയോ അല്ലെങ്കില്‍ ആദ്യ സ്ഥാനങ്ങളില്‍ എത്തുകയോ ചെയ്തു. കാര്യമായ സൗഹൃദങ്ങള്‍ ഇല്ലാത്ത സീസണ്‍ 6 ല്‍ അനായാസം ഇടപെടുന്ന, എപ്പോഴും ചിരിച്ച മുഖത്തോടെ നില്‍ക്കുന്ന, സൗഹൃദങ്ങളുടെ രസനിമിഷങ്ങള്‍ പങ്കുവെക്കുന്ന അഭിഷേകിനെയും അവിടെ കണ്ടു. പ്രേക്ഷകരുടെ ഇഷ്ടം സമ്പാദിക്കാന്‍ അഭിഷേക് തുടങ്ങിയതും ഇവിടെവച്ചാണ്.
സാബുവിന്‍റെ വിമര്‍ശനം
വിഷയങ്ങളോട്, എതിരാളികളോട് അങ്ങനെ ഉച്ചത്തില്‍ പ്രതികരിക്കുന്ന ആളല്ല അഭിഷേക്. അതിനാല്‍ത്തന്നെ ഫിസിക്കല്‍ ടാസ്കുകളില്‍ വിജയിക്കുമ്പോഴും ആക്റ്റീവ് അല്ലെന്ന വിമര്‍ശനം പലരില്‍ നിന്നും അഭിഷേക് കേട്ടിട്ടുണ്ട്. എന്നാല്‍ അങ്ങനെയുള്ള അഭിഷേകിനെ പ്രകോപിപ്പിക്കാന്‍ പോന്നതായിരുന്നു ഹോട്ടല്‍ ടാസ്ക് സമയത്ത് അതിഥിയായി എത്തിയ സാബുമോന്‍റെ വിമര്‍ശനം. അഭിഷേകിന് പവര്‍ റൂമില്‍ പ്രവേശനം ലഭിച്ച വാരമായിരുന്നു അത്. ഒപ്പമുള്ള ടീംമേറ്റ്സ് അന്‍സിബ, നോറ, റസ്മിന്‍ എന്നിവര്‍. ക്ലാസിക് ടാസ്കുകളില്‍ ഒന്നായ ഹോട്ടല്‍ ടാസ്ക് ആണ് ബിഗ് ബോസ് ആ വാരം വീക്കിലി ടാസ്ക് ആയി അവതരിപ്പിച്ചത്. പ്രധാന തീരുമാനങ്ങളൊക്കെ അന്‍സിബ എടുത്തപ്പോള്‍ ഹോട്ടല്‍ ടാസ്ക് തങ്ങള്‍ക്ക് നന്നായി കളിക്കാന്‍ സാധിച്ചില്ലെന്നും അതിന് കാരണം പവര്‍ ടീമിന്‍റെ ഇടപെടല്‍ ആയിരുന്നെന്നുമൊക്കെ മറ്റ് ടീമംഗങ്ങള്‍ പരാതിപ്പെട്ടു. അത് ശരിയായിരുന്നുതാനും. കൂട്ടത്തില്‍ ഏറ്റവും വിമര്‍ശനം വന്നത് അതിഥിയായി എത്തിയ സീസണ്‍ 1 വിജയി സാബുമോനില്‍ നിന്നായിരുന്നു. ഹൗസില്‍ ഉണ്ടായിരുന്ന സമയത്ത് മയത്തില്‍ തന്‍റെ വിയോജിപ്പുകളറിയിച്ച സാബു അവിടെനിന്ന് പോയതിന് ശേഷമെത്തിയ വാരാന്ത്യ എപ്പിസോഡില്‍ വീഡിയോ കോളിലൂടെയെത്തി പവര്‍ ടീമിനെ വാക്കുകള്‍ കൊണ്ട് തരിപ്പണമാക്കി.
രസകരമായ ഒരു ടാസ്കിനെ പവര്‍ ടീം തന്നെ അങ്ങനെയല്ലാതാക്കിയെന്ന് അഭിപ്രായപ്പെട്ട മോഹന്‍ലാലിനോട് ഇവര്‍ നടത്തേണ്ടത് ഒരു പട്ടാള ബാരക്ക് ആണെന്ന് സാബു പറഞ്ഞു. ഒപ്പം അഭിഷേകിനെ വാക്കുകള്‍ കൊണ്ട് കുടഞ്ഞുകളഞ്ഞു സാബു. പവര്‍ ടീമിലെ ആണ്‍തരിയെ കണ്ണേറുകോലമാക്കാനല്ലാതെ മറ്റൊന്നിനും കൊള്ളില്ലെന്നായിരുന്നു സാബുവിന്‍റെ പ്രതികരണം. അപ്പോള്‍ ഒന്നും പറഞ്ഞില്ലെങ്കിലും സാബുവിന്‍റെ വാക്കുകളില്‍ പ്രകോപിതനായെന്ന് വെളിവാക്കുന്ന പ്രതികരണം പിറ്റേന്ന് അഭിഷേകില്‍ നിന്നും വന്നു.
ഇമോഷണല്‍ ട്രാക്ക്
അമ്മ കാന്‍സര്‍ ബാധിച്ച് മരണപ്പെട്ട ആളാണെന്ന കാര്യം ഹൗസിലെത്തിയ സമയത്ത് സെല്‍ഫ് ഇന്‍ട്രൊഡക്ഷന്‍റെ സമയത്ത് അഭിഷേക് പറഞ്ഞിരുന്നതാണ്. എന്നാല്‍ വൈകാരികമായ കാര്യങ്ങളൊക്കെ ഇവിടെ അധികം പങ്കുവെക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും അഭിഷേക് അന്ന് പറഞ്ഞിരുന്നു. ബിഗ് ബോസിലെ മാതൃദിനാഘോഷ ദിനത്തിലാണ് അഭിഷേക് വീണ്ടും അമ്മയെക്കുറിച്ച് പറഞ്ഞത്. അമ്മയ്ക്ക് കത്തെഴുതുക എന്നതായിരുന്നു മത്സരാര്‍ഥികള്‍ക്കുള്ള ടാസ്ക്. കുട്ടിക്കാലത്ത് വൈകാരിക പ്രതിസന്ധികള്‍ നേരിട്ടിട്ടുള്ള ആളാണ് അഭിഷേക് എന്നത് പ്രേക്ഷകരുടെ മനസിലേയ്ക്ക് പതിയുന്നത് ശരിക്കും അന്നാണ്. ഒപ്പം അമ്മയ്ക്കുള്ള കത്തില്‍ സാബുവിനുള്ള ഒരു മറുപടി കൂടി കരുതിയിരുന്നു അഭിഷേക്. ആര് തളര്‍ത്താന്‍ നോക്കിയാലും താന്‍ തളരില്ലെന്നും ഉയര്‍ന്നുവരുമെന്നും അതിപ്പോള്‍ ഏത് അതിഥികളായാലും അങ്ങനെയാണെന്നുമായിരുന്നു അഭിഷേകിന്‍റെ വാക്കുകള്‍. സാബുവിനുള്ള മറുപടിയെന്ന നിലയില്‍ അഭിഷേകിന്‍റെ വാക്കുകള്‍ക്ക് വലിയ സ്വീകാര്യതയാണ് പ്രേക്ഷകര്‍ക്കിടയില്‍ ലഭിച്ചത്. ആദ്യ വാരത്തിന് ശേഷം പറയുന്ന കാര്യം കൊണ്ട് അഭിഷേക് ആദ്യമായി ശ്രദ്ധിക്കപ്പെട്ടതും അപ്പോഴാണ്.
സ്വന്തം നിശ്ചയപ്രകാരമല്ലാതെ ഒരു ഇമോഷണല്‍ ട്രാക്ക് അഭിഷേകിന് സെറ്റ് ചെയ്ത് കൊടുത്ത വാരമാണ് ഇപ്പോഴത്തേത്. മാതൃദിനാഘോഷത്തിന് പിന്നാലെയെത്തിയ ഈ വാരമാണ് ഫാമിലി വീക്ക് ആയി ബിഗ് ബോസ് ആഘോഷിക്കുന്നത്. അറുപത് ദിവസത്തിലേറെയായി തങ്ങളില്‍ നിന്ന് അകന്ന് കഴിയുന്ന മത്സരാര്‍ഥികളെ കാണാന്‍ പ്രിയപ്പെട്ടവര്‍ എത്തുന്ന വാരം. ഏറെ പേരെയും കാണാന്‍ അമ്മമാര്‍ എത്തിയപ്പോള്‍ അഭിഷേകിനെ കാണാന്‍ ആര് വരുമെന്ന ചര്‍ച്ചയും പ്രേക്ഷകര്‍ക്കിടയില്‍ രൂപപ്പെട്ടു. ചില സഹമത്സരാര്‍ഥികളും ഇക്കാര്യം സ്വകാര്യ വേളകളില്‍ സംസാരിക്കുന്നുണ്ടായിരുന്നു. കുടംബങ്ങള്‍ വന്നുപോകുന്ന സമയത്ത് പലപ്പോഴും ഉള്ളില്‍ ഒറ്റപ്പെട്ടതുപോലെ നില്‍ക്കുന്ന അഭിഷേകിനെ ഹൗസിലെ ക്യാമറകള്‍ ഒപ്പിയെടുത്തു. തന്‍റെ ഭാഗത്തുനിന്ന് ഗെയിമര്‍ എന്ന നിലയില്‍ അധിക എഫര്‍ട്ട് ഇല്ലാതെതന്നെ പ്രേക്ഷക ചര്‍ച്ചകളുടെ ശ്രദ്ധാകേന്ദ്രമായി അഭിഷേക് മാറുന്ന കാഴ്ചയാണ് ഇപ്പോഴുള്ളത്.
ടോപ്പ് 5 ല്‍ എത്തുമോ?
ഫാമിലി വീക്ക് ആയതിനാല്‍ മത്സരാര്‍ഥികള്‍ക്ക് പ്രതിഭ തെളിയിക്കാനുള്ള അവസരങ്ങള്‍ ഇപ്പോള്‍ കുറവാണ്. ഇടയിലുണ്ടാവുന്ന സംഘര്‍ഷങ്ങളും ഇപ്പോള്‍ കുറവാണ്. ഇപ്പോഴുള്ള ജനപ്രീതി നോക്കിയാല്‍ ഫൈനല്‍ 5 ല്‍ എത്താനുള്ള സാധ്യത അഭിഷേകിന് ഉണ്ട്. എന്നാല്‍ ഫാമിലി വീക്കിന് ശേഷം ബിഗ് ബോസിലെ സാഹചര്യങ്ങള്‍ എത്തരത്തില്‍ മാറുമെന്ന പ്രവചനം ഇപ്പോള്‍ സാധ്യമല്ല. പ്രേക്ഷകര്‍ തന്നെ സൃഷ്ടിച്ചുനല്‍കിയ ഇമോഷണല്‍ ട്രാക്ക് അഭിഷേകിന് വലിയ സാധ്യത തുറക്കുമ്പോള്‍ത്തന്നെ മുന്നോട്ടുള്ള കഠിനമായ ഗെയിമുകളില്‍ അദ്ദേഹം മികവ് തെളിയിക്കേണ്ടതുമുണ്ട്. ഫിസിക്കല്‍ അല്ലാത്ത, കോടതി ടാസ്ക് ഉള്‍പ്പെടെയുള്ള മാനസിക പരീക്ഷകളും വരും ദിനങ്ങളില്‍ മത്സരാര്‍ഥികളെ തേടിയെത്തും. അത്തരം ടാസ്കുകളിലെ പ്രകടനം എത്തരത്തിലാവുമെന്നതിനെക്കൂടി ആശ്രയിച്ചിരിക്കും അഭിഷേകിന്‍റെ ടോപ്പ് 5 സാധ്യതകള്‍.
ബിഗ് ബോസ് സീസണ്‍ 6 റിവ്യൂസ് വായിക്കാം
പെര്‍ഫോമര്‍ ഓഫ് ദി സീസണ്‍; ശ്രീരേഖ എന്തുകൊണ്ട് പുറത്തായി? 6 കാരണങ്ങള്‍
നമ്മള്‍ വിചാരിച്ച ആളല്ല അന്‍സിബ! 9 കാരണങ്ങള്‍ ഇവയാണ്
ഗബ്രി എന്തുകൊണ്ട് പുറത്തായി? സീസണ്‍ 6 ലെ സര്‍പ്രൈസ് എവിക്ഷനിലേക്ക് നയിച്ച കാരണങ്ങള്‍
ബിഗ് ബോസ് സീസണ്‍ 6 കപ്പ് ആര്‍ക്ക്? ടോപ്പ് 6 ല്‍ ഇവരോ?
എന്താണ് സിബിന് സംഭവിക്കുന്നത്? അകത്തേക്കോ പുറത്തേക്കോ?
ആഴ്ചകള്‍ക്ക് മുന്‍പ് കണ്ട നോറയല്ല ഇത്! ഫൈനല്‍ ഫൈവോളം എത്തുമോ ഈ കുതിപ്പ്?
9 പേരുള്ള എലിമിനേഷന്‍ ലിസ്റ്റ്; ഈ വാരം ആരൊക്കെ പുറത്താവും?
ജിന്‍റോയുടെ 'പവര്‍' കുറയ്ക്കുമോ അര്‍ജുന്‍? എന്നെത്തും സീസണിലെ ആദ്യ വൈല്‍ഡ് കാര്‍ഡ്?
റോക്കിയുടെ അപ്രതീക്ഷിത എക്സിറ്റ്; ഇനി നേട്ടമുണ്ടാക്കുന്ന മത്സരാര്‍ഥികള്‍ ആരൊക്കെ?
കളിക്കാന്‍ മറന്ന കോമണര്‍, ബിഗ് ബോസിലെ അഭിനയം വഴങ്ങാത്ത നടന്‍
പ്രതീക്ഷ നല്‍കി, കത്തിക്കയറി, ഇമോഷണലായി; ബിഗ് ബോസിൽ ഋഷിക്ക് സംഭവിക്കുന്നത് എന്ത്?
കളി മാറ്റാന്‍ വന്നയാള്‍ പുറത്ത്! ബിഗ് ബോസില്‍ ഇനി ശ്രദ്ധിക്കേണ്ടത് ഇവരെ
എവിടെ തിരിഞ്ഞാലും രതീഷ് കുമാര്‍! സീസണ്‍ 6 ലെ കുമ്പിടിയാവുമോ ഈ ടെലിവിഷന്‍ അവതാരകന്‍?'