തൃക്കാക്കര വിജയിക്ക് ചെറിയ ഭൂരിപക്ഷമോ വലിയ മാർജിനോ? പോളിംഗ് കുറവ് ആരെ തുണയ്ക്കും?

By Savithri TM  |  First Published Jun 1, 2022, 12:52 PM IST

 പ്രതിപക്ഷനേതാവും തമ്മിൽ നടക്കുന്ന നേർക്കുനേർ പോരായി വിലയിരുത്തപ്പെട്ടിട്ടും തൃക്കാക്കരയിൽ ഇത്തവണ കുറഞ്ഞ പോളിംഗ് മാത്രം. കാരണമെന്ത്? കണക്കുകളെന്ത്?


തൃക്കാക്കര: മഴ മാറി നിന്നു. തെളി‌ഞ്ഞ കാലാവസ്ഥ. എന്നിട്ടും, നഗരമണ്ഡലമായ തൃക്കാക്കരയിൽ ഇത്തവണ കണ്ടത് ഇതുവരെ കണ്ടതിൽ ഏറ്റവും കുറഞ്ഞ പോളിംഗ്. ഇത്തവണ 68.75% പോളിംഗ് മാത്രമാണ് തൃക്കാക്കരയിൽ രേഖപ്പെടുത്തിയത്. 2011-ലാണ് മണ്ഡലം രൂപീകരിക്കുന്നത്. അതിന് ശേഷം 2009, 14, 19 വർഷങ്ങളിൽ ലോക്സഭാ തെരഞ്ഞെടുപ്പും, 2011, 2016 , 21 വർഷങ്ങളിൽ നിയമസഭാ തെരഞ്ഞെടുപ്പും മണ്ഡലത്തിൽ നടന്നു. ഈ വർഷങ്ങളിലെല്ലാം പോളിംഗ് എഴുപത് ശതമാനം കടന്നിരുന്നെങ്കിൽ നാലാം തെരഞ്ഞെടുപ്പിൽ ഇതാദ്യമായി മണ്ഡലത്തിൽ പോളിംഗ് എഴുപതിൽ കുറഞ്ഞ് 68-ലെത്തി. 

മുഖ്യമന്ത്രി, മന്ത്രിമാർ, എംഎൽഎമാർ. പിന്നാലെ പ്രതിപക്ഷനേതാവ്, പ്രതിപക്ഷ എംഎൽഎമാർ കോൺഗ്രസ് നേതാക്കൾ. മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും തമ്മിൽ നടക്കുന്ന നേർക്കുനേർ പോരായി വിലയിരുത്തപ്പെട്ടിരുന്നു തൃക്കാക്കര ഉപതെരഞ്ഞെടുപ്പ്. മണ്ഡലമിളക്കി മറിച്ചുള്ള പ്രചാരണമാണ് ഇരുമുന്നണികളും നടത്തിയത്.  

Latest Videos

undefined

2009 മുതൽ 2022 വരെയുള്ള പോളിംഗ് ശതമാനം ഒറ്റ നോട്ടത്തിൽ:

 

ഉച്ചയ്ക്ക് 2 മണിയോടെ 52.69% എത്തിയപ്പോൾ ഇത്തവണ പോളിംഗ് ശതമാനം 75 കടന്നേക്കുമെന്നായിരുന്നു കണക്കുകൂട്ടലെങ്കിലും, ഉച്ചതിരിഞ്ഞ് ആവേശം ആറിത്തണുത്തു. മുന്നണികളുടെ കണക്കുകൂട്ടൽ തെറ്റിച്ചത് കൊച്ചി കോർപ്പറേഷനാണ്. കൊച്ചി കോർപ്പറേഷനിലെ പല ബൂത്തുകളിലും അമ്പത് ശതമാനത്തിൽ താഴെ മാത്രമാണ് പോളിംഗ്. കോര്‍പ്പറേഷന്‍ പരിധിയില്‍ തന്നെ ഏറ്റവും കുറഞ്ഞ പോളിങ് ഇടപ്പളളി, കടവന്ത്ര, പാലാരിവട്ടം മേഖലയിലാണ്. ഇടപ്പളളിയില്‍ നാലു ബൂത്തുകളിലും അറുപതിൽ താഴെ ശതമാനം മാത്രമാണ് പോളിങ്. ഏറ്റവും കുറവ് പോളിങ് രേഖപ്പെടുത്തിയത് കടവന്ത്ര മേഖലയില്‍പ്പെട്ട ഗിരിനിഗറിലെ 97ാം നമ്പര്‍ ബൂത്തില്‍. 51.14 ആണ് ഇവിടുത്തെ പോളിംഗ്.  ഇതിൽ പലതും യുഡിഎഫ് ശക്തികേന്ദ്രങ്ങളാണ്. അതുകൊണ്ട് തന്നെയാണ് പി ടിയുടെ അത്ര ഭൂരിപക്ഷം കിട്ടുമോ എന്ന് തനിക്കുറപ്പില്ലെന്നും, ഭൂരിപക്ഷം കുറഞ്ഞാലും വിജയമുറപ്പെന്നും സ്ഥാനാർത്ഥി ഉമ തോമസ് പറയുന്നത്. സാധാരണ നാല്പത് പോലും എത്താത്ത ബൂത്തുകളിൽ അൻപത് ശതമാനം എത്തിയത് തന്നെ നേട്ടമാണെന്നും ഈ ബൂത്തുകളിൽ ചെയ്ത വോട്ടുകൾ അധികവും നേട്ടമാകുമെന്നും യുഡിഎഫും പറയുന്നു. 

അതേസമയം, യുഡിഎഫ് കോട്ടകളിലാണ് പോളിംഗ് കുറഞ്ഞതെന്നും, തൃക്കാക്കരയിൽ എൽഡിഎഫ് വൻമുന്നേറ്റമുണ്ടാക്കുമെന്നും പോളിംഗ് കുറഞ്ഞത് അനുകൂലമെന്നും പരാജയത്തെക്കുറിച്ച് ചിന്തിക്കുന്നത് പോലുമില്ലെന്നും ഇടത് സ്ഥാനാർത്ഥി ജോ ജോസഫ് അവകാശപ്പെടുന്നു. 

എന്നാൽ തൃക്കാക്കരയിൽ ആര് ജയിച്ചാലും ഭൂരിപക്ഷം കുറവായിരിക്കുമെന്നും യുഡിഎഫ് കോട്ടകളിലാണ് പോളിംഗ് കുറഞ്ഞതെന്നും ബിജെപി സ്ഥാനാർത്ഥി എ എൻ രാധാകൃഷ്ണൻ പറയുന്നു. ബിജെപി അട്ടിമറി നേട്ടം കൊയ്യും. എൽഡിഎഫിന്‍റെയും യുഡിഎഫിന്‍റെയും വോട്ട് ബിജെപിക്ക് കിട്ടുമെന്നും എ എൻ രാധാകൃഷ്ണൻ വ്യക്തമാക്കുന്നു. 

തൃക്കാക്കര മുൻസിപ്പാലിറ്റിയിൽ നല്ല പോളിംഗ്

അതേസമയം, ഇഞ്ചോടിഞ്ച് പോരാട്ടം പ്രതീക്ഷിക്കുന്ന തൃക്കാക്കര മുൻസിപ്പാലിറ്റിയിലെ മിക്ക ബൂത്തുകളിലും മികച്ച പോളിംഗാണ് ഇത്തവണ രേഖപ്പെടുത്തിയത്. 75% വരെ പോളിംഗ് കടന്ന ബൂത്തുകളുണ്ട്. തൃക്കാക്കര സെൻട്രലിലെയും ഈസ്റ്റിലെയും വെസ്റ്റിലെയും പോളിംഗിൽ യുഡിഎഫും എൽഡിഎഫും പ്രതീക്ഷ വെക്കുന്നു. ഈസ്റ്റിൽ കഴിഞ്ഞ തവണ കരുത്ത് കാട്ടിയ ട്വന്‍റി 20 വോട്ട് ഇത്തവണ ഒപ്പം നിൽക്കുമെന്ന പ്രതീക്ഷ യുഡിഎഫിനുണ്ട്. 

തൃക്കാക്കര മണ്ഡലം ഒറ്റ നോട്ടത്തിൽ:

Credits to Manoj KaringamadathilOpenDatakKerala.org


കള്ളവോട്ടാരോപണം

239 ബൂത്തുകളാണ് തൃക്കാക്കരയിൽ ഇത്തവണ സജ്ജീകരിച്ചിരുന്നത്. പ്രശ്നസാധ്യതാബൂത്തുകളോ പ്രശ്നബാധിതബൂത്തുകളോ ഉണ്ടായിരുന്നില്ല. കള്ളവോട്ടാരോപണം നേരത്തേ തന്നെ ഉയർന്നിരുന്നതിനാൽ അത് തടയാൻ കർശനനടപടികൾ തെരഞ്ഞെടുപ്പ് കമ്മീഷൻ സ്വീകരിച്ചിരുന്നു. പൊന്നുരുന്നി സികെഎസി എൽപിഎസ്സിൽ സഞ്ജു എന്ന പേരിൽ കള്ളവോട്ടിന് ശ്രമിച്ചതായി യുഡിഎഫ് ബൂത്ത് ഏജന്‍റുമാർ ആരോപിച്ചതിനെത്തുടർന്ന് ആൽബിൻ എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. മാവേലിപുരത്ത് മുകേഷ് എന്നയാളുടെ വോട്ടും പാലാരിവട്ടം ബൂത്ത് നമ്പർ 17-ൽ  ഛായാഗ്രാഹകൻ സാലു ജോർജിന്‍റെ മകൻ ജോസഫ് ജോർജിന്‍റെ വോട്ടും മറ്റാരോ ചെയ്തതതായി കോൺഗ്രസ് പരാതി നൽകി. ജോസഫ് ജോർജ് ഇപ്പോൾ കാനഡയിലാണുള്ളത്. കൊല്ലംകുടിമുകളിലെ 147-ാം നമ്പർ ബൂത്തിൽ  കള്ളവോട്ട് നടന്നതായി ബിജെപിയും പരാതി നൽകിയിരുന്നു. 

ചിത്രം: എൽഡിഎഫ് സ്ഥാനാർത്ഥി ഡോ. ജോ ജോസഫ്, യുഡിഎഫ് സ്ഥാനാർത്ഥി ഉമ തോമസ്, എൻഡിഎ സ്ഥാനാർത്ഥി എ എൻ രാധാകൃഷ്ണൻ

'തൃക്കാൽ' വച്ചവർ - വോട്ട് വിഹിതം

2011-ൽ രൂപീകൃതമായ ശേഷം ഇതുവരെയും തൃക്കാക്കര തുണച്ചത് യുഡിഎഫിനെയാണ്. 2011-ൽ നടന്ന കന്നി തെരഞ്ഞെടുപ്പിൽ ബെന്നി ബെഹനാൻ ജയിച്ചത് 55.88%, അതായത് 65,854 വോട്ട് നേടിയാണ്. അന്ന് 36.87%, അതായത്, 43,448 വോട്ട് നേടാനേ സിപിഎം സ്ഥാനാർത്ഥിയായ എം ഇ ഹസൈനാർക്ക് കഴിഞ്ഞുള്ളൂ. ബിജെപിയുടെ എൻ സജികുമാറിന് വെറും അയ്യായിരത്തിൽ ചില്വാനം വോട്ടാണ് കിട്ടിയത്. അതായത്, 5.04% വോട്ട്. 

2016, 21 നിയമസഭാ തെരഞ്ഞെടുപ്പുകളിൽ പി ടി തോമസായിരുന്നു യുഡിഎഫ് സ്ഥാനാർത്ഥി. 2014 ലോക്സഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോഴേക്ക് എൻഡിഎ കാര്യമായി തൃക്കാക്കരയിൽ വോട്ട് ശതമാനം കൂട്ടിയതാണ് കണ്ടത്. വെറും അഞ്ച് ശതമാനത്തിൽ നിന്ന് പത്ത് ശതമാനത്തോളം വോട്ട് കൂടുതൽ നേടി 15 ശതമാനം വോട്ട് എൻഡിഎ നേടി. ബിജെപിയുടെ യുവനേതാവ് എസ് സജിയാണ് ഇതുവരെ തൃക്കാക്കരയിൽ ഏറ്റവും കൂടുതൽ വോട്ട് നേടിയ എൻഡിഎ സ്ഥാനാർത്ഥി. എൽഡിഎഫിന്‍റെ വോട്ട് വിഹിതം ഏറെക്കുറെ സമാനമായിത്തന്നെ തുടർന്നപ്പോൾ, ആ പത്ത് ശതമാനം പോയത് യുഡിഎഫിന്‍റെ പോക്കറ്റിൽ നിന്നാണെന്ന് വ്യക്തം. 

2021 നിയമസഭാ തെരഞ്ഞെടുപ്പായപ്പോഴേക്ക് കളത്തിലേക്ക് ട്വന്‍റി 20 കൂടി എത്തി. കന്നി തെരഞ്ഞെടുപ്പിൽ നഗരമണ്ഡലത്തിൽ 10.28% വോട്ട് ട്വന്‍റി 20 നേടി. അവിടെയും നഷ്ടം യുഡിഎഫിന് തന്നെയായിരുന്നു. 2011-ലെ 56 ശതമാനത്തോളം നേടിയ വോട്ടിൽ നിന്ന് 2016-ൽ 45 ശതമാനത്തിലേക്കും പിന്നീട് 2021-ൽ 43 ശതമാനത്തിലേക്കും യുഡിഎഫിന്‍റെ വോട്ട് വിഹിതം കുറഞ്ഞു. എൽഡിഎഫിന്‍റെ വോട്ട് വിഹിതത്തിലും 3 ശതമാനത്തിന്‍റെ കുറവുണ്ടായി. തിരിച്ചടിയേറ്റത് എൻഡിഎയ്ക്കാണ്. 2016-ൽ നേടിയ 15 ശതമാനത്തിലൊരു പങ്ക് ട്വന്‍റി 20 കൊണ്ടുപോയി. എൻഡിഎ വോട്ട് വിഹിതം 11 ശതമാനമായി കുറഞ്ഞു. 2014-ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടിയുടെ അനിതാ പ്രതാപ് ഇവിടെ നിന്ന് 7.89% വോട്ട് നേടിയെന്നതും ഓർക്കണം. പ്രത്യേകിച്ച് ആപ്പും, ട്വന്‍റി 20-യും കേരളത്തിൽ സഖ്യം പ്രഖ്യാപിച്ച സാഹചര്യത്തിൽ.

നരേന്ദ്രമോദി തരംഗത്തിൽ എൻഡിഎ ജയിച്ചുകയറിയ 2014-ലെ സാഹചര്യമല്ല ഇത്തവണ. രാഷ്ട്രീയചിത്രം മാറി. ദില്ലിക്ക് പുറമേ പഞ്ചാബിലും ഭരണം നേടിയെങ്കിലും വിവാദങ്ങളുടെ നടുവിൽ നിൽക്കുന്ന, ഇടത് -വലത് മുന്നണികളുടെ ശത്രുപക്ഷത്തുള്ള, ഏറെ വിമർശനവിധേയരായ ട്വന്‍റി 20-യുമായുള്ള സഖ്യം ആപ്പിന് ഗുണകരമാകുമോ എന്നത് കണ്ടറിയേണ്ടതാണ്. ഇത്തവണ ട്വന്‍റി 20 - ആപ് സഖ്യം തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നില്ല. കേരളത്തിൽ അരവിന്ദ് കെജ്‍രിവാൾ വന്ന് ദില്ലിയിലെ അടിസ്ഥാനവർഗത്തിന് ലഭിക്കുന്ന നേട്ടങ്ങളാണ് എണ്ണിപ്പറഞ്ഞത്. എന്നാൽ ഒരു മെട്രോ സ്ഥിതി ചെയ്യുന്ന എറണാകുളത്ത്, ഇതെത്രത്തോളം ആളുകളിലെത്തും? കേരളം പോലെ, സാമൂഹ്യസൂചികകളിൽ മുന്നിൽ നിൽക്കുന്ന ഒരു സംസ്ഥാനത്തിൽ മൊഹല്ല ക്ലിനിക്കുകളുടെ പേരിൽ വോട്ട് പിടിക്കാനാകുമോ ആപ്പിന്? അഴിമതിവിരുദ്ധപോരാട്ടമെന്ന ലേബലിലാകും വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളിൽ ആപ് - ട്വന്‍റി 20 പ്രചാരണം തുടരുക. 

പക്ഷേ ഇത്തവണ ഇവരുടെ വോട്ട് ആർക്ക് പോകും? പോളിംഗ് ശതമാനം കുറഞ്ഞ സാഹചര്യത്തിൽ യുഡിഎഫും എൽഡിഎഫും തമ്മിലെ ഈ നേർക്കുനേർപോരിൽ ബിജെപി പിടിക്കുന്ന വോട്ട് വളരെ നിർണ്ണായകമാണ്. ഒരുപക്ഷേ, തൃക്കാക്കര ഫലം നിശ്ചയിക്കുന്നത് ചെറിയ മാർജിനായേക്കാമെന്ന സൂചനയാണ് വരുന്നത്. ഇനി അതല്ല, ആർക്കെങ്കിലും അനുകൂലതരംഗം താഴേത്തട്ടിൽ നിലനിൽക്കുന്നുണ്ടെങ്കിൽ, അത് വലിയ ഭൂരിപക്ഷത്തിലേക്കും വഴിവച്ചേക്കാം. എല്ലാം കണ്ടറിയാം, ജൂൺ 3-ന് പെട്ടി പൊട്ടിക്കുമ്പോൾ. 

2021-ൽ മത്സരിച്ചവരും കിട്ടിയ വോട്ടും ശതമാനവും  

 

click me!