'ഇനിയും ജനത്തെ കൊണ്ട് തല്ലിക്കരുത്', ഗ്രൂപ്പ് യോഗങ്ങൾക്കും പരസ്യ വിമർശനങ്ങൾക്കുമെതിരെ ഷിബു ബേബി ജോൺ

By Web Team  |  First Published May 5, 2021, 10:47 PM IST

പരസ്യമായും രഹസ്യമായുമൊക്കെ ഗ്രൂപ്പ് യോഗങ്ങൾ വിളിച്ചും പരസ്യമായി വിഴുപ്പലക്കിയും പൊതുജനമധ്യത്തിൽ കൂടുതൽ അപഹാസ്യരാകുന്ന നേതാക്കളുടെ ഉദ്ദേശമെന്താണ്?


തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ പരസ്യവിമർശനവും ഗ്രൂപ്പ് യോഗങ്ങളും നടത്തുന്ന യുഡിഎഫ് നേതൃത്വത്തിനെതിരെ പൊട്ടിത്തെറിച്ച് ഷിബു ബേബി ജോൺ. തെരഞ്ഞെടുപ്പ് പരാജയം ഉൾക്കൊള്ളാതെ നേതാക്കൾ ഗ്രൂപ്പ്  യോഗങ്ങൾ വിളിച്ചും പരസ്യമായി വിഴുപ്പലക്കിയും പൊതുജനമധ്യത്തിൽ അപഹാസ്യരാകുകയാണെന്നാണ് വിമർശനം. നേതാക്കളുടെ അധ:പതനത്തിനുള്ള മറുപടിയാണ് തെരഞ്ഞെടുപ്പിലൂടെ ജനം തന്നതെന്നും ഇനിയും ജനങ്ങളെക്കൊണ്ട് തല്ലിക്കെരുതെന്നും ഷിബു ബേബി ജോൺ ഫേസ്ബുക്കിൽ കുറിച്ചു. 

ഫേസ് ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം 

Latest Videos

undefined

കേരളത്തിലെ മതേതര ജനാധിപത്യ ചേരിയായ ഐക്യജനാധിപത്യ മുന്നണി തെരെഞ്ഞെടുപ്പിൽ പരാജയപ്പെട്ട് വലിയൊരു പടുകുഴിയിലേക്ക് നിലംപതിച്ചിരിക്കുന്ന ഒരു രാഷ്ട്രീയ സാഹചര്യത്തിൽ നിലനിൽപ്പ് തന്നെ കൺമുമ്പിൽ ചോദ്യചിഹ്നമായി നിൽക്കുകയാണ്. എന്നാൽ അത് ഉൾക്കൊള്ളാൻ തയ്യാറാകാതെ പരസ്യമായും രഹസ്യമായുമൊക്കെ ഗ്രൂപ്പ് യോഗങ്ങൾ വിളിച്ചും പരസ്യമായി വിഴുപ്പലക്കിയും പൊതുജനമധ്യത്തിൽ കൂടുതൽ അപഹാസ്യരാകുന്ന നേതാക്കളുടെ ഉദ്ദേശമെന്താണ്?
മാധ്യമങ്ങളോട് എന്ത് പറയണം, പാർട്ടിവേദിയിൽ എന്ത് പറയണമെന്ന തിരിച്ചറിവ് പോലുമില്ലാത്തവരോട് സഹതപിക്കാൻ മാത്രമെ സാധിക്കുകയുള്ളു. 

നിങ്ങളുടെ ഈ അധ:പതനത്തിനുള്ള മറുപടിയാണ് ജനം തന്നത്. എന്നാൽ 'എന്നെ തല്ലണ്ടമ്മാ ഞാൻ നന്നാവൂല' എന്ന സന്ദേശമാണ് നിങ്ങൾ ജനങ്ങൾക്ക് നൽകാൻ ആഗ്രഹിക്കുന്നതെങ്കിൽ ഇനിയും അവരെ കൊണ്ട് തല്ലിക്കാതെ സ്വയം ഒരു കുഴിയെടുത്ത് മൂടുന്നതാകും നല്ലത്. അല്ല... അതാണല്ലോ ഇപ്പോഴും ചെയ്തുകൊണ്ടിരിക്കുന്നത്.

click me!