തെര. കമ്മീഷൻ രഹസ്യമാക്കി വച്ച ഫോർമാറ്റിലെ വോട്ടർപട്ടിക ചോർത്തിയെന്ന് മൊഴി

By Web Team  |  First Published Jul 9, 2021, 11:39 AM IST

ക്രൈം ബ്രാഞ്ചിനാണ് കമ്മീഷനിലെ ഉദ്യോഗസ്ഥർ മൊഴി നൽകിയത്. ഇത് സംബന്ധിച്ച് ടിക്കാറാം മീണയിൽ നിന്നും വിവരങ്ങൾ ക്രൈം ബ്രാഞ്ച് തേടും. കമ്മീഷൻ ഓഫീസിൽ നിന്നും പിടിച്ചെടുത്ത കമ്പ്യൂട്ടറും ലാപ്ടോപ്പും ഫൊറൻസിക് പരിശോധന നടത്തും.


തിരുവനന്തപുരം: സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് കമ്മീഷൻ രഹസ്യമാക്കി വച്ച ഫോർമാറ്റിലെ വോട്ടർപട്ടിക ചോർത്തിയെന്ന് മൊഴി. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനിലെ ഉദ്യോഗസ്ഥർ തന്നെയാണ് ക്രൈംബ്രാഞ്ചിന് ഈ മൊഴി നൽകിയത്. ഇത് സംബന്ധിച്ച് ടിക്കാറാം മീണയിൽ നിന്നും വിവരങ്ങൾ ക്രൈം ബ്രാഞ്ച് തേടും. കമ്മീഷൻ ഓഫീസിൽ നിന്നും പിടിച്ചെടുത്ത കമ്പ്യൂട്ടറും ലാപ്ടോപ്പും ഫൊറൻസിക് പരിശോധന നടത്തും.

നിയമസഭാ തെരഞ്ഞെടുപ്പിലെ വോട്ടർപട്ടിക ചോർത്തിയെന്ന തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ പരാതിയിൽ ക്രൈം ബ്രാഞ്ച് ജൂലൈ മൂന്നിനാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. കമ്മീഷൻ ഓഫീസിൽ നിന്നും രണ്ട് കോടി 67 ലക്ഷം വോട്ടർമാരുടെ വിവരങ്ങൾ ചോർന്നുവെന്നാണ് പരാതി. അതേസമയം താൻ വിവരങ്ങൾ എടുത്തത് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ വെബ് സൈറ്റിൽ നിന്നാണെന്നും വ്യാജ വോട്ടർമാരെ പട്ടികയിൽ നിന്നും നീക്കം ചെയ്യുകയാണ് കമ്മീഷൻ ചെയ്യേണ്ടതെന്നും രമേശ് ചെന്നിത്തല പ്രതികരിച്ചിരുന്നു. 

Latest Videos

undefined

നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് വൻവിവാദമായ ഇരട്ടവോട്ട് പ്രശ്നത്തിലാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ പരാതിയും ക്രൈം ബ്രാഞ്ച് അന്വേഷണവും. നാലു ലക്ഷത്തിലേറെ ഇരട്ടവോട്ടുകളുണ്ടെന്നായിരുന്നു പട്ടിക പുറത്ത് വിട്ടുകൊണ്ട്, മുൻ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഗുരുതര ആരോപണം ഉന്നയിച്ചത്. സർക്കാറിന്‍റെ ഒത്താശയോടെ തെരഞ്ഞെടുപ്പ് അട്ടിമറിക്കാനാണ് ശ്രമമെന്നായിരുന്നു ആക്ഷേപം. 

പരിശോധന നടത്തിയ തെരഞ്ഞെടുപ്പ് കമ്മീഷൻ ഇരട്ട് വോട്ട് 38,000 മാത്രമാണെന്നാണ് കണ്ടെത്തിയത്. അട്ടിമറിയല്ലെന്നും വെബ് സൈറ്റിലെ പിഴവാണ് കാരണമെന്നുമായിരുന്നു കമ്മീഷൻ വാദം. എന്നാലിപ്പോൾ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ നിർദ്ദേശ പ്രകാരമാണ് സംസ്ഥാനത്തെ ജോയിന്‍റ് ചീഫ് ഇലക്ട്ര‌ൽ ഓഫീസർ ഡിജിപിക്ക് പരാതി നൽകിയത്. കമ്മീഷൻ ഓഫീസിൽ നിന്നും വോട്ടർപട്ടിക ചിലർ ചോർത്തിയെന്ന പരാതിയിൽ പക്ഷേ, ആരുടേയും പേര് പറയുന്നില്ല. ഡിജിപി നിർദ്ദേശപ്രകാരം ക്രൈം ബ്രാഞ്ച് രജിസ്റ്റർ ചെയ്ത എഫ്ഐആറിലും ആരുടേയും പേര് പറയുന്നില്ല. പക്ഷെ ഐടി ആക്ടിലെ വിവിധ വകുപ്പുകളും ഗൂഡാലോചനയും മോഷണവും ചേർത്താണ് എഫ്ഐആർ. കമ്മീഷൻ ആസ്ഥാനത്തെ ലാപ് ടോപ്പിൽ നിന്നും വിവരങ്ങൾ ചോർന്നെന്നും എഫ്ഐആറിലുണ്ട്. പട്ടിക പുറത്ത് വിട്ട രമേശ് ചെന്നിത്തലയെ അടക്കം ചോദ്യം ചെയ്യാനുള്ള സാധ്യതയുണ്ട്.

കമ്മീഷൻ ഓഫീസിൽ നിന്ന് തന്നെയാണ് ഇരട്ടവോട്ടർമാരുടെ വിവരം ചോർന്നതെന്നാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ നിഗമനം. ഇതിന്‍റെ ഭാഗമായി സാങ്കേതിക കാര്യങ്ങളിൽ 20 വർഷത്തിലേറെയായി കെൽട്രോണുമായി ഉണ്ടായിരുന്ന കരാർ കഴിഞ്ഞ ദിവസം കമ്മീഷൻ റദ്ദാക്കിയിരുന്നു. കമ്മീഷൻ ഓഫീസുകളിൽ പ്രവർത്തിച്ചിരുന്ന കെൽട്രോണിന്‍റെ 150-ലേറെ ഉദ്യോഗസ്ഥരെയും കഴിഞ്ഞ ദിവസം തിരിച്ചയിച്ചിരുന്നു. വെബ്‍സൈറ്റിൽ പ്രസിദ്ധീകരിക്കുന്നതിന് മുമ്പ് കെൽട്രോൺ ഉദ്യോഗസ്ഥരുടെ സഹായത്തോടെ കമ്മീഷൻ ആസ്ഥാനത്തുനിന്നും പട്ടിക പുറത്തുപോയെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ സംശയം.

 

click me!