ടിഡിപി അധ്യക്ഷൻ ചന്ദ്രബാബു നായിഡു തെലങ്കാനയ്ക്ക് ജയ് വിളിച്ചെങ്കിലും ടിആർഎസ് വിമർശനത്തിന് മൂർച്ച കുറയ്ക്കുന്നില്ല. തെലങ്കാനയുടെ ശത്രുവാണ് ചന്ദ്രബാബു നായിഡു എന്ന പ്രചാരണത്തിൽ നിന്ന് ടിആർഎസ് പിന്നോട്ടില്ല. നായിഡുവിനൊപ്പം വേദി പങ്കിട്ട കോൺഗ്രസിനെയും കടന്നാക്രമിക്കുകയാണ് പാർട്ടി.
തെലങ്കാന: ചരിത്രത്തിലാദ്യമായി കോൺഗ്രസിനൊപ്പം തെരഞ്ഞെടുപ്പിനെ നേരിടുകയാണ് ടിഡിപി. കഴിഞ്ഞ ദിവസം ഖമ്മത്ത് നടന്ന റാലിയിൽ ടിഡിപി അധ്യക്ഷൻ ചന്ദ്രബാബു നായിഡു തെലങ്കാനയ്ക്ക് ജയ് വിളിച്ചെങ്കിലും ടിആർഎസ് വിമർശനത്തിന് മൂർച്ച കുറയ്ക്കുന്നില്ല. തെലങ്കാനയുടെ ശത്രുവാണ് ചന്ദ്രബാബു നായിഡു എന്ന പ്രചാരണത്തിൽ നിന്ന് ടിആർഎസ് പിന്നോട്ടില്ല. നായിഡുവിനൊപ്പം വേദി പങ്കിട്ട കോൺഗ്രസിനെയും കടന്നാക്രമിക്കുകയാണ് പാർട്ടി.
തെലങ്കാനയിലെ അതിർത്തി ഗ്രാമങ്ങളിൽ ജലസേചന പദ്ധതികൾക്ക് തുരങ്കം വെക്കുന്നത് ആന്ധ്ര പ്രദേശാണ് എന്നാണ് വിമർശനം. അവിടുത്തെ മുഖ്യമന്ത്രിക്ക് ഇവിടെ വോട്ട് ചോദിക്കാൻ എങ്ങനെ കഴിയുന്നുവെന്നാണ് ടിആർഎസിന്‍റെ ചോദ്യം . സംസ്ഥാന രൂപീകരണത്തിന് എതിരെ സമരം ചെയ്ത നായിഡുവിനെ മറക്കരുതെന്നും അവർ പറയുന്നു. തെലങ്കാനയുടെ ശത്രുവിനെ മിത്രമാക്കിയ കോൺഗ്രസിന് ജനങ്ങൾ മറുപടി നൽകുമെന്ന് കെസിആറിന്‍റെ മകൻ കെ ടി രാമറാവു പറഞ്ഞു. വലിയ മണ്ടത്തരമാണ് നായിഡുവിനെ തെലങ്കാനയിലിറക്കിയ കോൺഗ്രസ് ചെയ്തതെന്നാണ് ബിജെപി വിമർശനം.
undefined
ദേശീയ തലത്തിലെ വിശാല സഖ്യം ലക്ഷ്യമിട്ടാണ് തെലങ്കാനയിലെ പ്രചാരണമെന്നായിരുന്നു നായിഡുവിന്‍റെ വിശദീകരണം. നായിഡു കോൺഗ്രസിന് വലിയ ബാധ്യതയാകുമെന്നാണ് ബിജെപിയുടെ മുന്നറിയിപ്പ്. തെലങ്കാന വികാരം ഉപയോഗപ്പെടുത്താൻ ടിആർഎസിന് അവസരമൊരുക്കിയത് കോൺഗ്രസാണെന്ന് പാർട്ടി ജനറൽ സെക്രട്ടറി മുരളീധർ റാവു കുറ്റപ്പെടുത്തി. എന്നാൽ എല്ലാം തെലങ്കാനക്കും രാജ്യത്തിനും വേണ്ടിയെന്ന് ആവർത്തിക്കുകയാണ് ടിഡിപി അധ്യക്ഷൻ. വിശാല സഖ്യത്തിന്‍റെ തുടക്കമാണ് തെലങ്കാനയിലെന്നും നരേന്ദ്രമോദിക്കുളള മറുപടിയാണ് വരാനിരിക്കുന്നതെന്നും അദ്ദേഹം പറയുന്നു. 2014ൽ മോദി ഒരു സംസ്ഥാനത്തെ മുഖ്യമന്ത്രി മാത്രമായിരുന്നു. അദ്ദേഹത്തിന് തന്‍റെ പാർട്ടിയെ നയിക്കാൻ കഴിഞ്ഞു. അതുപോലെയുളള നേതാക്കൾ വേറെയുമുണ്ട് എന്നാണ് ചന്ദ്രബാബു നായിഡു പറഞ്ഞത്. എന്നാൽ പ്രധാനമന്ത്രി സ്ഥാനത്തേക്ക് മത്സരിക്കാൻ താനില്ലെന്നും നായിഡു വ്യക്തമാക്കുന്നു.
അതേ സമയം നായിഡു ബാന്ധവത്തിനെതിരായ പ്രചരണത്തിന് മറുപടി പറഞ്ഞ് സമയം കളയുന്നില്ല എന്നാണ് കോൺഗ്രസ് നേതാക്കളുടെ നയം. മോദി-,ചന്ദ്രശേഖര റാവു ഒത്തുകളി ആരോപണം ശക്തമാക്കുകയാണ് കോൺഗ്രസ്. അവർക്കെതിരെയാണ് നായിഡുവിനെ തെലങ്കാനയിൽ അവതരിപ്പിക്കുന്നത് എന്ന് വിശദീകരിക്കാനാണ് കോൺഗ്രസിന്‍റെ ശ്രമം. ടിഡിപിയുടെ സ്വാധീനമേഖലകളിൽ നേട്ടം ഉറപ്പിക്കുമ്പോഴും തെലങ്കാന വികാരം ശക്തമായ ജില്ലകളിൽ ഇത് എത്ര കണ്ട് പ്രതിഫലിക്കുമെന്ന് വ്യക്തതയില്ല. ഭരണവിരുദ്ധ വികാരം വോട്ടാക്കി മാറ്റുന്നതിന് ടിഡിപി ബന്ധം തിരിച്ചടിയാകുമോയെന്ന ആശങ്കയും നായിഡു, രാഹുൽ റാലിക്ക് പിന്നാലെ കോൺഗ്രസിൽ ഉയരുന്നുണ്ട്.