ഒവൈസിയുടെ പാർട്ടി അവരുടെ ഏഴ് സീറ്റ് നിലനിർത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. തെരഞ്ഞെടുപ്പ് കാലത്ത് ടിആർഎസിനെ അവർ തുണയ്ക്കുകയും ചെയ്തു. തൂക്കുസഭ വന്നാലും കെസിആറിനെ ഒവൈസി കൈവിടാനിടയില്ല
ഹൈദരാബാദ്: എക്സിറ്റ് പോളുകൾ ടിആർഎസിന് ജയം പ്രവചിക്കുന്ന തെലങ്കാനയിൽ തൂക്കുസഭാ ചർച്ചകളും സജീവം. കേവലഭൂരിപക്ഷം കിട്ടിയില്ലെങ്കിൽ ടിആർഎസിനെ പിന്തുണയ്ക്കാൻ തയ്യാറാണെന്ന് ബിജെപി വ്യക്തമാക്കി. അസദ്ദുദ്ദീൻ ഒവൈസിയുടെ പാർട്ടിയുമായി ഒരു ബന്ധവും പാടില്ലെന്നാണ് നിബന്ധന. അതേസമയം രാഷ്ട്രീയത്തിൽ സ്ഥിരം ശത്രുക്കളില്ലെന്നായിരുന്നു കോൺഗ്രസിന്‍റെ പ്രതികരണം.
ഭൂരിഭാഗം സർവേകളും ചന്ദ്രശേഖര റാവുവിന് മൃഗീയ ഭൂരിപക്ഷം പ്രവചിക്കുമ്പോൾ ചിലത് തൂക്കുസഭയ്ക്കുളള സാധ്യതകളും തുറന്നിടുന്നുണ്ട്. കേവലഭൂരിപക്ഷമായ അറുപത് സീറ്റിലേക്ക് മഹാകൂട്ടമിക്കും ടിആർഎസിനും എത്താനായില്ലെങ്കിൽ ബിജെപിയുടെയും ഒവൈസിയുടെ എംഐഎമ്മിന്‍റെയും നിലപാട് നിർണായകമാകും. മൂന്ന് മുതൽ ഏഴ് സീറ്റുകൾ വരെ ഉറപ്പിക്കുന്ന ബിജെപി റാവുവിന് മുന്നിൽ നിബന്ധന വെക്കുകയാണ്.
ഒവൈസിയുടെ പാർട്ടി അവരുടെ ഏഴ് സീറ്റ് നിലനിർത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. തെരഞ്ഞെടുപ്പ് കാലത്ത് ടിആർഎസിനെ അവർ തുണയ്ക്കുകയും ചെയ്തു. തൂക്കുസഭ വന്നാലും കെസിആറിനെ ഒവൈസി കൈവിടാനിടയില്ല. എക്സിറ്റ് പോളുകൾ തളളുന്ന കോൺഗ്രസ് മഹാകൂട്ടമി ഒറ്റക്ക് അധികാരം പിടിക്കുമെന്ന ആത്മവിശ്വാസത്തിലാണ്. എന്നാൽ തൂക്കുസഭ സഭയ്ക്കുളള സാധ്യത തളളുന്നുമില്ല. ബിജെപിയുടെ പുതിയ നിലപാട് ഒവൈസിയുമായി ബന്ധമുണ്ടാക്കാൻ സഹായിക്കുമെന്ന് പാർട്ടി കരുതുന്നു. ആർക്കും ഭൂരിപക്ഷമില്ലെങ്കിൽ അപ്രതീക്ഷിത നീക്കങ്ങൾ തെലങ്കാനയിൽ കാണുമെന്ന് ഉറപ്പിക്കാം.