എല്ലാ തെരഞ്ഞെടുപ്പ് പ്രസംഗങ്ങളിലും റഫാൽ ഇടപാട് പരാമർശിയ്ക്കാതെ വിടാറില്ല കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. പകരത്തിന് പകരം, റോബർട്ട് വദ്രയ്ക്കെതിരായ ഭൂമി ഇടപാട് കേസ് ഉയർത്തിക്കാട്ടുകയാണ് ബിജെപി. ഈ മാസം ഏഴിന് മുൻപ് രാജസ്ഥാനിലെ ബിക്കാനീറിലെ ഭൂമി ഇടപാട് കേസിൽ ഹാജരാകണമെന്നാവശ്യപ്പെട്ട് റോബർട്ട് വദ്രയ്ക്ക് നൽകിയ എൻഫോഴ്സ്മെന്‍റ് നോട്ടീസിൽ രാഷ്ട്രീയക്കണ്ണാണെന്ന് കോൺഗ്രസ് ആരോപിയ്ക്കുന്നു.
ബിക്കാനീർ: രാജസ്ഥാനിലെ ബിക്കാനീറിൽ റോബർട്ട് വദ്ര ഭൂമി വാങ്ങിയതിൽ അഴിമതിയുണ്ടെന്ന് കാണിച്ച് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് നൽകിയ നോട്ടീസ് കോൺഗ്രസിനെതിരായ രാഷ്ട്രീയ ആയുധമാക്കുകയാണ് ബിജെപി. വദ്രയുടെ സ്കൈലൈറ്റ് ഹോസ്പിറ്റാലിറ്റി എന്ന കമ്പനി 2010-ൽ നാലിടത്തായി വാങ്ങിയ ഭൂമി രണ്ട് വർഷത്തിനുള്ളിൽ പത്തിരട്ടി വിലയ്ക്ക് വിറ്റെന്ന് നേരത്തേ ആരോപണമുയർന്നിരുന്നതാണ്.
ഈ ഭൂമി വാങ്ങിയ കമ്പനികൾക്ക് ഇതിന് എവിടെ നിന്ന് പണം കിട്ടിയെന്ന് എൻഫോഴ്സ്മെന്‍റ് അന്വേഷിച്ചു ചെന്നപ്പോൾ, വായ്പ മറ്റൊരു കമ്പനിയിൽ നിന്ന് വാങ്ങുകയായിരുന്നെന്നാണ് രേഖകൾ കാണിച്ചത്. എന്നാൽ ആ കമ്പനിയിലാകട്ടെ ഭൂമി വാങ്ങിയ കമ്പനിയ്ക്ക് വായ്പ കൊടുത്തതായി രേഖയുമില്ല. തുടർന്ന് ആദായനികുതി വകുപ്പ് ഭൂമി മറിച്ചുവിറ്റതാണോ എന്ന അന്വേഷണം തുടങ്ങി.
undefined
കേസിൽ ഹാജരാകാൻ നേരത്തേയും എൻഫോഴ്സ്മെന്‍റ് വാദ്രയ്ക്ക് നോട്ടീസ് നൽകിയിരുന്നതാണ്. എന്നാൽ അന്ന് അഭിഭാഷകൻ മുഖേന രേഖകൾ ഹാജരാക്കുകയാണ് വദ്ര ചെയ്തത്. എന്നാൽ ഈ ആഴ്ച വദ്രയെ നേരിട്ട് ചോദ്യം ചെയ്യേണ്ടതുണ്ടെന്നാണ് എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റിന്‍റെ നിലപാട്.
ഡിസംബർ എഴിനാണ് രാജസ്ഥാനിൽ വോട്ടെടുപ്പ്. അതിനുമുമ്പ് ഹാജരാകണം എന്ന് വാധ്രയോട് ആവശ്യപ്പെട്ടത് തെരഞ്ഞെടുപ്പ് ലക്ഷ്യം വച്ചാണെന്ന് കോൺഗ്രസ് കരുതുന്നു. കേന്ദ്രത്തിൽ നാലര വർഷമായി ബിജെപി സർക്കാരാണ്. രാജസ്ഥാനിൽ അഞ്ചു വർഷമായി വസുന്ധര സർക്കാരും. 2014-ൽ ഉയർന്ന ആരോപണത്തിൽ ഇതുവരെ നടപടി എടുക്കാതെ ഇപ്പോഴത്തെ നീക്കം എന്തു ലക്ഷ്യം വച്ചാണെന്ന് കോൺഗ്രസ് ചോദിക്കുന്നു.
തോൽവി മുന്നിൽ കാണുന്ന ബിജെപിയുടെ നിരാശയാണ് സമൻസിനോട് വദ്രയുടെ പ്രതികരണം. സമൻസ് അവഗണിക്കുമെന്ന സൂചനയും വദ്ര നൽകി. എന്നാൽ ബിജെപി ദേശീയാധ്യക്ഷൻ അമിത് ഷാ തെരഞ്ഞെടുപ്പ് റാലികളിൽ വദ്രയുടെ അഴിമതി ഇപ്പോഴേ പ്രചാരണവിഷയമാക്കിക്കഴിഞ്ഞു. റഫാൽ ഇടപാട് രാഹുൽ ഗാന്ധി ഉന്നയിക്കുമ്പോൾ രാജസ്ഥാനിൽ വാധ്ര കേസ് പ്രതിരോധത്തിന് സഹായിക്കുമെന്ന് ബിജെപി കരുതുന്നു.