'ചടയമം​ഗലം ലീ​ഗിന് കൊടുക്കരുത്, കുഞ്ഞാലിക്കുട്ടി മത്സരിച്ചാലും തോൽക്കും'; എതിർപ്പുമായി യൂത്ത് കോൺ​ഗ്രസ്

By Web Team  |  First Published Feb 28, 2021, 3:53 PM IST

കുഞ്ഞാലിക്കുട്ടി മൽസരിച്ചാലും ചടയമംഗലത്ത് ലീഗ് ജയിക്കില്ലെന്ന് യൂത്ത് കോൺഗ്രസിൻ്റെ പേരിൽ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു. പ്രയാർ ഗോപാലകൃഷ്ണനെ സ്ഥാനാർഥിയാക്കണമെന്ന് ആവശ്യപ്പെട്ട് നവ മാധ്യമങ്ങളിൽ പ്രചാരണവും തുടങ്ങി.


കൊല്ലം: ചടയമം​ഗലം സീറ്റ് മുസ്ലീം ലീ​ഗിന് വച്ചുമാറാനുള്ള കോൺ​ഗ്രസ് തീരുമാനത്തിൽ എതിർപ്പുമായി യൂത്ത് കോൺ​ഗ്രസ് രം​ഗത്ത്. സീറ്റ് കൈമാറാനുള്ള നീക്കത്തിനെതിരെ യൂത്ത് കോൺ​ഗ്രസ് പ്രമേയം പാസാക്കി. കുഞ്ഞാലിക്കുട്ടി മൽസരിച്ചാലും ചടയമംഗലത്ത് ലീഗ് ജയിക്കില്ലെന്ന് യൂത്ത് കോൺഗ്രസിൻ്റെ പേരിൽ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു. പ്രയാർ ഗോപാലകൃഷ്ണനെ സ്ഥാനാർഥിയാക്കണമെന്ന് ആവശ്യപ്പെട്ട് നവ മാധ്യമങ്ങളിൽ പ്രചാരണവും തുടങ്ങി.

പുനലൂരും ചടയമം​ഗലവും വച്ചുമാറാൻ ഇന്ന് മുസ്ലീം ലീ​ഗ്- കോൺ​ഗ്രസ്  ചർച്ചയിൽ തീരുമാനമാകുകയായിരുന്നു. കോഴിക്കോട് ജില്ലയിലെ ബാലുശ്ശേരിയും കുന്ദമം​ഗലവും തമ്മിൽ വച്ചുമാറാനും ധാരണയായിട്ടുണ്ട്. നടൻ ധർമ്മജനെ  പരിഗണിക്കുന്ന മണ്ഡലമാണ് കോൺ​ഗ്രസിന് ലീ​ഗ് വിട്ടുനൽകുന്ന ബാലുശ്ശേരി. 

Latest Videos

മുസ്ലീം ലീഗിന് 3 സീറ്റ് അധികം നൽകാനും ധാരണയായിരുന്നു. ഇതോടെ ആകെ 27 സീറ്റിൽ ലീഗ് മത്സരിക്കും. ബേപ്പൂർ, കൂത്ത് പറമ്പ്, ചേലക്കര എന്നിവയാണ് ലീ​ഗിന് പുതിയതായി ലഭിച്ച സീറ്റുകൾ. പുതിയ  7 സീറ്റുകളാണ് ലീ​ഗ് ചോദിച്ചത്. പുതിയതായി ലഭിച്ച ചേലക്കര സംവരണമണ്ഡലമായതിനാൽ ലീഗിന് പ്രാദേശീകമായി  സ്ഥാനാർത്ഥിയെ കണ്ടെത്തേണ്ടി വരും. പൊതുസമ്മതരേയും പരിഗണിച്ചേക്കും. ബേപ്പൂർ മുമ്പ് ലീ​ഗ് മൽസരിച്ച മണ്ഡലമാണ്. ഇവിടെയാണ് വിവാദമായ കോലിബി പരീക്ഷണം നടന്നത്. കൂത്ത്പറമ്പായി മാറിയ പഴയ പാനൂരും ലീഗിന്റെ സീറ്റായിരുന്നു. 

click me!